Site iconSite icon Janayugom Online

ക്രിസ്തുമാര്‍ഗത്തിലെ വിപ്ലവകാരി

ആഗോള കത്തോലിക്കാ സഭയുടെ തലവന്മാരില്‍ വ്യത്യസ്തനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോളവല്‍ക്കരണ കാലത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വെല്ലുവിളികളോട് അദ്ദേഹം പ്രതികരിച്ച രീതി തന്നെയാണ് പോപ്പ് ഫ്രാന്‍സിസിനെ വ്യത്യസ്തനാക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ സയണിസം നിഷ്കളങ്കരായ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കിയപ്പോഴും യുദ്ധത്തിന്റെ വിനാശകാരികളായ ശക്തികള്‍ ലോകത്തെ ഭയപ്പെടുത്തിയപ്പോഴും മൗനം പാലിക്കാതെ യുദ്ധം തെറ്റാണെന്ന് പറയുവാന്‍ ആര്‍ജവം കാണിച്ചിരുന്ന വിപ്ലവകാരിയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നല്‍കിയ ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആഹ്വാനം ചെയ്തത് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം എന്നായിരുന്നു.

ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തത് ഭൂമിയെ നിരായുധീകരിക്കാനാണ് എന്നത് അത്ഭുതകരമാണ്. ഇറ്റലിയിലെ ‘റെക്കോർഡ്’ പത്രത്തില്‍ മാര്‍ച്ച് 14ന് പ്രസിദ്ധീകരിച്ച ഒരു കത്തിലാണ് യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തത്. ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന കത്തിൽ, ശാന്തമായ മനസുകൾക്കായി അദ്ദേഹം ആഹ്വാനം ചെയ്തു. “വാക്കുകളുടെ പൂർണ സ്വാതന്ത്ര്യം അനുഭവിക്കാൻ” മാധ്യമങ്ങൾക്ക് കടമയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “അവ ഒരിക്കലും വെറും വാക്കുകളല്ല; മനുഷ്യ പരിസ്ഥിതികളെ കെട്ടിപ്പടുക്കുന്ന വസ്തുതകളാണ്. “നമ്മൾ വാക്കുകളെ നിരായുധീകരിക്കണം, മനസുകളെ നിരായുധീകരിക്കണം, ഭൂമിയെ നിരായുധീകരിക്കണം. ധ്യാനത്തിനും ശാന്തതയ്ക്കും ബോധത്തിനും വലിയ പ്രാധാന്യമുണ്ട്. യുദ്ധം സമൂഹങ്ങളെയും പരിസ്ഥിതിയെയും മാത്രമേ നശിപ്പിക്കുകയുള്ളൂ, സംഘർഷങ്ങൾക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല, നയതന്ത്രത്തിനും അന്താരാഷ്ട്ര സംഘടനകൾക്കും പുതിയ ജീവിതവും വിശ്വാസ്യതയും ആവശ്യമാണ്,” എന്നദ്ദേഹം എഴുതി.
പാവങ്ങളെ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക രീതി സഭയും വിശ്വാസികളും പഠിക്കുവാന്‍ കാലമായെന്ന് അദ്ദേഹം തന്റെ അവസാനത്തെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്തനായ സഭാ തലവനായിരുന്നു എന്നാണ്. ഒരിക്കല്‍ തീവ്രവലതുപക്ഷക്കാര്‍ പോപ്പ് ഫ്രാന്‍സിസിനെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ കമ്മ്യൂണിസ്റ്റല്ല, പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ സത്യം പറഞ്ഞാല്‍ അത് സത്യമാണെന്ന് താന്‍ അംഗീകരിക്കുമെന്നാണ്. ഇങ്ങനെ പറഞ്ഞ മാര്‍പ്പാപ്പയെ ലോകത്തെ നീതിബോധമുള്ളവരെല്ലാം സ്നേഹിക്കും. 

അടുത്തകാലത്തായി യുഎൻ ഒരു വാക്ക് പറയുന്നുണ്ട്. അത് “ഫുഡ് റെഫ്യൂജീസ്” എന്ന വാക്കാണ്. ഭക്ഷ്യ അഭയാർത്ഥികളെന്നാണ് അതിന്റെ മലയാളം. കൊടുംവരൾച്ചയിൽ എല്ലാ ഭക്ഷ്യോല്പാദന സ്ഥലങ്ങളും വറ്റിവരളുമ്പോൾ ആഹാരം തേടി ലക്ഷക്കണക്കിനും കോടിക്കണക്കിനും ജനങ്ങള്‍ സ്വന്തം രാജ്യാതിർത്തികൾ താണ്ടി എങ്ങോട്ടെങ്കിലും പലായനം ചെയ്യുന്ന അവസ്ഥയെയാണ് ആ വാക്ക് ദ്യോതിപ്പിക്കുന്നത്. ആഹാരത്തിനുവേണ്ടി ഉണ്ടാകാൻ പോകുന്ന കലാപത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകളുണ്ട്. ‘ഫുഡ് റിവോൾട്ട്’. ആഹാരത്തിനുവേണ്ടി ജനങ്ങള്‍ കലാപത്തിന് നിർബന്ധിതരാകുന്നു. മൂലധനത്തിൽ ഭൂമിയെപ്പറ്റി മാർക്സ് പറയുകയാണ്: “ഒരാൾ വേറെ ഒരാളിന്റെ സ്വകാര്യ സമ്പാദ്യമാണെന്ന് പറയുംപോലെ അബദ്ധജടിലമാണ് ഈ ഭൂമി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണെന്നു പറയുന്നത്. ഭൂമി ഇനിയും ജനിക്കാനിരിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ഒരു പൊതു സ്വത്താണ്. ആ പൊതുസ്വത്ത് യാഥാർത്ഥ്യബോധമുള്ള ഒരു കാരണവർ പിൻതലമുറകൾക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കാൻ ശ്രമിക്കുന്നതുപോലെ നാം കാത്തുരക്ഷിക്കണമെന്നാണ് മാർക്സ് എഴുതിയിരിക്കുന്നത്. ഇതാണ് പരിസ്ഥിതിയെ സംബന്ധിച്ച, അതിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ച മാർക്സിസ്റ്റ് നിലപാട് എന്നാണ് എന്റെ ബോധ്യം.
ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചാവർത്തിച്ചു പറയുന്നു നമ്മുടെ പൊതുഭവനത്തെപ്പറ്റി. ‘ഔവര്‍ കോമണ്‍ ഹോം’ എന്നദ്ദേഹം വിളിക്കുകയാണ് ഭൂമിയെ. അതു നേരിടുന്ന ആപത്തിനെപ്പറ്റിയാണ് മാർപാപ്പ വ്യാകുലപ്പെടുന്നത്. മാർക്സ് എഴുതിയതിന്റെ അനുബന്ധമായിട്ടല്ല. അതുമായി സാദൃശ്യമുള്ള കാഴ്ചപ്പാട് എന്നവണ്ണം മാർപാപ്പ പറഞ്ഞു: ‘ലാഭം മാത്രമാണ് എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാന ചോദന എന്നുവന്നാല്‍ സഭയും വിശ്വാസവും പറയുന്ന സകലമാന മൂല്യങ്ങള്‍ക്കും മുറിവേൽക്കും.’ ഒരു മാർക്സിസ്റ്റിന്റെ ഭാഷയിൽ അദ്ദേഹം പറഞ്ഞു. ‘മൂലധനം ദുര്‍ബലമായ എല്ലാത്തിനെയും ചവിട്ടിമെതിക്കുമെന്ന്.’ മാർപാപ്പയുടെ വാചകമാണിത്. മൂലധനം ചെറുപ്പക്കാരോട് വിശ്വാസവഞ്ചന കാണിക്കുന്നു. മൂലധനം വൃദ്ധന്മാരോട് ഒരിക്കലും നീതികാണിക്കുന്നില്ല. മൂലധനം സ്ത്രീകളോടുചെയ്യുന്നത് നിരന്തരമായ വഞ്ചനയാണ്. മൂലധനം പ്രകൃതിയെ ക്രൂരമായി കീറിമുറിക്കുന്നു.’ 

ഈ വാക്കുകൾക്ക് മാർക്സ് പറഞ്ഞ നിലപാടുകളുമായുള്ള സാദൃശ്യം എന്നെ അത്ഭുതപ്പെടുത്തുന്നു. പുതിയ ലോകത്തിന്റെ ചിന്ത ഇതാണ്. ഇവിടെ മാർക്സിനും മാർപാപ്പയ്ക്കും തമ്മില്‍ ഈ വിഷയത്തിൽ ഒരു പൊതുഭാഷ സാധ്യമാകുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. മഹാത്മാഗാന്ധി ഇന്ത്യയെ പഠിപ്പിച്ച പാഠവുമിതുതന്നെയാണ്. മഹാത്മാഗാന്ധിയുടെ പാഠങ്ങളും ഈ വഴിക്കാണ് നമ്മളെ ചിന്തിപ്പിക്കുന്നത്. ‘മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാലവന്റെ ആർത്തി ശമിപ്പിക്കാനുള്ളത് ഭൂമിയിലില്ല’ എന്നാണ് ഗാന്ധിജി പറഞ്ഞത്. ഈ പാഠങ്ങളെല്ലാമുള്ളപ്പോഴും നിരന്തരമായി നാം സത്യത്തിന്റെ മുമ്പിൽ കടമകൾ മറക്കുന്നു. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും നൽകിയ പിന്തുണയിലൂടെയും ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റി. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച സമീപനവും ഏറെ ചർച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ നിലപാട് തെളിയിക്കുന്നതാണ് വത്തിക്കാൻ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി മാറ്റിയത്. ‘തെരുവിലെ പ്രഭുക്കന്മാർ’ എന്നാണദ്ദേഹം അവരെ സംബോധന ചെയ്യുന്നത്. നിസ്വവര്‍ഗത്തിനുവേണ്ടി മാര്‍ക്സ് നടത്തിയ ആഹ്വാനങ്ങളിലും ഇടപെടലുകളിലും നിന്ന് ഒട്ടും ഭിന്നമല്ല ഫ്രാന്‍സിസ് മാര്‍പാപ്പയുടേത് എന്ന് വ്യക്തം. ക്രിസ്തുവിന്റെയും മാര്‍ക്സിന്റെയും പാത പിന്തുടര്‍ന്ന വിപ്ലവകാരിയായ വിശ്വാസിയുടെ സ്മരണയ്ക്ക് മുന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടി താഴ്ത്തിപ്പിടിക്കുന്നു.

Exit mobile version