കമ്മ്യൂണിസ്റ്റുകാർ എന്നു കേട്ടാൽ പൊലീസിനും ജന്മിമാർക്കും ഒരു തരം ഭ്രാന്താണ്. എത്രയും വേഗം അവരുടെ വംശഹത്യ നടത്തണം ഒരെണ്ണത്തിനെ പോലും ബാക്കിവച്ചാൽ അതിൽ നിന്നും ആയിരങ്ങൾ ശക്തിപ്രാപിച്ചു വരും. അതുകൊണ്ട് കൺവെട്ടത്തു കണ്ടാൽ നശിപ്പിച്ചേക്കണം. പൊലീസ് ശപഥം ഇങ്ങനെയൊക്കെയായിരുന്നു. പൊലീസിന് അറിയേണ്ടിയിരുന്നത് സഖാവ് സി കെ കുമാരപ്പണിക്കരെക്കുറിച്ചാണ്. സഖാവിനെ കിട്ടുന്നതിന് ചേർത്തലയിലെ മുക്കും മൂലയും വരെ പരിശോധന നടത്തി. ഒരു സ്ഥലത്ത് സഖാവ് ഉണ്ടെന്ന് അറിവ് ലഭിച്ച് അവിടെ ചെല്ലുമ്പോഴാണറിയുന്നത് അവിടെ നിന്നും മുങ്ങിയ വിവരം. നിരാശരായ പൊലീസ് അരിശം തീർക്കുന്നത് ലോക്കപ്പിൽ കിടക്കുന്നവരിലാണ്. മർദന മുറകളിൽ ഹരം കേറിക്കൊണ്ടിരിക്കെ, സഖാക്കളിൽ ചിലർ മരിച്ചുപോകുമെന്ന് വിചാരിച്ച് “ഇന്ന് ഇത്ര മതി. ബാക്കി പിന്നീടാകാ“മെന്ന് ഇത്തിരി മനുഷ്യത്വമുണ്ടെന്നു തോന്നിച്ച ഒരു പൊലീസുകാരൻ പറഞ്ഞു. മർദനം മതിയെന്ന് പൊലീസുകാരൻ പറയണമെങ്കിൽ മർദനമേൽക്കുന്നവരുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ.
“ഇവനെ വെറുതെ വിടാൻ പാടില്ല. നമ്മുടെ ഇൻസ്പെക്ടർ ചന്ദ്രശേഖരൻ നായരെ വാരിക്കുന്തം കൊണ്ട് കുത്തിയവനാണ്. പലിശ ചേർത്തു തന്നെ കൊടുക്കണം” എന്നു പറഞ്ഞായിരുന്നു മർദനം.
“ഇവനിനി കണ്ണും കാലും വേണ്ട” എന്ന് മറ്റൊരു പൊലീസുകാരന്‍.
സഖാവ് പി ടി പുന്നൂസ്, സി കെ കുമാരൻ തുടങ്ങിയവരെ കിട്ടാതെ വന്നപ്പോൾ തെറി കൊണ്ടഭിഷേകം ചെയ്തിട്ടായിരുന്നു മർദനം. എന്തൊക്കെ മർദനം എല്‍പ്പിച്ചാലും നേതാക്കന്മാരെക്കുറിച്ച് ഒരു സൂചന പോലും നൽകാൻ കർഷകത്തൊഴിലാളികൾ തയ്യാറായില്ല.
ഒരു ദിവസം പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന ഇരുപതോളം കർഷകത്തൊഴിലാളികളെ അതേ വേഷത്തിൽ അറസ്റ്റുചെയ്ത് കൊണ്ടുവന്നു. നേരാംവണ്ണം ഭക്ഷണമില്ലാതെ പണിയെടുത്തവരായിരുന്നു ആ തൊഴിലാളികൾ. ഇത്തവണ പുതിയതരം മർദന മുറകളാണ് അഴിച്ചുവിട്ടത്. അതിനു പ്രത്യേകം പരിശീലനം സിദ്ധിച്ച പൊലീസുകാരാണ് ആലപ്പുഴ സ്റ്റേഷനിൽ നിന്നും വന്നത്. പുതിയ മർദനമുറയ്ക്ക് “ക്ലിപ്” എന്നു പേരിട്ടു. ലോക്കപ്പിൽ കിടക്കുന്നവരെ സാന്ത്വനിപ്പിക്കാനെന്നവണ്ണം തലയിൽ തലോടിത്തുടങ്ങും. കൈകൾ പതുക്കെപ്പതുക്കെ താഴോട്ടിറങ്ങും. ചെവിയിൽ തലോടി പെട്ടെന്ന് കൈകൾ തോളത്തുവച്ച് ഉപദേശം നൽകും “കമ്മ്യൂണിസമൊക്കെ അവസാനിപ്പിച്ച് സന്തോഷത്തോടെ, കുടുംബത്തോടൊപ്പം ജീവിക്കാൻ നോക്കെടാ കള്ള സഖാക്കളെ” എന്നു പറഞ്ഞ് പെട്ടെന്ന് കഴുത്തിനുപിടിച്ച് ഞെരിച്ച് പൊക്കിപ്പിടിക്കുക. ശ്വാസം കിട്ടാതെ കൈകാൽ അനക്കി കൊല്ലല്ലേ എന്ന് ആംഗ്യം കാണിക്കുമ്പോൾ ക്ലിപ്പ് പ്രവർത്തനം ആവർത്തിക്കും.
“ക്ലിപ്” തുടർന്നുകൊണ്ടിരുന്നപ്പോഴാണ് പൊലീസുകാർക്കിടയിൽ അതുവരെ ഇല്ലാതിരുന്ന ഭയവും പരിഭ്രമവും നിഴലിച്ചത്. വയലാർ അക്ഷരാർത്ഥത്തിൽ തിളച്ചുമറിയുന്ന സമയമായിരുന്നു. മൂന്നുമണിയോടുകൂടി നിരവധി വാഹനങ്ങളുടെ ഇരമ്പൽ കേട്ട് ലോക്കപ്പിൽ കിടന്നിരുന്ന സഖാക്കൾ പുറത്തേക്കു നോക്കി. അനേകം ലോറികൾ പൊലീസ് സ്റ്റേഷന്റെ വാതിൽക്കൽ വന്നു നിന്നു. ലോറിയിൽ നിന്നും രക്തത്തിൽക്കുളിച്ച നിരവധി സഖാക്കളെ പുറത്തേക്ക് വലിച്ചെറിയുന്ന ദൃശ്യം. നെഞ്ചിലും മറ്റും വെടിയേറ്റ സഖാക്കൾ. വെടിയേൽക്കാതെ നിരവധി സഖാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു കൊലക്കളമായി പൊലീസ് സ്റ്റേഷൻ മാറി. കഴുകന്മാരായ പൊലീസുകാർക്ക് ചോര അത്രയ്ക്കും രുചികരമായി തോന്നി. മർദനമേറ്റ് ചോര തുപ്പുമ്പോൾ പൊലീസുകാർ സന്തോഷിക്കുകയായിരുന്നു. “എടാ …മക്കളേ ഇത്രയധികം ചോര നിന്റെയൊക്കെ ശരീരത്തിൽ ഉണ്ടല്ലൊ. വെറുതെയല്ല കമ്മ്യൂണിസ്റ്റാണെന്ന് അഹങ്കരിക്കുന്നത്. ഇനി നിങ്ങളിൽ ഒരുവനും ഇവിടെനിന്നും പോകില്ല. എല്ലാറ്റിനെയും ഇവിടെ തീർക്കും.”
മദ്യം തലയ്ക്കു പിടിച്ച പൊലീസ് കാട്ടാളന്മാർ ശരിക്കും ആഹ്ലാദിച്ചു. വെടിയേറ്റ് മൃതപ്രായരായവര്‍ പരസ്പരം പറഞ്ഞു:
“സഖാക്കളെ, നമ്മളിനി ജീവിതത്തിലേക്കു തിരികെ വരില്ല. എന്നാൽ, അഭിമാനത്തോടെ ജീവിക്കാനും അന്തസോടെ തലയുയർത്തി നടക്കാനും പഠിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇന്നല്ലെങ്കിൽ നാളെ ഇതിനൊക്കെ പലിശ സഹിതം പുതിയ തലമുറ ഈ കാട്ടാളന്മാർക്ക് ശിക്ഷ നൽകും. ആ ആശ്വാസത്തോടെ നമുക്ക് മരിക്കാം.”
വയലാർ സംഭവത്തിനു ശേഷം നാനൂറിലധികം തടവുകാരെയാണ് ചേർത്തല പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. മൂന്ന് മുറികളിലാണ് നാനൂറോളം സഖാക്കളെ കുത്തിനിറച്ചത്. അതിൽ ഒരു മുറിയിൽ ചീഞ്ഞളിഞ്ഞ ഒരു കുഷ്ഠരോഗിയെ കിടത്തിയിരുന്നു. അയാളുടെ കൈകാലുകളിൽ നിന്നും ചോരയും ചലവും വന്നിരുന്നു. ദുർഗന്ധം വമിക്കുന്ന ആ മുറിയിലാണ് നൂറു സഖാക്കളെ കുത്തിനിറച്ചത്. ഈ നിലയിൽ മൂന്നു മാസത്തോളമാണ് സഖാക്കൾ നരകയാതന അനുഭവിച്ചത്. മറ്റൊരു ദിവസം അരങ്ങേറിയത് ഹൃദയം പിളർക്കുന്ന രംഗങ്ങളായിരുന്നു. മൂന്ന് ആൺകുട്ടികളെയും തൊണ്ണുറുവയസുള്ള കർഷകത്തൊഴിലാളി സ്ത്രീയെയും കൊണ്ടുവന്നു. കുട്ടികൾക്ക് എട്ട്, ഒമ്പത്, 10 വയസ് പ്രായം. തൊണ്ണൂറു വയസായ സ്ത്രീ സഖാവിനെ പൊലീസുകാർ തെറി വിളിച്ചു. അറയ്ക്കുന്ന രീതിയിലാണ് വാക്കുകൾ കൊണ്ടും ആംഗ്യം കൊണ്ടും ചീത്തവിളിച്ചത്. വൃദ്ധസ്ത്രീ പൊലീസുകാർക്ക് അതേ നാണയത്തിൽ മറുപടി നൽകി. പൊലീസുകാർ അതു പ്രതീക്ഷിച്ചില്ല. പിന്നെ നടന്നത് കൂട്ട മർദനം. പൊലീസിന്റെ താണ്ഡവത്തില്‍ ആ സഖാവ് മരിച്ചു. പൊലീസുകാർ പന്തടിക്കുന്നതുപോലെ അവരുടെ ഭൗതിക ശരീരത്തിൽ കാലുകൾ കൊണ്ടു താണ്ഡവമാടി. പിന്നീട് അവിടെ കൊണ്ടുവന്നത് മുഹമ്മയിൽ നിന്ന് ഇരുപത്തിയഞ്ചു വയസുള്ള ബീഡിത്തൊഴിലാളി സഖാവിനെയാണ്. ആ സഖാവിന് ടൈഫോയ്ഡ് പിടിപെട്ടു. തീരെ അവശനായിരുന്ന ആ യുവാവിനെ ടൈഫോയ്ഡ് മാറ്റിത്തരാം എന്നു പറഞ്ഞ് റിസർവ് പൊലീസുകാർ വെള്ളത്തിൽ മുക്കിപ്പിടിച്ചു. ശ്വാസം മുട്ടിച്ച് കൊല്ലുകയാണെന്ന് തിരിച്ചറിഞ്ഞ സഖാവ് സർവശക്തിയും എടുത്ത് തോക്കുധാരിയായ പൊലീസുകാരന്റെ ചെവിക്കുറ്റിക്ക് തുടരെ അടി കൊടുത്തു.
“എന്തായാലും നിങ്ങളെന്നെ കൊലപ്പെടുത്തും. അതിനു മുമ്പ് രണ്ടുമൂന്ന് അടിയെങ്കിലും തരാൻ കഴിഞ്ഞല്ലോ. ഇതാണെടാ കമ്മ്യൂണിസ്റ്റ്” എന്നു പറഞ്ഞ യുവാവിനു നേരെ നടന്നത് കൊടിയ മർദനമാണ്. വെെകാതെ ആ സഖാവ് മരണമടഞ്ഞു. മറ്റൊരു സഖാവിനെ ലോക്കപ്പിൽ കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റുകൊടുത്തയാളെ വെട്ടിയതിനാണ്. “നിന്റെ പാർട്ടിയെ ഒറ്റുകൊടുത്താൽ നീ വെട്ടുമോടാ …മോനെ” എന്ന് ചോദിച്ച് മർദനം തുടർന്നു. പൊലീസുകാരന്റെ കൈകൾ കൂട്ടിപ്പിടിച്ച് ചെറുപ്പക്കാരൻ അലറി “എന്താടാ സംശയം. നിങ്ങൾ എന്റെ ജീവൻ ബാക്കിവച്ചാൽ എന്റെ പാർട്ടിയെ ഒറ്റുകൊടുക്കുന്നവരെ വെട്ടി തുണ്ടംതുണ്ടമാക്കും. ഞാൻ വെട്ടിയത് ഒറ്റുകാരുടെ തലവനെയാണ്. ഞാൻ അതിൽ അഭിമാനിക്കുന്നു. എന്റെ മരണം ഉറപ്പാണെന്നറിയാം. കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കൽ മാത്രമേ മരിക്കൂ. മരണഭയം കൊണ്ടു കീഴടങ്ങുന്നവരല്ല ഞങ്ങൾ.” ചേർത്തല ലോക്കപ്പിൽ നടന്ന മർദനങ്ങളെക്കാൾ രൂക്ഷമായിരുന്നു പുന്നപ്രയിൽ നടന്നത്. അമ്പലപ്പുഴ താലൂക്കിലെ ചെറിയ ഗ്രാമമാണ് പുന്നപ്ര. അവിടെ ആർ സുഗതൻ, പി ടി പുന്നൂസ്, ശങ്കരനാരായണൻ തമ്പി, സൈമൺ ആശാൻ എന്നീ സഖാക്കളെ അറസ്റ്റു ചെയ്തു. അന്ന് പട്ടാളഭരണം നടപ്പിലാക്കിയിരുന്നില്ല. എന്നിട്ടും പട്ടാളം റോന്തുചുറ്റി. അമ്പലപ്പുഴ പട്ടാള ഭരണത്തിൽ കീഴിൽ അമർന്നു. സഖാവ് പി ടി പുന്നൂസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ തൊഴിലാളികൾ ഫാക്ടറി വിട്ട് പുറത്തിറങ്ങി പ്രകടനങ്ങൾ നടത്തി. പ്രകടനത്തെ മുതലാളിമാരുടെ ഗുണ്ടകൾ ആക്രമിച്ചു. തൊഴിലാളി സഖാക്കൾ തിരിച്ചടിച്ചു.
തൊഴിലാളികളുടെ രോഷം അതുകൊണ്ടൊന്നും അവസാനിച്ചില്ല. അവർ ‘ഇപ്പോത്ത്’ മുതലാളിയുടെ വീട്ടിലേക്കു പോയി. അവിടെയെത്തി അയാളെ ക്രൂരമായി മർദിച്ചു. മത്സ്യം സൂക്ഷിച്ചിരുന്ന അയാളുടെ പുരയ്ക്ക് തീവച്ചു. പിന്നീട് ‘അപ്ളോർ’ മുതലാളിയുടെ വീട്ടിലേക്ക് ചെന്നു. അയാൾ ഓടി രക്ഷപ്പെട്ടു. ആ ദേഷ്യത്തിന് തൊഴിലാളികൾ മുതലാളിയുടെ വീടിനു തീയിട്ടു. ഇത്രയുമായപ്പോൾ പട്ടാളം ഇറങ്ങി. കണ്ണിൽക്കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്തു. തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുവാൻ ശ്രമം നടത്തി. ഇതിനിടയിൽ പാർട്ടിയെയും യൂണിയൻ നേതൃത്വത്തെയും തമ്മിൽ ഭിന്നിപ്പിക്കാൻ സർ സിപി ബുദ്ധിപരമായി പ്രവർത്തിച്ചു. അങ്ങനെ വന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിഷ്പ്രയാസം അടിച്ചമർത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപി. അതിനു കഴിയാതിരുന്നത് സഖാവ് ടി വി തോമസിന്റെ ശക്തമായ നേതൃത്വം മൂലമായിരുന്നു.

