ഭരണഘടനയെയും നിയമസംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുകയെന്നത് ഫാസിസത്തിന് വിധേയപ്പെട്ട ഭരണകൂടത്തിന്റെ പ്രകൃതിയാണ്. ജൂതന്മാരെ വംശീയമായിത്തന്നെ നിഷ്കാസനം ചെയ്യുന്നതിലൂടെയാണ് ജർമ്മനിയിൽ വംശശുദ്ധി യാഥാർത്ഥ്യമാവുക എന്ന് നിരീക്ഷിച്ച ഹിറ്റ്ലർ, ജൂതന്മാർ കൊന്നൊടുക്കപ്പെടേണ്ടവരാണെന്ന ധാരണ ജനതയിലാകെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തന്റെ പ്രചരണവിഭാഗം മന്ത്രിയായിരുന്ന ജോസഫ് പോൾ ഗീബൽസിനോട് ജൂതവിദ്വേഷം പ്രചരിപ്പിക്കുന്ന ചലച്ചിത്രമെടുക്കാൻ ആഹ്വാനം ചെയ്തത്. അതുപ്രകാരം പ്രചരണമന്ത്രാലയത്തിന്റെ കീഴിൽ ഫ്രിറ്റ്സ് ഹിപ്ലർ എന്നയാള്‍ ‘ദി ഇറ്റേണൽ ജ്യൂ’ എന്ന ചിത്രം നിർമ്മിച്ചു പ്രദർശിപ്പിക്കുകയും തൽഫലമായി ജൂതന്മാർ കൊല്ലപ്പെടേണ്ടവരാണെന്ന ബോധം ജർമ്മൻ ജനതയിൽ വലിയ അളവിൽ സൃഷ്ടിച്ചെടുക്കാൻ ഫാസിസ്റ്റ് ഭരണകൂടത്തിന് സാധിക്കുകയും ചെയ്തു. ജനദ്രോഹനയങ്ങൾക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ നിരന്തരം ശബ്ദമുയർത്തുന്നവരെ നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് ഒളിയജണ്ടയുടെ ഇന്ത്യന്‍പതിപ്പാണ് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനം. അധികാരത്തിൽ വന്നതുമുതൽ തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും കള്ളക്കേസുകളിൽ കുടുക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന നയമാണ് സംഘ്പരിവാർ ഭരണകൂടം തുടർച്ചയായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ഭരണാധികാരത്തെ രാഷ്ട്രീയ പ്രതിയോഗികൾക്ക് മേലുള്ള പ്രതികാരനടപടികൾക്കായി ദുരുപയോഗം ചെയ്തുകൊണ്ടുമുള്ള അസഹിഷ്ണുതയും സങ്കുചിതത്വവുമാണ് സംഘ്പരിവാറിന്റെ എക്കാലത്തെയും മുഖമുദ്ര.
ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തുന്ന എഴുത്തുകാരെയും ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും സംഘടിതമായി വേട്ടയാടുന്നത് എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനും ജനങ്ങളിൽ ഭയം സൃഷ്ടിക്കാനുമുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ്. നിയമത്തിന്റെ ദുരുപയോഗസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള അരുന്ധതി റോയിക്കെതിരായ നടപടിയിൽ രാജ്യത്താകമാനം ശക്തമായ പ്രതിഷേധം ഉയർന്നുവരികയാണ്. ഝാർഖണ്ഡിൽ വൻകിട വികസനപദ്ധതികളുടെ ഭാഗമായി ആദിവാസി വിഭാഗങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലാണ് ഭീമാ കൊറേഗാവ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമിയെ അറസ്റ്റുചെയ്ത് തുറുങ്കിലടച്ചത്. സ്റ്റാൻ സ്വാമി അംഗമായിരുന്ന ചില മനുഷ്യാവകാശ സംഘടനകളിലൂടെ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും യുഎപിഎയിലെയും വകുപ്പുകൾ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുന്നേ തന്നെ സ്വാമിയുടെ വീട് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടറും ലാപ്‌ടോപ്പും മൊബൈലുമെല്ലാം പൊലീസ് പിടിച്ചെടുക്കുകയും അവയില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം തെളിഞ്ഞതായി അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ പൊലീസ് ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളെല്ലാം ചാരസോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വിദഗ്ധരായ ഹാക്കർമാരെ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി വ്യാജ സന്ദേശങ്ങളും ഡോക്യുമെന്റുകളും സ്ഥാപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നുമുള്ള റിപ്പോർട്ട് അമേരിക്ക ആസ്ഥാനമായ ‘ആഴ്സനൽ കൺസൾട്ടിങ്’ എന്ന ഫോറൻസിക് വിശകലന സ്ഥാപനം പുറത്തു വിട്ടിരുന്നു.
ദളിതർക്കും ആദിവാസികൾക്കും വേണ്ടി സംസാരിക്കുന്ന ബുദ്ധിജീവികളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഭരണകൂട തന്ത്രത്തിന്റെ ഭാഗമായിരുന്നു തെലുങ്ക് കവിയായ വരവരറാവുവിന്റെയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി കമർനാഥിന്റെയും ഫരീദാബാദിലെ ട്രേഡ്‌യൂണിയൻ നേതാവായ സുധാ ഭരദ്വാജിന്റെയും സാമൂഹ്യശാസ്ത്രജ്ഞനും ഉന്നത അക്കാദമിക് പണ്ഡിതനുമായ ഗൗതം നവ്‌ലാഖയുമടക്കമുള്ളവരുടെയും അറസ്റ്റ്. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിലൂടെ സർക്കാർ വിമർശനം നടത്തുകയോ സർക്കാരിനെതിരെയുള്ള ജനകീയ പോരാട്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ രാജ്യദ്രോഹമാരോപിച്ച് വേട്ടയാടുക തന്നെ ചെയ്യുമെന്ന സംഘ്പരിവാർ നയം മറയില്ലാതെ ബോധ്യപ്പെടുത്തുകയായിരുന്നു കേന്ദ്രം.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ സ്വാതന്ത്ര്യത്തെ നിർമൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ബോധപൂർവമായ പ്രതികാര നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അന്ന് സുപ്രീം കോടതി പ്രതികരിച്ചത്. പ്രബീർ പുർകായസ്തയുടെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് വിധിപ്രസ്താവനയിൽ നിരീക്ഷിച്ച കോടതി അറസ്റ്റിന്റെ സാഹചര്യം അറിയിക്കാതെയാണ് അദ്ദേഹത്തെ ഡൽഹി പൊലീസ് സ്പെഷ്യൽസെൽ കസ്റ്റഡിയിൽ എടുത്തതെന്ന കാര്യം ചൂണ്ടിക്കാട്ടിയും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റിമാൻഡ് അപേക്ഷയുടെ പകർപ്പുപോലും നൽകിയില്ലെന്നും നിയമത്തെ മറികടക്കാനായി നിഗൂഢമായ രീതിയിൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി പൊലീസ് റിമാൻഡ് ഉത്തരവ് സമ്പാദിക്കുകയായിരുന്നുവെന്നുമുള്ള അത്യന്തം ഗുരുതരമായ കുറ്റം വിധിപ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയ കോടതി പൗരാവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഏകാധിപത്യ ഭീകരതയ്ക്കാണ് താക്കീത് നല്‍കിയത്.
ചിന്തിക്കുന്നവർ വിയോജിക്കും എന്നറിയാവുന്നത് കൊണ്ടുതന്നെ ധിഷണാശാലികളോടുള്ള അനുരഞ്ജനരഹിത കലഹം സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ എക്കാലത്തെയും പ്രഖ്യാപിത നയമാണ്. 1933ൽ ഹിറ്റ്ലറുടെ അധികാരാരോഹണം നടന്നയുടനെ, നാസി യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ചെയ്തത് ‘ജർമ്മൻ വിരുദ്ധമായ’ ആശയങ്ങളും അറിവുകളുമുള്ള പുസ്തകങ്ങളെല്ലാം തെരുവുകളിൽ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. എഴുത്തിനെയും ധൈഷണിക സംവാദങ്ങളെയും ഭയപ്പെടുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ ചരിത്ര ദുർവ്യാഖ്യാനപദ്ധതിയെ ആശ്രയിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന്റെ ഭാഗംതന്നെയാണ് ഇപ്പോൾ അരുന്ധതി റോയിക്കെതിരായ നടപടി. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി.