സമൂഹത്തിലെ മാറ്റങ്ങൾ ആദ്യം പ്രതിഫലിക്കുന്ന ഇടമാണ് ക്ലാസ് മുറികൾ. പഠനവും അതിന്റെ രീതിശാസ്ത്രവുമെല്ലാം മൗലികമാകുന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ സവിശേഷതയാണ്. പഠനം ജീവിതഗന്ധിയായി മാറണം എന്ന കാര്യം എന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയവുമാണ്. നിത്യജീവിതത്തിൽ അനുഭവിക്കുന്ന വിവിധ സാമൂഹികപ്രശ്നങ്ങളെ പഠനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുമ്പോൾ പഠിതാക്കൾ, അവർക്ക് ലഭിച്ച ബോധ്യങ്ങളോടെ വിവിധ വിഷയങ്ങളെ സമീപിക്കുകയാണ്. സ്വാഭാവികമായും ഒരു വ്യക്തിയുടെ ചിന്താപ്രക്രിയയിൽ ഇത്തരം സവിശേഷ ശൈലിയിലുള്ള പഠനം വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.
കുട്ടികളിൽ ജിജ്ഞാസയും അന്വേഷണത്വരയും സൃഷ്ടിക്കുകയും അതുവഴി കണ്ടെത്തലുകളിലേക്കും നിഗമനങ്ങളിലേക്കും നയിക്കുന്ന വിധമുള്ള പ്രവർത്തനാധിഷ്ഠിത പഠനം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒന്നാണ്. ഇത്തരം പഠന രീതികൾ കുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങളും പഠന വിഷയമാക്കേണ്ടതാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വീക്ഷണങ്ങളിൽ പോലും വൻ പരിവർത്തനമാണ് നടക്കുന്നത്. പഠനം കൂടുതൽ വിശാലമാകുന്നതും ഏറ്റവും പുതിയ കാഴ്ചപ്പാടുകൾ സന്നിവേശിക്കപ്പെടുന്നതും ദൃഷ്ടാന്തമാണ്.
സാങ്കേതികവിദ്യ ആധിപത്യം പുലർത്തുന്ന ഇന്ന് വിദ്യാഭ്യാസ പ്രക്രിയയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നൂതന ആശയങ്ങളും പ്രവണതകളും അതിവേഗമാണ് പ്രചരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തെ അതുമാത്രമായി കാണുന്ന പരമ്പരാഗത സമീപനങ്ങളിൽ പോലും പരിവർത്തനം ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയ സമീപനത്തോടെ ഇങ്ങനെയൊരു മുന്നേറ്റത്തിന് തുടക്കമിട്ടത് നമ്മുടെ നാടാണ് എന്നത് ഏറെ ശ്രദ്ധേയവും അഭിമാനകരവുമാണ്. വിദ്യാഭ്യാസരംഗത്ത് സ്കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും സമന്വയിക്കുന്ന മികച്ച മാതൃകകൾക്ക് കേരളം തുടക്കം കുറിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുത്തൻ മാതൃകയാണ് സമഗ്ര ശിക്ഷാ കേരളവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും സ്കൂളുകളിൽ ഒരുക്കിയത്. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി കുട്ടികളിൽ ശാസ്ത്രബോധം സൃഷ്ടിച്ചുകൊണ്ട്, വിജ്ഞാനത്തിന്റെ വിവിധ ധാരകളെ സമന്വയിപ്പിക്കുന്ന പഠനരീതിക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, എന്‍ജിനീയറിങ്, കലകൾ എന്നിവയുൾപ്പെടുന്ന മാനവിക വിഷയങ്ങൾ, ഗണിതം എന്നിവയെല്ലാം സമന്വയിക്കുന്ന ധാരയാണ് അത്.
സ്വതന്ത്രമായ ജ്ഞാനനിർമ്മാണത്തിലേക്ക് കുട്ടികൾ സ്വാഭാവികമായി പ്രവേശിക്കണം. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ ആറ് ജില്ലകളിൽ ആദ്യഘട്ടത്തിൽ സ്കൂളുകൾ കേന്ദ്രമായി സ്ട്രീം ഹബ്ബുകൾ ഉണ്ടായത്. ഒരു വിദ്യാലയവും അതിലെ അധ്യാപകരും വിദ്യാർത്ഥികളും എന്ന പരമ്പരാഗത സങ്കല്പത്തിൽ നിന്നും വ്യത്യസ്തമായി പരിധിയിൽ ഉൾപ്പെടുന്ന മറ്റ് സ്ഥാപനങ്ങൾ കൂടി കടന്നുവരുമ്പോൾ വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തോടൊപ്പം ജ്ഞാനനിർമ്മാണത്തിന്റെ കേന്ദ്രീകരണവും നടക്കും.
വിവിധ ബ്ലോക്കുകളുടെ പരിധിയിലെ തെരഞ്ഞെടുത്ത ഓരോ സ്കൂളിലും സ്ട്രീം ലേണിങ് ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട്. അന്തർ വൈജ്ഞാനിക പഠനത്തിന് സഹായകരമാകുന്ന വിധമുള്ള പ്രവർത്തനാധിഷ്ഠിത ലാബുകളായിരിക്കും ഇത്. കുട്ടികളിലും അധ്യാപകരിലും ഒരു പോലെ ഗവേഷണാഭിരുചി സൃഷ്ടിക്കുന്ന സമീപന രീതിയാണിവിടെ പിന്തുടരുന്നത്. ക്ലാസ് മുറിയിലെ പരിമിതികളെ സ്വാഭാവികമായും മറികടക്കും. വിദ്യാലയങ്ങളിൽ സജ്ജമാക്കിയുള്ള സ്ട്രീം ഹബ്ബുകൾ പ്രായോഗികമായ അനുഭവങ്ങൾക്ക് മുഖ്യ ഇടം നൽകുന്ന വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ശാസ്ത്രം, ഗണിത ശാസ്ത്രം, ഭാഷ ഉൾപ്പെടെയുള്ള മാനവിക വിഷയങ്ങൾ ഇവിടെ വിനിമയ മാധ്യമങ്ങളിൽ ഉൾപ്പെടുന്നു. കുട്ടികളിലെ അന്വേഷണ ത്വരയുടെ സ്വാഭാവികമായ വളർച്ചയാണ് സ്ട്രീം ഹബ്ബുകളിലൂടെ നടക്കുന്നത്.
നിത്യജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളിൽ പഠിച്ച ഒരു വിഷയത്തെ മാത്രമല്ല ആശ്രയിക്കുന്നത്, പല വിഷയങ്ങളും കടന്നുവരും. പഠനത്തിന്റെ പ്രായോഗികതലങ്ങളിലേക്ക് സഞ്ചരിക്കുകയും ബോധപൂർവം വിഷയങ്ങളെ പലതായി തരംതിരിക്കാതെ നൈസർഗികമായ അന്വേഷണങ്ങൾ നടത്തി പ്രശ്നപരിഹാരത്തിലെത്തുന്ന കുട്ടികളെ വാർത്തെടുക്കുകയാണ് സ്ട്രീം ഹബ്ബുകളിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗവും സ്കൂൾ വിദ്യാഭ്യാസവും ഒരുമിച്ച് ചേരുമ്പോൾ വൈജ്ഞാനിക വിനിമയത്തിന്റെ നവീനാനുഭവങ്ങളിലേക്ക് പ്രവേശിക്കുന്നു. ഇന്ത്യയിൽ തന്നെ ഇങ്ങനെയൊരു വേറിട്ട വിദ്യാഭ്യാസ മുന്നേറ്റം നടക്കുന്നത് കേരളത്തിലാണ്.
അന്വേഷണാത്മക സ്വതന്ത്ര പഠനത്തിന് പ്രോജക്ട് രീതി മികച്ച ഒരു പഠനതന്ത്രമാണ്. പഠനത്തിന്റെ രീതിശാസ്ത്രങ്ങളിൽ പ്രൊജക്ട് അടിസ്ഥാനത്തിലുള്ള ശൈലിക്ക് വലിയ പ്രാധാന്യമുണ്ട്. യഥാർത്ഥ സാമൂഹിക പ്രശ്നങ്ങളെയാണ് കുട്ടികൾ അഭിമുഖീകരിക്കുന്നത്. ഈ പ്രശ്നങ്ങളെല്ലാം പാഠപുസ്തകത്തിലെ പഠനനേട്ടങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവയാണ്. എന്നാൽ ക്ലാസ് മുറിയിലേക്കു മാത്രമായി കുട്ടികളെ തളച്ചിടുന്നില്ല. ക്ലാസ് മുറിയിൽ നിന്നും സമൂഹത്തിലേക്ക് പ്രവേശിക്കുന്നു. സാമൂഹിക പ്രശ്നങ്ങളെ പഠനത്തിന്റെ ഭാഗമായി അഭിമുഖീകരിക്കാൻ പ്രൊജക്ട് രീതിയിലൂടെ സാധിക്കും.
പ്രോജക്ടിന് വേണ്ടി ഒരു വിഷയത്തെ കണ്ടെത്തുകയല്ല. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകളെ നിലവിലുള്ള പൊതുസാമൂഹിക പ്രശ്നത്തിന്റെ ഭാഗമാക്കുന്നതാണ് പ്രൊജക്ടുകളുടെ സവിശേഷത. ഇവയുടെ നിർവഹണത്തിന് കൊച്ചി സർവകലാശാലയുടെ അക്കാദമികവും ശാസ്ത്രീയവുമായ പിന്തുണയുമുണ്ടാകും. മൂന്നിലധികം വിദ്യാലയങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രൊജക്ട് ചെയ്യുന്നത്. എല്ലാ ബ്ലോക്കുകളിലും സ്ട്രീം പ്രൊജക്ട് കോ ഓർഡിനേറ്റർമാർ അക്കാദമിക സമിതികൾ എന്നിവയുണ്ടാകും. നിർവഹണത്തിന് സഹായകരമാകുന്നവിധം സ്കൂൾ അധ്യാപകർ മാർഗദർശിയായും ഉണ്ടാകും.
ഹബ്ബ് സ്കൂളും ചുറ്റുമുള്ള വിദ്യാലയങ്ങളും ചേർന്നുള്ള വിജ്ഞാനത്തിന്റെ ഇക്കോ സിസ്റ്റം വികസിപ്പിക്കുക പ്രൊജക്ടുകളുടെ സമീപനമാണ്. ഓരോ പ്രൊജക്ടിനും ഒന്നിലധികം വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും ഭാഗമാകും. ഓരോ ബ്ലോക്കുകളിലെയും അക്കാദമിക് സമിതികളിൽ വിവിധ മേഖലകളിൽ അവഗാഹമുള്ള ഗവേഷകർ, വിരമിച്ച അധ്യാപകർ, ശാസ്ത്രജ്ഞർ തുടങ്ങിയവരുണ്ടാകും. പ്രൊജക്ടുകൾക്കെല്ലാം അതിന്റെ സവിശേഷതയനുസരിച്ച്, പങ്കാളിയായി മറ്റ് സ്ഥാപനങ്ങൾ കൂടിയുണ്ടാകും. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, റിസർച്ച് സെന്ററുകൾ, സർക്കാർ വകുപ്പുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സെമിനാറുകൾ ശില്പശാലകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നത് ഇതിന്റെ സവിശേഷതയാണ്. പ്രോജക്ട് പ്രവർത്തനത്തിന്റെ ഭാഗമായി അവതരണവും നടക്കും. ഏതെങ്കിലും സർവകലാശാലയുമായി സഹകരിച്ചാണ് ഇത് നടക്കുക. കണ്ണൂർ, തൃശൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ ഇത്തരം അവതരണങ്ങൾ ഇതിനകം നടന്നു.
അവതരണത്തിന്റെ രീതിയാണ് ഏറെ ശ്രദ്ധേയം. സ്ലാം മാതൃകയിലുള്ള അവതരണമാണ് ഇവിടെ നടന്നത്. വേഗതയും വൈകാരികവും ശക്തമായ വ്യക്തിപരമായ പ്രകടനവും ഉൾക്കൊള്ളുന്ന ഒരു അവതരണ ശൈലിയാണ് സ്ലാം. ആശയം, സാമൂഹിക വിഷയം, വ്യക്തിപരമായ അനുഭവം എന്നിവയെ പ്രേക്ഷകരെ നേരിട്ട് ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൂന്ന് മുതൽ അഞ്ച് മിനിറ്റ് സമയത്തിനകം ആശയം അവതരിപ്പിക്കണം. വിഷയം ശാസ്ത്രമായാലും മാനവികമായാലും കേൾവിക്കാരിൽ അനായാസം വിനിമയം ചെയ്യുന്നവിധമുള്ള അവതരണത്തിന്റെ ഭാഗമായി സ്കിറ്റുകൾ, ഏകാഭിനയങ്ങൾ, പരീക്ഷണങ്ങൾ, സംവാദങ്ങൾ എല്ലാം പ്രത്യക്ഷപ്പെടും.
ഗവേഷണ വിഷയങ്ങളെ അനായാസം അവതരിപ്പിക്കുന്നതിന് ഇത്തരം രീതികൾ ലോകത്തിലെ നിരവധി സർവകലാശാലകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഹാർവാഡ്, എഡിൻബറോ, യേൽ തുടങ്ങിയ സർവകലാശാലകളെല്ലാം ഇത്തരമൊരു രീതി പിഎച്ച്ഡി അവതരണത്തിന് ഉപയോഗിച്ചുവരുന്നതായി കുസാറ്റ് സി-സിസ് ഡയറക്ടർ ഡോ. പി ഷൈജു സൂചിപ്പിക്കുന്നു. ഇത്തരം സമീപനവും അനുഭവപരിസരവും കുട്ടികളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഗവേഷണത്തിന്റെ ഭാഗമായുള്ള അനുഭവങ്ങളും സംവാദങ്ങളുമെല്ലാം കുട്ടികൾ ശരിക്കും ആസ്വദിച്ച് പഠിക്കുക മാത്രമല്ല, ശാസ്ത്രീയ വിശകലനം കൂടിയാണ് നടത്തുന്നതെന്ന് സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫിസർ ഡോ. ബി ഷാജി അഭിപ്രായപ്പെട്ടു.
21-ാം നൂറ്റാണ്ടിൽ നമ്മുടെ കുട്ടികൾ ചില നൈപുണികൾ നേടിയെടുക്കേണ്ടതുണ്ട്. ജീവിതത്തിൽ അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുന്ന ഒന്നായിരിക്കും അത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ലോകത്തിന് മാതൃകയായ പരിവർത്തനങ്ങളാണ് നടക്കുന്നത്. അതേ, പൊതുവിദ്യാഭ്യാസരംഗം വേറെ ലെവലാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാം.

