പ്രമുഖ സിപിഐ നേതാവും മുൻ മന്ത്രിയും പ്രഗത്ഭ പാർലമെന്റേറിയനും ആയിരുന്ന എം എൻ ഗോവിന്ദൻ നായരുടെ 40-ാമത് ചരമ ദിനമാണിന്ന്. പാർശ്വവൽക്കൃത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള സമരങ്ങളുടെ നായകനും പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനുമായിരുന്നു എംഎൻ. ചെറുപ്രായത്തിൽ ദളിത് ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അവർക്ക് അക്ഷരാഭ്യാസം നൽകുന്നതിലും വ്യാപൃതനായാണ് അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റ് രൂപപ്പെടുന്നത്. 1977ൽ പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിൽ രാജ്യം ശ്രദ്ധിച്ച അദ്ദേഹത്തിന്റെ പോരാട്ടങ്ങളിൽ ഒന്നും ദളിത് അതിക്രമങ്ങൾക്കെതിരായിരുന്നു എന്നത് അധഃസ്ഥിതരെന്ന് മുദ്ര ചാർത്തപ്പെട്ട ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ദളിത് അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രചരണം നടത്തിയ അദ്ദേഹം 1978 ജൂലൈ 20ന് പാർലമെന്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവും പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കുമെന്ന പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ഉറപ്പിനെ തുടർന്നായിരുന്നു അദ്ദേഹം സമരം അവസാനിപ്പിച്ചത്. ഏതു കൊടുങ്കാറ്റിലും നിലയുറപ്പിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള പ്രത്യയശാസ്ത്ര ദാർഢ്യവും ആദർശധീരതയും അനുഭവ സമ്പന്നതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ഒടുങ്ങാത്ത ശുഭപ്രതീക്ഷയും ആത്മവിശ്വാസവും അദ്ദേഹം ജീവിതത്തിലുടനീളം പുലർത്തി.
നിയമസഭയിലും പാർലമെന്റിലും കേരള മന്ത്രിസഭയിലും അംഗമായിരുന്ന എംഎൻ പ്രഗത്ഭനായ പാർലമെന്റേറിയനായും ഭരണാധികാരിയായും തന്റെ ജീവിതത്തെ അടയാളപ്പെടുത്തി. സിപിഐ സംസ്ഥാന സെക്രട്ടറി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ ചുമതലകളിൽ കരുത്തനായ സംഘാടകനെയും അദ്ദേഹത്തിലൂടെ കേരളം കണ്ടു. ഐക്യ കേരളപ്പിറവിക്കു മുമ്പ് തിരു-കൊച്ചി നിയമസഭാംഗമെന്ന നിലയിൽ ജന്മിത്ത ചൂഷണത്തിനും നാടുവാഴിത്ത അതിക്രമങ്ങൾക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
ജന്മി-നാടുവാഴിത്ത ചൂഷണങ്ങളെ തുറന്നുകാട്ടിയ കെപിഎസിയുടെ ”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം നിരോധിച്ചപ്പോൾ സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൻ നടത്തിയ പ്രസംഗം ചരിത്രത്തിന്റെ ഭാഗമായി. തീക്ഷ്ണമായ വാക്കുകളിലൂടെയായിരുന്നു അദ്ദേഹം ഭരണഭീരുക്കൾക്കെതിരെ ആഞ്ഞടിച്ചത്. 1956ൽ കേരളത്തിന്റെ രൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയെ അധികാരത്തിലെത്തിക്കുന്നതിനുള്ള മണ്ണൊരുക്കുന്നതിലും തന്ത്രങ്ങൾ മെനയുന്നതിലും അദ്ദേഹത്തിന്റെ പാടവം കേരളം കണ്ടു. അതുകൊണ്ടുതന്നെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിളിക്കാം.
പാവങ്ങളുടെ, ദുരിതക്കയങ്ങളിലെ ജീവിതം അദ്ദേഹത്തെ ദുഃഖിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ വാർധാ ആശ്രമത്തിലെ ജീവിതവും സ്വന്തം നാട്ടിലെ ദളിതരുടെ സ്കൂളിലെ പ്രവർത്തനവും എംഎന്റെ ജീവിതത്തിൽ സാരമായ മാറ്റം വരുത്തി. പാവപ്പെട്ട മനുഷ്യരുടെ ജീവിതവ്യഥ മാറ്റിയെടുക്കുവാൻ സ്വന്തം പരിശ്രമവും, സമരവീര്യവും, പിൽക്കാലത്ത് അധികാര സ്ഥാനത്തെത്തിയപ്പോൾ അതും പൂർണമായി ഉപയോഗപ്പെടുത്തി.
സി അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ ഭാവനാ സമ്പന്നമായ പദ്ധതികൾ പിൽക്കാല കേരളത്തിന്റെ വികസന വഴികളിൽ മാതൃകയായും സ്മാരകങ്ങളായും ഇന്നും നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഭൂമിയും വീടുമായിരുന്ന ഘട്ടത്തിൽ ഭൂപരിഷ്കരണ നിയമത്തിലൂടെ ഭൂപ്രശ്ന പരിഹാരത്തിന് സാധ്യത തെളിഞ്ഞപ്പോൾ, അതിന്റെ അടിത്തറയിൽ പണിതതായിരുന്നു ലക്ഷം വീടുകൾ. ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി സർക്കാരിലേക്ക് ലഭ്യമായ മിച്ചഭൂമിയുടെ സാധ്യത കൂടി ഉപയോഗിച്ചാണ് കയറിക്കിടക്കാൻ കൂരയില്ലാത്തവന്റെ ഭവന സ്വപ്നങ്ങൾക്ക് അദ്ദേഹം നിറച്ചാർത്ത് നൽകിയത്. സർക്കാരിന്റെ കയ്യിൽ പണമില്ലെന്ന പരിമിതിയെ മറികടക്കുന്നതിന് ബദൽ മാർഗവും കണ്ടെത്തി, മിച്ചഭൂമികളിൽ ഇരട്ടവീടുകൾ നിർമ്മിച്ചതുവഴി ലക്ഷം കുടുംബങ്ങളാണ് ഭവനങ്ങളുടെ ഉടമകളായത്. ആ വീടുകൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എംഎൻ ലക്ഷം വീടുകൾ എന്നാണ് അറിയപ്പെടുന്നത്. ഇരട്ടവീടുകൾ ഒറ്റ വീടുകളാക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകാൻ 2006-11 കാലത്ത് ഭവന മന്ത്രിയായിരിക്കെ സാധിച്ചുവെന്നത് ചാരിതാർത്ഥ്യം നൽകുന്നു. ഇപ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ വേരുകൾ കിടക്കുന്നത് ലക്ഷം വീട് പദ്ധതിയിലാണ് എന്നത് നിസ്തർക്കമാണ്.
നമ്മുടെ കൃഷിയിടങ്ങളെ സംരക്ഷിക്കുവാനും, പുതുതലമുറയ്ക്ക് കാർഷിക ബോധം വളർത്തിയെടുക്കുവാനും എംഎൻ കൃഷിമന്ത്രിയായിരിക്കെ നടപ്പിലാക്കിയ ”ഓണത്തിന് ഒരുപറ നെല്ല്” എന്ന മുദ്രാവാക്യം എല്ലാവരിലും ആവേശം ഉണർത്തി. ഇന്നും നാം ആ മാതൃകകളെ പിന്തുടരുകയാണ്. അതേവരെ അവഗണിക്കപ്പെട്ടിരുന്ന കൃഷി വകുപ്പിന് ജനശ്രദ്ധയുണ്ടായത് എംഎൻ മന്ത്രിയായിരുന്ന കാലത്താണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ സിദ്ധി എംഎന്റെ വിജയമാണ്. അദ്ദേഹം വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തിലെ ഊർജ പ്രതിസന്ധിയെ നേരിടേണ്ടിവന്നത്. അതിന് പരിഹാരമായി പഴമക്കാരുടെ സങ്കല്പമായ കുറവൻപാറയും കുറത്തിപ്പാറയും സംയോജിപ്പിച്ച് ഇടുക്കി ജലസേചന പദ്ധതി യാഥാർത്ഥ്യമായത് എംഎന്റെ കർമ്മശേഷിയുടെ മറ്റൊരു ഉദാഹരണം.
സിപിഐ നേതാവെന്ന നിലയിൽ യുവജന‑വിദ്യാർത്ഥി രംഗത്ത് പുതിയ കേഡർമാരെ കണ്ടെത്താൻ എംഎൻ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുന്നതാണ്. തന്റെ ആത്മകഥയുടെ ആമുഖക്കുറിപ്പിന് മഹാപ്രവാഹത്തിലെ ഒരു തുള്ളി എന്നാണ് അദ്ദേഹം തലക്കെട്ട് നൽകിയത്. അതിലെ വിഖ്യാതമായ ഒരു ഖണ്ഡിക ഇങ്ങനെയായിരുന്നു: “മാനവ ചരിത്രം മാറ്റിയെഴുതുവാൻ വേണ്ടിയുള്ള ഒരു മനുഷ്യപ്രവാഹം. ലോകമെങ്ങുമുള്ള ഫാക്ടറികളിൽ നിന്നും പാടശേഖരങ്ങളിൽ നിന്നും ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നും ലാറ്റിനമേരിക്കൻ നാടുകളിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലെ ഘെട്ടോകളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഏഷ്യയിൽ നിന്നും മനുഷ്യൻ വസിക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും — തുള്ളികളായി, ചോലകളായി, നദികളായി — മാറ്റത്തിനുവേണ്ടി വെമ്പൽ കൊണ്ട്, കുതിച്ചു മുന്നോട്ടുവരുന്ന എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന മഹാപ്രവാഹം. ഇതു കാണാൻ കഴിയാത്തവർ അന്ധരാണ്. ഈ പ്രവാഹത്തിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന ഒരു തുള്ളിയുടെ ചരിത്രമാണ് എന്റെ ജീവിതകഥ.”
ആ മഹാപ്രവാഹത്തിലെ ഒരു തുള്ളിയായിരുന്നുവെങ്കിലും ജീവിച്ച കാലത്ത് വേറിട്ട അടയാളങ്ങൾ പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള ദശകങ്ങളിലായിരുന്നു എംഎൻ സംസ്ഥാന — ദേശീയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ ജീവിച്ചത്. തന്റെ ആത്മകഥയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധി വരെയുള്ള ജീവിതമാണ് എംഎൻ കുറിച്ചുവച്ചിട്ടുള്ളത്. സമരഭരിതവും ത്യാഗസുരഭിലവുമായിരുന്ന ആ കാലത്തെപ്പോലെ തന്നെ സംഭവ ബഹുലമായിരുന്നു പിൽക്കാല ജീവിതവും.
സവർണ മേധാവിത്തത്തിനും ജന്മി നാടുവാഴിത്തത്തിനും എതിരെ ധീരമായ പോരാട്ടം നടത്തി വിജയം വരിച്ച കേരളത്തിലെ നവോത്ഥാന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ ശക്തമായി നിലകൊണ്ട്, നേതൃത്വപരമായ പങ്കുവഹിച്ച എംഎന്റെ ഓർമ്മ എല്ലാ വിഭാഗം ജനങ്ങൾക്കും എക്കാലത്തെയും പ്രചോദനമായിരിക്കും, പ്രത്യേകിച്ച് ഇന്ത്യയുടെ സമകാലിക പശ്ചാത്തലത്തിൽ.