Site iconSite icon Janayugom Online

വായനയുടെ മര്‍മ്മമറിഞ്ഞയാള്‍

എസ് ജയചന്ദ്രന്‍ നായരുടെ വേര്‍പാടോടെ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ആറു ദശാബ്ദത്തെ ചരിത്രത്തിനോടൊപ്പം സഞ്ചരിച്ച ഒരു പത്രാധിപരെയാണ് നഷ്ടമാകുന്നത്. കൊല്ലത്ത് കടപ്പാക്കടയില്‍ നിന്നും ജനയുഗം വാരികയും തിരുവനന്തപുരത്ത് പേട്ടയില്‍ നിന്ന് കൗമുദി വാരികയും മലയാളിയുടെ ബൗദ്ധികമായ വളര്‍ച്ചയെ സ്വാധീനിച്ചുതുടങ്ങിയ കാലത്താണ് എസ് ജയചന്ദ്രന്‍ നായര്‍ ബിരുദവിദ്യാഭ്യാസത്തിനുശേഷം കൗമുദി വാരികയില്‍ സഹപത്രാധിപരായെത്തുന്നത്. കെ ബാലകൃഷ്ണനും സി എന്‍ ശ്രീകണ്ഠന്‍നായരും ഉള്‍പ്പെടെയുള്ള അന്നത്തെ കൗമുദി സംഘത്തോടൊപ്പമുള്ള സഹകരണമാണ് ജയചന്ദ്രന്‍ നായരുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്. തുടര്‍ന്ന് മലയാളരാജ്യത്തിലും കേരളജനതയിലും സഹ പത്രാധിപരായതിനുശേഷമാണ് എസ് ജയചന്ദ്രന്‍ നായര്‍ കേരള കൗമുദി കുടുംബത്തിലെത്തുന്നത്.
കലാകൗമുദി വാരികയുടെ പ്രസിദ്ധീകരണത്തോടെ അതിന്റെ ജീവവായുവായി ജയചന്ദ്രന്‍ നായര്‍ മാറുകയായിരുന്നു. എം ടി വാസുദേവന്‍ നായര്‍, ഒ വി വിജയന്‍, എം പി നാരായണപിള്ള തുടങ്ങിയ എഴുത്തുകാരുടെ പ്രശസ്തമായ കൃതികള്‍ പ്രസിദ്ധീകരിച്ചതില്‍ എസ് ജയചന്ദ്രന്‍ നായരുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എം വി ദേവന്റെയും നമ്പൂതിരിയുടെയുമുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുടെ പിന്തുണയോടെ കലാകൗമുദി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വായനക്കാരിലെത്തി.
ലേഖനങ്ങളുടെ സമാഹാരമായ റോസാദലങ്ങളും എന്റെ പ്രദക്ഷിണവഴികളും സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പും നിശബ്ദ ഭവനങ്ങളുമൊക്കെ ഇന്നും വായനക്കാര്‍ തേടി വായിക്കുന്ന പുസ്തകങ്ങളാണ്. നിഴല്‍ വീഴാത്ത വെയില്‍ത്തുണ്ടുകള്‍, കഥാ സരിത് സാഗരം, ജെന്നി മാര്‍ക്‌സിന്റെ ജീവിതം, പാടിത്തീരാത്ത പാട്ടിന്റെ സംഗീതം, മലയാളത്തിന്റെ മുഖപ്രസംഗങ്ങള്‍, രക്തപങ്കില ദിവസങ്ങള്‍, ഗാന്ധിജിയുടെ അവസാന ദിവസങ്ങള്‍, മാര്‍ക്വേസ് ജീവിതവും എഴുത്തും, ആ വാക്കിന്റെ അര്‍ത്ഥം എന്നിവയാണ് മറ്റ് ലേഖന സമാഹാരങ്ങള്‍. 

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവിയുടെയും സ്വമ്മിന്റെയും കഥ എസ് ജയചന്ദ്രന്‍ നായരുടേതായിരുന്നു. ഈ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. കഴിഞ്ഞ മാസം പകുതിയോടെ പ്രസിദ്ധീകരിച്ച ജയചന്ദ്രന്‍ നായരുടെ അവസാന കൃതിയായ ഏകാന്ത ദീപ്തികള്‍ ഷാജി എന്‍ കരുണിന്റെ ചലച്ചിത്ര ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. മൗന പ്രാര്‍ത്ഥനപോലെയെന്ന പുസ്തകം അരവിന്ദന്റെ ചലച്ചിത്രലോകത്തിലൂടെയുള്ള യാത്രയാണ്. ഈ പുസ്തകത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ആന്ദ്രെ തര്‍കോവ്സ്കി, അകിര കുറോസവ, ബര്‍ഗ്മാന്‍ തുടങ്ങിയവരെ മലയാളികളിലേക്കെത്തിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹമെഴുതിയ സിനിമാ നിരൂപണങ്ങളും ശ്രദ്ധേയമായിരുന്നു. ആ വാക്കിന്റെ അര്‍ത്ഥം, ഒരു നിലവിളി, ബാക്കിപത്രം, മരക്കുതിര, പാര്‍ട്ടി, ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, കടലും പുഴകളും തുടങ്ങിയ നോവലുകളും രചിച്ചിട്ടുണ്ട്.
ആടുന്ന അടിത്തറ — മോഡിയുടെ ഇന്ത്യ എന്ന രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ പുസ്തകത്തിലെ ലേഖനങ്ങള്‍ ഇന്ത്യയിലും ലോകത്തും ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള താക്കീതായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ കെ ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്, കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയരാഘവന്‍ സ്മാരക അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, സി എച്ച് മുഹമ്മദ്‌കോയ ജേണലിസം അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. ‘എന്റെ പ്രദക്ഷിണ വഴികള്‍’ എന്ന ഗ്രന്ഥത്തിന് 2012 ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥയ്ക്കുള്ള അവാര്‍ഡും ‘കാഴ്ചയുടെ സത്യം’ എന്ന ഗ്രന്ഥത്തിന് 2012ലെ കേരള ചലച്ചിത്ര അക്കാദമിയുടെ മികച്ച ചലച്ചിത്രകൃതിക്കുള്ള അവാര്‍ഡും മൗനപ്രാര്‍ത്ഥന പോലെയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. 

Exit mobile version