Site iconSite icon Janayugom Online

സഹകരണ സംഘങ്ങളെ കോർപറേറ്റ് താവളമാക്കാൻ നീക്കം

ല്ലാം കോർപറേറ്റുകൾക്കുവേണ്ടിയെന്ന തത്വമാണ് കേന്ദ്ര ബിജെപി ഭരണത്തിന്റെ ജീവനാഡി. എല്ലാ മേഖലകളിലും ഈ നയമാണ് പ്രതിഫലിക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയം രൂപം കൊള്ളുകയും വകുപ്പുമന്ത്രിയായി അമിത് ഷാ ചുമതലയെടുക്കുകയും ചെയ്ത ശേഷം മേഖലയുടെ അടിസ്ഥാന നിലപാടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളെ സഹകരണ മേഖലയിലേക്കും കൂട്ടിക്കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്ര മന്ത്രാലയം നടത്തുന്നത്. ഇന്ത്യൻ ഭരണഘടന സംസ്ഥാനങ്ങൾക്ക് സഹകരണ രംഗത്ത് അനുവദിച്ചിട്ടുള്ള നിയമനിർമ്മാണം, പരിപാലനം, സ്വയംഭരണം ഉൾപ്പെടെയുള്ള അധികാരാവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുത്തു കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. മേഖലയില്‍ സംസ്ഥാനങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ സംബന്ധിച്ച് സുപ്രീം കോടതി വിധികൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനെ മറികടക്കാനുള്ള കുറുക്കുവഴികൾ തേടുകയാണ് കേന്ദ്ര സർക്കാർ. ഈ വർഷത്തെ അന്താരാഷ്ട്ര സഹകരണ ദിനം ജൂലൈ അഞ്ചിന് കടന്നു പോയി. സഹകരണ മേഖലയെ തനതായ നിലയിൽ നിലനിർത്തേണ്ടതും അതിന്റെ ഉള്ളടക്കത്തിൽ നിന്നുള്ള പുരോഗതിയും കൈവരിച്ചു കൊണ്ടാകണം ലോകത്തെ മെച്ചപ്പെട്ടതാക്കാൻ എന്നതാണ് സഹകരണദിന സന്ദേശത്തിന്റെ സാരാംശം. എന്നാൽ ഈ ആശയത്തിന് നേർ വിപരീതമായ നിലപാടുകളാണ് കേന്ദ്രം നയങ്ങളായി പുറത്തുവിടുന്നത്. പാർലമെന്റ് പാസാക്കിയ ബഹുസംസ്ഥാന സഹകരണഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ച് സഹകരണ നിയമങ്ങളെ ഏകീകരിക്കാനുള്ള തിടുക്കത്തിലാണ് കേന്ദ്രം. ഈ നീക്കത്തിന്റെ ഭാഗമായി ഇതിനകം രണ്ട് മോഡൽ ബൈലോകൾ പുറത്തിറക്കുകയുണ്ടായി. അതിൽ ആദ്യത്തേത് രാജ്യത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെല്ലാം സംസ്ഥാനങ്ങളുടെ നിയമ പരിധിയിൽ വരുന്നതാണ്. ഇവയുടെ കർമ്മ പരിപാടികളും പ്രവർത്തനങ്ങളും ദേശവ്യാപകമായി ഏകീകരിക്കുകയാണ് ഉദ്ദേശമെന്ന് മോഡൽ ബൈലോയുടെ ആമുഖത്തിൽ തന്നെ പറഞ്ഞിരുന്നു. 

നബാർഡ്, സംസ്ഥാന സഹകരണ ബാങ്കുകൾ, വൈകുണ്ഠ മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത പ്രയത്നത്തിലൂടെയാണ് മോഡൽ ബൈലോ തയ്യാറാക്കിയത്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് കീഴിൽ 25 ലധികം ബിസിനസ് സംരംഭങ്ങൾക്ക് രൂപം കൊടുക്കാൻ കഴിയുന്ന നിർദേശങ്ങൾ ഈ ബൈലോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫ്രൊഫഷണലിസവും പ്രവർത്തനത്തിലെ സുതാര്യതയുമാണ് മുഖ്യവാഗ്ദാനം. പ്രത്യേകമായി പാക്സ് വിഭാഗത്തിന് കമ്പ്യൂട്ടറെെസേഷൻ പദ്ധതിയും അവതരിപ്പിച്ചു. പാക്സിന് പുറമെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. ഏകീകൃത ഓഡിറ്റിങ് സംവിധാനം ഇതിലെ നിർദേശങ്ങളിലൊന്നായിരുന്നു. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുകയും ക്രമപ്പെടുത്തുകയുമാണ് ഉദ്ദേശമെന്ന് ബൈലോയിൽ പറയുന്നു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ പരിമിതമായ വിഭവശേഷിയെ മറികടക്കാനും നിക്ഷേപ സമാഹരണത്തിനൊപ്പം വിവിധ സാമ്പത്തിക ഏജൻസികൾ വഴി പണം സമാഹരിക്കാനും അധികാരം നൽകുന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ചു. കിട്ടാക്കടം ചുരുക്കി കൊണ്ടുവരുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തു. വായ്പാ ഉപയോഗത്തിലുണ്ടാകുന്ന വീഴ്ചകളും, തുക തിരിച്ചു പിടിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് സംഘങ്ങൾക്കുള്ള പരിമിതികൾ മറികടക്കുന്നതിനുള്ള ഉപദേശങ്ങളും ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണ നിർവഹണത്തിലുണ്ടാകുന്ന വെല്ലുവിളികൾ, അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, കുറഞ്ഞ നിഷ്ക്രിയ ആസ്തി, ജീവനക്കാരുൾപ്പെടുന്ന മനുഷ്യവിഭവശേഷി പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പാക്സ് സംബന്ധമായ മാതൃകാ ബൈലോയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രധാന വസ്തുത മറച്ചുവയ്ക്കപ്പെടുകയും ചെയ്തു. മേല്പറഞ്ഞ കാര്യങ്ങളെല്ലാം സംസ്ഥാന സഹകരണ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള വസ്തുതകളാണ്. കേന്ദ്ര ബൈലോ അംഗീകരിച്ച് ഒപ്പുവയ്ക്കാൻ തയ്യാറായാൽ കിട്ടാവുന്ന സാമ്പത്തിക സഹായത്തെ ഓർത്തും കേന്ദ്രഭീഷണിയിൽ പകച്ചും മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ബൈലോയിൽ ഒപ്പു വച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക വാഗ്ദാന കെണിയിൽ വീഴാതെ പിടിച്ചു നിന്ന ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തിയെന്ന അപഖ്യാതി കുത്തക മാധ്യമങ്ങളിൽ നിന്നും ഇതിന്റെപേരിൽ കേരള സർക്കാരിന് കേൾക്കേണ്ടി വന്നു. സംഘങ്ങളുടെ ആസ്തി — ബാധ്യതകൾ ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചോർത്തിയെടുക്കാൻ കഴിയുന്ന വിധത്തിലുമുള്ള ഓഡിറ്റിങ് സംവിധാനത്തിലേക്ക് മാറിയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസിലാക്കിയാണ് മാറി നിൽക്കുന്ന സമീപനം കേരളം സ്വീകരിച്ചത്. സംസ്ഥാനങ്ങൾ വഴി സാധാരണ ജനങ്ങളിലേക്ക് എത്തേണ്ട ഫണ്ടുകൾ സംസ്ഥാന സർക്കാരുകളെ അറിയിക്കാതെ വ്യക്തികൾക്ക് നേരിട്ടെത്തിക്കാൻ തുനിയുന്ന കേന്ദ്ര സർക്കാർ, ഫെഡറൽ തത്വങ്ങളെ കാറ്റില്‍പ്പറത്തുകയാണ്.

തങ്ങളുടെ ഗൂഢപദ്ധതി അടിച്ചേല്പിക്കാൻ സാധിച്ചതിലുള്ള ആഹ്ലാദത്തിൽ രണ്ടാം മാതൃകാ ബൈലോ തയ്യാറാക്കി കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാന സഹകരണ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന മത്സ്യ സഹകരണ സംഘങ്ങളെ ലക്ഷ്യംവച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾക്കുള്ള കേന്ദ്ര സഹായങ്ങൾ, സംസ്ഥാന ഫിഷറീസ് വകുപ്പ് പോലും അറിയാതെ മത്സ്യ സഹകരണ സംഘങ്ങൾ വഴി എത്തിക്കാമെന്ന നിർദേശം ഈ മാർഗരേഖയിലുണ്ട്. സാമ്പത്തിക കഷ്ടതയനുഭവിക്കുന്ന സംഘങ്ങളാണെങ്കിൽ പുനരുദ്ധാരണത്തിനായുള്ള പ്രത്യേക പാക്കേജും പ്രഖ്യാപിക്കുന്നു. പ്രാഥമിക കാർഷിക സഹകരണ വായ്പാ സംഘങ്ങൾക്കായുള്ള ബൈലോ നടപ്പിലാക്കാൻ 27,000 കോടി രൂപയുടെ സഹായ വാഗ്ദാനമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രണ്ടാം ബൈലോയിൽ പ്രത്യേകം തുക വകയിരുത്തിയതായി പറയുന്നില്ല. ബൈലോ മാതൃക തയ്യാറാക്കപ്പെട്ടതെങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. “മോഡൽ ബൈലോ ഫോർ ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്” എന്ന പേരിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1969ൽ മധ്യപ്രദേശിൽ നിലവിൽ വന്ന “ദി മധ്യപ്രദേശ് ഫിഷർമെൻസ് കോ ‑ഓപ്പറേറ്റീവ് ഫെഡറേഷൻ (ഫിനാൻസ് അസിസ്റ്റൻസ്) എന്ന നിയമത്തെ അവലംബിച്ചു കൊണ്ടാണ് മോഡൽ ബൈലോയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്. മത്സ്യ സംഘങ്ങളെ ഉദ്ദേശിച്ചുള്ള ബൈലോയിൽ പറയുന്ന ഒരു കാര്യം കോർപറേറ്റ് കമ്പനികളുടെ സഹായം സ്വീകരിക്കാൻ സംഘങ്ങൾക്ക് അധികാരം നൽകുമെന്നാണ്. ബജാജ് ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനി ഇതിനകം തന്നെ സഹായ വാഗ്ദാനവുമായി രംഗത്തുവരികയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് കോർപറേറ്റ് സഹായം സ്വീകരിക്കാമെന്ന വ്യവസ്ഥയാണുള്ളത്. കോർപറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായി മത്സ്യ സഹകരണ സംഘങ്ങൾ മാറും. 

സംസ്ഥാന സഹകരണ നിയമമനുസരിച്ച് സഹകരണ സംഘം/ബാങ്ക് ഓഹരികൾ കൈമാറ്റവിധേയമല്ല. എന്നാൽ സഹകരണ ബാങ്കുകളുടെ ഓഹരികൾ വിൽക്കാൻ കഴിയുന്ന പദ്ധതിക്ക് ആർബിഐ രൂപം നൽകിക്കഴിഞ്ഞു ഇതിനായുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് 2022ലായിരുന്നു. ‘വിശ്വനാഥൻ കമ്മിറ്റി‘യുടെ സാധൂകരണത്തിന്റെ വെളിച്ചത്തിലാണ് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ ഇറക്കിയത്. കമ്പനീസ് ആക്ട് ബാധകമാകുന്ന വിധത്തില്‍, പാർലമെന്റ് 2020ൽ പാസാക്കിയ ബാങ്കിങ് റെഗുലേഷൻ ഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ചാണ് ആർബിഐ സഹകരണ ബാങ്കുകൾക്കുവേണ്ടിയുള്ള ഓഹരി വില്പന തയ്യാറാക്കിയത്. “ഇഷ്യൂ ആന്റ് റെഗുലേഷൻ ഓഫ് ക്യാപിറ്റൽ ആന്റ് സെക്യൂരിറ്റീസ് പ്രൈമറി (അർബൻ) കോ-ഓപ്പറേറ്റീവ് ബാങ്ക്സ്” എന്ന പേരിൽ തയ്യാറാക്കിയ സർക്കുലർ ഡിപി (ഡിസ്കഷൻ പേപ്പർ) തലത്തിൽ എത്തിയിരിക്കുന്നു. ഇതേ മാതൃകയിൽ കോർപറേറ്റ് സൗഹൃദമാക്കുന്ന നയങ്ങളാണ് മത്സ്യ സംഘങ്ങൾക്കു വേണ്ടി തയ്യാറാക്കിയ രണ്ടാം ബൈലോയിലുമുള്ളത്. മത്സ്യ സഹകരണ സംഘങ്ങളെ വിവിധോദ്ദേശ സഹകരണ സംഘങ്ങളാക്കി മാറ്റണമെന്നും ബൈലോ നിഷ്കർഷിക്കുന്നു. അതുവഴി ഇതര പ്രവർത്തന മേഖലകളിലേക്കും ചുവടുറപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ നല്‍കുന്നത്. മത്സ്യസംഘങ്ങളെ വിവിധോദ്ദേശ സംഘങ്ങളാക്കി മാറ്റിക്കഴിഞ്ഞാൽ കോർപറേറ്റ് കമ്പനികളുടെ സഹായം എളുപ്പമാക്കാനാകും. അതോടൊപ്പം കോർപറേറ്റ് മാനേജ്മെന്റുകൾക്ക് സംഘത്തിന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമാകും. ജില്ലാ/സംസ്ഥാന ബാങ്കുകളുടെ സഹായം സംഘങ്ങൾക്ക് ലഭിക്കുമെന്ന് ബൈലോയിൽ പറയുന്നുണ്ട്. ജില്ലാ/സംസ്ഥാന ബാങ്കുകൾ നൽകുന്നതിനെക്കാൾ രണ്ടു ശതമാനം അധിക നിരക്കിൽ നിക്ഷേപം സ്വീകരിക്കാൻ സംഘങ്ങൾക്ക് അനുമതിയുണ്ടായിരിക്കും. ഓരോ തീരമേഖലയിലും ജീവിത സാഹചര്യങ്ങളും അംഗങ്ങളുടെ ഭൗതിക സാഹചര്യവും വിലയിരുത്തി സഹകരണ സംഘങ്ങൾക്ക് ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യാവുന്നതാണെന്നും ബൈലോയിൽ പറയുന്നു. വിവിധോദ്ദേശ സംഘത്തിന്റെ തലത്തിലേക്ക് വന്നുകഴിഞ്ഞാൽ മണ്ണ് പരിശോധന, ജല ഗുണനിലവാര പരിശോധന തുടങ്ങിയവയുടെ ഏജൻസിയായും ന്യായവില ഷാേപ്പുകൾ, ഗ്യാസ്, ഇന്ധന വിതരണം, വിവിധ സർക്കാർ നിയന്ത്രിത സ്ഥാപന ഏജൻസികൾ എന്നീ മേഖലകളിലും മറ്റിതര പ്രവർത്തനങ്ങളിലും ഏർപ്പെടാൻ സംഘത്തിനു കഴിയുമെന്ന് ബൈലോ അവകാശപ്പെടുന്നു. സമ്മർദത്തിലൂടെയും സാമ്പത്തിക പ്രലോഭനത്തിലൂടെയും സംസ്ഥാനങ്ങളെ വരുതിയിൽ വരുത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബൈലോ അംഗീകരിക്കാത്തപക്ഷം സംസ്ഥാനങ്ങളുടെ ഫണ്ട് തടഞ്ഞുവയ്ക്കാനുള്ള നീക്കങ്ങളും നടക്കുന്നു. നിരന്തരമായ ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായിട്ടും പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘത്തിനായുള്ള കേന്ദ്ര മാതൃകാ ബൈലോ അംഗീകരിച്ച് ഒപ്പുവയ്ക്കാൻ കേരളം തയ്യാറായില്ല. അതിനെക്കാൾ ആശങ്കാജനകവും ആപത്ശങ്കയുള്ളതുമാണ് രണ്ടാമതായി കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള മത്സ്യ സംഘങ്ങളെ സംബന്ധിച്ചുള്ള രണ്ടാം മാതൃകാ ബൈലോ. ക്ഷേമപദ്ധതികളിൽ നിന്നും സംസ്ഥാനങ്ങളെ അകറ്റിനിർത്തുന്നതും കോർപറേറ്റ് സ്ഥാപനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന ഏജൻസികളാക്കി സഹകരണ സംഘങ്ങളെ മാറ്റുന്നതുമായ മാതൃകാ ബൈലോ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

Exit mobile version