Site iconSite icon Janayugom Online

ചോരയും ജീവനും കൊടുത്തുയർത്തിയ പ്രസ്ഥാനം

1939 ഡിസംബർ 31ന് രൂപീകരിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നൂറുകണക്കിന് സഖാക്കളാണ് ചോരയും ജീവനും നൽകിയത്. ജീവൻ അപകടത്തിലാകുന്ന ഘട്ടങ്ങളിൽ പോലും പാർട്ടി സംവിധാനത്തിന് പൂർണമായി കീഴടങ്ങിക്കൊണ്ടായിരുന്നു അവരുടെ പ്രവർത്തനം. ചെറിയ തെറ്റുകൾക്കുപോലും വിട്ടുവീഴ്ചയില്ല. നടപടികൾ വലിയവനെന്നോ ചെറിയവനെന്നോ നോക്കിയായിരുന്നില്ല. ഒരേ നീതി, ഒരേ ശിക്ഷ. 1957ൽ ലോകത്തിൽ ആദ്യമായി ബാലറ്റുപെട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയപ്പോൾ സ്പീക്കറായ, രാജകുടുംബാംഗം ആർ ശങ്കരനാരായണൻ തമ്പി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കായംകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി നിലപാടിൽ വെള്ളം ചേർത്തിരുന്നില്ല. അതിന്റെ ഉദാഹരണങ്ങളാണ് തോപ്പിൽ ഭാസിക്കും പുതുപ്പള്ളി രാഘവനും സ്വന്തം അനുജൻ രാജശേഖരൻ തമ്പിക്കും നേരെ ഉണ്ടായ നടപടി. ക്ഷമിക്കാവുന്ന തെറ്റാണ് രാജശേഖരൻ തമ്പിയുടെ ഭാഗത്തുനിന്നുണ്ടായത്. പക്ഷേ, അക്കാര്യം ശങ്കരനാരായണൻ തമ്പിയോട് പറയാൻ ആര്‍ക്കും ധൈര്യമുണ്ടായില്ല. എൻ ശ്രീധരൻ വശമാണ് ശങ്കരനാരായണൻ തമ്പി നോട്ടീസ് ഏല്പിച്ചത്. 

കണ്ണൂർ അറയ്ക്കൽ കോവിലകത്താണ് ആർ ശങ്കരനാരായണൻ തമ്പിയുടെ വേരുകൾ. അവരുടെ കുടുംബത്തിൽ നിന്ന് രണ്ട് സ്ത്രീകൾ മാവേലിക്കരയിൽ താമസം തുടങ്ങി. രാജകുടുംബത്തിലെ കാരണവർ പാണ്ഡവത്ത് ശങ്കരൻ തമ്പി കോൺഗ്രസുകാരനാണ്. അദ്ദേഹത്തിന്റെ മകൻ രാമവർമ്മ വലിയ രാജ. അദ്ദേഹത്തിന് ആറ് മക്കൾ. നാല് ആണും രണ്ട് പെണ്ണും. ആർ ശങ്കരനാരായണൻ തമ്പി, ഡോ. ആർ രാമകൃഷ്ണൻ തമ്പി, ആർ ഗോപാലകൃഷ്ണൻ തമ്പി, ആർ രാജശേഖരൻ തമ്പി, സുഭദ്രാമ്മ തങ്കച്ചി, രാധമ്മ തങ്കച്ചി. പാണ്ഡവത്ത് ശങ്കരൻ തമ്പി മകനെയും പേരമക്കളെയും കോൺഗ്രസുകാരാക്കാൻ ശ്രമിച്ചു. എന്നാൽ അവരെല്ലാം കമ്മ്യൂണിസ്റ്റുകാരായി. അതിൽ രോഷാകുലനായ പാണ്ഡവത്ത് ശങ്കരൻ തമ്പി ആ കുടുംബത്തിന് വിലക്ക് കല്പിച്ചു. കമ്മ്യൂണിസ്റ്റുകാരായ കുടുംബവുമായി സഹകരിക്കുന്നവരെ ഒറ്റപ്പെടുത്തും, ശിക്ഷയ്ക്കുവിധേയരാക്കും എന്ന് നോട്ടീസ് ഇറക്കി, പൊലീസിനെയും ചട്ടം കെട്ടി. അതുകൊണ്ടൊന്നും ശങ്കരനാരായണൻ തമ്പിയും സഹോദരങ്ങളും കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയില്ല. പിന്നീട് ശങ്കരനാരായണൻ തമ്പി നേരിട്ട വെല്ലുവിളികൾ വളരെ വലുതാണ്. സഖാവിന്റെ ഏറ്റവും ഇളയ അനുജൻ വേലായുധൻ തമ്പി പൊലീസിന്റെ ക്രൂരമായ മർദനമേറ്റ് മൃതപ്രായനായി പൊലീസ് ലോക്കപ്പിൽ. അനുജന്മാരായ രാജശേഖരൻ തമ്പി ചെങ്ങന്നൂർ പൊലീസ് ലോക്കപ്പിൽ ക്രൂരമർദനമേറ്റ് കിടക്കുന്നു, ഡോ. രാമകൃഷ്ണൻ തമ്പി ആലപ്പുഴ ലോക്കപ്പിലും. സഹോദരിമാരായ സുഭദ്രാമ്മ തങ്കച്ചിയും ഒരു മാസം പ്രായമുള്ള കുഞ്ഞും രാധമ്മ തങ്കച്ചിയും ആലപ്പുഴ ലോക്കപ്പിൽ. 

പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ചവരായാൽ പോലും പാര്‍ട്ടിയെ വാക്കുകൊണ്ട് ഒരു ചെറിയ പോറല്‍ പോലും ഏല്പിക്കുന്നവരോട് ശങ്കരനാരായണൻ തമ്പി ക്ഷമിക്കില്ല. അതുകൊണ്ടാണ് ലോക്കപ്പിൽ കിടന്ന അനുജനെ പാർട്ടിയിൽ നിന്നും സസ്പെന്റു ചെയ്തത്. നോട്ടീസ് കൈപ്പറ്റിയ രാജശേഖരൻ തമ്പി പൊട്ടിക്കരഞ്ഞു. “ഞാൻ എവിടെ പോകാനാണ്?” പാർട്ടി സെക്രട്ടറിയും മറുള്ളവരും ഒരുമിച്ചാണ് താമസം. പാർട്ടി നടപടി എടുത്തുകഴിഞ്ഞാൽ ഒരുമിച്ചു താമസിക്കാൻ പറ്റില്ല. ശങ്കരനാരായണൻ തമ്പിയുടെ മനസുമാറ്റി സസ്പെൻഷൻ പിൻവലിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ രാധമ്മ തങ്കച്ചിയുടെ മറുപടി “ഞാൻ പറയില്ല. പാർട്ടിയോട് വിശ്വാസം കാണിക്കാത്തവർക്ക് ഈ വീട്ടിൽ സ്ഥാനമില്ല. മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടാൻ നോക്ക്”. പ്രസവിച്ചു കിടക്കുന്ന സുഭദ്രാമ്മ തങ്കച്ചിയുടെ അടുത്തുചെന്നു. “രാജപ്പൻ ചേട്ടാ ഞങ്ങൾ ഇവിടെ താമസിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരാണ്. ചേട്ടന്റെ പേരിൽ പാർട്ടി നടപടി എടുത്തിരിക്കുകയാണല്ലൊ. ആ സ്ഥിതിക്ക് നമ്മൾ ഒരുമിച്ചിവിടെ താമസിക്കുന്നത് ശരിയല്ല.” രാജശേഖരൻ തമ്പിയുടെ കണ്ണുകൾ നിറഞ്ഞു; ഒപ്പം സുഭദ്രാമ്മ തങ്കച്ചിയുടെയും. അന്ന് രാത്രി അവരുടെ വീട് പൊലീസ് വളഞ്ഞു. പരിശോധന നടത്തിയ പൊലീസ് ആർ ശങ്കരനാരായണൻ തമ്പിയൊഴിച്ച് മറ്റെല്ലാവരെയും അറസ്റ്റ് ചെയ്തു. ഒരു ആക്രമണക്കേസിൽ പ്രതിയാണ് സുഭദ്രാമ്മ തങ്കച്ചി. അക്കൂട്ടത്തിൽ അവരുടെ ഒരു മാസം പ്രായമായ കുഞ്ഞും ഉണ്ടായിരുന്നു. ജയിലിലെ വൃത്തികെട്ട അന്തരീക്ഷത്തിൽ കുഞ്ഞിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയപ്പോൾ മജിസ്ട്രേറ്റിന്റെ അനുവാദത്തോടെയാണ് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവന്നത്. ആഴ്ചയിൽ ഒരിക്കൽ കുഞ്ഞിനെ അമ്മയ്ക്ക് കാണിച്ചു കൊടുക്കാൻ കോടതി അനുവദിച്ചു. 

വീട്ടിൽ പ്രായപൂർത്തിയായവരെല്ലാം ഒളിവിലും ജയിലിലുമാണ്. പ്രായമായ രാമവർമ്മ വലിയ രാജയാണ് കുഞ്ഞിനെ ആലപ്പുഴ ജയിലിൽ കൊണ്ടുചെന്ന് സുഭദ്രാമ്മയെ കാണിച്ചിരുന്നത്. പല്ലന ബോട്ടുജെട്ടിയിൽ നിന്നും ഏതാനും മണിക്കൂർ ബോട്ടു യാത്ര ചെയ്തുവേണമായിരുന്നു ആലപ്പുഴയിൽ എത്താൻ. ആറ് മാസം പ്രായമായ കുഞ്ഞിനെയും തോളത്തിട്ട് നടക്കുന്ന രാമവർമ്മ വലിയ രാജയ്ക്ക് ഒറ്റത്തടി പാലം കടക്കാൻ ബുദ്ധിമുട്ട്. സഹായിച്ചാൽ പൊലീസ് അറസ്റ്റുചെയ്യും എന്ന ഭീഷണി നിലനിന്നിരുന്നതുകൊണ്ട് ആരും സഹായിക്കാൻ മുന്നോട്ടു വന്നില്ല. എന്നാൽ എന്തും വരട്ടെ എന്നു വിചാരിച്ച് ഒരു സഖാവ് രാമവർമ്മ വലിയ രാജയെയും കുഞ്ഞിനെയും സ ഹായിക്കാൻ വന്നു. ഒറ്റത്തടി പാലത്തിലൂടെ കൈപിടിച്ചു നടത്തി രക്ഷപ്പെടുത്തി. പാലം കടക്കാൻ സഹായിച്ച സഖാവിനെ പൊലീസ് വെറുതെ വിട്ടില്ല. തെങ്ങിൽ കുറുകെ കെട്ടിവെച്ച മുളയിൽ കയ്യും കാലും കെട്ടി തൂക്കിയിട്ട് ചോര തെറിക്കുന്നതുവരെ കാൽവെള്ളയിൽ ചൂരൽ കൊണ്ട് അടിച്ചു. ശേഷം ചുട്ടുപഴുത്ത മണലിലൂടെ നടത്തി. ആർ ശങ്കരനാരായണൻ തമ്പി എന്ന പേര് മധ്യതിരുവിതാംകൂറിലെ പാവപ്പെട്ട മനുഷ്യരുടെ ശക്തിമന്ത്രമായിരുന്നു. നാട്ടുപ്രമാണിമാരുടെയും പൊലീസിന്റെയും പേടിസ്വപ്നമായിരുന്നു. ഈ കാലഘട്ടത്തിലാണ് തിരുവിതാംകൂറിലെ പാവപ്പെട്ടവരും കർഷകത്തൊഴിലാളികളും കൃഷിക്കാരും നട്ടെല്ലുനിവർത്തി നിന്നത്. ശൂരനാടും എണ്ണക്കാടും വള്ളികുന്നവുമൊക്കെ അക്ഷരാർത്ഥത്തിൽ ചുവന്നത് ശങ്കരനാരായണൻ തമ്പി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ്.
രക്തബന്ധങ്ങൾക്കുപരി മനുഷ്യ ബന്ധങ്ങൾക്കാണ് സഖാവ് വിലകല്പിച്ചത്. ജീവൻകൊടുത്ത് വളർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വാക്കുകൊണ്ടുപോലും പോറലേല്പിക്കാൻ ശ്രമിക്കുന്നവരോട് ഒരു ദയയും കാണിച്ചിരുന്നില്ല എന്നതിന്റെ മറ്റൊരുദാഹരണമാണ് തോപ്പിൽ ഭാസിക്ക് നേരിടേണ്ടി വന്ന വിമർശനം. ശൂരനാട് കേസിൽ ഒന്നാം പ്രതിസ്ഥാനത്തായിരുന്ന തോപ്പിൽ ഭാസിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. സർക്കാർ തോപ്പിൽ ഭാസിയുടെ തലയ്ക്ക് 1,000 രൂപ പ്രഖ്യാപിച്ചു. ജീവനോടെയൊ അല്ലാതെയോ പിടിക്കുന്നവർക്കായിരുന്നു തുക. 

ശൂരനാട് സംഭവത്തിനുശേഷം കുറെ ദിവസങ്ങൾ കഴിഞ്ഞാണ് തോപ്പിൽ ഭാസി പാർട്ടി ജില്ലാകമ്മിറ്റിയുമായി ബന്ധപ്പെടുന്നത്. ശൂരനാട്ടിലെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള റിപ്പോർട്ട് ശങ്കരനാരായണൻ തമ്പി ചോദിച്ചു. ഭാസിയുടെ റിപ്പോർട്ടിൽ സെക്രട്ടറി സംതൃപ്തനായില്ല. “ശൂരനാട് നിന്നിരുന്നെങ്കിൽ പൊലീസിന്റെ കയ്യിൽപ്പെടുകയും മരിക്കുകയും ചെയ്യുമായിരുന്നു” എന്ന് തോപ്പിൽ ഭാസി മറുപടി നൽകി. ശങ്കരനാരായണൻ തമ്പി പൊട്ടിത്തെറിച്ച് പറഞ്ഞു “സഖാവ് തണ്ടാശേരിയുടെ ജീവനെക്കാൾ വിലപ്പെട്ടതൊന്നുമല്ല ഭാസിയുടെ ജീവൻ.”
സഖാവ് തണ്ടാശേരി രാഘവൻ 1950 ജനുവരി 18ന് രക്തസാക്ഷിയായിരുന്നു. 1950 ജനുവരി 17ന് പൊയ്കയിലെ പൊലീസ് ക്യാമ്പിലെത്തിയ സഖാവ് തണ്ടാശേരിയെ ചതിയിൽപ്പെടുത്തിയാണ് പൊലീസ് കൊലപ്പെടുത്തിയത്. നല്ല ഗുസ്തിക്കാരനായിരുന്ന സഖാവിന്റെ വ്യക്തിത്വം ശൂരനാട്ടും പരിസരത്തും നിറഞ്ഞു നിന്നിരുന്നു. 1950 ജനുവരി 18ന് സഖാവ് രക്തസാക്ഷിയായി. മൃതദേഹം അടൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് എഴുതിക്കൊടുത്ത രീതിയിലുള്ള മരണ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഡോക്ടർ തയ്യാറായില്ല. പിന്നീടവർ മാവേലിക്കര ആശുപ്രതിയിൽ കൊണ്ടുപോയി അവിടത്തെ ഒരു ഡോക്ടറെ സ്വാധീനിച്ച് തങ്ങള്‍ക്കാവശ്യമായ രീതിയിൽ മരണസർട്ടിഫിക്കറ്റ് എഴുതി വാങ്ങി. ആ രക്തസാക്ഷിത്വത്തെക്കാൾ വലുതല്ല തോപ്പിൽ ഭാസിയുടെ ജീവൻ എന്നു പറഞ്ഞത് അതുകൊണ്ടാണ്. ശൂരനാട് കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ തമ്പി. ഒളിവിലിരുന്നുകൊണ്ട് പാർട്ടി പ്രവർത്തനം ശക്തമാക്കി. എന്നാൽ ഒരിക്കലും ആ സഖാവിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞില്ല. രാജകീയ സൗഭാഗ്യങ്ങളെല്ലാം വലിച്ചെറിഞ്ഞ് തൊഴിലാളി വർഗത്തിന്റെ മോചനത്തിനുവേണ്ടി, മരണം മുന്നിൽ വന്ന് നിന്നിട്ടും ഭയന്ന് പിന്മാറാതെ സഞ്ചരിച്ചു. 1957ൽ നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭയിൽ സ്പീക്കറായി. 1964ൽ പാർട്ടി പിളർന്നപ്പോൾ ഏറെ ദുഃഖിതനായിരുന്നു. “എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നായി നിൽക്കാൻ തീരുമാനമെടുക്കുന്നുവോ അന്ന് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ വീണ്ടും സജീവമായി തിരിച്ചുവരും. കാരണം എന്റെ രണ്ടുകണ്ണുകളാണ് രണ്ടായത്. ഇതിൽ ഏതു കണ്ണാണ് ഞാൻ നഷ്ടപ്പെടുത്തേണ്ടത്?”

Exit mobile version