Site iconSite icon Janayugom Online

ഇപ്റ്റയിൽ നിന്നുയർന്ന സംഗീത പ്രതിഭ

സ്വരരാഗങ്ങളുടെ സ്വപ്ന സന്നിഭമായ തേൻമഴ, ജനമനസിൽ പെയ്തിറങ്ങിയ സംഗീത പ്രപഞ്ചമാണ് സലിൽ ചൗധരിയുടെ മാസ്മരിക ഈണവും താളവും. നാടൻപാട്ടും നാട്ടുശീലുകളും നാടോടിത്തനിമയും തുളുമ്പുന്ന സംഗീത പ്രതിഭയുടെ ജന്മശതാബ്ദി വർഷമാണിത്. ഇന്ത്യൻ സിനിമയിലെ അനുഗൃഹീത സംഗീത സംവിധായകനും ബഹുമുഖ പ്രതിഭയും ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) സന്ദേശവാഹകനുമായിരുന്നു സലിൽ ചൗധരി. കവി, എഴുത്തുകാരൻ, നാടക പ്രവർത്തകൻ, സംഘാടകൻ, അടിയുറച്ച കമ്മ്യൂണിസ്റ്റ് എന്നീ നിലകളിൽ കർമ്മനിരതമായ ഭൂതകാലം. ഇന്ത്യൻ ചലച്ചിത്രഗാന ശാഖയെ ഈണദ്യുതി കൊണ്ടും ഭാവാത്മകത കൊണ്ടും സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ ദർശനം എന്നും വിശ്വമാനവികതയുടെയായിരുന്നു. 1925 നവംബർ 19ന് പശ്ചിമബംഗാളിലെ ചിംഗ്രിപോത ഗ്രാമത്തിൽ ഡോ. ഗ്യാനേന്ദ്ര ചൗധരിയുടെയും ബീബാവതി ദേവിയുടെയും മകനായി ജനനം. ഇന്ത്യൻ നാടോടി സംഗീതത്തിന്റെ വലിയൊരു ശേഖരം, സംഗീത തല്പരനായിരുന്ന അച്ഛനിൽനിന്ന് സ്വന്തമാക്കി. ബാല്യകാലത്ത് കേട്ടുശീലിച്ച സിഫംണികൾ ചലച്ചിത്ര സംഗീത സംവിധാനത്തിന് പ്രചോദനമായി. ഭീഷ്മദേവ് ചട്ടോപാധ്യായയിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കി. 

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കർഷക സമിതിയിൽ അംഗമായി. ‘അല്ലയോ സഹോദരാ നിങ്ങളുടെ പാടം സംരക്ഷിക്കുക, അരിവാൾ മൂർച്ചകൂട്ടി തയ്യാറാവുക’ എന്ന ബംഗാളി ഗാനമെഴുതി ചിട്ടപ്പെടുത്തി. കൽക്കത്തയിലെ ബംഗഭാഷി കോളജിൽ നിന്ന് ബിരുദം നേടി പുറത്തുവന്നതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1945ൽ ഇപ്റ്റയിൽ അംഗമായത് ജീവിതത്തിൽ വഴിത്തിരിവായി. ബംഗാൾ ക്ഷാമത്തിന് അനുബന്ധമായി ഹേമന്ത് കുമാറിനെ പോലുള്ള കലാകാരന്മാരുമായി ചേർന്ന് കലാപ്രവർത്തനങ്ങളിൽ മുഴുകി. നിരവധി ഗാനങ്ങൾ എഴുതി ഈണമിട്ടു. ഇന്ത്യയിലെ അക്കാലത്തെ 80%ത്തോളം കലാസാംസ്കാരിക നായകന്മാർ ഇപ്റ്റയിൽ അണിനിരന്നിരുന്നു. ജനങ്ങളുടെ കല ജനങ്ങൾക്കുവേണ്ടിയെന്ന ഇപ്റ്റ മുദ്രാവാക്യം ഇന്ത്യയിലുടനീളം കലാ സാംസ്കാരിക രംഗത്തെ ചലനാത്മകമാക്കി. കൈഫി ആസ്മി, പണ്ഡിറ്റ് രവിശങ്കർ, ശംഭുമിത്ര, ഉല്പല്‍ദത്ത്, ഋത്വിക്ഘട്ടക്, മൃണാൾസെൻ, ബിമൽറോയ് തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ കലാകാരൻമാർ ഇപ്റ്റയിൽ തിളങ്ങിനിന്ന കാലമാണത്. നാടകങ്ങൾ, തെരുവുപ്രകടനങ്ങൾ, ഓപ്പറകൾ, സംഗീതരചനകൾ തുടങ്ങിയ ഇപ്റ്റയുടെ അരങ്ങേറ്റങ്ങളിൽ സലിൽദാ പങ്കാളിയായി. 

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ നിരോധിക്കപ്പെട്ടു. ബംഗാൾ ക്ഷാമത്തിൽ ഇരകളായവർക്ക് ഫണ്ട് സമാഹരിക്കാൻ ഇപ്റ്റയുടെ നേതൃത്വത്തിൽ അസമിലേക്ക് പോയ കലാകാരൻമാരുടെ കൂട്ടത്തിൽ പ്രധാനിയായി. ഗായകസംഘത്തിൽ ഫ്ലൂട്ട് വായനയും ഏറ്റെടുത്തു. ഒളിവിലെ ഓർമ്മകളിൽ, അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി. “ഒരിക്കൽ കൽക്കത്തയിലെ ഒരു സ്മാരകത്തിന് താഴെ ഇപ്റ്റയുടെ വേദിയിൽ പാട്ടുകൾ പാടാൻ തുടങ്ങിയപ്പോഴാണ് പൊലീസ് പതിച്ച നോട്ടീസ് കാണുന്നത്. അത്, നിരോധിക്കപ്പെട്ട പാട്ടുകളുടെ പട്ടികയായിരുന്നു. ആയിരക്കണക്കിനാളുകൾ പാട്ട് കേൾക്കാൻ തടിച്ചുകൂടിയിരുന്നു. അവിടെ കൂടിയവർ ഉറക്കെ വിളിച്ചുപറഞ്ഞു. സലിൽദാ പാട്ടുകൾ പാടിക്കോളൂ. തടയാൻ വരുന്നവരെ ഞങ്ങൾ നേരിടാം. തടസപ്പെടുത്താൻ വന്ന പൊലീസുകാർക്ക് ആ ജനാവലിയെ കീഴടക്കാനായില്ല. ഒളിവു ജീവിതകാലത്ത് ഇപ്റ്റ സംഗീതപരിപാടിക്ക് സോനാർപൂർക്കുള്ള രഹസ്യയാത്രയിൽ അദ്ദേഹം പൂർണമായും പാട്ടിന്റെ ലോകത്തായിരുന്നു. അടുത്തദിവസം തിരിച്ചുപോരുമ്പോഴാണ് പ്രശസ്ത ഗായിക കൃഷ്ണ സനോപാധ്യായയിൽ നിന്ന് കൽക്കത്തയിലെ ഒളിത്താവളങ്ങളിലെ പൊലീസ് റെയ്ഡ് അറിയുന്നത്. ഗായികയുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപ്പെടാനായി. രണ്ടും മൂന്നും ദിവസമൊക്കെ, കാൽനടയായി സഞ്ചരിച്ച് ഭക്ഷണമൊന്നും കഴിക്കാനില്ലാതെ ഇപ്റ്റക്കു വേണ്ടി ജീവിച്ച കാലത്തെ കുറിച്ച് പറയാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. വ്യക്തിപരമായ ഒരുകാര്യത്തിനും പ്രാധാന്യം കല്പിക്കാതെ, ജനങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവച്ചവരായിരുന്നു സലിൽദായ്ക്ക് പ്രചോദനം. ഒരിക്കൽ ഇപ്റ്റ തിയേറ്റർ ഗ്രൂ­­പ്പ് സുന്ദർബൻസിലെ കാകദ്വീപിൽ നാടകമവതരിപ്പിക്കാൻ പോയപ്പോൾ മുകുന്ദദാസിന്റെ ഫോക് നാടകങ്ങൾ അവതരിപ്പിക്കുന്ന നാടൻ കർഷകരെ കാണാനിടയായി. സലിൽ ചൗധരി നായകത്വം വഹിക്കുന്ന നാടകമാസ്വദിച്ച, കൃഷിക്കാർ ഒരു മെഡൽ സമ്മാനിച്ചത്, ജീവിതത്തിലെ വലിയൊരു ബഹുമതിയായാണ് അദ്ദേഹം കണ്ടത്. നാടകത്തിന്, നാല് മുതൽ എട്ട് വരെ അണകളായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതിഫലം. 

സാമ്പത്തിക പരാധീനതയിൽ സലിൽദാ അടക്കമുള്ള ഇപ്റ്റയിലെ പല കലാകാരന്മാരും പട്ടിണിയെ അഭിമുഖീകരിച്ചു. പൊലീസുകാരുടെ ഭീകര മർദനം, പീഡനം, തടവ് എന്നിവ വേറെയും നേരിടേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നല്‍കിയിരുന്ന 30 രൂപ മാത്രമായിരുന്നു അക്കാലത്തെ സലിൽദായുടെ ഏകവരുമാനം. പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി, പാർട്ടിയുടെ കലാ സാംസ്കാരിക വിഭാഗം എന്ന നിലയിൽത്തന്നെ, സലിൽ ചൗധരി അടക്കമുള്ള ഇപ്റ്റ കലാകാരൻമാരെ ചേർത്തുപിടിച്ചു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലെയും ഇപ്റ്റ സമ്മേളനങ്ങളിലും കലാവതരണങ്ങളിലും സ­ലിൽദാ നിരന്തരം പങ്കെടുത്തു. സ്വാതന്ത്ര്യാനന്തരവും ഇന്ത്യയിലെ ഭരണകൂട ഭീഷണി ഇപ്റ്റയ്ക്ക് നേരിടേണ്ടിവന്നു. കർഷക ജീവിതം നേരിട്ടറിഞ്ഞതിനാലാണ് രണ്ട് ഏക്കർ ഭൂമി എന്ന നാടകമെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഫോക്ക് മ്യൂസിക്കിൽ എന്തെങ്കിലും അവകാശപ്പെടാൻ കഴിയുന്നുവെങ്കിൽ കർഷകരുടെ ജീവിതത്തിൽ നിന്നും ഇപ്റ്റയുടെ കലാപ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച അറിവുകളിലും അനുഭവങ്ങളിലും നിന്നാണെന്ന് സലിൽദാ രേഖപ്പെടുത്തി. 1946 മുതൽ 1950വരെയുള്ള ഒളിവ് കാലഘട്ടത്തില്‍ നിരവധി ഗാനങ്ങൾ ഈണമിട്ട് യുവാക്കളെ പഠിപ്പിച്ചു. ഇപ്റ്റയുടെ ആരംഭകാലത്തുതന്നെ ബംഗാളിലെ നാടോടി സംഗീത രൂപങ്ങളെക്കുറിച്ച് സലിൽദാ ബോധവാനായിന്നു.

ഇപ്റ്റയുടെ പ്രചാരം വർധിപ്പിക്കുന്നതിനും ആശയം സാധാരണ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള ശ്രമകരമായ പ്രവർത്തനത്തിൽ സലിൽദാ വിശ്രമമില്ലാതെ മുഴുകി. അദ്ദേഹത്തിന്റെ സംഗീതധാരകൾക്ക് ആർജവം കൈവരുന്നത് ആദ്യകാലങ്ങളിൽ മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയെ പ്രതിരോധിക്കുന്നതിൽ നിന്നാണ്. ഒരുവശത്ത് ഭക്ഷ്യക്ഷാമവും മറുവശത്ത് മലിനമായ സാമൂഹ്യവ്യവസ്ഥയും. ഇതിനെതിരെ വ്യവസ്ഥാപിതമായ ചെറുത്തുനില്പ് അദ്ദേഹം ഇപ്റ്റയിലൂടെ തുടർന്നു. മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണ് സലിൽ ചൗധരിയുടേത്. 1965ൽ പുറത്തിറങ്ങിയ ചെമ്മീൻ എന്ന ചിത്രത്തിൽ വയലാറിന്റെ വരികൾക്ക് സലിൽദാ ഈണം നല്‍കിയ ‘പെണ്ണാളേ…പെണ്ണാളേ…, കടലിനക്കരെ പോണോരേ…, മാനസ മൈനേ വരൂ…’ തുടങ്ങിയ ഗാനങ്ങൾ ജനങ്ങൾക്ക് പ്രിയപ്പെട്ടതായി. ചെമ്മീനിലിലൂടെ ബോളിവുഡിലെ പിന്നണി ഗായകനായ മന്നാഡെയെ മലയാള സിനിമയിൽ എത്തിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ “സൗരയൂഥത്തിൽ വിടർന്നോരു’ എന്ന ഗാനത്തിലൂടെ വാണി ജയറാമിനേയും നെല്ല് എന്ന ചിത്രത്തിലെ ‘കദളീ ചെങ്കദളീ’ എന്നഗാനത്തിലൂടെ ലതാമങ്കേഷ്കറിനെയും കൊണ്ടുവന്നു.
ഏഴുരാത്രികൾ, രാസലീല, സ്വപ്നം, നീലപ്പൊന്മാൻ, വിഷുക്കണി, സമയമായില്ലാ പോലും, തുലാവർഷം, രാഗം, മദനോത്സവം, ഏതോ ഒരു സ്വപ്നം, തോമാശ്ലീഹ, ഈഗാനം മറക്കുമോ, ദേവദാസി, പുതിയവെളിച്ചം, തുമ്പോളി കടപ്പുറം തുടങ്ങിയ ചിത്രങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചു. വയലാർ, ഒഎൻവി, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നിവരുടെ രചനകൾക്ക് സംഗീതം പകർന്നു. യേശുദാസ്, എസ് ജാനകി, വാണിജയറാം, പി ലീല, പി സുശീല, ചിത്ര, സബിത ചൗധരി, ബ്രഹ്മാനന്ദൻ, ജയചന്ദ്രൻ, ബി വസന്ത, ജോളി എബ്രഹാം, അമ്പിളി, സുജാത എന്നിവർ ആലപിച്ചു. 

1988ൽ മികച്ച സംഗീത സംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു. 75ലധികം ഹിന്ദി സിനിമകള്‍ക്കും 40ലധികം ബംഗാളി സിനിമകൾക്കും 20ലധികം മലയാള സിനിമകൾക്കും പുറമെ തെലുങ്ക്, ഗുജറാത്തി, ഒറിയ, അസാമീസ് എന്നിങ്ങനെ തെക്കും വടക്കുമില്ലാതെ ഇന്ത്യൻ ഭാഷകളിൽ പരന്നുകിടക്കുന്നതാണ് സലിൽ സംഗീതം. അവസാനകാലം കൽക്കത്തയിൽ തിരിച്ചെത്തി. ഡോക്യുമെന്ററികൾക്ക് സ്ക്രിപ്റ്റ് എഴുതി സംഗീതം ചെയ്തുപോന്നു. സംഗീത രംഗത്തെ ആ മഹാപ്രതിഭ 1995സെപ്റ്റംബർ അഞ്ചിന് ഈ ലോകത്തോട് വിടപറഞ്ഞു. മണ്ണിന്റെയും മനുഷ്യന്റെയും സംഗീതം ലോകത്തിന് ഭാവന ചെയ്ത സലിൽ ചൗധരിയെന്ന ജനകീയ സംഗീത കലാകാരന് ജന്മം നല്‍കിയതിലുള്ള അഭിമാനത്തോടും ചാരിതാർത്ഥ്യത്തോടും ഇപ്റ്റ അതിന്റെ ചരിത്രപരമായ ദൗത്യവുമായി പ്രയാണം തുടരുന്നു. 

Exit mobile version