Site iconSite icon Janayugom Online

ചരിത്രം കൊണ്ട് മുറിവേറ്റവരുടെ റിപ്പബ്ലിക്

യമുണ്ടാക്കി ജനങ്ങൾ അന്യോന്യം സംസാരിക്കാത്ത അവസ്ഥയുണ്ടാക്കുക, മൗനത്തെ മൗലികമായ ഭാഷയാക്കി തീർക്കുക എന്നത് ഫാസിസ്റ്റ് തന്ത്രമാണ്. സ്വാതന്ത്ര്യത്തിന്റെയും ഇച്ഛയുടെയും ഭാവനയുടെയും മരണമാണ് ഫാസിസം. ഫാസിസ്റ്റുകൾ എപ്പോഴും ‘ഇൻവെസ്റ്റ്മെന്റ് ഓഫ് പവറി‘ൽ വിശ്വസിക്കുന്നു. മസ്തിഷ്കത്തെ നിഷ്കാസനം ചെയ്യുന്നു. പൂർണമായും അധീശത്വമുള്ള ഒരു ഭരണവ്യവസ്ഥയും ഉല്പാദന വ്യവസ്ഥയും ഉണ്ടാക്കിത്തീർക്കുക എന്നതാണ് ഫാസിസത്തിന്റെ ലക്ഷ്യം. അതിന്റെ അന്തിമലക്ഷ്യം സമഗ്രമായ സ്വേച്ഛാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്നതാണ്. ഏറ്റവും വലിയ അഴിമതിക്കാരും കൊള്ളക്കാരുമായ ആളുകൾക്ക് ജനങ്ങളെ വിഴുങ്ങാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന പ്രക്രിയയാണ് ഫാസിസം. അത് തൊഴിലെടുക്കുന്ന ജനവിഭാഗങ്ങൾക്കെതിരാണ്.

അത് മൂലധനത്തിന്റെ ഏറ്റവും രൂക്ഷമായ കടന്നാക്രമണമാണ്, പ്രതിവിപ്ലവം ആണ്. ഫാസിസം രാഷ്ട്രീയ സാമൂഹ്യ സമഗ്രാധിപത്യം സ്ഥാപിക്കുന്നത് ചരിത്ര ധ്വംസനത്തിലൂടെയും, രാജ്യത്തെ ബഹുസ്വര സംസ്കാരത്തെ ദുർവ്യാഖ്യാനിച്ചുകൊണ്ടുമാണ്. റിപ്പബ്ലിക്കായി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞ ഇക്കാലത്ത് ഏറ്റവുമധികം വക്രീകരണത്തിന് വിധേയപ്പെട്ടിരിക്കുന്ന രണ്ടു വിഷയ മേഖലകളാണ് ശാസ്ത്രവും ചരിത്രവും. ശാസ്ത്രീയ യുക്തിയെ പിന്നോട്ടടിക്കുന്നതിൽ ഭരണകൂടം വിജയിക്കുന്നതിന് തെളിവാണ് ശാസ്ത്ര — ചരിത്ര — പഠനഗവേഷണ മേഖലകളിൽ കാണുന്ന സാമൂഹികവും അക്കാദമികവുമായ ഭയം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പുനർജീവനം ചരിത്രപരമായ വിഷയങ്ങളെ വ്യവസ്ഥാപിതമായി അട്ടിമറിക്കാൻ തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ അധികാരം ഏകീകരിക്കുന്നതിനുള്ള തന്ത്രപരമായ ഉപകരണമായി ഭൂതകാലത്തെ വിന്യസിക്കുന്നു. ചരിത്രത്തെ മായ്ക്കൽ ആകസ്മികമോ ആപേക്ഷികമോ അല്ല, സമകാലിക സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ മനഃപൂർവമായും അവരുടെ ഭാവനയ്ക്കൊത്തുമുള്ള അപനിര്‍മ്മാണം തന്നെയാണ്.

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇരയായി ചരിത്രത്തെ ഏറെ സ്നേഹിച്ച, ശാസ്ത്രീയ മനോഭാവത്തിന്റെ ശക്തനായ വക്താവായിരുന്ന നെഹ്രുവിനെ മറവിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് നെഹ്രുവിയൻ ഇന്ത്യ ഊട്ടിയുറപ്പിച്ച ചരിത്ര, ശാസ്ത്രബോധമാണ്. ഇതില്ലാതാക്കുന്നതിലാണ് ഇപ്പോൾ ഹിന്ദുത്വ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘അപകട സമയത്ത് കയ്യെത്തിപ്പിടിക്കേണ്ട ഓർമ്മകളാണ് ചരിത്രം’ എന്നു പറഞ്ഞ വാൾട്ടർ ബെന്യാമിന്റെ വാക്കുകൾ ഇന്ത്യക്ക് ഈ സാഹചര്യത്തിൽ ഉണർവ് നൽകേണ്ടതാണ്. അചരിത്രബോധം (a his­tor­i­cal con­scious­ness) വളർത്തിയെടുക്കുന്ന പ്രക്രിയ രാജ്യമൊട്ടാകെ നടക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള ചരിത്ര തെളിവുകളുടെ മേധാവിത്വത്തെ തിരുത്തുവാൻ കഴിയുന്ന കണ്ടെത്തലുകൾ മറ്റു ഭാഗങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നു.

മിത്തുകളിൽ അധിഷ്ഠിതമായ ചരിത്രാഖ്യാനങ്ങളെ വസ്തുനിഷ്ഠതയുടെയും ശാസ്ത്രീയതയുടെയും അടിസ്ഥാനത്തിൽ വെല്ലുവിളിക്കുമ്പോൾ അധികാര കേന്ദ്രങ്ങൾ ആദ്യമതിനെ തമസ്കരിക്കും, പിന്നെ അടിച്ചമർത്തും. ഇന്ത്യയുടെ ബഹുസ്വര ചരിത്രത്തെ തുടച്ചുമാറ്റി ഹൈന്ദവ ചരിത്രത്തിന് രാജപാത വെട്ടുന്ന രാഷ്ട്രീയ തന്ത്രങ്ങൾ നടമാടുന്നു. ചരിത്ര വിജ്ഞാനീയത്തെ മത രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസൃതമായി നിർമ്മിക്കുകയെന്ന ബൃഹദ് പദ്ധതിയുടെ ഏജൻസികൾ കർമ്മനിരതരാണ്. അവർ അർധ സത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് അരങ്ങുതകർക്കുന്നോൾ അതിനെ പ്രതിരോധിക്കാനും സമൂഹത്തിന് കൃത്യമായ ദിശാബോധം നൽകുവാനും ഇടതു മതേതര ശക്തികൾ തയ്യാറാവണം. ഇന്ന് ഇന്ത്യൻ ചരിത്ര പഠനം നേരിടുന്ന പ്രതിസന്ധികൾ മൂന്നു തരത്തിലാണ്. ഒന്ന്, ഭൂതകാലത്തിന് വർഗീയമായ വ്യാഖ്യാനങ്ങൾ നൽകാനുള്ള പ്രവണത.

രണ്ട്, ചരിത്രത്തിലെ പ്രത്യേക കാലഘട്ടങ്ങളെയും വ്യക്തികളെയും അതിരുവിട്ട് മഹത്വവൽക്കരിക്കാനുള്ള ശ്രമം. മൂന്ന്, ഈ ലക്ഷ്യങ്ങൾക്കായി കേവലം ഐതിഹ്യങ്ങളെ ചരിത്രമാക്കി മാറ്റുന്ന രീതി. ഈ പശ്ചാത്തലത്തിൽ മതേതരത്വം എന്ന വാക്കുപോലും ഒരു വെല്ലുവിളിയായി മാറുകയാണ്. ഇന്ത്യൻ ചരിത്രത്തിലെ മധ്യകാലഘട്ടത്തെക്കുറിച്ച് പഠിക്കുന്നവർക്ക് ”മധ്യകാലം” എന്ന സംജ്ഞ തന്നെ ഒരു പ്രതിസന്ധിയാണ്. ഹിന്ദുത്വ ചരിത്രകാരന്മാർ മധ്യകാലം എന്ന പദത്തെ ‘പിന്നാക്കാവസ്ഥയുടെയും അടഞ്ഞ ചിന്തയുടെയും ഇരുണ്ട കാലഘട്ടം’ എന്ന് വിശേഷിച്ചു, കഴിഞ്ഞ ഇന്ത്യൻ ഹിസ്റ്റോറിക്കൽ കൗൺസിൽ സമ്മേളനത്തിൽ. ഇതിനുവിപരീതമായി ‘ആധുനികത’യെ പ്രബുദ്ധതയുടെയും തുറന്ന ചിന്തയുടെയും മതേതരത്വത്തിന്റെയും ശാസ്ത്രീയതയുടെയും പ്രതീകമായും അവർ അവതരിപ്പിച്ചു. ചരിത്രത്തെ ദുർവ്യാഖ്യാനിക്കുന്ന പ്രക്രിയ ചരിത്രാന്വേഷണത്തിന്റെ അടിത്തറകൾക്കെതിരായ ആഴത്തിലുള്ള ജ്ഞാന ശാസ്ത്രപരമായ ആക്രമമാണ്. വംശീയ ദേശീയ വികാരത്തിൽ വേരൂന്നിയ പുരാണ പുനർനിർമ്മാണങ്ങൾക്ക് അനുകൂലമായ ചരിത്രത്തെ പുനർവിഭാവനം ചെയ്യുക മാത്രമല്ല, ചരിത്ര പഠനത്തെ തന്നെ വക്രീകരിക്കുകയാണ്.

ഈ വക്രീകരണം റിപ്പബ്ലിക്കിന്റെ ജനാധിപത്യ ധാർമ്മികതക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. ജെയിംസ് മില്ലിന്റെ ഹിന്ദു, മുസ്ലിം, ബ്രിട്ടിഷ് എന്നീ ത്രിമാന കൊളോണിയൽ പദ്ധതിയുടെ വ്യവസ്ഥാപിതമായ അപനിർമ്മാണം ശാസ്ത്രീയമായി നടത്തി, ദേശചരിത്രത്തെ അതിന്റെ ബഹുസ്വര പ്രകൃതത്തിൽ വീണ്ടെടുത്തത് ഇന്ത്യൻ ചരിത്രകാരന്മാർതന്നെയാണ്. റൊമില ഥാപ്പറാണ് അറുപതുകൾ മുതൽ ഇതിന് നേതൃത്വം കൊടുത്തത്. ഥാപ്പറുടെ ഇടപെടൽ വിമർശനാത്മക ചരിത്ര രചനയുടെ ശക്തമായ പാരമ്പര്യത്തിന് അടിത്തറയിട്ടു. പിന്നിട് ഇർഫാൻ ഹബീബ്, സതീഷ് ചന്ദ്ര, ബിപിൻ ചന്ദ്ര എന്നിവരുടെ പണ്ഡിത സംഭാവനകളാൽ ഇത് സമ്പന്നമായി. അവരുടെ പ്രവർത്തനങ്ങൾ ചരിത്രപരമായ ധാരണ വികസിപ്പിക്കുക മാത്രമല്ല, അനുഭവപരമായ സമഗ്രതയിലും വിശകലന ആഴത്തിലും ചരിത്ര പാഠപുസ്തകങ്ങളില്‍ നങ്കൂരമിട്ടു. പ്രാദേശിക പ്രത്യേകതകളെ അംഗീകരിക്കുന്നതിനോടൊപ്പം എല്ലാ വിഭാഗങ്ങളെയും ഭൂവിടങ്ങളും ഉൾക്കൊള്ളുന്ന ഒരു ചരിത്രാഖ്യാന ഭൂമിക സൃഷ്ടിച്ചു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളിൽ ഒന്നായ മതേതരത്വം എല്ലാ മതങ്ങൾക്കും സഹവർത്തിത്വത്തോടെ നിലനിൽക്കാൻ അവകാശം നൽകുന്നു. ഭരണകൂടം ഒരു മതത്തോടും പ്രത്യേക മമത കാണിക്കരുത് എന്ന് ഇത് അനുശാസിക്കുന്നു. എന്നാൽ ഇന്ന് സംഘ്പരിവാർ ഭരണഘടനയെ പാടെ നിഷേധിക്കുന്നു.

ഒരു മതത്തിനുമാത്രം പ്രാധാന്യം നൽകുന്നു. മതസഹിഷ്ണുതയും സഹവർത്തിത്വവും ഭരണഘടനാ ശില്പികൾ കടമെടുത്തത് ഇന്ത്യയുടെ സ്വന്തം ചരിത്രത്തിൽ നിന്നാണ്. അതേ ചരിത്രമാണ് നാം മറക്കണമെന്ന് സംഘ്പരിവാർ ശഠിക്കുന്നത്. കാരണം ചരിത്രത്തെ മറക്കാത്തിടത്തോളം കാലം സർവമത സഹിഷ്ണുതയിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഇന്ത്യൻ ആശയം നിലനിൽക്കുമെന്ന് ഹിന്ദുത്വ ആശയക്കാർക്ക് വ്യക്തമായി അറിയാം. അശോക ചക്രവർത്തി തന്റെ പന്ത്രണ്ടാം ശിലാശാസനത്തിൽ ഇങ്ങനെ കുറിച്ചു- ”ഒരാൾ സ്വന്തം മതത്തെ മാത്രം പുകഴ്ത്തുകയും മറ്റു മതങ്ങളെ ഇകഴ്ത്തുകയും ചെയ്യരുത്.” ഇതിനെല്ലാം അതീതമായി അഹിംസ, സഹിഷ്ണുത, കരുണ, പരസ്പര ബഹുമാനം എന്നിവയിൽ അധിഷ്ഠിതമായ ഒരു ജീവിതരീതിയായ “ധര്‍മ്മ” അദ്ദേഹം മുന്നോട്ടുവച്ചു. ഹാരപ്പൻ സംസ്കാരം എന്നറിയപ്പെടുന്ന സിന്ധു നദീതട സംസ്കാരത്തെ ‘സിന്ധു സരസ്വതി നാഗരികത’ എന്ന് പുനർനാമകരണം ചെയ്യുന്നത് അതിനെ ആര്യൻ സംസ്കാരവുമായി ബന്ധിപ്പിക്കാനാണ്. ഇന്ത്യയിലേക്കുള്ള ആര്യൻ കുടിയേറ്റം ഒരു കെട്ടുകഥയായി ഹിന്ദുത്വ വാദികൾ തള്ളിക്കളയുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളെ ചരിത്ര വസ്തുതകളായി അവതരിപ്പിക്കുന്നു.

ഇവയുടെ യഥാർത്ഥ ആശയങ്ങളെ പാടെ അവഗണിച്ച് ഏകപക്ഷീയമായ ആശയങ്ങൾ, വ്യാഖ്യാനങ്ങൾ അടിച്ചേല്പിക്കുന്നു. അതിന്റെ ഫലമായി വാല്‍മീകിയുടെ ശ്രീരാമനു പകരം ആർഎസ്എസിന്റെ രാമൻ പ്രത്യക്ഷപ്പെട്ടു. ഇത് നമ്മുടെ പാരമ്പര്യങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മനസിലാക്കാനുള്ള അവസരം ഇല്ലാതാക്കുന്നു. ദ്രാവിഡ, ദാസ്യ പാരമ്പര്യങ്ങളും തമിഴ്, കേരള ചരിത്രങ്ങളും അവഗണിക്കപ്പെടുന്നു. ജാതി വ്യവസ്ഥ, സതി, അടിമത്തം തുടങ്ങിയ സാമൂഹിക തിന്മകളെല്ലാം മധ്യകാലഘട്ടത്തിലെ മുസ്ലിം ഭരണത്തിന്റെ സംഭാവനയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. മധ്യകാലഘട്ടം കൊള്ളയുടെയും ബലാത്സംഗത്തിന്റെയും ക്ഷേത്ര ധ്വംസനത്തിന്റെയും കാലഘട്ടമായി മാത്രം ചിത്രീകരിക്കപ്പെടുന്നു. അശോകനെപ്പോലെ അതിവിശാലമായ സാമ്രാജ്യം ഭരിച്ച മഹാനായ ജലാലുദ്ദീൻ മുഹമ്മദ് അക്ബർ, ധീരനായ രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് സിങ്ങിന്റെ ശത്രുവായി മാത്രം ഒതുക്കപ്പെടുന്നു. ഹൽദി യുദ്ധത്തിന് പ്രാധാന്യം ലഭിക്കുമ്പോൾ അക്ബറിന്റെ മതപരമായ സംവാദ വേദിയായ ‘ഇബാദത്ത് ഖാന’യും മതസഹിഷ്ണുതാ നയങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നു. മുഗൾ ഭരണം കല, സാഹിത്യം, കാലിഗ്രാഫി എന്നിവ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും, ഗസലുകളും കവാലികളും പരിചയപ്പെടുത്തിയത് അവരാണെന്നും സംഘ്പരിവാർ പറയില്ല. വിഖ്യാത കവികളും, ഗായകരും ആയ അമീർ ബുസറാവു, മിർസാ ഗാലിബ്, റാം തനു പാണ്ഡെ (മിയൻ ടാൻസൻ എന്ന സംഗീത സാമ്രാട്ട് ) എന്നിവർ അക്ബറിന്റെ രാജസദസിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളായിരുന്നു. (അവസാനിക്കുന്നില്ല)

Exit mobile version