Site iconSite icon Janayugom Online

വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഗാന്ധി

gandhijigandhiji

‘വി ഡി സവര്‍ക്കറുടെ അംഗരക്ഷകനായിരുന്ന അപ്പാ രാമചന്ദ്ര കസാറും ഗന്‍ജന്‍ വിഷ്ണു ധാംലെ എന്ന സെക്രട്ടറിയും വിചാരണ കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നെങ്കില്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു’. ഗാന്ധിവധത്തിലെ ആര്‍എസ്എസിന്റെയും സവര്‍ക്കറുടെയും പങ്കിനെക്കുറിച്ച് ‘ദി ആര്‍എസ്എസ്, മെനസ് ടു ഇന്ത്യ’ എന്ന കൃതിയില്‍ എ ജി നൂറാനി എഴുതി. ഗോഡ്‌സെയ്ക്ക് ആര്‍എസ്എസുമായി ബന്ധമില്ലെന്ന അവകാശവാദം വ്യാജമായി ഉന്നയിക്കപ്പെടുന്നതാണെന്ന് നൂറാനി സ്ഥാപിക്കുന്നുണ്ട്. 1948 ജനുവരി 30ന് ഗാന്ധി, പൂനെയിൽ നിന്നുള്ള ചിത്പവൻ ബ്രാഹ്മണനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റാണ് മരിച്ചത് എന്ന ചരിത്രയാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോഴും ഹെെന്ദവഫാസിസ്റ്റ് സംഘടനകളിലൊന്നും പെടാത്ത ‘ഒരു മതഭ്രാന്തന്‍’ ആണ് കൊലയാളി എന്ന് വാദിക്കുന്നവര്‍ അന്നും ഇന്നുമുണ്ട്. ഗോഡ്‌സെ ആർഎസ്എസ് അംഗമാേ ഹിന്ദു മഹാസഭ അംഗമോ അല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ഗാന്ധിയെ നിരന്തരം വധിച്ചുകൊണ്ടേയിരിക്കുകയാണ്. മുക്കാല്‍ നൂറ്റാണ്ടിനിപ്പുറം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് നരേന്ദ്ര മോഡി ‘ഗാന്ധിയെ ലോകമറിയുന്നത് ആറ്റന്‍ബറോ സിനിമയിലൂടെയാണ്’ എന്ന് പറയുമ്പോള്‍ അത് കേവലം അജ്ഞന്റെ ജല്പനമായി എഴുതിത്തള്ളാനാകില്ല. ഒരു നൂറ്റാണ്ടെങ്കിലുമായി ബ്രാഹ്മണിക്കല്‍ ഹിന്ദുയിസം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശക്തിയാണ് ഗാന്ധി.
പതിറ്റാണ്ടുകൾ നീണ്ട ചിട്ടയായ മസ്തിഷ്ക പ്രക്ഷാളനത്തിന്റെ പരിസമാപ്തിയായിരുന്നു ഗാന്ധിജിയുടെ കൊലപാതകം. 1934 മുതൽ 14 വർഷത്തിനിടെ ആറ് തവണ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു. 1934, 1944 ജൂലൈ, സെപ്റ്റംബർ, 1946 സെപ്റ്റംബർ, 1948 ജനുവരി 20നുമാണ് വധശ്രമങ്ങളുണ്ടായത്. 1948 ജനുവരി 30ന് ഗോഡ്‌സെ നടത്തിയ ശ്രമമാണ് വിജയത്തിലെത്തിയത്. മുമ്പ് നടന്ന രണ്ട് ശ്രമങ്ങളിലും ഇതേ ഗോഡ്സെ ഉൾപ്പെട്ടിരുന്നു. വധിക്കപ്പെടുന്നതിന് 10 ദിവസം മുമ്പ് ജനുവരി 20 ന്, മദൻലാൽ പഹ്‌വ എന്നയാള്‍ എറിഞ്ഞ ബോംബ് ഗാന്ധി ഇരുന്നിടത്ത് നിന്ന് 20 മീറ്റർ അകലെ പൊട്ടിത്തെറിച്ചു. വിവരദോഷിയായ യുവാവിന്റെ തമാശയാണെന്ന് ആരോ പ്രതികരിച്ചപ്പോള്‍ “വിഡ്ഢിത്തം; ഇതിനുപിന്നിൽ ഭയങ്കരവും വ്യാപകവുമായ ഗൂഢാലോചനയുണ്ട്?” എന്ന് ഗാന്ധി തന്നെ പറഞ്ഞതായി 27 വര്‍ഷം അദ്ദേഹത്തിന്റെ അനുചരനായിരുന്ന പ്യാരേലാല്‍ എഴുതിയിട്ടുണ്ട്. ‘സർവാധിപത്യ വീക്ഷണമുള്ള വർഗീയ സംഘടന’ എന്നാണ് ആർഎസ്എസിനെ ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത്. 

ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിക്കാൻ ഘാതകനും കൂട്ടാളികളും നിരത്തിയ വാദങ്ങള്‍ക്ക് ഇപ്പോഴത്തെ പ്രസ്താവനകളുമായി ഗാഢമായ ബന്ധമുണ്ട്. ‘മുസ്ലിങ്ങൾക്ക് പ്രത്യേക രാജ്യം എന്ന ആശയത്തെ ഗാന്ധിജി പിന്തുണച്ചു, പാകിസ്ഥാന്റെ സൃഷ്ടിയുടെ ഉത്തരവാദി അദ്ദേഹമായിരുന്നു, കശ്മീരിലെ പാകിസ്ഥാൻ ആക്രമണങ്ങൾക്കിടയിലും, ഗാന്ധിജി ഉപവാസം അനുഷ്ഠിച്ചു, ഗാന്ധിജിയുടെ പ്രീണന നയത്തിന്റെ ഫലമായിരുന്നു മുസ്ലിം കലാപം.’ ഇതാെക്കെയായിരുന്നു അന്ന് ഹിന്ദുത്വതീവ്രവാദികള്‍ ആരോപിച്ചിരുന്ന കുറ്റം. ‘പ്രതിപക്ഷം നടത്തുന്നത് മുസ്ലിം പ്രീണനമാണ്, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പാകിസ്ഥാന്റെ സ്വാധീനമുണ്ട്, ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ഹെെന്ദവ സഹോദരിമാരുടെ താലിമാല വരെ പിടിച്ചെടുത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും, അവര്‍ ഭരണത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും’. കഴിഞ്ഞ ഒരു മാസത്തിനിടെ തെരഞ്ഞെടുപ്പ് പ്രചരണമെന്ന പേരില്‍ നരേന്ദ്ര മോഡിയും കൂട്ടരും നടത്തിയ വിദ്വേഷപ്രസംഗങ്ങളിലെ പ്രയോഗങ്ങളില്‍ ചിലത് ഇങ്ങനെയാണ്. 1948ലെ ഗാന്ധി ഘാതകരുടെ സ്വരത്തില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഇതിനുള്ളത്. വിഷലിപ്തമായ ആരോപണങ്ങള്‍ക്കിടയിലെ ഇടവേളയിലാണ് ഗാന്ധിയെ അവഹേളിക്കുന്ന സിനിമാ പ്രയോഗം മോഡിയില്‍ നിന്നുണ്ടായത്. അത് മനഃപൂര്‍വമുള്ള മുന്നറിയിപ്പാണ്.
നരേന്ദ്ര മോഡിയുടെ ഗാന്ധി സിനിമാ പ്രയോഗം ഇതാദ്യമല്ല. 2022 മാര്‍ച്ചില്‍ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുമായി ബന്ധപ്പെടുത്തി ബിജെപി പാർലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി സമാന പ്രസ്താവം നടത്തിയിരുന്നു. കശ്മീർ ഫയൽസിനെ സിനിമയുടെ മേന്മ നോക്കാതെ അപകീർത്തിപ്പെടുത്തുന്നതിൽ ഖേദം പ്രകടിപ്പിച്ച മോഡി, “ഒരു ഇംഗ്ലീഷ് ചലച്ചിത്രകാരൻ ഗാന്ധിയെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തപ്പോൾ മാത്രമാണ് ഗാന്ധി എന്ന വ്യക്തിയെ ലോകം അറിയുന്നത്” എന്ന് പ്രസ്താവിച്ചിരുന്നു. ‘ലോകം മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനെയും നെൽസൺ മണ്ടേലയെയും കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഗാന്ധിയെക്കുറിച്ച് ആര്‍ക്കുമറിയില്ല’ എന്ന് അന്നും മോഡി പറഞ്ഞു.
2019 തെരഞ്ഞെടുപ്പ് കാലത്ത് ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ രാജ്യസ്നേഹിയെന്ന് ബിജെപി സ്ഥാനാർത്ഥിയും ഭീകരാക്രമണക്കേസ് പ്രതിയുമായ പ്രഗ്യ സിങ് ഠാക്കൂർ വിശേഷിപ്പിച്ചിരുന്നു. “ഗോഡ്‌സെ ഒരു ദേശഭക്തനായിരുന്നു, ദേശഭക്തനായിത്തുടരും. അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്ന ആളുകൾക്ക് തെരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി നൽകും” എന്ന് മധ്യപ്രദേശിലെ അഗർ മാൽവയിൽ അവര്‍ മാധ്യമപ്രവർത്തകരോടാണ് പറഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം മഹാത്മാ ഗാന്ധിയെ ‘രാഷ്ട്രത്തിന്റെ മകന്‍’ എന്ന് വിളിച്ചും പ്രഗ്യാ സിങ് ആക്ഷേപിച്ചു. കേന്ദ്രഭരണം കയ്യാളുന്ന സംഘ്പരിവാര്‍ നേതൃത്വം അതിനെ അപലപിക്കുക പോലും ചെയ്തില്ല. പ്രഗ്യയുടെ നേതൃത്വത്തില്‍ ഹിന്ദുമഹാസഭാപ്രവർത്തകർ ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിവധത്തിന്റെ പുനരാവിഷ്കരണം നടത്തിയതും നാം കണ്ടു.
‘വൈ ഐ കിൽ ഗാന്ധി എന്ന പുസ്തകം വായിച്ചു. അതിൽപ്പറഞ്ഞ കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങൾ അത് അറിയേണ്ടതുണ്ട്. ഗോഡ്സെ പറഞ്ഞപ്പോഴാണ് പല യാഥാർത്ഥ്യവും നമ്മൾ അറിഞ്ഞത്’ എന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ പോസ്റ്റിട്ടത് കോഴിക്കോട് എൻഐടിയിലെ പ്രൊഫ. ഷൈജ ആണ്ടവനാണ്. ഗോഡ്സെയിൽ അഭിമാനം എന്നായിരുന്നു അവരുടെ കമന്റ്. ഗോഡ്സെയുടെ മൊഴി സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വിവിധഭാഷകളിൽ പ്രചരിപ്പിച്ചുകൊണ്ട് ഗാന്ധിജിയുടെ മതേതരരാഷ്ട്രീയം ഭൂരിപക്ഷ ഹിന്ദുവികാരത്തിന് എതിരായിരുന്നുവെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിതശ്രമം 2014ന് ശേഷം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. ഗാന്ധിനിന്ദ സ്വാഭാവികമാക്കപ്പെടുന്ന ഒരു സാമൂഹിക‑രാഷ്ട്രീയ പരിസരം ഇന്ത്യയിൽ പതുക്കെ സൃഷ്ടിക്കപ്പെടുകയാണ്.
ഗാന്ധിജി തിരസ്കരിച്ച ഭൂരിപക്ഷവര്‍ഗീയത അതിന്റെ സകല തീവ്രതയോടെയും മുഖ്യധാരാരാഷ്ട്രീയം കയ്യടക്കുന്ന കെട്ടകാലമാണിത്. വെറുപ്പിന്റെയും അപരവല്‍ക്കരണത്തിന്റെയും പാതകളിലേക്ക് സെലിബ്രിറ്റികൾ മുതൽ വന്‍കിട മാധ്യമങ്ങൾവരെ ആവേശത്തോടെ പ്രവേശിക്കുന്നു. മോഡിയുടെ പരാമര്‍ശത്തെ പിന്‍പറ്റി, ഇന്ത്യൻ-അമേരിക്കൻ സംഗീതജ്ഞനായ റിക്കി കെജ് തന്റെ എക്സ് (പഴയ ട്വിറ്റർ) ഹാൻഡിലില്‍ 1948ന് ശേഷം ഗാന്ധി പാശ്ചാത്യ രാജ്യങ്ങളിലെ പൊതുഓർമ്മകളിൽ നിന്ന് അപ്രത്യക്ഷനായി എന്നെഴുതിയത് പുതിയ ഉദാഹരണം. 

ഉത്തർപ്രദേശിലെ മീററ്റിലും സീതാപൂരിലും മധ്യപ്രദേശിലെ ഗ്വാളിയറിലും ഗോഡ്സെയ്ക്ക് ക്ഷേത്രം നിർമ്മിക്കാനുള്ള ശ്രമങ്ങളും കഴിഞ്ഞ കാലങ്ങളിലുണ്ടായി. ഗുജറാത്തിലെ ജാംനഗറിൽ ഗോഡ്സെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു. 2018ൽ മീററ്റിലെ ഹിന്ദുമഹാസഭാ പ്രവർത്തകർ ഗോഡ്സെ തൂക്കിലേറ്റപ്പെട്ട നവംബർ 15ന് ബലിദാൻ ദിവസ് ആചരിക്കവേ, നഗരത്തിന്റെ പേര് ഗോഡ്സെ നഗർ എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ആദ്യകർഷകസമരം അരങ്ങേറിയ ബിഹാറിലെ ചമ്പാരനിലെ അദ്ദേഹത്തിന്റെ പ്രതിമ 2022 ഫെബ്രുവരിയിൽ തകർക്കപ്പെട്ടു. ഏറ്റവും നീചമായ ഗാന്ധിനിന്ദ, കഴിഞ്ഞവർഷത്തെ ഗാന്ധി സമാധാനപുരസ്കാരത്തിനായി ഗോരഖ്പൂരിലെ ഗീതാ പ്രസിനെ പ്രധാനമന്ത്രി അംഗമായ കമ്മിറ്റി തിരഞ്ഞെടുത്തതാണ്. ഗാന്ധിവധത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭാ പ്രവർത്തകരിൽ ഗീതാ പ്രസിന്റെ ഉടമസ്ഥരായ ഹനുമാൻ പ്രസാദ് പൊദ്ദാറും ജയ് ജയാൽ ഗോയങ്കയുമുണ്ടായിരുന്നു. തുടക്കംമുതൽ ഗാന്ധിവിരുദ്ധവും സംഘ്പരിവാറിന്റെ പ്രചാരകരുമായ ഗീതാപ്രസിന് പുരസ്കാരം പ്രഖ്യാപിച്ചത് ഗാന്ധിജിയുടെ പൈതൃകത്തോടും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടുമുള്ള തുറന്ന വെല്ലുവിളിതന്നെയായിരുന്നു.
ഗാന്ധിജിയുടെയും ദേശീയപ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങൾ കൊണ്ടല്ല; മറിച്ച് നാവികലഹളയും സുഭാഷ്ചന്ദ്രബോസിന്റെ പ്രവർത്തനങ്ങളും കാരണമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതെന്ന പ്രചരണമാണ് മറ്റൊരു പ്രവണത. തമിഴ്‌നാട് ഗവർണർ ആർ എൻ രവി ഇക്കാര്യം പരസ്യമായി പ്രസ്താവിച്ചത് ഏതാനും മാസം മുമ്പാണ്. സ്വാതന്ത്ര്യസമരം നാടകമായിരുന്നുവെന്നും ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും മുൻ കേന്ദ്ര മന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെ അപഹസിച്ചത് 2020 ജനുവരിയിലാണ്. ‘ഒരു നേതാവും പൊലീസിന്റെ അടി കൊണ്ടിട്ടില്ല; ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൂർണമായും നാടകമായിരുന്നുവെന്നും അനന്ത്കുമാർ പറഞ്ഞു. സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് കോൺഗ്രസുകാർ പറഞ്ഞു നടക്കുന്നത് കള്ളമാണെ‘ന്നും ഹെഗ്ഡെ പറഞ്ഞിരുന്നു. ഹെഗ്ഡെയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസിനപ്പുറം ഒന്നുമുണ്ടായില്ല. 

ഇത്തരം കപടവാദങ്ങളിലൂടെ ഹിന്ദുത്വവാദികള്‍ ചോദ്യംചെയ്യുന്നത് ദശകങ്ങൾ നീണ്ട ജനകീയപോരാട്ടങ്ങളിലൂടെ ഗാന്ധിജി പടുത്തുയർത്തിയ ബ്രിട്ടീഷ് വിരുദ്ധവികാരത്തെ മാത്രമല്ല; ഇന്ത്യൻജനതയുടെ സമരവീര്യത്തെയും പോരാട്ടചരിത്രത്തെയും ആത്മാഭിമാനത്തെയും കൂടിയാണ്. മറ്റ് കോമൺവെൽത്ത് രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയത് ഗാന്ധിജി ഉണ്ടായിട്ടാണോ എന്ന ബാലിശമായ ചോദ്യം സംഘ്പരിവാർ ഇതിനായി ഉയർത്തുന്നു. പക്ഷേ, ഓരോ രാജ്യത്തും ഓരോ ഗാന്ധിജിയുണ്ടായിരുന്നുവെന്നതാണ് ചരിത്രം. കെനിയയിലെ ഗാന്ധിയുടെ പേര് ജോമോ കെനിയാട്ട എന്നായിരുന്നുവെങ്കിൽ ഘാനയില്‍ ക്വാമേ എൻക്രുമ എന്നായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഡെസ്മണ്ട് ടുട്ടുവും നെല്‍സണ്‍ മണ്ടേലയും ഉണ്ടായിരുന്നു. ടാൻസാനിയയിൽ ഗാന്ധിജിയുടെ പേര് ജൂലിയസ് നെയ്റേരയും ജമൈക്കയിൽ മാർക്കസ് ഗാർവിയുമായിരുന്നു. അമേരിക്കൻ വംശീയതയ്ക്കെതിരായ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പോരാട്ടത്തിലും അൾജീരിയൻ വിമോചനസമരത്തിലും ചെക്കോസ്ലാവാക്യയിൽ വക്ലാവ് ഹവേൽ നടത്തിയ വിപ്ലവത്തിലും ലെയ്മാ ബോവി നയിച്ച ലൈബീരിയൻ സമാധാനപ്രസ്ഥാനത്തിലും ഗാന്ധിജിയും അഹിംസയുമായിരുന്നു ഊർജസ്രോതസ് എന്ന് ആ നേതാക്കള്‍ അഭിമാനപൂര്‍വം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വര്‍ഗീയഫാസിസ്റ്റുകള്‍ എത്രതവണ വധിച്ചാലും മനുഷ്യരാശിയുടെ ചരിത്രത്തിൽ സമാധാനത്തിന്റെയും അഹിംസയുടെയും പ്രവാചകനായി ഗാന്ധിജി അടയാളപ്പെട്ടു നില്‍ക്കുകതന്നെ ചെയ്യും. 

Exit mobile version