Site iconSite icon Janayugom Online

അതുല്യനായ സംഘാടകനും പോരാളിയും

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ അതുൽ കുമാർ അഞ്ജാൻ അന്തരിച്ചത് കിസാൻസഭ ദേശീയ സെക്രട്ടറി കെ ഡി സിങ് ഇന്നലെ പുലർച്ചെ തന്നെ വിളിച്ചറിയിച്ചപ്പോൾ കുറെ ഏറെസമയം ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥ. അതുലുമായി ഒരുമിച്ച് കഴിഞ്ഞതിന്റെ ഓർമകൾ. അദ്ദേഹവുമായി നടത്തിയ തീക്ഷ്ണമായ ചർച്ചകൾ. ഒടുവിൽ തീരുമാനങ്ങളിൽ എത്തിച്ചേരാൻ അദ്ദേഹം എടുക്കുന്ന മുൻകൈ. ഇതെല്ലാം ഓർത്തുപോയി. കുറച്ചുസമയം കഴിഞ്ഞ് പി സന്തോഷ് കുമാര്‍ വിളിച്ച് ലഖ്നൗവിൽ പോകുന്നുണ്ടോ എന്നന്വേഷിച്ചു. നടുവിന്റെ വേദന ഏറെ പ്രയാസപ്പെടുത്തുന്നതു കാരണം യാത്ര ഒഴിവാക്കുന്നതായി സന്തോഷിനെ അറിയിച്ചു. അവസാനനിമിഷം നേരിൽകാണാൻ കഴിയാത്തതിന്റെ ദുഃഖം ഉള്ളിൽ തന്നെ ഒതുക്കുന്നു. എഐഎസ്എഫിൽ പ്രവർത്തിക്കുന്ന കാലം മുതൽ ഉള്ള അടുത്ത ബന്ധം. അതുൽ എഐഎസ്എഫ് പ്രസിഡന്റ് ആയിരിക്കുമ്പോൾ ഞാൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. എച്ച് രാജീവൻ സംസ്ഥാന സെക്രട്ടറിയും. അമർജിത് കൗർ ആയിരുന്നു ജനറൽ സെക്രട്ടറി.
അരനൂറ്റാണ്ടോളമുള്ള അടുത്തബന്ധം. അതുലിന്റെ പ്രവർത്തനം കർഷക രംഗത്തായി പാർട്ടി തീരുമാനിച്ചു. എഐകെഎസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തുടനീളം അതുൽ സഞ്ചരിച്ചു. ശക്തമായ കർഷകപ്രസ്ഥാനം കെട്ടിപ്പടുത്തു. കൊടുങ്കാറുപോലെയായിരുന്നു അതുൽ കർഷകപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. അതുൽ ജനറൽ സെക്രട്ടറി ആയി നേതൃത്വം നൽകുമ്പോൾ 20 വർഷം കേരള ഘടകത്തിന്റെ സെക്രട്ടറിയായും ഇപ്പോൾ അദ്ദേഹത്തോടാപ്പം ദേശീയസെക്രട്ടറിയായും പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറെ ആവേശകരമായ അനുഭവം ആണ്. ഏറ്റവും ഒടുവിൽ നടന്ന മഥുര (യുപി) എഐകെഎസ് ദേശീയ കൗൺസിൽ യോഗത്തിൽ കർഷകപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് അതുൽ മുന്നോട്ട് വച്ച നിർദേശങ്ങൾ ‍വിശദമായ ചർച്ചയെ തുടർന്ന് അംഗീകരിച്ചു. രാജ്യത്ത് വളർന്ന് വരുന്ന കർഷകപ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ കർമ്മപരിപാടികളുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ ആണ് അദ്ദേഹം രോഗബാധിതനാകുന്നത്. രോഗം പിടിപെട്ട് ഡൽഹിയിൽ എയിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. അതുലിന്റെ സുഹൃത്തുക്കളും സഖാക്കളും തന്നെയായിരുന്നു അവിടെത്തെ പ്രധാനപ്പെട്ട ഡോക്ടർമാർ. താമസിച്ചിരുന്ന പാർട്ടി ആസ്ഥാനമായ അജോയ്ഭവനിലേക്ക് പോകണമെന്ന് അതുൽ ആഗ്രഹം പ്രകടിപ്പിച്ചു. അജോയ്ഭവനിൽ കുടുംബത്തോടൊപ്പം താമസിച്ച് ചികിത്സ തുടരുകയായിരുന്നു. എല്ലാദിവസവും ഡോക്ടർമാരുടെ സേവനവും അവിടെ ലഭിച്ചിരുന്നു. അതുലിന്റെ രോഗവിവരം അറിഞ്ഞതിനെതുടർന്ന് ഡൽഹിയിൽ എത്തി അദ്ദേഹത്തെ കണ്ടപ്പോൾ ഉണ്ടായ എന്റെ അനുഭവം ഹൃദയസ്പർശിയും ആവേശകരവുമായിരുന്നു. കെട്ടിപ്പിടിച്ച് അതുൽ എന്നെ ഉമ്മവച്ചു. വാരിപ്പുണർന്നു. സത്യൻ ഞാൻ ഇനി അധികകാലം ഇല്ല. ഞങ്ങൾ രണ്ടുപേരും വിതുമ്പി. നമ്മുടെപ്രസ്ഥാനത്തെ മുന്നാട്ടുകൊണ്ടുപോകണം. കർഷകപ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തണം. നമ്മുടെ ദേശീയ സമ്മേളനം പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നടത്തണം. സത്യൻ ഡൽഹിയിൽവന്ന് പ്രവർത്തിക്കണം. ഇതൊക്കെ ഏറെ വികാരപരമായി പറയുമ്പോൾ കുടുംബാംഗങ്ങളും അവിടെ ഉള്ളവരും വിതുമ്പിപ്പോയി. രണ്ട് ദിവസം പകൽസമയം ഞാൻ അതുലിന്റെ കൂടെ തന്നെയായിരുന്നു. ലഖ്നൗവിലേക്ക് തന്നെ പോകണമെന്ന് അതിയായ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സ്ഥലമായ ലഖ്നൗവിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതുകൂടി വായിക്കൂ:

അതിവിപുലമായ സുഹൃദ്ബന്ധം അതുലിന് ഉണ്ടായിരുന്നു. കിസാൻസഭ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിന് മുന്നിൽ സമരം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. വാജ്പേയ് ആണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിക്ക് കേരളത്തിലെ കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകാൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയെ ബന്ധപ്പെടുന്ന ചുമതല അതുൽ ഏൽക്കുകയുംചെയ്തു. ഞങ്ങൾ 11 പേർ അടങ്ങിയ സംഘം പ്രധാനമന്ത്രിയെ കാണാൻപോയി. അതുൽ മുന്നിൽ. പ്രധാനമന്ത്രിയുടെ ഓഫിസിനു പുറത്തുനിന്നു തന്നെ അതുലിനെ സ്വീകരിക്കുവാൻ ഒരുസംഘം ഉയർന്ന ഉദ്യോഗസ്ഥർ. പ്രധാനമന്ത്രിയുടെ ഓഫിസ് കവാടത്തിന്ന് മുന്നിൽ അതുലിനെ സ്വീകരിക്കുവാൻ വാജ്പേയ്. കണ്ട ഉടനെ അവർ തമ്മിൽ കെട്ടിപ്പിടിച്ചു. വാജ്പേയ് അതുൽജി, അതുൽജി എന്ന് ഉറക്കെ വിളിച്ച് സന്തോഷം പ്രകടിപ്പിക്കുന്നു. അതുൽ ഞങ്ങളെയെല്ലാം പരിചയപ്പെടുത്തി. എല്ലാ തലങ്ങളിലും ആഴത്തിലുള്ള വ്യക്തിബന്ധങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ അതുൽപറഞ്ഞു, നമുക്ക് നാളെ യുപിയിലേക്ക് പോകാം, ടിക്കായത്ത് ക്ഷണിച്ചിട്ടുണ്ട്. നല്ല ഭക്ഷണമൊക്കെ കഴിക്കാം. അതുലിന് നന്നായി അറിയാം എന്റെ ഭക്ഷണ താല്പര്യം. സത്യനും വരണം. അവരെയെല്ലാം കാണാം. ഞങ്ങൾ അതുലിന്റെ സുഹൃത്തിന്റെ കാറിൽ രാവിലെതന്നെ ടിക്കായത്തിനെ കാണാൻ പുറപ്പെട്ടു. അതുൽ കടന്നുപോകുന്ന വഴികൾ നേരത്തെ അറിയിച്ചുകാണും. എത്ര എത്ര ആളുകൾ, സഖാക്കൾ, സുഹൃത്തുക്കൾ, കൃഷിക്കാർ കാത്തുനിൽക്കുന്നു. അതുലിനെ കാണുമ്പോൾ അവർ ഏറെ സന്തോഷത്തിലാണ്. ഞങ്ങൾ വൈകുന്നേരത്തോടെ ടിക്കായത്തിന്റെ വീട്ടിൽ എത്തി. ടിക്കായത്തും അനുയായികളും സ്വീകരിക്കുന്നു. അതുൽ എന്നെ ടിക്കായത്തിനെയും സഹപ്രവർത്തകരെയും പരിചയപ്പെടുത്തി. യോജിച്ച കർഷക പ്രക്ഷോഭത്തിന്റെ കാര്യം സംസാരിക്കാനായിരുന്നു ആ യാത്ര. സംയുക്ത കർഷക സമരത്തിന്റെ ആലോചന അന്ന് തന്നെ അതുൽ തുടങ്ങിയതാണ്. അർബുദബാധയാണ് അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചത്. വ്യക്തിപരമായി വലിയ നഷ്ടമാണ് അതുലിന്റെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.

Exit mobile version