Site iconSite icon Janayugom Online

നിര്‍ബന്ധിത വ്യാപാര കരാറുകളുടെ ലോകക്രമം

2025 ഏപ്രില്‍ രണ്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക രാഷ്ട്രത്തലവന്മാരെയെല്ലാം ഞെട്ടിച്ചുകൊണ്ട് വ്യാപാര തീരുവാ പ്രഖ്യാപനങ്ങളുടെ ഒരു പരമ്പര തന്നെ നടത്തിയിരുന്നല്ലോ. ഉഭയകക്ഷി വ്യാപാര കരാറുകളുടെ മുന്നുപാധിയെന്ന നിലയിലുള്ള ഒന്നായിരുന്നു ഇത്. മാത്രമല്ല, ഈ തീരുവാഘടനയ്ക്ക് ഐക്യരൂപവുമുണ്ടായിരുന്നില്ല. തുടക്കത്തില്‍ ഇന്ത്യയുടേത് 26% തീരുവയായിരുന്നു. ചൈനയ്ക്ക് 34, യൂറോപ്യന്‍ യൂണിയന്‍ 20% എന്നിങ്ങനെ പോകുന്നു നിരക്കുകള്‍. ഏറെ താമസിയാതെ ട്രംപ് തന്നെ ഈ നിരക്കുകള്‍ 90 ദിവസക്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു പ്രഖ്യാപനത്തോടൊപ്പം ഒരു മുന്നറിയിപ്പ് സന്ദേശവും പുറത്തുവന്നു. യുഎസുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ ‘നീതിയുക്തമായൊരു പകരച്ചുങ്ക’നിരക്കിന് തയ്യാറാണെന്ന് പ്രഖ്യാപിക്കാതിരുന്നാല്‍ നിര്‍ദിഷ്ട ശിക്ഷാ തീരുവകള്‍ പ്രയോഗത്തിലാക്കപ്പെടും. ട്രംപിന്റെ തീര്‍ത്തും ഏകപക്ഷീയമായ ഈ പ്രഖ്യാപനം ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ മൗലികമായ നിലപാടുകളുടെയും ആശയങ്ങളുടെയും അടിവേരറുക്കുന്ന വിധത്തിലുള്ളതായിരുന്നു. ഡബ്ല്യുടിഒവിന്റെ അടിസ്ഥാനംതന്നെ ആഗോളവ്യാപാരം ബഹുകക്ഷി സ്വഭാവവും ബഹുകക്ഷി ധാരണയും ബഹുകക്ഷി താല്പര്യ സംരക്ഷണവും കണക്കിലെടുക്കുന്നതായിരിക്കണമെന്നാണല്ലോ. വ്യാപാര തീരുവകള്‍ ഒരു സാഹചര്യത്തിലും ഒരു രാജ്യത്തിനുമേലും അടിച്ചേല്പിക്കാന്‍ പാടില്ലാത്തതാണെന്ന് യുഎന്‍ ആഗോളവ്യാപര സംഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിരവധി രാജ്യങ്ങള്‍ യുഎസ് ഭരണകൂടവുമായി ഉഭയകക്ഷി വ്യാപാര കരാറുകള്‍ക്കായി കൂടിയാലോചനകളില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണല്ലോ. ഇതെല്ലാം സമീപകാലംവരെ ലോക വ്യാപാര സംഘടന വിഭാവനം ചെയ്യുന്ന വ്യാപാര വാസ്തുശില്പത്തിന് കോട്ടം വരാത്തതരത്തിലുള്ളതുമായിരുന്നു. ഇന്ത്യയും സമാനമായൊരു വ്യാപാര നയത്തിന്റെ പാതയിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്. ആഗോള വ്യാപാരം എന്നത് ഒരു കൂട്ടായ്മയുടെ ഉല്പന്നമാണല്ലോ. അതേയവസരത്തില്‍ ട്രംപിന്റെ രണ്ടാം വരവോടെ ഈ മേഖലയില്‍ നിലവിലിരുന്ന സമവായത്തിന്റെയും പരസ്പര ധാരണയുടെയും താളം തെറ്റിപ്പോയിരിക്കുന്നു. പതിറ്റാണ്ടുകളായി യുഎസ് ഭരണകൂടങ്ങള്‍ പൊതുവില്‍ പിന്തുടര്‍ന്നിരുന്നത് ലോക വ്യാപാര സംഘടനയ്ക്കും ‘ഗാട്ട്’ സംവിധാനത്തിനും — ജനറല്‍ എഗ്രിമെന്റ്’ ഓണ്‍ ടാരിഫ്സ് ആന്റ് ട്രേഡ് — അനുസൃതമായിരുന്നു. ലോക വ്യാപാര മേഖല വിപുലീകൃതമാക്കുക എന്നത് ലക്ഷ്യമാക്കി തീരുവകള്‍ പരമാവധി കുറവുവരുത്തുക വ്യാപാര ഇടപാടുകള്‍ നിയമാനുസൃതമാക്കുക, സുതാര്യത ഉറപ്പാക്കുകയും അനിശ്ചിതത്വം ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയവയില്‍ പൊതു ധാരണ അനിവാര്യമാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാമാണിപ്പോള്‍ ഗുരുതരമായ കോട്ടം സംഭവിച്ചിരിക്കുന്നത്.

ബഹുകക്ഷി കരാറുകള്‍ക്ക് പകരം ദ്വികക്ഷി കരാറുകള്‍ അരങ്ങുതകര്‍ക്കുന്നു. ട്രംപിസത്തിന്റെ ഭാഗമായി തീരുവകള്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ക്ക് വഴിപ്പടേണ്ടിവന്നിരിക്കുന്നു. സമാനപരമായ വ്യാപാര ബന്ധങ്ങള്‍ക്ക് പകരം വ്യാപാര യുദ്ധങ്ങള്‍ സുലഭമായിരിക്കുന്നു. ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലെത്തിയതോടെ 2019ല്‍ സംഭവിച്ചതുപോലെ ലോക വ്യാപാര സംഘടനയുടെ നിലനില്പുപോലും ഭീഷണിയിലായിരിക്കുന്നു. 2025 ജൂലൈ ഒമ്പതിന്റെ അന്ത്യശാസനം ഈ മാറ്റത്തിന്റെ ദുഃസൂചനയാണ്. ഇന്ത്യയും ഇപ്പോള്‍ അതിന് ഇരയാവേണ്ടിവന്നിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് യാതൊരുവിധ സങ്കോചവുമില്ലാതെയാണ് ഭീഷണി എന്ന ആയുധവുമേന്തി വിപണികള്‍ കയ്യേറാന്‍ കോപ്പുകൂട്ടി നിലകൊള്ളുന്നത്. നിങ്ങള്‍ തീരുവകള്‍ സ്വയം വെട്ടിക്കുറയ്ക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ വകവരുത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കും. വികസ്വര രാജ്യങ്ങളെയെല്ലാം തീര്‍ത്തും നിസഹായവസ്ഥയിലാക്കാനുള്ള നീക്കമാണിത്. കയറ്റുമതിമേഖലയും മൂലധന നിക്ഷേപമേഖലയും തകര്‍ത്തെറിയപ്പെടുകതന്നെ ചെയ്യുമെന്നാണ് മുന്നറിയിപ്പിന്റെ സന്ദേശം. ഇതിന്റെ ഫലമായി യുഎസിനാണ് ഗണ്യമായ നേട്ടം കൊയ്തെടുക്കാനായാത്. വിയറ്റ്നാമുമായുണ്ടാക്കിയ ഉടമ്പടിയിലൂടെ ട്രംപിനുണ്ടായ നേട്ടം അവിടെ നിന്നുള്ള ചരക്കുകളുടെ ചുങ്കം 40ല്‍ നിന്നും 20 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സാധ്യമായി. പകരം യുഎസില്‍ നിന്നുള്ള ചരക്കുകള്‍ക്ക് പൂജ്യം തീരുവാനിരക്കായിരുന്നു ചുമത്തപ്പെട്ടത്.
നരേന്ദ്ര മോഡി എക്കാലവും ട്രംപിന്റെ ഉറ്റ ചങ്ങാതിയാണ് താന്‍ എന്ന് അവകാശപ്പെട്ടുവന്നിരുന്നെങ്കിലും ഫലത്തില്‍ സംഭവിച്ചിരിക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഗാധമായ തകര്‍ച്ചയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നുവെന്നാണ്. അമേരിക്കയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതൃത്വവും ഔദ്യോഗിക മേധാവികളും നടത്തിവന്നിരുന്ന കൂടിയാലോചനകള്‍ എത്തിയിരിക്കുന്നത് ഇത്തരമൊരു പ്രതിസന്ധിയിലാണ്. ട്രംപിന്റെ ശുഭാപ്തി വിശ്വാസം ധ്വനിക്കുന്ന വാക്കുകളില്‍ മതിമയങ്ങിയ നരേന്ദ്ര മോഡി സ്വയം കുഴിച്ച കുഴിയില്‍ വീണുപോയിരിക്കുകയാണ്. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന തീരുവാനിരക്കുകളില്‍ 10 മുതല്‍ 41% വരെയുള്ള വര്‍ധനവാണ് വിവിധരാജ്യങ്ങള്‍ക്കായി ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തിലായിരിക്കുന്നത്. ഇന്ത്യന്‍ കയറ്റുമതികളില്‍ 18.3 ശതമാനവും യുഎസിലാണെന്നിരിക്കെ പുതിയ സാഹചര്യം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വമ്പിച്ചതോതിലുള്ള നികുതി ബാധ്യതയായിരിക്കുമെന്ന് ഉറപ്പാണല്ലോ. മോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിച്ചതിലും വലിയൊരു അധിക ബാധ്യതയായിരിക്കും വഹിക്കേണ്ടിവരിക. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വികസനം കാത്തിരിക്കുന്ന നിരവധി മേഖലകള്‍ക്കും വ്യവസായങ്ങള്‍ക്കും ഞെട്ടലുളവാക്കുന്ന തിരിച്ചടിയാണ് ട്രംപിയന്‍ നയം വരുത്തിവയ്ക്കുക.

യുഎസ് നടപടി ഒറ്റനോട്ടത്തില്‍ ഉയര്‍ന്ന തീരുവാ നിരക്കുകളില്‍ ഒതുങ്ങിനില്‍ക്കുന്നതാണെന്ന് കരുതാമെങ്കിലും കാര്യങ്ങള്‍ ഇതിലേറെ ഗുരുതരമാണ്. അതായത് ട്രംപിന്റെ താളത്തിനൊത്ത് തുള്ളാന്‍ തയ്യാറാകാത്തവര്‍ ആരായാലും അവര്‍ക്കെതിരെ പ്രതികാരച്ചുങ്കം ചുമത്തപ്പെടും. ഉദാഹരണത്തിന് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ പ്രതിരോധ ഊര്‍ജം വാങ്ങല്‍ ഇടപാടുകള്‍ക്ക് 10% അധിക പിഴയാണ് ട്രംപ് ചുമത്തുന്നത്. റഷ്യന്‍ അസംസ്കൃത എണ്ണ ഇറക്കുമതിക്കാരായ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഈ പിഴ കൊടുക്കേണ്ടിവരും. ഇന്ത്യയെയും റഷ്യയെയും പരസ്യമായി നിര്‍ജീവ സമ്പദ്‌വ്യവസ്ഥകള്‍ എന്ന് വിശേഷിപ്പിച്ച് അപമാനിക്കാനും ട്രംപ് മടിച്ചില്ല. ചുരുക്കത്തില്‍ ഇന്ത്യയുടെ സുഹൃത്തെന്ന് പ്രധാനമന്ത്രി മോഡി നിരന്തരം വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന ട്രംപ് പ്രത്യുപകാരത്തിന്റെ സ്ഥാനത്ത് വ്യാപാരത്തിലൂടെ പ്രതികാരത്തിന്റെ വാള്‍ എടുത്തുനില്‍ക്കുകയാണ്. പ്രതിപക്ഷത്തുനിന്നും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിന്റെ അമേരിക്കന്‍ പ്രീണനനയത്തിനെതിരായി ശക്തമായ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ വെട്ടിലായിരിക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്. ട്രംപിന് എല്ലാം ബിസിനസാണ്. സ്വന്തം രാജ്യതാല്പര്യത്തിനുപോലും രണ്ടാം സ്ഥാനം മാത്രമേയുള്ളു. യൂറോപ്യന്‍ യൂണിയന്‍ ഒരു മധ്യമാര്‍ഗമാണ് പിന്തുടരുന്നത്. എല്ലാത്തരം കയറ്റുമതികള്‍ക്കും പൊതുവിലുള്ള 38,000 കോടി യൂറോ മൂല്യം വരുന്ന 10% തീരുവയ്ക്ക് പുറമെ, ഫാര്‍മസി ഉല്പന്നങ്ങള്‍, സെമി കണ്ടക്ടര്‍ ഉല്പന്നങ്ങള്‍, എയര്‍ക്രാഫ്റ്റ്, ആള്‍ക്കഹോള്‍ തുടങ്ങിയവയ്ക്ക് സ്പെയിന്‍ പ്രത്യേക ഇളവുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. യുകെയുടെ തുടക്കത്തിലുള്ള നിലപാട് കാറുകള്‍ക്ക് 10% തീരുവയും പകരം ബീഫിനും എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ നിര്‍മ്മിതികള്‍ക്കുമുള്ള വിപണി പ്രവേശം മെച്ചപ്പെടുത്തുകയുമായിരുന്നു. ഒരു പരിധിവരെ ചൈനയും വിലപേശലിന് തയ്യാറാവുകയും തീരുവകളില്‍ ഏതാനും ഉല്പന്നങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ സമ്മതം മൂളകയുമുണ്ടായി. എങ്കിലും ചൈനയും യുഎസും തമ്മില്‍ കാതലായ തര്‍ക്കങ്ങള്‍ മാറ്റമില്ലാതെ തുടരുകയുമാണ്.

ലോക വ്യാപാര സംഘടനയുടെ അംഗരാജ്യങ്ങള്‍ക്കെല്ലാം ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവ് ആകാംക്ഷയുടെ നാളുകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധിത ദ്വികക്ഷി ധാരണ ഒരുതരത്തിലും സ്വാഗതാര്‍ഹമല്ല. ബഹുകക്ഷി സ്വഭാവമുള്ള ആഗോള വ്യാപാരഘടന എന്ന നിലയില്‍ പ്രവര്‍ത്തനം നടത്തിവന്നിരുന്നു ഡബ്ല്യുടിഒ അപ്പാടെ തകര്‍ത്തെറിയപ്പെട്ടിരിക്കുകയാണ്. അധികാരതുല്യത എന്ന തത്വം ആഗോള സാമ്പത്തിക ബന്ധങ്ങളില്‍ നിന്നും നിഷ്കാസിതമാക്കപ്പെട്ടിരിക്കുന്നു. ചെറിയ രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക ശക്തികളുമായി ഉണ്ടായിരുന്ന കൂട്ടായ വിലപേശലിനുള്ള വേദിയാണ് നഷ്ടമായിരിക്കുന്നത്. ആഗോള വ്യാപാര നിയമങ്ങളില്‍ ഇതഃപര്യന്തമുണ്ടായിരുന്ന സ്ഥിരതയും തുടര്‍ച്ചയും ഇതോടെ തകര്‍ന്നുപോയിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതി അതീവ സങ്കീര്‍ണമാണ്. ഒന്ന്, നയതന്ത്രപരമായ താല്പര്യങ്ങളോടൊപ്പം ദേശീയ സാമ്പത്തിക താല്പര്യങ്ങളും പൊരുത്തപ്പെടുത്തുക എന്നത് പ്രധാനമാണ്. ഒരര്‍ത്ഥത്തില്‍ യുഎസ് സര്‍ക്കാര്‍ നിരത്തിയിരിക്കുന്ന തീരുവാ മാറ്റങ്ങള്‍ നാം ദീര്‍ഘകാലമായി ലക്ഷ്യമിട്ടിരുന്ന തീരുവാ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമാകാം. രണ്ട്, ട്രംപിന്റെ തീരുവാ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഫലമായി കാര്‍ഷികമേഖലാ വികസന പരിപ്രേക്ഷ്യങ്ങളും ഡാറ്റാ പരിഷ്കാര നിര്‍ദേശങ്ങളും സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല വികസന താല്പര്യങ്ങള്‍ക്കും ദേശീയ സുരക്ഷയ്ക്കും ഗുണഫലം ചെയ്യണമെന്നില്ല. മൂന്ന്, ട്രംപിസവുമായി സന്ധി ചെയ്യുന്നതിന് മുമ്പ് ഇന്ത്യ നാളിതുവരെ മുറുകെപ്പിടിച്ചിരുന്ന വിദേശനയ സമീപനത്തിന്റെ ഭാഗമായ പ്രാദേശിക ഭരണകൂടങ്ങളുമായുള്ള ചങ്ങാത്തത്തിന് ഇനിയും കോട്ടം സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. റഷ്യയില്‍ നിന്നും കുറഞ്ഞനിരക്കില്‍ പെട്രോളിയം ഇറക്കുമതി നടത്തുന്നതിനെതിരായും ചൈനയുമായി കൂടുതല്‍ സൗഹൃദം പങ്കിടാനുള്ള ഇന്ത്യന്‍ നയതന്ത്ര നീക്കത്തിനെതിരായുമുള്ള പ്രതികാരച്ചുങ്കമായ 25% കൂടിയാകുമ്പോള്‍ മൊത്തം ബാധ്യത 50% ആയി ഉയര്‍ന്നിരിക്കുന്നു. ട്രംപിനെ വിശ്വാസത്തിലെടുത്ത് പഴയപടി മുന്നോട്ടുനീങ്ങുന്നപക്ഷം നമുക്ക് ബഹുരാഷ്ട്ര സ്വഭാവമുള്ളതും സ്ഥിരമായ നയപരിപാടികളുമുള്ളതുമായ ലോക വ്യാപാര സംഘടനയുടെ സുരക്ഷിത പാതയില്‍ നിന്നും വേറിട്ട് നിലകൊള്ളേണ്ട സാഹചര്യം വന്നുചേരും. എന്നാല്‍ ചൈനയും ജപ്പാനും റഷ്യയുമായും ഇന്ത്യക്ക് രൂപപ്പെടുത്താന്‍ കഴിഞ്ഞ സൗഹൃദം ട്രംപിന്റെ പ്രത്യാക്രമണത്തിനുള്ള സാധ്യതകള്‍ വിരളമാക്കുമെന്ന് കരുതാവുന്നതാണ്.

Exit mobile version