Site iconSite icon Janayugom Online

കോർപറേറ്റ് വിധേയം; യുവജന വഞ്ചന

കോർപറേറ്റ് വിധേയത്വം മുഖമുദ്രയാക്കിയ നരേന്ദ്ര മോഡി സർക്കാർ തങ്ങളുടെ മൂന്നാമൂഴത്തിലെ പ്രഥമ ബജറ്റിലും മുതലാളിത്ത പ്രീണനനയങ്ങൾ ആവിഷ്കരിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയാകെ കോർപറേറ്റ് മൂലധന ശക്തികൾക്ക് അടിയറ വച്ചുകൊണ്ട് സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കുന്ന നയങ്ങൾ പൂർവാധികം ശക്തിയോടെ നടപ്പാക്കുക തന്നെയാണ് ചെയ്യുന്നത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം, കാർഷിക പ്രശ്നം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ച ബജറ്റ് കോർപറേറ്റ്-സ്വകാര്യവൽക്കരണ അജണ്ട ശക്തിപ്പെടുത്തിയിരിക്കുകയാണ്.
രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന നിർദേശങ്ങളോ നടപടികളോ ബജറ്റിലില്ല. 2012ൽ സമ്പൂർണമായ തൊഴിലില്ലായ്മ 2.1 ശതമാനമായിരുന്നുവെങ്കിൽ നിലവിൽ ഇത് 9.2 ശതമാനത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിലെ തൊഴിൽപങ്കാളിത്ത നിരക്ക് 39.5 ശതമാനമാണെന്നാണ് കണക്ക്. ഇതാകട്ടെ 2017ന് ശേഷമുള്ള കുറഞ്ഞ നിരക്കുമാണ്. 39 ശതമാനം പേർ അതായത് 45 കോടി ആളുകൾ തൊഴിൽതേടി അലയുകയാണ്. 2018–24 കാലയളവിൽ തൊഴിലില്ലായ്മ നിമിത്തം രാജ്യത്ത് പതിനായിരത്തോളം പേരാണ് ആത്മഹത്യ ചെയ്തത്. 2020ൽ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 3,548 ആണ്. അഞ്ചു വർഷംകൊണ്ട് 4.1 കോടി യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ രണ്ട് ലക്ഷം കോടി നീക്കിവയ്ക്കുമെന്ന പ്രസ്താവന പ്രഹസനമാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്ര സർവീസുകളിൽ നിലവിലുള്ള 10 ലക്ഷത്തിലധികം തസ്തികകള്‍ നികത്താനോ സർക്കാരിന് ഉദ്ദേശമില്ലെന്ന് ഇത് തെളിയിക്കുന്നു. 

സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക മേഖല. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ഉപജീവനമാർഗവും, മൊത്തം വരുമാനത്തിന്റെ 54 ശതമാനവും ഈ മേഖലയിലാണ്. 1980ൽ മേഖലയിലെ പ്രതിശീർഷ വരുമാനം 4,745 രൂപയായിരുന്നു. 2010ൽ കാർഷിക മേഖലയിലെ വരുമാനം 10,865 രൂപയായി. ഇത് ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 32 ശതമാനമായിരുന്നെങ്കിൽ ഇന്നത് 25 ശതമാനമേ വരുന്നുള്ളൂ. ന്യായവില നൽകിയുള്ള സംഭരണത്തിൽ നിന്നുമുള്ള സർക്കാരിന്റെ പിന്മാറ്റവും സബ്സിഡികളുടെ നിഷ്കാസനവും കാർഷികത്തകർച്ചയ്ക്ക് ആക്കം കൂട്ടി. സ്വാമിനാഥന്‍ കമ്മിഷൻ ശുപാർശ പ്രകാരം താങ്ങുവില നൽകുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും വിള ഇൻഷുറൻസ് ഉറപ്പുവരുത്തുമെന്നും കർഷക ആത്മഹത്യകൾക്ക് അന്ത്യം കുറിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ ജലരേഖയായി മാറുകയായിരുന്നു. പിഎം കിസാൻ യോജന പ്രകാരം പ്രതിവർഷം നൽകിക്കൊണ്ടിരുന്ന 6000 രൂപ വർധിപ്പിക്കുവാനും തയ്യാറായിട്ടില്ല. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയെയും സ്പർശിക്കാത്തതാണ് ബജറ്റ്. 2014ൽ അധികാരത്തിൽ വന്നതിനുശേഷം റെയിൽവേ സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോവുകയായിരുന്നു മോഡി സർക്കാർ. 2015ൽ പ്രത്യേക റെയിൽവേ ബജറ്റ് തന്നെ വേണ്ടെന്നുവച്ചു. 2017ൽ 400 റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദേശവും മുന്നോട്ടുവച്ചു. ടിക്കറ്റ് റിസർവേഷനും ടൂറിസത്തിനും മറ്റുമായി രൂപീകരിച്ച കമ്പനിയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ച് ഉത്തരവിറക്കി.റയിൽവേ ആശുപത്രികൾ, സ്കൂളുകൾ എന്നിവ സ്വകാര്യവൽക്കരിക്കുകയും ചെയ്തു. 16 റെയിൽവേ ഫാക്ടറികൾ സ്വതന്ത്ര യൂണിറ്റുകളാക്കി. 2025 ആകുമ്പോൾ 500 പാസഞ്ചർ ട്രെയിനുകളും 30 ശതമാനം ചരക്കു ട്രെയിനുകളും സ്വകാര്യമേഖലയ്ക്കു കൈമാറും എന്ന് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോർപറേറ്റുകൾക്ക് കൊള്ളലാഭം ഉറപ്പുവരുത്താൻ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനവും രാഷ്ട്രത്തിന്റെ സമ്പത്തും ചേർത്ത് പടുത്തുയർത്തിയ പൊതുഗതാഗത സംവിധാനത്തെ വിസ്മൃതിയിലേക്ക് തള്ളി വിടുകയാണ് കേന്ദ്രം.
തൊഴിലുറപ്പ്, ഭക്ഷ്യ‑വളം, പാചക വാതക സബ്സിഡി, ഗ്രാമ വികസനം, ശുദ്ധജല പദ്ധതി തുടങ്ങിയവയുടെ ഫണ്ടുകൾ ബജറ്റിൽ ഗണ്യമായി വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്സിഡിയായി 2,05,250 കോടിയും വളം സബ്സിഡിയായി 1,64,000 കോടി രൂപയും പാചക വാതകം ഉൾപ്പെടെയുള്ള ഇന്ധന സബ്സിഡിയായി 11,925 കോടിയും മാത്രമാണ് അനുവദിച്ചത്. രാജ്യം നേരിടുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റിൽ വിദേശ കോർപറേറ്റ് കമ്പനികളുടെ നികുതി 40 ൽ നിന്ന് 35 ശതമാനമായി കുറച്ചിട്ടുണ്ട്. തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയുടെ ഭാഗമായി കോർപറേറ്റുകൾക്ക് കൂടുതൽ സബ്സിഡി ലഭിക്കുന്ന സംവിധാനവും കൊണ്ടുവന്നു.
സഖ്യകക്ഷികളെ പ്രീതിപ്പെടുത്താൻ ചില സംസ്ഥാനങ്ങൾക്ക് വൻതോതിൽ ആനുകൂല്യങ്ങൾ അനുവദിക്കുകയും കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതങ്ങളോ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ നൽകാതെ അവിടങ്ങളിലെ വികസന പ്രവർത്തനങ്ങളെ തീർത്തും ദുർബലപ്പെടുത്തുന്ന സമീപനവും ബജറ്റിൽ സ്വീകരിച്ചു. ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കൽ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികൾ എന്നിവയടക്കം ഏതാണ്ട് 50, 000 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചുകൊടുത്തത്. ആന്ധ്രയുടെ തലസ്ഥാന വികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും പ്രത്യേക പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അമരാവതിയിൽ തലസ്ഥാന നിർമ്മാണത്തിന് നടപ്പ് വർഷം മാത്രം 15,000 കോടി രൂപയുടെ പാക്കേജും വരുംനാളുകളിൽ പ്രത്യേക ധനസഹായവും പ്രഖ്യാപിക്കുകയും ചെയ്തു.
സങ്കുചിത രാഷ്ട്രീയ താല്പര്യം മുൻ നിർത്തിയുള്ള ബജറ്റ് അവതരണത്തിൽ കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ട്രീയ വിദ്വേഷവും പതിവ് ശത്രുതാ മനോഭാവവും ഇക്കുറിയും തുടരുകയാണുണ്ടായത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി (എയിംസ്)ന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാക്കിയ ഘട്ടത്തിലായിരുന്നു കേരളത്തിന്റെ ഇത്തവണത്തെ കാത്തിരിപ്പ്. എന്നാൽ കേരളത്തിന് ഇക്കുറിയും എയിംസ് അനുവദിക്കാൻ തയ്യാറായില്ല. ‘പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷായോജന ‘പ്രകാരം മുമ്പ് വിവിധ സംസ്ഥാനങ്ങളിൽ 22 എയിംസുകൾക്ക് അംഗീകാരം നൽകിയപ്പോഴും കേരളത്തെ തഴഞ്ഞിരുന്നു. വിഴിഞ്ഞം പദ്ധതിക്കായി ഒരുരൂപ പോലും അനുവദിച്ചില്ല.
അതിവേഗ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ അനുവദിക്കുന്ന വിഷയത്തിലും പ്രളയ ദുരിതാശ്വാസം നൽകുന്ന കാര്യത്തിലും കേരളത്തോട് തീർത്തും അവഗണനയാണ് കാണിച്ചത്. 2022–23ലെയും 2023–24ലെയും കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോടും നിഷേധാത്മക സമീപനമാണ് ബജറ്റിൽ സ്വീകരിച്ചത്. ഇവിടെ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാർ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിക്കുന്നതിലും ആവശ്യങ്ങള്‍ പാർലമെന്റിൽ ഉന്നയിക്കുന്നതിലും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കോർപറേറ്റ് വിധേയത്വവും യുവജനവഞ്ചനയും കേരളവിരുദ്ധതയും മുഖമുദ്രയാക്കിയ കേന്ദ്ര ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. 

Exit mobile version