Site iconSite icon Janayugom Online

നോട്ടുനിരോധനം അഞ്ചു വർഷം പിന്നിടുമ്പോൾ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ചത് 2016 നവംബർ എട്ടിനായിരുന്നു. 2021 നവംബർ എട്ടാം തീയതിയാവുമ്പോൾ നോട്ടുനിരോധനത്തിന്റെ അഞ്ചു വർഷം പൂർത്തിയാവും. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ഉലയ്ക്കുകയും ജനജീവിതത്തെ പ്രതിസന്ധിയിലാക്കുകയുമായിരുന്നു. ഏറ്റവും വിനാശകരമായ സാമ്പത്തിക പരിഷ്ക്കാരമെന്ന നിലയിലാണ് ഈ സംഭവം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. 2016 നവംബർ എട്ടാം തീയതി രാത്രി നരേന്ദ്രമോഡി ഇന്ത്യൻ ജനങ്ങളെയാകെ ഞെട്ടിച്ചുകൊണ്ടാണ് നാടകീയമായി നോട്ടുനിരോധന പ്രഖ്യാപനം നടത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പിൻവലിച്ചത്. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിന്റെ ഫലമായി ഏകദേശം 86 ശതമാനം കറൻസി നിരോധിക്കപ്പെട്ടു. നോട്ടുനിരോധനം നടപ്പാക്കിയ 2016ൽ ഇന്ത്യയിൽ സർക്കുലേറ്റ് ചെയ്യപ്പെട്ടിരുന്ന മൊത്തം കറൻസിയുടെ 86 ശതമാനവും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു. നിരോധിക്കപ്പെട്ട നോട്ടുകളുമായി ലക്ഷക്കണക്കിനു ജനങ്ങൾ ഇന്ത്യയിലാകെ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്നു. നൂറു കണക്കിനാളുകൾ ക്യൂവിൽ നിന്നും കുഴഞ്ഞുവീണു മരിച്ചു.

നിരോധിക്കപ്പെട്ട നോട്ടിനു പകരം കറൻസി നല്കുവാനായി ഒരു സമയപരിധി ഗവണ്മെന്റ് പ്രഖ്യാപിച്ചു. നോട്ടുനിരോധനത്തിൽ പരിഭ്രാന്തരായ ജനങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയാത്തവിധം ബാങ്കിങ് മേഖല സമ്മർദ്ദത്തിലായി. സ്ഥിതിഗതികൾ സാധാരണനിലയിലാകാൻ മാസങ്ങളെടുത്തു. തുടർന്നുണ്ടായ തൊഴിൽ സ്തംഭനത്തിന്റെയും ഉല്പാദനമേഖലയിലെ തകർച്ചയുടെയും ഫലമായി നിരവധിപേർ ആത്മഹത്യചെയ്തു. കർഷകർ, കർഷകത്തൊഴിലാളികൾ, കുടിൽവ്യവസായം വഴി ഉപജീവനം നടത്തുന്ന അനേകലക്ഷങ്ങൾ തുടങ്ങി സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനങ്ങളെയാണ് നോട്ടുനിരോധനമെന്ന ഭ്രാന്തൻ നടപടി പ്രതികൂലമായി ബാധിച്ചത്. യാതൊരുവിധ മുന്നറിയിപ്പുകളും ജനങ്ങൾക്കു ലഭ്യമാക്കാതെ മോഡി നടത്തിയ പ്രഖ്യാപനം പക്ഷേ ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമന്മാർക്കും ബിസിനസുകാർക്കും മുൻകൂട്ടി അറിയാമായിരുന്നുവെന്നാണ് അനന്തര സംഭവവികാസങ്ങൾ തെളിയിച്ചത്. പ്രഖ്യാപനംവന്ന അന്നേ ദിവസം പകൽ നടന്ന സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് മനസിലാകുന്നത് റിയൽ എസ്റ്റേറ്റ് മേഖല, കെട്ടിട നിർമ്മാണ മേഖല, ഷെയർ ബ്രോക്കർ രംഗം, ആഭരണക്കടകൾ എന്നിവിടങ്ങളിൽ വൻതോതിൽ പണം നിക്ഷേപം നടന്നുവെന്നും പിന്നീട് അത് ആസ്തികളായി മാറിയെന്നുമാണ്.

 


ഇതുംകൂടി വായിക്കാം;  പ്രതിപക്ഷം സമരം ചെയ്യേണ്ടത് ജനവിരുദ്ധ സാമ്പത്തിക നയത്തോട്


 

കള്ളനോട്ടുകൾ, കള്ളപ്പണം, ഭീകരവാദം എന്നിവയെ നിർമ്മാർജ്ജനം ചെയ്യുക, ക്യാഷ്‌ലെസ് ഇക്കണോമിയെ സൃഷ്ടിക്കുക തുടങ്ങിയവയാണ് നോട്ടുനിരോധനം ലക്ഷ്യമിടുന്നതെന്ന നരേന്ദ്രമോഡിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല നോട്ടുനിരോധനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ അസാധാരണമാംവിധം ഉലയ്ക്കുകയും ഉല്പാദനവിപണി ഉപഭോക്തൃമേഖലകളിൽ അപരിഹാര്യമാംവിധം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കമ്പോളത്തിൽ നാണ്യചംക്രമണം കുറഞ്ഞതിന്റെയും കൃഷിയുൾപ്പെടെയുള്ള മേഖലകളിൽ പണം മുടക്കാൻ കഴിയാത്തതിന്റെയും ഫലമായി വലിയ പ്രതിസന്ധിയാണ് തുടർന്നുള്ള മാസങ്ങളിൽ അനുഭവപ്പെട്ടത്. നോട്ടുനിരോധനത്തിനു മുമ്പിലെ നാലുവർഷത്തെ അപേക്ഷിച്ച് വളർച്ചാനിരക്കിൽ 6.7 ശതമാനം എന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കെയർ റേറ്റിങ് ഏജൻസിയിലെ സീനിയർ ഇക്കണോമിസ്റ്റ് കവിതാ ചാക്കോയുടെ വാക്കുകളിൽ “നോട്ടുനിരോധനം സാമ്പത്തിക ഇടപാടുകളെയും വ്യവസായ മേഖലയെയും വലിയൊരളവിൽ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. നോട്ടുനിരോധനത്തെത്തുടർന്നുള്ള 2016നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോഗവസ്തുക്കളുടെയും വീട്ടുപകരണങ്ങളുടെയും വില്പനയിൽ 40 ശതമാനം കണ്ട് ഇടിവുണ്ടായി.”

വൻനഗരങ്ങളിലൊഴികെ നാട്ടിന്‍പുറങ്ങളിൽ എൺപതു ശതമാനത്തിലധികം ആളുകളും നേരിട്ട് പണം കൊടുത്താണ് വീട്ടാവശ്യത്തിനുള്ള സാധന സാമഗ്രികൾ വാങ്ങുക. ക്രയവിക്രയത്തിനാവശ്യമായ കറൻസി ലഭ്യതയിലെ കുറവാണ് കമ്പോളത്തിലെ ഈ കുത്തനെയുള്ള ഇടിവിന് കാരണമായത്. ശരിക്കും 2016ൽ ജനങ്ങളുടെ ക്രയശേഷിയിലും കമ്പോളത്തിന്റെ ചലനാത്മകതയിലും മുപ്പതുശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നതാണ്. ഏഴാം ശമ്പളകമ്മിഷൻ നടപ്പായതും നല്ല മൺസൂൺ കിട്ടിയതുമായിരുന്നു ഈ പ്രതീക്ഷയ്ക്ക് കാരണം. പക്ഷേ കമ്പോളത്തിലെ ധന ഇടപാടുകളെയും ജനങ്ങളുടെ ക്രയശേഷിയെയും നോട്ടുനിരോധനം ചുരുക്കിക്കളഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കാതലായ ഭാഗം, അസംഘടിത മേഖലയും റീട്ടെയിൽ രംഗവുമാണ്. മൊത്തം തൊഴിൽശേഷിയുടെ 94 ശതമാനവും ഇവിടെയാണ്. ചെറുകിടമേഖലയിൽ നേരിട്ടുള്ള പണമിടപാടുകളിലൂടെയാണ് എല്ലാ ഇടപാടുകളും നടത്തുക. ജനങ്ങളുടെ വരുമാനം നിലച്ചപ്പോൾ സംഘടിതമേഖലയിൽ ഡിമാന്റിന് കുറവു സംഭവിക്കുകയും അത് ആ മേഖലയിൽ നിഷേധാത്മക ഫലങ്ങൾ വരുത്തി വയ്ക്കുകയും ചെയ്തു. അസംഘടിത മേഖലയിൽ ധനമില്ലാതെ പ്രവർത്തനം തന്നെ സ്തംഭനാവസ്ഥയിലായി. നോട്ടുനിരോധനത്തെതുടർന്ന് ആവശ്യത്തിന് പണം ലഭ്യമല്ലാതെ ആയിരക്കണക്കിന് ചെറുകിടസംരംഭങ്ങൾ പൂട്ടിപോകേണ്ടിവന്നു. ലോകത്തിലെവിടെയെല്ലാം നോട്ടുനിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ അവിടെയെല്ലാം അത് ധനമേഖലയിൽ സ്തംഭനവും ജനജീവിതത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഘാന, നൈജീരിയ, മ്യാൻമർ, റഷ്യ, ഓസ്ട്രേലിയ, സിംബാംബ്‌വെ, പാകിസ്ഥാൻ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നോട്ടു നിരോധനം പരാജയമായിരുന്നുവെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.

 


ഇതുംകൂടി വായിക്കാം;  സാമ്പത്തിക വളർച്ച അവകാശപ്പെടുമ്പോഴും ഭാവി ആശങ്കാജനകം


 

മോഡി നടപ്പാക്കിയ ഈ തലതിരിഞ്ഞ പരിഷ്കാരങ്ങളുടെ അപായച്ചുഴിയിൽ നിന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇനിയും കരകയറിയിട്ടില്ല. മാത്രമല്ല ഇന്ത്യയുടെ സാമ്പത്തികവികസനം നോട്ടു നിരോധനത്തിനു മുമ്പ് 7.8 ശതമാനം ആയിരുന്നുവെങ്കിൽ നിരോധനാനന്തരം അത് 7.1 ശതമാനമായി ഇടിയുകയും ചെയ്തു. നോട്ടു നിരോധനം ഫ്രസ്വകാലാടിസ്ഥാനത്തിൽ ബാങ്ക് നിക്ഷേപം വർധിപ്പിച്ചുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ബാങ്ക് നിക്ഷേപം ഗണ്യമാംവിധം കുറയുകയാണുണ്ടായത്. ജനങ്ങൾ കറൻസിയുടെ രൂപത്തിൽ തങ്ങളുടെ സമ്പാദ്യം ദീർഘകാലത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചില്ല. നിരോധിക്കപ്പെട്ട കറൻസി പുതിയ കറൻസിയായി മാറ്റാൻ വേണ്ടിയാണ് നിക്ഷേപകർ പ്രധാനമായും ബാങ്കുകളെ ഉപയോഗപ്പെടുത്തിയത്. പലിശ ലഭിക്കാൻ വേണ്ടിയുള്ള ധനനിക്ഷേപത്തിന്റെ തോത് പതിവിനു വിപരീതമായി കുറഞ്ഞു. നോട്ടുനിരോധനം, ബാങ്കിങ് മേഖലയിൽ അപ്രതീക്ഷിത പ്രതിസന്ധി സംജാതമാക്കി. കള്ളപ്പണം (ബ്ലാക് മണി) നിർമ്മാർജ്ജനം ചെയ്യലാണ് നോട്ടു നിരോധനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടിയത്. എന്നാൽ കള്ളപ്പണവുമായി ബന്ധപ്പെട്ട ചില മൗലികയാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ സർക്കാർ പരാജയപ്പെട്ടു. ഈ പരാജയം യാഥാർത്ഥ്യങ്ങൾ അറിയാത്തതുകൊണ്ടല്ല, അറിഞ്ഞുകൊണ്ടാണെന്നു മനസിലാക്കാൻ ഇപ്പോൾ നമുക്കു കഴിയുന്നു. കാരണം 2017–18ലെ റിസർവ് ബാങ്ക ഓഫ് ഇന്ത്യ (ആർബിഐ) യുടെ വാർഷിക റിപ്പോർട്ടനുസരിച്ച് (2018 ഓഗസ്റ്റ്) 99.3 ശതമാനം നിരോധിത നോട്ടുകൾ സെൻട്രൽ ബാങ്കിൽ തിരിച്ചെത്തുകയാണുണ്ടായത്. നിരോധിക്കപ്പെട്ട 15.30 ലക്ഷം കോടിരൂപയുടെ 0.7 ശതമാനമായ 10,720 കോടിരൂപ മാത്രമാണ് കേന്ദ്രബാങ്കായ ആർബിഐയിൽ തിരികെ എത്താനുള്ളത്. അതായത് നിർമ്മാർജ്ജനം ചെയ്യാൻ ലക്ഷ്യമിട്ട കള്ളനോട്ടുകൾ, നോട്ടുനിരോധനാനന്തരം വെള്ളപ്പണമായി മാറിയെന്നര്‍ത്ഥം. മാത്രവുമല്ല, നോട്ടുനിരോധനം സര്‍ക്കാരിന് ദുർവ്യയവും വരുത്തിവച്ചു. അസാധുവാക്കപ്പെട്ട നോട്ടുകൾക്കു പകരമായി വേണ്ടി വന്ന 200, 500, 2,000 എന്നീ കറൻസി പ്രിന്റ് ചെയ്യുന്നതിന് 7,965 കോടി പൊതു ഖജനാവിൽ നിന്ന് ചെലവഴിച്ചു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ നോട്ടുനിരോധനം നിലവിൽ വന്നത് 1946 ലായിരുന്നു. 1,000, 10,000 രൂപ നോട്ടുകൾ നിരോധിക്കപ്പെടുകയും പകരം പുതിയ 1,000, 5,000, 10,000 രൂപ നോട്ടുകൾ പ്രാബല്യത്തിൽ വരികയും ചെയ്തു. 1936 ലാണ് ഏറ്റവും മൂല്യമുള്ള തുകയ്ക്കുള്ള കറൻസിയായ പതിനായിരം രൂപ നിലവിൽ വന്നത്. 1954ൽ വീണ്ടുമത് പ്രാബല്യത്തിൽ വരികയുണ്ടായി. രണ്ടാമത്തെ നോട്ടുനിരോധനം വന്നത് 1978ലാണ്.

അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഈ നോട്ടുനിരോധനത്തെ ന്യായീകരിച്ചതും കള്ളപ്പണം തടയാൻ വേണ്ടിയുള്ള നടപടി എന്ന നിലയില്‍ തന്നെയാണ്. ദി ഹൈ ഡിനോമിനേഷൻ ബാങ്ക് ആക്ട് (ഡീമോണിറ്റൈസേഷൻ) നിയമം കൊണ്ടുവന്ന് 500, 1,000 നോട്ടുകൾ നിരോധിക്കുകയായിരുന്നു. നിരോധനങ്ങളെല്ലാം പരാജയമായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. കള്ളപ്പണമോ കള്ളനോട്ടുകളോ നമ്മുടെ സമ്പദ്മേഖലയിൽ നിന്ന് ഉന്മൂലനം ചെയ്യാൻ നോട്ടു നിരോധനങ്ങൾക്കു കഴിഞ്ഞില്ല എന്നു മാത്രമല്ല അത് സമ്പദ്മേഖലയിൽ സാരമായ പരിക്കുകൾ ഏല്പിക്കുകയും ചെയ്തു. ഇന്ത്യയിലെ നോട്ടുനിരോധനത്തിന്റെ ചരിത്രപാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാതെ മോഡി നടത്തിയ നോട്ടുനിരോധനം വൻ ദുരന്തമായി ഭവിച്ചു. നമ്മുടെ ധനമേഖലയിൽ 90 ശതമാനവും കറൻസി രൂപത്തിലാണ് വിനിമയം ചെയ്യപ്പെടുന്നത്. എന്നാൽ കള്ളപ്പണമാവട്ടെ കുറഞ്ഞ അളവിലാണ് കറൻസി രൂപത്തിൽ സമ്പാദിക്കപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുന്നത്. നല്ലൊരു ഭാഗം കള്ളപ്പണവും സ്വർണം, ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയ രൂപത്തിൽ ആണ് നിലനിൽക്കുകയും ബിനാമി ഇടപാടുകളായി ശേഖരിക്കപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോട്ടുനിരോധനം കള്ളപ്പണ വ്യവസ്ഥയെന്ന സമാന്തര സമ്പദ് വ്യവസ്ഥയിലെ വൻസ്രാവുകളെ പരിരക്ഷിക്കുകയും ചില ചെറുമത്സ്യങ്ങളെ മാത്രം പിടികൂടുകയും ചെയ്തു. മുതലാളിത്ത ധനശാസ്ത്രജ്ഞന്മാരിൽ ചിലർ നോട്ടുനിരോധനം നേട്ടമായി അവതരിപ്പിക്കുന്നതിന്റെ രഹസ്യം ഇതാണ്.

സമ്പദ് ശരീരത്തിന്റെ രക്തയോട്ടം പൊടുന്നനെ സ്തംഭിപ്പിക്കുന്ന വിനാശകരമായ ഒരു നടപടിയായിരുന്നു നോട്ടുനിരോധനം. അത് നിർമ്മാണ പ്രവർത്തനങ്ങളെയും റിയൽ എസ്റ്റേറ്റ് വ്യാപാരം, ടൂറിസം ട്രാവൽ മേഖലകൾ എന്നീ മേഖലകളിലെല്ലാം കനത്ത ആഘാതം സൃഷ്ടിച്ചു. ഇന്ത്യയിലെ ജനങ്ങളിൽ ബാങ്ക് അക്കൗണ്ട് അമ്പത് ശതമാനത്തിൽ താഴെ ആയിരിക്കെ ഉല്പാദന നിർമ്മാണ മേഖലയിൽ ഏർപ്പെട്ടിരുന്ന വലിയൊരു വിഭാഗത്തെ നോട്ടുനിരോധനം പ്രതികൂലമായി ബാധിച്ചു. ഉപഭോക്തൃചോദനം, ഉപഭോഗം, ക്രയശേഷി എന്നീ രംഗങ്ങളിലെല്ലാം നിർണായകമായ ഇടിവുണ്ടായത് നോട്ടുനിരോധനത്തെ തുടർന്നുണ്ടായ രണ്ടുവർഷങ്ങളിലാണെന്ന് ഓള്‍ ഇന്ത്യ ഡെബിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് സര്‍വേ കണ്ടെത്തുകയുണ്ടായി. ഗ്രാമീണ നഗരമേഖലകളിലെ കുടുംബങ്ങളുടെ വരുമാനം, ധനബാധ്യത തുടങ്ങിയവയെക്കുറിച്ച് വിവരശേഖരം നടത്തുന്ന ഏജൻസിയാണ് ഓള്‍ ഇന്ത്യ ഡെബിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് സര്‍വേ. പ്രധാനമായും സ്വയം തൊഴിൽ മേഖലയിൽ വർത്തിക്കുന്ന സാധാരണ കുടുംബങ്ങളുടെ കടബാധ്യത വർധിച്ചതാണ് പ്രതിസന്ധിയെ രൂക്ഷമാക്കിയതെന്ന് നാഷണൽ സാമ്പിൾ സർവേ (എന്‍എസ്‌ഐ) പുറത്തുവിട്ട പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതനുസരിച്ച് ഗ്രാമീണ കുടുംബങ്ങളുടെ ശരാശരി കടബാധ്യത 2012ൽ 32,522 ആയിരുന്നത് 2018ൽ 59,748 രൂപയായി ഉയർന്നു. കോവിഡ് കാലമാവുമ്പോഴേക്കും ഇതിൽ വലിയൊരു കുതിപ്പുതന്നെയുണ്ടായി.

ഇതേ കാലയളവിൽ നഗരപ്രദേശങ്ങളിലെ കുടുംബങ്ങളുടെ ശരാശരി ധനബാധ്യത 42 ശതമാനമായി ഉയർന്നു. അതായത് ഒരു നഗരകുടുംബത്തിന്റെ ശരാശരി കടബാധ്യത 2018 ആവുമ്പോഴേക്കും 1.20 ലക്ഷമായി വർധിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഉല്പാദനമേഖലകളെ വിശേഷിച്ചും അനൗപചാരിക സമ്പദ്മേഖലയെ (ഇന്‍ഫോര്‍മല്‍ ഇക്കോണമി)യും സാധാരണ ജനങ്ങളുടെ സ്വയം തൊഴിൽ മേഖലയെയും ആഴമേറിയ പ്രതിസന്ധിയിലാക്കുകയും ജനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുകയും ബാങ്കിങ് വ്യവസായത്തെ സ്തംഭിപ്പിക്കുകയും ചെയ്ത വിവേകരഹിതമായ പരിഷ്കാരമായിരുന്നു നോട്ടുനിരോധനം. വികലവും അശാസ്ത്രീയവുമായ ധനനടപടിക്കെതിരെ പാർലമെന്റ് ദിവസങ്ങളോളം സ്തംഭിച്ചു. അപ്പോഴെല്ലാം മോഡി ഗവണ്മെന്റിന്റെ വായ്ത്താരി നിരോധനത്തിന്റെ ലക്ഷ്യത്തിലേക്കു നടന്നടുക്കുവാൻ സമയം വേണ്ടിവരുമെന്നാണ്. ഇടതുപക്ഷപാർട്ടികൾ 2016 നവംബർ എട്ടിനെ ആക്രോശ ദിനമെന്നാണ് വിശേഷിപ്പിച്ചത്. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ വലിയ പ്രതിഷേധങ്ങൾക്കിടയിൽ അതായത് നവംബർ 10ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്: “നിങ്ങൾ അമ്പത് ദിവസത്തേക്കുകൂടി ക്ഷമിക്കൂ. നോട്ടുനിരോധനം കൊണ്ടുണ്ടായ എല്ലാ പ്രശ്നങ്ങളും അമ്പത് ദിവസത്തിനുള്ളിൽ പരിഹൃതമാകും, ഇല്ലെങ്കിൽ തന്നെ മുക്കാലിയിൽ തൂക്കിയിട്ട് തല്ലിക്കൊള്ളുക” എന്നായിരുന്നു. അമ്പതു ദിവസമല്ല അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ അപരിഹാര്യമായ പ്രതിസന്ധിയിൽ കൊണ്ട് ചെന്നെത്തിച്ചു. ജനജീവിതത്തെയും ഗുരുതരമായി ബാധിച്ചുവെന്നാണ് നോട്ടുനിരോധനത്തിന്റെ അഞ്ച് വർഷം പിന്നിടുമ്പോഴുള്ള യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തുന്നത്.

Exit mobile version