കലകളിൽവച്ച് ഏറ്റവും പ്രധാനപ്പെട്ടത് ചലച്ചിത്രകലയെന്ന് പറഞ്ഞത് സാക്ഷാൽ ലെനിൻ ആണ്. പുതിയ സാമൂഹ്യ ക്രമത്തിന്റെ തുടക്കത്തോടുകൂടി സിനിമയ്ക്ക് വലിയ ഭാവിയുണ്ടാകുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതേസമയം വാണിജ്യ താല്പര്യങ്ങൾ കടന്നുകൂടുകയാണെങ്കിൽ അതുണ്ടാക്കാൻ പോകുന്ന അപകടത്തെക്കുറിച്ചും ലെനിൻ ലോകത്തിന് മുന്നറിയിപ്പ് നൽകി. എന്നാൽ ലെനിൻ പ്രതീക്ഷിച്ചതുപോലെ സോഷ്യലിസ്റ്റ് സംസ്കാരത്തിന്റെ യഥാർത്ഥ കൈകളിൽ സിനിമ വന്നുപെട്ടില്ല. ഒരു കലാരൂപം എന്നതിലുപരി മൂലധനത്തിന്റെ കുത്തൊഴുക്കിൽ അഭിരമിച്ച സിനിമാരംഗം കച്ചവട കേന്ദ്രീകൃതമായ ഉള്ളടക്കത്തോടെ വളർന്നുപന്തലിച്ചു. ഇതിനൊപ്പം പ്രമുഖ നടൻമാർ ഉൾപ്പെടെയുള്ള ഒരു വലിയ സംഘത്തിന്റെ കൈകളിൽ കേരളത്തിലടക്കം സിനിമാരംഗം ഒരു മാഫിയാ സംസ്കാരത്തിന്റെ ശൈലിയിലേക്ക് നിപതിക്കുകയും ചെയ്തു.
തീർച്ചയായും മനുഷ്യമനസുകളിൽ മാറ്റമുണ്ടാക്കാൻ കഴിവുള്ള, സമൂഹത്തിൽ ഗുണകരമായ പരിവർത്തനം സാധ്യമാകുന്ന ഏറ്റവും ശക്തമായ കലാരൂപമാണ് സിനിമ. ഇത്തരത്തിൽ സിനിമയെ സമീപിച്ച നിരവധി മഹാൻമാരായ കലാകാരൻമാരും ഉണ്ടായിരുന്നു. എന്നാൽ പണം എല്ലാറ്റിന്റെയും കേന്ദ്രബിന്ദുവാകുകയും സിനിമയും പ്രതിഫലവും കോടികളുടെ കണക്ക് പറയാന്‍ തുടങ്ങുകയും ചെയ്തതോടെ ജീർണതകളും ശക്തമായി. ജനപ്രിയ ചേരുവകളിൽ താരമൂല്യം പടുത്തുയർത്തി താരരാജാക്കൻമാരായി വളർന്നവർ സിനിമയെ നിയന്ത്രിക്കാനും വേണ്ടപ്പെട്ടവർ അവര്‍ക്ക്ചുറ്റിലും ഉപഗ്രഹങ്ങളായി കറങ്ങാനും തുടങ്ങി. ഇതോടെ നടിമാർ മാത്രമല്ല സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേർ അടിച്ചമർത്തപ്പെട്ടവരായി മാറ്റപ്പെട്ടു. വിഗതകുമാരനിൽ നിന്നും ബാലനിൽ നിന്നും വർത്തമാനകാല സിനിമാ രംഗത്തേക്ക് എത്തുമ്പോൾ എഎംഎംഎ എന്ന പേരിലുള്ള സംഘടനയിലേക്കാണ് കാര്യങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നത്. നടീനടൻമാരുടെ ക്ഷേമകാര്യങ്ങൾക്കെന്ന പേരിൽ രൂപപ്പെട്ട സംഘടനയെ ഒരു വിഭാഗം നിയന്ത്രിക്കുകയും അവർ ദുർബലരായ മറ്റൊരു വിഭാഗത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ സജീവമാക്കി നിലനിർത്തുകയും ചെയ്യുന്നു.
മലയാള സിനിമയുടെ ചരിത്രം തന്നെ നായികയെ നിഷ്കാസിതയാക്കുന്നതിൽ നിന്നാണ് ആരംഭിക്കുന്നത്. പി കെ റോസി എന്ന നായികയ്ക്ക് നേരിട്ട അനുഭവങ്ങൾ തന്നെയാണ് മറ്റൊരു വിധത്തിൽ ഇന്നത്തെക്കാലത്തും നടിമാർ നേരിട്ടുകൊണ്ടിരുന്നത്. സവർണതയുടെ ധാര്‍ഷ്ട്യത്താല്‍ നിഷ്കാസിതയായ റോസിയെപ്പോലെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികളുടെ നിയന്ത്രണത്താല്‍ സിനിമകൾ നഷ്ടപ്പെട്ട് എത്രയോ നടീനടന്മാരാണ് ചലച്ചിത്ര ലോകത്ത് നിഷ്കാസനം ചെയ്യപ്പെട്ടത്. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന നിരവധി നടിമാർ ഉള്ളപ്പോൾ സിനിമാമേഖല എങ്ങനെ സ്ത്രീസൗഹൃദമല്ലെന്ന് പറയുമെന്ന സംശയം സ്വാഭാവികമായും ഉയരും. സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും പണയപ്പെടുത്താത്ത സ്ത്രീകൾ നിശബ്ദരാക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യപ്പെടുന്ന ഒരു മേഖല എങ്ങനെ സ്ത്രീസൗഹൃദമാവും എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം.
ദേശീയതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട നിരവധി അഭിനേത്രികൾ ഉണ്ടായിട്ടും ശ്രദ്ധേയ വേഷത്തിൽ വെള്ളിത്തിരയിലെത്തിയത് വളരെ കുറച്ചുപേർ മാത്രമാണെന്ന് കാണാം. സ്ത്രീകഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്ന ഒരുകാലത്തിന് ശേഷം താരചക്രവർത്തിമാരുടെ നിഴലിൽ കറങ്ങുന്ന വേഷങ്ങളിൽ നടിമാർ തളച്ചിടപ്പെട്ടു. നായകന്റെ ദ്വയാർത്ഥ പ്രയോഗങ്ങളും സ്ത്രീവിരുദ്ധതയുമെല്ലാം നിശബ്ദമായി കേട്ടിരിക്കുന്ന, അയാളുടെ വീര്യത്തിന് മുന്നിൽ അടിയറവ് പറയുന്ന വാർപ്പ് മാതൃകകളായും അവർ മാറ്റപ്പെട്ടു. ഇതേസമയം ദളിത് — സ്ത്രീ വിരുദ്ധതയും സവർണ ഹിന്ദുത്വ മൂല്യങ്ങളും അടയാളപ്പെട്ട് കിടക്കുന്ന ചിത്രങ്ങളിലൂടെ താരരാജാക്കൻമാർ അവരുടെ വിപണി മൂല്യം വർധിപ്പിച്ചുകൊണ്ടിരുന്നു.
വീണ്ടും വലിയൊരു മാറ്റം സമൂഹത്തിനൊപ്പം സിനിമയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. താരാധിപത്യത്തെ ഉൾപ്പെടെ തകർത്തെറിഞ്ഞുകൊണ്ടാണ് പുതിയ തലമുറ സിനിമയെടുക്കുന്നത്. ഈ കാലത്ത് തന്നെയാണ് നടിമാരുടെ ശബ്ദവും ഉയർന്നു തുടങ്ങിയത്. പല നടിമാരും എംഎംഎംഎയിൽനിന്ന് പിരിഞ്ഞുപോയപ്പോഴും സംഘടനയിൽ തുടരുകയായിരുന്നു നടി പാർവതി തിരുവോത്ത് ചെയ്തത്. തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്ത് നിന്നുകൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചുപേരെങ്കിലും വേണമെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ തുടർന്നതെന്നാണ് അവർ പിന്നീട് വ്യക്തമാക്കിയത്. എന്നാൽ അടിമുടി ജീർണിച്ച ഒരു സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടൊരു നവീകരണം സാധ്യമാവില്ലെന്ന് വ്യക്തമായതോടെ പാർവതിയും പടിയിറങ്ങി. പിന്നീട് നടന്നത് ചരിത്രം. സിനിമയിലെ താരാധിപത്യത്തിനെതിരെയും സ്ത്രീ വിവേചനത്തിനെതിരെയുമുള്ള പോരാട്ടത്തിന്റെ ശബ്ദമായിരുന്നു ഉയർന്നത്. ആ പോരാട്ടത്തിലാണ് അധികാരത്തിന്റെ കോട്ട കൊത്തളങ്ങൾ ഇപ്പോൾ ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.
വെള്ളിത്തിരയിലെ വീരകഥാപാത്രങ്ങൾക്കപ്പുറത്ത് പലരുടെയും മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ ജനം ഞെട്ടുകയാണ്. ഇത്തരമൊരു കമ്മിറ്റിയും റിപ്പോർട്ടുമെല്ലാം ആദ്യമാണെങ്കിലും സിനിമയിലെ കള്ളനാണയങ്ങളുടെ മുഖംമൂടികൾ വലിച്ചുചീന്താനുള്ള നീക്കം മുമ്പും ഉണ്ടായിട്ടുണ്ട്. അഭിനേതാവായും ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ഒരു കാലത്ത് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന കോട്ടയം ശാന്തയുടെ ആത്മകഥ ഒരു വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് പല പകൽമാന്യ വേഷങ്ങളും വലിച്ചുചീന്തപ്പെട്ടു. കെപിഎസി ലളിതയുടെ അഭിമുഖത്തിലും സമാനമായ ചില വെളിപ്പെടുത്തലുകൾ ഉണ്ടായി.
എല്ലാ സംസ്ഥാനങ്ങളിലും സിനിമാലോകത്തെ സ്ഥിതി കേരളത്തിൽ നിന്നും ഏറെ വ്യത്യസ്തമല്ല. തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾ ‘കാസ്റ്റിങ് കൗച്ച്’ പോലുള്ള അതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് പ്രമുഖ ചലച്ചിത്രതാരം സനം ഷെട്ടി കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ് ഗാനരചയിതാവായ വൈരമുത്തുവിനെതിരെ നിരവധി കലാകാരികളാണ് പലതവണയായി ലൈംഗികാരോപണം ഉന്നയിച്ചിട്ടുള്ളത്. കന്നഡ, തെലുങ്ക്, ഹിന്ദി മേഖലകളിലെല്ലാം ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റൊരു സംസ്ഥാനത്തും ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടായിട്ടില്ല. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷണവുമുണ്ടായിട്ടില്ല.
രാജ്യത്ത് മറ്റൊരു സംസ്ഥാനവും ചെയ്യാത്ത ധീരമായ നടപടിയിലൂടെ രൂപീകരിച്ച കമ്മിറ്റി റിപ്പോർട്ടാണ് തുറന്ന ചർച്ചയിലേക്കും നടപടിയിലേക്കും കടന്നത്. റിപ്പോർട്ടിന് പിന്നാലെ മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. രഞ്ജിത്ത് രാജിവയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് കൃത്യമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു നടി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെയാണ് എഎംഎംഎയുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവച്ചത്. നേരത്തെ നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിനെപ്പോലൊരു നടൻ ജയിലിലടയ്ക്കപ്പെട്ട സംഭവവും കേരളത്തിലുണ്ടായി. ഇത്തരത്തിൽ പരാതിയുയർന്ന സംഭവങ്ങളിലെല്ലാം നടപടിയുണ്ടായത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണ്.
ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയവരാരും ഇപ്പോഴും പുറത്ത് സംസാരിച്ചു തുടങ്ങിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാവുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുവന്നുകൊണ്ടിരിക്കുന്നത് പുറത്തുള്ള പലരുടെയും പരാതികളാണ്. ഇതിൽ പലതും നേരത്തെ തന്നെ ചർച്ചയായതും പിന്നീട് കെട്ടടങ്ങിയതുമാണ്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം വെളിപ്പെടുത്തലുകൾക്ക് ശക്തിവർധിച്ചു എന്നതാണ് പ്രധാന്യമാർഹിക്കുന്നത്. സിദ്ദിഖ്, മുകേഷ്, രഞ്ജിത്ത് എന്നിവരെക്കുറിച്ചെല്ലാം നേരത്തെ ഉയർന്ന പരാതികൾക്ക് കൂടുതൽ ശക്തിയുണ്ടായത് ഹേമ കമ്മിറ്റിയുടെ നേട്ടം തന്നെയാണ്.