Site iconSite icon Janayugom Online

പനാമ, പാരഡൈസ് വഴി പന്‍ഡോറയിലെത്തിയ സാമ്പത്തിക തട്ടിപ്പ്

pandora paperspandora papers

വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ച കള്ളപ്പണവും അനധികൃത സമ്പാദ്യവും സംബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് പുറത്തുവന്ന പന്‍ഡോറ പേപ്പേഴ്സുമായി ബന്ധപ്പെട്ട ഒടുവിലത്തെ വാര്‍ത്ത ഇക്വഡോര്‍ പ്രസിഡന്റ് ഗ്വില്ലര്‍മോ ലസോയുടെ സ്ഥാപനത്തിന്റെ പേരില്‍ നികുതി വെട്ടിപ്പ് നടന്നോ എന്നതിനെ കുറിച്ച് ആ രാജ്യത്തെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചുവെന്നതാണ്. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി യാകു പെരെസ് ഉന്നയിച്ച ആവശ്യത്തെതുടര്‍ന്നാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഈ പുതിയ വാര്‍ത്തയിലൂടെ പന്‍ഡോറ പേപ്പേഴ്സുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ കുറിച്ചുള്ള ഇന്ത്യന്‍ സാഹചര്യങ്ങളെ കുറിച്ച് പരിശോധിക്കുമ്പോള്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിന് പിന്നീടും നാം ഏറ്റവും അധികം ചര്‍ച്ച ചെയ്ത ഒരു വാഗ്ദാനത്തെ കുറിച്ചുതന്നെയാണ് ആദ്യം ഓര്‍മ്മയിലെത്തുക. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീര്‍ന്ന നരേന്ദ്രമോഡി നല്കിയതായിരുന്നു ആ വാഗ്ദാനം. ബിജെപിക്കാര്‍ ഇപ്പോള്‍ മറിച്ച് പറയുന്നതിനാല്‍ ആ വാഗ്ദാനം തര്‍ക്ക വിഷയവുമാണ്. വിദേശരാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണം കണ്ടെത്തി ഇന്ത്യയിലെത്തിച്ച് ഓരോ പൗരനും 15 ലക്ഷം രൂപ വീതം നല്കുമെന്നാണ് മോഡി പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം പ്രക്ഷേപണം നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ദേശീയ മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കാനാവുക.

ഇപ്പോള്‍ ബിജെപിക്കാര്‍ അത് തിരുത്തിപ്പറയുന്നുണ്ട്. മോഡി അങ്ങനെയല്ല പറഞ്ഞതെന്നാണ് അവര്‍ വാദിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണം ‘കണ്ടെത്തിയാല്‍’ അത് ഇന്ത്യയിലെ ഓരോ പൗരനും 15 ലക്ഷം രൂപ വീതം നല്കാവുന്ന തുക വരുമെന്ന് മോഡി പറഞ്ഞുവെന്നാണ് അവര്‍ വിശദീകരിക്കുന്നത്. നമുക്ക് തല്ക്കാലം ആദ്യത്തെ വാദം മാറ്റിവച്ച് ബിജെപിക്കാരുടെ വാദം സ്വീകരിക്കാം.  2013 നവംബര്‍ ഏഴിന് ഛത്തീസ്ഗഢിലെ കാന്‍കര്‍ എന്ന സ്ഥലത്തുനടന്ന പൊതുസമ്മേളനത്തിലാണ് മോഡി ഇത്തരമൊരു പ്രസംഗം നടത്തിയത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്. അതില്‍ നല്കിയിരിക്കുന്ന വാഗ്ദാനം ബിജെപിക്കാര്‍ പറയുന്നതനുസരിച്ച് വ്യാഖ്യാനിച്ചാല്‍ പോലും മോഡിയുടെ വാക്കുകളും ബിജെപിക്കാരുടെ വിശദീകരണവും അവസരവാദപരമാണെന്ന് കണ്ടെത്താവുന്നതാണ്. എതിരാളികള്‍ ആരോപിക്കുന്നതുപോലെ ആളുകളെ പറ്റിക്കുവാനുള്ള കപട വാഗ്ദാനമായിരുന്നുവെന്ന് അംഗീകരിക്കാവുന്നതുമാണ്.

 


ഇതുംകൂടി വായിക്കാം;പന്‍ഡോറ പേപ്പേഴ്സ്: വസ്തുതകള്‍ പുറത്തുവരണം


മോഡിയുടെ അന്നത്തെ പ്രസംഗത്തില്‍, വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണം ‘കണ്ടെത്തിയാല്‍’ അത് ഇന്ത്യയിലെ ഓരോ പൗരനും 15 ലക്ഷം രൂപ വീതം നല്കാവുന്ന തുകവരും’ എന്ന് മോഡി പറഞ്ഞതായാണ് ബിജെപിക്കാര്‍ പ്രചരിപ്പിക്കുന്നത്. ബിജെപിക്കാരുടെ ഈ വിശദീകരണത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഊന്നിപ്പറയേണ്ട ഒരു വാക്കുണ്ട്. ‘കണ്ടെത്തിയാല്‍’ എന്നതാണ് ആ വാക്ക്. വിദേശത്തുള്ള കള്ളപ്പണം കണ്ടെത്തേണ്ടതാണ് എന്നതില്‍ ബിജെപിക്കാര്‍ക്കുമാത്രമല്ല ആര്‍ക്കും തര്‍ക്കമില്ല. കണ്ടെത്തേണ്ട ചുമതല അതതു കാലത്ത് രാജ്യം ഭരിക്കുന്നവരുടേതാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഏഴുവര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇവിടെയെത്തിച്ച കള്ളപ്പണം (ആര്‍ക്കൊക്കെ 15 ലക്ഷം വീതം നല്കിയെന്നതിന്റെ കണക്ക് പറയേണ്ടതില്ല. ബാങ്ക് അക്കൗണ്ടിലേയ്ക്ക് തെറ്റി എത്തിയ തുക മോഡി അയച്ചതാണെന്ന് പറഞ്ഞ് തിരിച്ചുനല്കുവാന്‍ മടികാട്ടിയ കര്‍ഷകനുണ്ടല്ലോ, മോഡിയെ അത്രമേല്‍ പരിഹസിക്കുകയായിരുന്നുവെന്ന് തിരിച്ചറിയുവാന്‍ പോലും ആകുന്നില്ലല്ലോ ബിജെപിക്കാര്‍ക്ക് എന്ന് സഹതപിക്കുകയും ചെയ്യാം) ആകെ എത്ര ലക്ഷം കോടിയാണെന്ന് വെളിപ്പെടുത്തിയാല്‍ തന്നെ ഇക്കാര്യത്തില്‍ ആരാണ് കള്ളം പറയുന്നതെന്ന തര്‍ക്കം അവസാനിപ്പിക്കാവുന്നതാണ്. അതുണ്ടായില്ല എന്നതുകൊണ്ടാണ് തര്‍ക്കം തുടരേണ്ടി വരുന്നത്.

ഈ പശ്ചാത്തലത്തിലാണ് പന്‍ഡോറ പേപ്പേഴ്സ് വെളിപ്പെടുത്തലുകള്‍ പ്രസക്തമാകുന്നത്.  വാഷിങ്ടണ്‍ ആസ്ഥാനമായുള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റി (ഐസിഐജെ) നുവേണ്ടി 150 മാധ്യമസ്ഥാപനങ്ങളിലെ 700 ലധികം മാധ്യമ പ്രവര്‍ത്തകരടങ്ങിയ സംഘം പനാമ, മൊണാകോ, സ്വിറ്റ്സര്‍ലന്‍ഡ്, കേയ്‌മാന്‍ ദ്വീപുകള്‍ തുടങ്ങിയ ഇടങ്ങളിലെ രഹസ്യ നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകളാണ് സമാഹരിച്ചത്. ഒളിച്ചുവയ്ക്കപ്പെട്ട സമ്പാദ്യം, നികുതി വെട്ടിപ്പ്, അനധികൃത പണമിടപാട് എന്നിവ നടത്തിയ ആയിരക്കണക്കിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ 1.20 ലക്ഷം രേഖകളാണ് പന്‍ഡോറ പേപ്പേഴ്സിലൂടെ പുറത്തുവന്നത്.  ഇന്ത്യയില്‍നിന്ന് പ്രമുഖരും സാമ്പത്തിക കുറ്റവാളികളുടെ ബന്ധുക്കളും ഉള്‍പ്പെടെ നാനൂറോളം പേരാണ് പട്ടികയിലുള്ളതെന്നാണ് ഇന്ത്യന്‍ എക്സ്‌പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളിലുള്ളത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്നിലുള്ള അനില്‍ അംബാനി, ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട നീരവ് മോഡിയുടെ സഹോദരി പുര്‍വി മേത്ത, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് ബ്രിട്ടീഷ് പൗരനായ ജോണ്‍ മെക്കല്ലം മാര്‍ഷല്‍ ഷാ, കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ, കോക്സ് ആന്റ് കിങ്സിന്റെ അജിത് കേര്‍ക്കര്‍, കോണ്‍ഗ്രസ് നേതാവായിരുന്ന കമല്‍നാഥിന്റെ മകന്‍ ബകുല്‍ നാഥ്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കുറ്റാരോപിതനാവുകയും അനധികൃത പണമിടപാട്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത രാജീവ് സക്സേന തുടങ്ങിയവരുടെ പേരുകളാണ് ഇതിനകം പുറത്തെത്തിയിട്ടുള്ളത്. ഇന്ത്യയിലും വിദേശത്തും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് ഇതില്‍ പലരും. നീരവ് മോഡിയെന്ന തട്ടിപ്പുകാരന്‍ നാടുവിടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ സഹോദരി പൂര്‍വി മേത്ത വിദേശ നിക്ഷേപം നടത്തിയതും രാജീവ് സക്സേന വിദേശ കമ്പനിയില്‍ ഓഹരികള്‍ നേടിയെടുത്തതും കേവലം സാമ്പത്തിക ഇടപാട് മാത്രമാണെന്ന് കരുതുക വയ്യ. ഈ വിധത്തില്‍ വിദേശത്ത് കള്ളപ്പണ നിക്ഷേപവും അനധികൃത സമ്പാദ്യവും നികുതി വെട്ടിപ്പുകളുമാണ് വെളിച്ചത്തുവന്നിരിക്കുന്നത്. ലോകത്താകെയുള്ള മുന്നൂറിലധികം രാഷ്ട്രീയ നേതാക്കളുടെ പേരുകളും പട്ടികയിലുണ്ടെന്ന് വാര്‍ത്തകളില്‍ ഉണ്ടെങ്കിലും അവയില്‍ പലതും ഇനിയും പുറത്തെത്താനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ എത്ര ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി അറിയണമെങ്കില്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.

 

ഇതുംകൂടി വായിക്കാം; പാന്‍ഡോറ നികുതിവെട്ടിപ്പുകളുടെ ചുരുളഴിയുമ്പോള്‍ | Pandora Papers

പന്‍ഡോറ പേപ്പേഴ്സിലെ വിവരങ്ങള്‍ പുറത്തുവന്നയുടന്‍തന്നെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. കഴിഞ്ഞയാഴ്ച ഈ അന്വേഷണസംഘം യോഗം ചേരുകയും കൂടുതല്‍ വിവരങ്ങള്‍ സമാഹരിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നടപടികള്‍ സംശയാസ്പദമാക്കുന്നതിന് നിര്‍വാഹമില്ല. പക്ഷേ ഇതിന് മുമ്പ് പ്രഖ്യാപിച്ച അന്വേഷണങ്ങളും കൈക്കൊണ്ട നടപടികളും എന്തൊക്കെയാണെന്ന് പരിശോധിക്കുമ്പോള്‍ ഇതിന്റെ ഭാവിയെകുറിച്ചും ഊഹിക്കാവുന്നതേയുള്ളൂ.  പനാമ പേപ്പറിലും പാരഡൈസ് പേപ്പറിലും പേരുവന്ന കള്ളപ്പണ നിക്ഷേപകര്‍ക്കോ അനധികൃത സമ്പാദ്യക്കാര്‍ക്കോ നികുതി വെട്ടിപ്പുകാര്‍ക്കോ എതിരെ എന്തെങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകുകയാണ് ഉണ്ടായത്.
രാജ്യത്ത് നടന്ന വന്‍കിട ബാങ്ക് തട്ടിപ്പുകളുടെ കണക്ക് ഇതാണ് വ്യക്തമാക്കുന്നത്. 2014ല്‍ 4,306 ബാങ്ക് തട്ടിപ്പുകളാണ് നടന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 7,400 ആണ്. അതിന് മുമ്പുള്ള വര്‍ഷം അതായത് 2019 ല്‍ 8700 കേസുകളാണ് റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം ഉണ്ടായത്. 2015ല്‍ 4,639, 2016ല്‍ 4,693, 2017ല്‍ 5,076, 2018ല്‍ 5,916 എന്നിങ്ങനെ തട്ടിപ്പുകളുണ്ടായി. കര്‍ശന നടപടികള്‍ക്ക് പകരം ഉദാരസമീപനങ്ങളാണ് വന്‍കിടക്കാരുടെ തട്ടിപ്പുകളോട് സ്വീകരിക്കപ്പെട്ടത് എന്നതുകൊണ്ടല്ലാതെ ഇത്തരം കേസുകള്‍ വര്‍ധിക്കുവാന്‍ മറ്റെന്ത് കാരണമാണ് കണ്ടെത്തുക.

നിയമപരമായ പരിമിതികളാണ് വിദേശ രാജ്യങ്ങളിലെ ബാങ്കുകളുടെയും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ട്രസ്റ്റുകളുടെയും പേരില്‍ നടക്കുന്ന ഇത്തരം ഇടപാടുകള്‍ക്കെതിരെ നടപടികളെടുക്കുന്നതിനുള്ള വിഘാതമായി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ അത്തരം പരിമിതികളെ മറികടക്കുന്നതിനുള്ള ശ്രമങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്നതുതന്നെ അവരുടെ നിലപാടുകള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നുണ്ട്. യുഎസ് പൗരന്മാരുടെ ഇത്തരം ഇടപാടുകള്‍ പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി ഫോറിന്‍ അക്കൗണ്ട് കംപ്ലയന്‍സ് ആക്ട് എന്ന പേരിലുള്ള നിയമസംവിധാനമാണ് ഉപയോഗിക്കുന്നത്. പ്രസിഡന്റിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്ന ഇക്വഡോറിലാകട്ടെ നികുതി വെട്ടിക്കുന്നതിനായി വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നത് വിലക്കിക്കൊണ്ട് 2017 ല്‍ നിയമമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് ഗ്വില്ലര്‍മോയ്ക്കെതിരെ അന്വേഷണം നടക്കുന്നത്.  ഇതിനൊക്കെ സമാനമായ നിയമനിര്‍മ്മാണങ്ങളോ അല്ലെങ്കില്‍ അന്താരാഷ്ട്രതലത്തിലുള്ള സംവിധാനങ്ങളോ ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിനും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണ്. അതേകുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് മാത്രമല്ല സാമ്പത്തിക കുറ്റവാളികള്‍ക്ക് സഹായംചെയ്യുന്ന സമീപനമാണ് ബിജെപി സര്‍ക്കാരുകളില്‍ നിന്നും നേതാക്കളില്‍ നിന്നും ഉണ്ടാകുന്നത്. കള്ളപ്പണം കണ്ടെത്തുന്നതിന് എന്ന പേരില്‍ പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ മറവില്‍ തങ്ങളുടെ സ്ഥാപനങ്ങളെ മറയാക്കി വെളുപ്പിച്ചകള്ളപ്പണത്തിന്റെയും നിയമപരമാക്കി മാറ്റിയ നിരോധിത നോട്ടുകളുടെയും കണക്കുകള്‍ പരിശോധിച്ചാല്‍തന്നെ ഇത് വ്യക്തമാകും. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരോ ബിജെപിയോ പന്‍ഡോറ പേപ്പേഴ്സിന്റെ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നത് തെറ്റായിരിക്കും.

Exit mobile version