Site iconSite icon Janayugom Online

അമേരിക്കയും മധ്യകിഴക്കൻ രാജ്യങ്ങളിലെ സംഘർഷ ചരിത്രവും

ഴിഞ്ഞ 50 വർഷങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, മനുഷ്യരക്തത്തിന്റെ ഇരുണ്ട പാടുകൾ പതിപ്പിച്ച ഏറ്റവും വിനാശകരമായ യുദ്ധങ്ങളിൽ ഒന്നായി 1980ലെ ഇറാൻ – ഇറാഖ് യുദ്ധം തെളിഞ്ഞുനിൽക്കുന്നു. എട്ട് വർഷം നീണ്ടുനിന്ന ഈ രക്തരൂക്ഷിത യുദ്ധത്തിന്റെ പ്രതിധ്വനി ഇന്നും മധ്യപൂര്‍വ ദേശത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. യുദ്ധം ആ പ്രദേശത്തിന്റെ മുഴുവൻ രാഷ്ട്രീയ സന്തുലിതാവസ്ഥ തന്നെ മാറ്റി മറിച്ചു. ഇന്ന് മിഡിൽ ഈസ്റ്റിൽ കാണുന്ന മിക്ക പ്രശ്നങ്ങളുടെയും തുടക്കം 1980ലെ യുദ്ധമാണ്. ചരിത്രം നോക്കിയാൽ ആദ്യകാലത്ത് അമേരിക്കയും ഇറാനും നല്ല സൗഹൃദത്തിലുള്ള രാജ്യങ്ങളായിരുന്നു.

ബ്രിട്ടനും, റഷ്യയും സ്വാധീനം ചെലുത്താൻ ശ്രമിച്ചപ്പോൾ, ഒരു മൂന്നാം ശക്തി എന്ന നിലയിൽ ഇറാൻ അമേരിക്കയുടെ സഹായം തേടി. അക്കാലത്ത് അമേരിക്കൻ കമ്പനികളായിരുന്നു ഇറാനിലെ എണ്ണയുല്പാദനമേഖല നിയന്ത്രിച്ചിരുന്നത്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിൽ ഒരാളായിരുന്നു മുഹമ്മദ് മൊസാദെക് (1882–1967). 1951ൽ അദ്ദേഹം ഇറാന്റെ പ്രധാനമന്ത്രിയായി. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ഇറാന്റെ എണ്ണസമ്പത്ത് അദ്ദേഹം ദേശസാൽക്കരിച്ചു. ആംഗ്ലോ — ഇറാനിയൻ ഓയിൽ കമ്പനിയുടെ (ഇന്നത്തെ ബിപി) കുത്തക അവസാനിപ്പിച്ച ഈ നടപടി അദ്ദേഹത്തെ ഇറാന്റെ ദേശീയ നായകനാക്കി.

ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. ഇതായിരുന്നു എല്ലാറ്റിനും തുടക്കം കുറിച്ചത്. പിന്നീട് ഷായുടെ ഭരണകാലത്ത് ഇറാൻ, അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി. അമേരിക്കൻ‑പാശ്ചാത്യ നയങ്ങൾ നടപ്പാക്കിയ ഷായെ അമേരിക്കയുടെ അടിമയായി ഇറാനിലെ ജനങ്ങൾ കണക്കാക്കി. അതിനെതിരെ പ്രതിഷേധം ശക്തമാവുകയും, അത് ഇസ്ലാമിക വിപ്ലവമായി വളർന്ന്, 1979 ഫെബ്രുവരി 11ന് ഷായെ പുറത്താക്കുകയും, ആയത്തൊള്ള ഖൊമേനി ഇറാന്റെ നേതാവാകുകയും ചെയ്തു. പുതിയ ഭരണകൂടം ഷിയ മുസ്ലിങ്ങളുടെ നേതൃത്വത്തിലുള്ളതും, പാശ്ചാത്യ ശക്തികൾക്കെതിരെ കടുത്ത വിരോധ നിലപാടുള്ളതുമായിരുന്നു. ഇറാന്‍ ഭരണകൂടം റേഡിയോ സന്ദേശങ്ങൾ വഴി സമീപ ദേശങ്ങളിലെ ജനങ്ങളെയും ജനകീയ വിപ്ലവത്തിനായി പ്രേരിപ്പിച്ചു. ഈ ആഹ്വാനം പല അറബ് ഭരണാധികാരികളുടെയും ഹൃദയത്തിൽ ഭയം വിതച്ചു. സൗദി അറേബ്യയിലെ രാജാവ് തന്റെ ഭാവിയില്‍ ആശങ്കാകുലനായി. ഇറാഖ് ഭരണാധികാരിയായ സദ്ദാം ഹുസൈനും ഭീഷണി കണ്ടു. എന്നാൽ ഭയത്തിനൊപ്പം സദ്ദാം ഒരു അവസരവും കണ്ടെത്തി. വർഷങ്ങളായി ഇറാനും ഇറാഖും തമ്മിൽ അതിർത്തിത്തർക്കം നിലനിന്നിരുന്നു.

ഇറാനിലെ വിപ്ലവം ആ രാജ്യത്തെ അസ്ഥിരമാക്കിയതോടെ ഒരു സുവർണാവസരം കിട്ടിയതായി സദ്ദാമിന് തോന്നി. മുമ്പ് അമേരിക്കയുടെ സഹായത്തോടെ ശക്തമായിരുന്ന ഇറാൻ സൈന്യം വളരെ ദുർബലമായിരുന്നു. പല കമാൻഡർമാരും തടവിലോ, വധശിക്ഷയ്ക്ക് വിധേയരാവുകയോ ചെയ്തിരുന്നു. ഇത് ഏറ്റവും അനുയോജ്യമായ സമയം തന്നെയെന്ന് സദ്ദാം കരുതി. ഇറാനെ ആക്രമിച്ചാൽ മുഴുവൻ അറബ് ലോകവും തന്നെ പിന്തുണയ്ക്കും എന്നും, താൻ അറബ് ലോകത്തിന്റെ നേതാവായി ഉയരും എന്നും അദ്ദേഹം വിശ്വസിച്ചു. 1980 ഡിസംബർ 22ന് ഇറാഖ് വ്യോമസേന ഇറാനിലെ എയർബേസുകളിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി. അതേ സമയം തന്നെ 10,000 ഇറാഖ് സൈനികർ ബസ്റ കടന്ന് തെക്കൻ ഇറാനിലേക്ക് കടന്നു. എന്നാൽ വിപ്ലവത്തിന് മുമ്പ് അമേരിക്ക നൽകിയ ആധുനിക യുദ്ധവിമാനങ്ങൾ ഇറാന്റെ കൈവശമുണ്ടായിരുന്നു. ഇറാൻ വ്യോമസേന ഇറാഖിന്റെ എണ്ണപ്പാടങ്ങളില്‍ ബോംബാക്രമണം നടത്തി. എണ്ണപ്പാടങ്ങൾ തീയിൽ മൂടപ്പെട്ടു.

യുദ്ധത്തിന്റെ ആഘാതം പ്രദേശമെങ്ങും വ്യാപിച്ചു. ഇത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്ന പരിധി കടന്നു. വിദേശ ശക്തികൾ നിഴലുകളിൽ നിന്ന് കളത്തിലിറങ്ങി. ആദ്യം ഇടപെട്ടത് ഇസ്രയേലായിരുന്നു. ഇരുരാജ്യങ്ങളും യുദ്ധത്തിൽ തുടരണം എന്നായിരുന്നു ഇസ്രയേലിന്റെ താല്പര്യം. ഇരുവരെയും ശത്രുക്കളായി കണ്ടിരുന്നെങ്കിലും ഇറാഖിനെ തങ്ങൾക്കുള്ള ഏറ്റവും വലിയ ഭീഷണിയായി കണ്ടതിനാൽ, ഇസ്രയേൽ രഹസ്യമായി ഇറാനിലേക്ക് ആയുധങ്ങളെത്തിച്ചു. 1981 അവസാനം വരെ യുദ്ധം പ്രധാനമായും അതിർത്തി മേഖലകളിൽ തന്നെ കേന്ദ്രീകരിച്ചു. ചിലപ്പോൾ ഇറാഖ് മുന്നേറുകയും, ഇടയ്ക്ക് ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ലോകരാജ്യങ്ങളുടെ സമ്മർദം വർധിച്ചു. ആഗോള ശക്തികൾ ലോകവിപണിയിൽ എണ്ണവിതരണം സ്ഥിരപ്പെടുത്താൻ വേണ്ടി രണ്ടു രാജ്യങ്ങളുടെ മേലും വെടിനിർത്തലിന് സമ്മർദം ചെലുത്തി. ഇത് വെറും തുടക്കമായിരുന്നു. സദ്ദാം വെടിനിർത്തലിന് സമ്മതിച്ചെങ്കിലും, ഖൊമേനി നിരസിച്ചു. അതോടെ സദ്ദാം ഹുസൈൻ സഹായത്തിനായി അറബ് രാജ്യങ്ങളെയും അമേരിക്കയെയും സമീപിച്ചു. ഇതിനായി കാത്തിരുന്ന അമേരിക്ക വേഗത്തിൽ പ്രതികരിച്ചു.

അവർ ഇറാന്റെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇറാഖുമായി പങ്കുവയ്ക്കാൻ തുടങ്ങി. ഇതിനിടെ യുദ്ധത്തിലേക്ക് മറ്റൊരു വൻശക്തി കൂടി കടന്നുവന്നു — സോവിയറ്റ് യൂണിയൻ. ഇതോടെ ശീതയുദ്ധത്തിൽ പരസ്പരം എതിരാളികളായിരുന്ന രണ്ട് മഹാശക്തികൾ — അമേരിക്കയും, സോവിയറ്റ് യൂണിയനും — ഒരേ രാജ്യത്തെ പിന്തുണയ്ക്കുന്ന വിചിത്ര അവസ്ഥ രൂപപ്പെട്ടു. വടക്കൻ ഇറാഖിലെ കുർദ് ജനതയും യുദ്ധമുഖത്തേക്ക് വന്നു. വർഷങ്ങളായി സദ്ദാമിന്റെ ഭരണത്തിൽ പീഡനം അനുഭവിച്ചിരുന്ന ഈ ന്യൂനപക്ഷം, ഇറാഖിൽ നിന്ന് മോചനത്തിനുള്ള അവസരമായി കണ്ടു. ഇറാഖ് സൈന്യത്തിനെതിരെ കലാപം ആരംഭിച്ചു; ഇറാൻ പിന്തുണയ്ക്കുകയും ചെയ്തു. സദ്ദാമിന്റെ സൈന്യം ഒരേ സമയം അതിർത്തിയിൽ രണ്ട് മുന്നണികളിൽ കുടുങ്ങി.

1985ൽ യുദ്ധം കൂടുതൽ ക്രൂരമായി. കുർദ് കലാപം ശക്തിപ്രാപിച്ചപ്പോൾ, ലോകം പ്രതീക്ഷിക്കാത്ത ഒരു നീക്കം സദ്ദാം നടത്തി. അവർക്കെതിരെ രാസായുധങ്ങൾ ഉപയോഗിച്ചു. ആ രാസായുധങ്ങൾ അമേരിക്ക നല്‍കിയവയായിരുന്നു. മറുവശത്ത് അവര്‍ ഇറാന് യുദ്ധത്തിനായി മിസൈലുകളും വില്പന നടത്തി. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ രഹസ്യ ദൗത്യം, പിന്നീട് ‘ഇറാൻ‑കോൺട്രാ അഫയേഴ്സ്’ എന്ന പേരിൽ പുറത്തുവന്നു. 1988ൽ പേർഷ്യൻ ഉൾക്കടലിൽ, ഇരുരാജ്യങ്ങളും പരസ്പരം എണ്ണക്കപ്പലുകൾ ലക്ഷ്യമാക്കി യുദ്ധം വ്യാപിപ്പിച്ചു. ഭയന്ന കുവൈറ്റ്, അവരുടെ എണ്ണക്കപ്പലുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയെ സമ്മർദത്തിലാക്കി. മറുപടിയായി അമേരിക്ക തങ്ങളുടെ നാവികസേനയെ ഉൾക്കടലിലേക്ക് വിന്യസിച്ചു. ഇതിനിടെ വടക്ക് ഇറാൻ സൈന്യവും, കുർദ് പോരാളികളും ചേർന്ന് ഇറാഖിലെ ഹലബ്ജ നഗരം പിടിച്ചടക്കി. പ്രതികാരമായി ഇറാഖ് സൈന്യം ഭീകരമായ രാസ ബോംബാക്രമണം നടത്തി. ഹലബ്ജയില്‍ മാത്രമല്ല, ചുറ്റുമുള്ള കുർദ് പ്രദേശങ്ങളിലാകെ ആക്രമണം വളരെ ക്രൂരമായിരുന്നു. അരലക്ഷം മുതൽ ഒരുലക്ഷം വരെ ആളുകൾ കൊല്ലപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു.

ഈ സംഭവങ്ങൾ ഇറാനിൽ വ്യാപക ഭയം സൃഷ്ടിച്ചു. ഇറാനിയൻ നഗരങ്ങളെയും ഇറാഖ് ലക്ഷ്യമാക്കുമോ എന്ന ആശങ്ക ഉയർന്നു. എട്ട് വർഷത്തെ യുദ്ധം ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർത്തിരുന്നു. ഏകദേശം 10 ലക്ഷം ജീവൻ നഷ്ടപ്പെട്ടു. ഇതിനിടെ ഐക്യരാഷ്ട്രസഭ വെടിനിർത്തലിന് ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. ഖൊമേനിക്കു മേൽ സമ്മർദം കടുത്തു. ഒടുവിൽ 1988 ഓഗസ്റ്റ് 20ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. അതിർത്തികൾ മാറ്റമില്ലാതെ യുദ്ധം അവസാനിച്ചു. പക്ഷേ മിഡിൽ ഈസ്റ്റിന്റെ ഭാവി ശാശ്വതമായി മാറി. യുദ്ധത്തിന് ശേഷം അമേരിക്ക, മിഡിൽ ഈസ്റ്റ് പ്രദേശത്ത് ആഴത്തിൽ ഇടപെട്ട ശക്തിയായി. ജീവൻ നിലനിർത്താൻ ആണവ ശക്തിയാകേണ്ടതുണ്ടെന്ന് ഇറാൻ തിരിച്ചറിഞ്ഞതും ഈ യുദ്ധത്തിനു ശേഷമാണ്. മറുവശത്ത് ഇറാഖും തകർന്നിരുന്നു.

2003ൽ രാസായുധങ്ങൾ തേടി അമേരിക്ക ഇറാഖിനെ വീണ്ടും ആക്രമിച്ചു. അതേ ആയുധങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ ഇറാഖിന് നേരത്തേ നൽകിയതും അമേരിക്ക തന്നെയായിരുന്നു. ഇറാഖ് മുഴുവൻ തകർത്തിട്ടും അത്തരം ആയുധങ്ങൾ അമേരിക്കയ്ക്ക് കണ്ടെത്താനായില്ല. യുദ്ധം നടത്താനുള്ള അമേരിക്കയുടെ ഒരു വ്യാജം മാത്രമായിരുന്നു അതെന്ന് വ്യക്തമായി. ഇറാൻ–ഇറാഖ് യുദ്ധം ഭൂപ്രദേശ രാഷ്ട്രീയത്തെക്കുറിച്ചുള്ള സത്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ചിലരുടെ അഭിമാനത്തിനോ, താല്പര്യങ്ങൾക്കോ വേണ്ടി ലക്ഷക്കണക്കിന് ജീവൻ നഷ്ടപ്പെട്ടാലും, അധികാരകേന്ദ്രങ്ങൾക്ക് അത് നിസാരമാണ്. യുദ്ധം നമ്മെ പഠിപ്പിക്കുന്നത് കഠിനമായ സത്യങ്ങളാണ്. രാജ്യങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ, പലപ്പോഴും നിഴലുകളിൽ മറ്റൊരു കളിക്കാരൻ ഉണ്ടാകും. ചിലപ്പോൾ ശക്തിപ്രതീക്ഷയുള്ള രാഷ്ട്രങ്ങൾ, ചിലപ്പോൾ ആയുധ വ്യാപാരത്തിന്റെ ലാഭം തേടുന്ന കമ്പനികൾ. ചരിത്രം മിണ്ടാതിരിക്കില്ല; അത് ആവർത്തിച്ച് നമുക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു.

Exit mobile version