കേരളത്തിന്റെ സമസ്ത ജീവിതമേഖലകളെയും ആഴത്തിൽ സ്പർശിച്ച കേരളീയ നവോത്ഥാന മുന്നേറ്റ സമരങ്ങളും സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങളും 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ ആരംഭിച്ചിരുന്നു. നൂറ്റാണ്ടുകളായി സമൂഹത്തിൽ വേരുറച്ചു നിന്നിരുന്ന ജാത്യാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയ്ക്കും സവർണാധികാരത്തിനുമെതിരെ ആരംഭിച്ച ജാതിവിരുദ്ധ അവർണ നവോത്ഥാന പ്രസ്ഥാനങ്ങൾ വൻ ശക്തിയാർജിക്കുന്നത് ആ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. അക്കാലത്ത് കേരളീയസമുഹം പാരമ്പര്യബദ്ധവും ആചാരബദ്ധവുമായി മിക്കവാറും ചലനരഹിതമായി കിടക്കുകയായിരുന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ബ്രഹ്മാനന്ദ ശിവയോഗി, അയ്യൻകാളി, വാഗ്ഭടാനന്ദൻ, ടി കെ മാധവൻ, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, ആനന്ദതീർത്ഥർ, കുറുമ്പൻ ദൈവത്താൻ, വേലുക്കുട്ടി അരയൻ, കെ പി കറുപ്പൻ, കാവാരികുളം കണ്ടൻകുമാരൻ തുടങ്ങിയവരുടെ കാലമായപ്പോഴേക്കും ഈ അവർണ നവോത്ഥാന പ്രസ്ഥാനം ശക്തമായൊരു ധാരയായി. സമൂഹത്തിലെ കീഴാള ജനങ്ങൾ നടത്തിയ ഇത്തരം മുന്നേറ്റങ്ങൾ തികച്ചും നൈതികവും ജാതിവിരുദ്ധവും മതനിരപേക്ഷപരവുമായിരുന്നു. ശ്രേണീകൃതമായ ജാതിവ്യവസ്ഥയ്ക്കും സവർണ ജാത്യാചാരങ്ങൾക്കും ബ്രാഹ്മണ്യാധികാരത്തിനുമെതിരെ ശക്തിപ്രാപിച്ച ഈ ജനകീയ നവോത്ഥാന മുന്നേറ്റത്തിനു ധൈഷണിക ഭൂമിയൊരുക്കിയ അദ്വിതീയനായ നവോത്ഥാന നായകനായിരുന്നു ചട്ടമ്പിസ്വാമികൾ.
ഉത്തരേന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നും കേരളീയ നവോത്ഥാനത്തെ വ്യതിരിക്തമാക്കുന്ന സവിശേഷ ഘടകം അതിന്റെ അവർണജാതി മുന്നേറ്റവും ഉയിർത്തെഴുന്നേല്പുമാണ്. ജാതിഘടനയും ജാത്യാചാരങ്ങളും ജാതീയ വിവേചനങ്ങളും ഏറ്റവും ക്രൂരമായ രീതിയിൽ ഇവിടെ നിലനിന്നിരുന്നു. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെയും അധികാരബന്ധങ്ങളുടെയും അടയാളങ്ങൾ വസ്ത്രധാരണത്തിലും ആഹാരത്തിലും ഭാഷയിലും ജാത്യാചാരങ്ങളിലും ജാതീയനിയമങ്ങളിലും വ്യക്തമായിരുന്നു. ബ്രാഹ്മണ്യാധീശത്വത്തിൽ അധിഷ്ഠിതമായ ജാതി- ജന്മി — നാടുവാഴി സമ്പ്രദായമാണ് അയിത്ത കേരളത്തിൽ നിലനിന്നിരുന്നത്. അതുകൊണ്ടാണ് ചട്ടമ്പിസ്വാമികൾ ജാതീയ ആചാരങ്ങൾക്കും സവർണ ജാതിനിയമങ്ങൾക്കും ബ്രാഹ്മണപുരോഹിത ജ്ഞാനാധികാരത്തിനുമെതിരെ ധൈഷണിക പോരാട്ടം നടത്തിയത്. അദ്ദേഹത്തിന്റെ നവോത്ഥാന ധൈഷണിക സമരത്തിന്റെ പ്രഥമലക്ഷ്യം തന്നെ ബ്രാഹ്മണ്യാധികാരത്തിന്റെ വൈജ്ഞാനികാധീശത്വം തകർക്കുകയായിരുന്നു. വേദാധികാര നിരൂപണം, പ്രാചീന മലയാളം, ശ്രീചക്ര പൂജാകല്പം, ആദിഭാഷ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ ധൈഷണിക സമരായുധങ്ങളാണ്. വേദം പഠിക്കുവാനും പഠിപ്പിക്കുവാനും, ക്ഷേത്രങ്ങളിൽ പൂജ ചെയ്യാനും പ്രതിഷ്ഠ നടത്തുവാനും ശൂദ്രർക്കും മറ്റ് ജാതികൾക്കും അവകാശമുണ്ടെന്ന് ഈ ഗ്രന്ഥങ്ങള്‍ വിളിച്ചു പറഞ്ഞു.
വേദങ്ങൾ മാത്രമല്ല. ഈ പ്രപഞ്ചത്തിലെ മുഴുവൻ വിജ്ഞാനവും ആർജിക്കുവാൻ ശൂദ്രർക്കും അവർണനും അവകാശമുണ്ടെന്നു പ്രഖ്യാപിച്ച ചട്ടമ്പിസ്വാമികൾ തന്റെ ജീവിതകാലം മുഴുവൻ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പഠിച്ചെടുക്കുവാൻ കഠിനപ്രയത്നം ചെയ്യുകയുണ്ടായി. സംസ്കൃതം, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെ അപൂർവങ്ങളായ ഗ്രന്ഥങ്ങൾ, താളിയോലകളിലും മറ്റും പൂർവസൂരികൾ എഴുതി സൂക്ഷിച്ചിരുന്ന ഗൂഢഭാഷകൾ, മന്ത്രതന്ത്രവിധികൾ, ആയുർവേദ ഔഷധങ്ങളെക്കുറിച്ചുള്ള അറിവുകൾ എല്ലാം സ്വായത്തമാക്കി. സംഗീതം. മർമ്മശാസ്ത്രം, യോഗാഭ്യാസം, ഗുസ്തിമുറകൾ, സംഗീതോപകരണങ്ങൾ, കഥകളി തുടങ്ങിയവയിലെല്ലാം അസാമാന്യപ്രാവീണ്യം നേടി. അങ്ങനെ വിദ്യാധിരാജനായി. ബാദരായണന്റെ ബ്രഹ്മസൂത്രത്തിലെ അപശുദ്രാധികരണത്തിന് ശങ്കരാചാര്യർ എഴുതിയ ഭാഷ്യത്തിലെ അയുക്തികതയെ ചോദ്യം ചെയ്യാൻ വേദാധികാര നിരൂപണത്തിലും പ്രാചീനമലയാളത്തിലും അസാധാരണ തന്റേടം തന്നെ കാണിക്കുകയുണ്ടായി. വേദം കേൾക്കാൻ ശൂദ്രന് അവകാശമില്ലെന്ന് സ്തുതിവാക്യങ്ങളെ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിച്ച ശങ്കരാചാര്യർ ചാതുർവർണ്യത്തിന്റെ ബ്രാഹ്മണ്യാധികാരത്തെയും കൊള്ളരുതായ്കകളെയും ന്യായീകരിക്കുകയാണെന്ന് ഈ ഗ്രന്ഥങ്ങള്‍ തുറന്നുകാണിച്ചു. ഒരു ദാർശനികനെന്ന നിലയിൽ ശങ്കരാചാര്യരുടെ ഔന്നത്യത്തെ അംഗീകരിക്കുമ്പോൾ തന്നെ വലിയൊരു അധഃപതനത്തിൽ നിന്ന് അദ്വൈതദർശനത്തെ വിമോചിപ്പിച്ചെടുക്കുകയാണ് ചട്ടമ്പി സ്വാമികൾ ചെയ്ത ഏറ്റവും വലിയ ദാർശനിക സംഭാവന. ദാർശനികരംഗത്തെ സംഭാവനയെ വിലമതിക്കുന്നതിനോടൊപ്പം മതരംഗത്തെ ശങ്കരാചാര്യരുടെ പിന്തിരിപ്പൻ സ്വഭാവത്തെ ചൂണ്ടിക്കാണിക്കുകയാണദ്ദേഹം ചെയ്തത്.
കേരളം പരശുരാമന്റെ സൃഷ്ടിയാണെന്ന ഐതിഹ്യാധിഷ്ഠിതമായ ബ്രാഹ്മണിക്കൽ ചരിത്രസങ്കല്പത്തെയും അവകാശവാദത്തെയും ‘പ്രാചീന മലയാളം’ എന്ന ഗ്രന്ഥംകൊണ്ട് വേരോടെ പിഴുതെറിയാൻ സ്വാമികൾക്കു സാധിച്ചു. ശൂദ്രരായ നായർസമൂഹത്തിന്, നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട വൈജ്ഞാനിക ലോകത്തിലേക്ക് ഇതോടെ പ്രവേശനം ലഭിച്ചു. ക്രമേണ അവരിൽ പുതിയൊരു അവകാശബോധവും പുത്തനുണർവും അനുഭവപ്പെട്ടു. ചട്ടമ്പിസ്വാമികളുടെ ഈ ധൈഷണിക പോരാട്ടങ്ങളാണ് സവർണരുടെ ഭൃത്യരായി കഴിഞ്ഞുകൂടിയിരുന്ന നായന്മാരുടെ ഉയിർത്തെഴുന്നേല്പിന് പുതിയ ദിശാബോധം നൽകിയത്.
ബ്രാഹ്മണിക്കൽ ജാതി നിയമങ്ങളുടെ ചവിട്ടടിയിൽ കിടന്ന് സാമൂഹ്യാസമത്വങ്ങളും ജാതിവിവേചനങ്ങളും ദുരാചാരങ്ങളും അനുഭവിച്ചവരായിരുന്നു നായര്‍ വിഭാഗം. സ്വാമികളുടെ നവോത്ഥാന പ്രത്യയശാസ്ത്രവും ഗൃഹസദസുകളിലെ സംവാദങ്ങളുമെല്ലാം അനാചാരങ്ങളെ ദൂരീകരിക്കാനും നായർസമുദായത്തെ കാലോചിതമായി പരിഷ്കരിക്കാനുമുള്ള മാർഗദീപങ്ങളായി. കേരളീയസമൂഹത്തിന്റെ സർവതോമുഖമായ പുത്തനുണര്‍വിനും നായർസമുദായത്തെ അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് മനുഷ്യരാക്കിയെടുക്കുന്നതിനും സ്വാമികൾ നിർവഹിച്ച അനിതരസാധാരണമായ പങ്ക് ഇനിയും വേണ്ടത്ര രീതിയിൽ രേഖപ്പെടുത്തിയിട്ടില്ല. എല്ലാവിധ ജാതിവിവേചനങ്ങളും അർത്ഥശൂന്യമാണെന്ന് ശക്തമായി വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്ന സ്വാമികളുടെ പ്രമാണവും നാരായണ ഗുരുവിനെപ്പോലെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതാണ് സ്വാമികളുടെ സുഹൃത്തുക്കളിലും ഗൃഹസ്ഥശിഷ്യരിലും ഈഴവരും മറ്റ് അവർണ ജാതിക്കാരുമുണ്ടായിരുന്നു എന്നത് ഇന്ന് പുതുമയുള്ള ഒരു വാർത്തയല്ല. പക്ഷേ ജാതീയത സമസ്ത ജീവിതമേഖലയിലും ആഴ്ന്നിറങ്ങിയിരുന്ന 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലും 20-ാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലും പറയരോടും പുലയരോടുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും കൂടെ കൊണ്ടുനടക്കുന്നതും മിശ്രവിവാഹങ്ങൾ നടത്തുന്നതുമെല്ലാം വ്യവസ്ഥാപിത സാമൂഹ്യഘടനയ്ക്കെതിരായ കലാപങ്ങൾ തന്നെയായിരുന്നു. തൊട്ടുണ്ണാൻ വിലക്കുണ്ടായിരുന്ന കാലത്ത് സ്വാമികൾ പെരുന്നെല്ലി, വെളുത്തേരി പോലുള്ള ഈഴവകുടുംബങ്ങളിൽ നിന്ന് ആഹാരം കഴിക്കുകയും താമസിക്കുകയും ചെയ്തിരുന്നു.
ഇതിൽ പല നായർ പ്രമാണിമാർക്കും അസംതൃപ്തിയും എതിർപ്പുമുണ്ടായിരുന്നു. ഗുരുനാഥനായ പേട്ടയിൽ രാമൻപിള്ളയാശാൻ ഒരിക്കൽ സ്വാമികളോട് “പെരുന്നെല്ലിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചെന്ന് കേട്ടല്ലോ” എന്ന് ചോദിച്ചതിന് “ഞാൻ ആശാന്റെ വീട്ടിൽനിന്നും കഴിച്ചിട്ടുണ്ടല്ലോ” എന്നാണ് സ്വാമികൾ മറുപടി നൽകിയത്. തികഞ്ഞ അദ്വൈതവാദിയായ സ്വാമികൾ ജാതികേന്ദ്രിതമായ മുഴുവൻ ചിന്തകൾക്കും പ്രവൃത്തികൾക്കുമെതിരെ ശബ്ദിച്ചു. അദ്വൈതാധിഷ്ഠിതവും ജാതിവിരുദ്ധവുമായൊരു മാനവികതയിലാണദ്ദേഹം വിശ്വസിച്ചിരുന്നത്. നായന്മാരും ഈഴവരും മറ്റ് അവർണ സമുദായങ്ങളുമെല്ലാം ഒന്നിച്ചുച്ചേർന്ന പുതിയൊരു ഏകീകൃത ബദൽ സമുദായത്തെ വിഭാവനം ചെയ്തിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും ചട്ടമ്പിസ്വാമികളുടെയും മൂല്യമണ്ഡലത്തെയും നവോത്ഥാന പ്രത്യയശാസ്ത്രങ്ങളെയും ഹിന്ദു വർഗീയ ഫാസിസ്റ്റുകളുടെ തടവറകളിൽ തളച്ചിടുവാൻ ചിലർ ശ്രമിക്കുകയാണ്. ഇത്തരമൊരു അപകടകരമായ ദശാസന്ധിയിൽ കാലത്തിനനുസരിച്ചുള്ള മതനിരപേക്ഷ മനുഷ്യസങ്കല്പം വികസിപ്പിച്ചെടുക്കാൻ നിരന്തരമായ ജാഗ്രത ആവശ്യമാണ്. മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ചുനിൽക്കുന്നവർക്കു മാത്രമേ ചട്ടമ്പി സ്വാമികളുടെ അദ്വൈതത്തിലും മതേതര ആത്മീയതയിലും അധിഷ്ഠിതമായ നവോത്ഥാന പ്രത്യയശാസ്ത്രത്തെയും ബ്രാഹ്മണിക്കൽ വിരുദ്ധമായ ഹൈന്ദവവിമോചന ദൈവശാസ്ത്രത്തിന്റെ പ്രായോഗികപാഠങ്ങളെയും മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ. ചട്ടമ്പിസ്വാമികളുടെ ധൈഷണിക പോരാട്ടങ്ങളെ നവീന രാഷ്ട്രീയ വ്യവഹാരത്തിനു വേണ്ടിയുള്ള സമരായുധങ്ങളാക്കി വികസിപ്പിക്കുവാൻ നമുക്ക് കഴിയണം.