Site iconSite icon Janayugom Online

സാംസ്കാരിക കേരളത്തിന്റെ സമഗ്രദര്‍ശനം

കേരളത്തിന്റെ സാമൂഹിക പരിഷ്കരണം ബൗദ്ധികമായാണ് നടന്നത്. സമൂഹത്തിന്റെ സ്പന്ദനങ്ങളെ സുതാര്യമായ പഠനത്തിന് വിധേയമാക്കി ലളിതയുക്തികള്‍ കൊണ്ട് പ്രാകൃത ചിന്തകളെ മാറ്റി പ്രതിഷ്ഠിക്കുന്ന ശൈലിയാണ് കേരളീയ നവോത്ഥാനം സ്വീകരിച്ചത്. ക്ഷേത്രാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ നിലനിന്ന സമൂഹത്തില്‍ ബിംബാരാധനയില്‍ മുഴുകിയ ഒരു സമൂഹം സ്വാഭാവികമായും ഉണ്ടായിരുന്നു. ദീര്‍ഘകാലമായി ഇത്തരമൊരു ചട്ടക്കൂടിനകത്തുനിന്ന് ജീവിതം നയിക്കുന്ന സമൂഹത്തെ അതിവേഗം മാറ്റിയെടുക്കുക അസാധ്യമായിരുന്നു. ഇവിടെയാണ് ശ്രീനാരായണ ഗുരു നടത്തിയ വിപ്ലവത്തിന്റെ പ്രായോഗിക ദര്‍ശനം പ്രസക്തമാകുന്നത്. യാഥാസ്ഥിതികവും വ്യവസ്ഥാപിതവുമായ ചിന്താഗതിയുള്ള സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക വലിയ വെല്ലുവിളിയായിരുന്നു. അന്നത്തെ സമൂഹം അവലംബിക്കുന്ന ചിന്തയ്ക്ക് അനുയോജ്യമായ സമാന്തര ദര്‍ശനങ്ങള്‍ കൊണ്ടുവന്നായിരുന്നു ഗുരു സമൂഹത്തിന്റെ ബോധമനസില്‍ വന്‍ പരിവര്‍ത്തനമുണ്ടാക്കിയത്.

1888ലെ നാരായണ ഗുരുവിന്റെ പ്രവൃത്തി അതായിരുന്നു. അരുവിപ്പുറത്തെ ഒരു പൂഞ്ചോലയില്‍ മുങ്ങിത്തപ്പി ശിലയെടുത്ത് ശിവലിംഗമായി പ്രതിഷ്ഠിച്ചു. ബ്രാഹ്മണ മേധവിത്വത്തിനെതിരെയുള്ള വെല്ലുവിളിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഈഴവന്‍ ശിവ പ്രതിഷ്ഠ നടത്തിയതിനെതിരെ ചോദ്യശരങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നു. വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചോദ്യത്തെ ഏതൊരു ജനസാമാന്യത്തിനും ഉള്‍ക്കൊള്ളാവുന്ന ചിന്തകൊണ്ടായിരുന്നു നാരായണ ഗുരു മറികടന്നത്. “ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്” ഇതായിരുന്നു ആ ലളിതയുക്തി. ‘ശില’ എന്ന ഭൗതിക വസ്തുവിനെ മുന്‍നിര്‍ത്തി ദാര്‍ശനികമായ ചിന്താധാരയാണ് ഗുരു തുറന്നുവിട്ടത്. ഈ പ്രായോഗിക വീക്ഷണം വലിയൊരു വിഭാഗം ജനതയുടെ സ്വത്വബോധം ഉണര്‍ത്തി. അകറ്റിനിര്‍ത്തപ്പെട്ടവര്‍ അസ്തിത്വം തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വന്നു. നൂറ്റാണ്ടുകളോളം ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയ പ്രവൃത്തികളെപ്പോലും മറികടക്കുന്ന വിധം വിദ്യാഭ്യാസ രംഗത്ത് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഇടപെടല്‍ നടത്തി. 1914 തിരുവിതാംകൂറില്‍ ആകെയുള്ള ഈഴവ വിദ്യാര്‍ത്ഥികള്‍ 23,893 ആയിരുന്നു. 1918 ആകുമ്പോഴേക്കും 51,114 ആയി ഉയര്‍ന്നു. കേവലം നാലുവര്‍ഷം കൊണ്ട് 114 ശതമാനം വര്‍ധനവ്. 1914ല്‍ ഏതാണ്ട് രണ്ടായിരം പുലയ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1918ല്‍ 17,753 ആയി ഇത് വര്‍ധിച്ചു. നാലു വര്‍ഷം കൊണ്ട് 850 വര്‍ധനവാണ് ഉണ്ടായത്. ഒരേസമയം ദാര്‍ശനികവും ബൗദ്ധികവുമായ സമീപനം പുലര്‍ത്തിയതിന്റെ ഫലമാണിത്.


ഇതുകൂടി വായിക്കു; പൊന്നിൻ ചിങ്ങമാസത്തിൽ ഉദിച്ച പൊൻതാരകം


 

അക്കാലത്ത് ശക്തമായ സ്വാധീനം ചെലുത്തിയ ചില അധഃസ്ഥിത മുദ്രകള്‍ ആചാരങ്ങളുടെ രൂപത്തില്‍ സമൂഹത്തിന്റെ ബോധത്തിലും അബോധത്തിലും സ്ഥാപിക്കപ്പെട്ടിരുന്നു. ഈഴവര്‍ക്കിടയില്‍ അന്നുണ്ടായിരുന്ന വിവാഹ രീതി ഏറെ വിചിത്രമായിരുന്നു. രാത്രിയുടെ പശ്ചാത്തലത്തില്‍ വരന്റെ സഹോദരി ചെന്ന് വധുവിന് മുണ്ടുകൊടുത്ത് കെട്ടിക്കൊണ്ടുവരുന്ന വിവാഹരീതിയായിരുന്നു. ‘പുടവ കൊട’ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 1904ല്‍ പറവൂരില്‍ നാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത്തരം ആചാരത്തെ പടിക്കുപുറത്താക്കി വിവാഹച്ചടങ്ങുകള്‍ക്ക് പരിഷ്കരിച്ച രൂപം ഉണ്ടാക്കിയത്. നാരായണ ഗുരു മുന്നോട്ടുവച്ച സമഗ്ര ദര്‍ശനം സ്ഥാപിത താല്പര്യങ്ങള്‍ക്കെല്ലാം ഉപരിയായിരുന്നു. പ്രത്യേക ജാതിയെയും മതത്തെയും മാത്രം അത് ഒരിക്കലും മുന്നില്‍ കണ്ടില്ല. അവര്‍ണ സമുദായങ്ങള്‍ മാത്രമല്ല, സവര്‍ണരും ഗുരു കാട്ടിത്തന്ന പാതയിലൂടെ മുന്നേറി. ഗുരുദര്‍ശനത്തിന്റെ വരവോടെയാണ് നമ്പൂതിരി സമുദായത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടായത്. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി നാരായണ ഗുരുവുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് ചലനാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വഴിതുറന്നത് ഈ മഹാരഥന്മാര്‍ തമ്മിലുള്ള അടുപ്പമാണ്. വിദ്യാഭ്യാസത്തിനും വ്യവസായത്തിനുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെയുള്ള ഗുരുവിന്റെ കാഴ്ചപ്പാടുകളായിരുന്നു കേരളത്തിന്റെ സമഗ്രമായ പരിവര്‍ത്തനത്തിലേക്ക് നയിച്ചത്. വിദ്യയിലൂടെ പ്രബുദ്ധരായ സമൂഹത്തെ സൃഷ്ടിക്കുകയും വ്യവസായത്തിലൂടെ അഭിവൃദ്ധിയിലേക്ക് സമൂഹത്തെ നയിക്കാന്‍ കഴിയുമെന്ന ചിന്തയും അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമായിരുന്നു. കേരളത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള അസംസ്കൃത വസ്തുക്കളെ കണ്ടെത്തിയും അവയെ വൈദഗ്ധ്യവല്ക്കരണത്തിലൂടെ പുനഃസൃഷ്ടിക്കാനുള്ള ഉല്പാദനത്തിന് പ്രാമുഖ്യം കൊടുത്തുള്ള ദര്‍ശനം ഗുരുചിന്തയുടെ മൗലികമായ അടയാളങ്ങളാണ്.


ഇതുകൂടി വായിക്കു; ഹിരണ്യകശിപു മുതല്‍ മഹാബലിവരെ


 

ജാതിവ്യവസ്ഥയെ അതിന്റെ സൂക്ഷ്മതലത്തില്‍ നിഷ്കാസനം ചെയ്യാന്‍ ഘട്ടം ഘട്ടമായുള്ള ചില സമീപനങ്ങളായിരുന്നു ഗുരു സ്വീകരിച്ചത്. തര്‍ക്കങ്ങള്‍ക്ക് ഇടംകൊടുക്കാത്ത അനായാസമായ സഞ്ചാരമായിരുന്നു അത്. തര്‍ക്കത്തിലൂടെ സ്വാഭാവികമായും സൃഷ്ടിക്കപ്പെടുന്നത് രണ്ട് വിഭാഗങ്ങളായിരിക്കുമെന്ന് ഗുരുവിനറിയാം. തര്‍ക്കങ്ങള്‍ പിന്നീട് വാദങ്ങളായി സ്ഥാപിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ആത്മനിഷ്ഠമായ ബോധ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതുവഴി തര്‍ക്കത്തിന് പ്രസക്തിയില്ലാതാകുന്നു. 1924ല്‍ ആലുവയില്‍ വിളിച്ചുചേര്‍ത്ത സര്‍വമത സമ്മേളനത്തിന്റെ കവാടത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി; “വാദിക്കുവാനും ജയിക്കുവാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്”. ഏവര്‍ക്കും മനസിലാകുന്ന ലളിതയുക്തിയില്‍ മതങ്ങളെക്കാള്‍ ഉപരി മനുഷ്യനാണ് പ്രധാനം എന്ന് ഗുരു പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. സമൂഹത്തെ പ്രബുദ്ധരാക്കാന്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ ഗുരു ആന്തരികവും ബാഹ്യവുമായ സംസ്കരണമാണ് നടത്തിയത്. കുമാരനാശാനെ ബംഗളുരുവിലേക്കും കല്‍ക്കത്തയിലേക്കും അയച്ച് പഠിപ്പിച്ചത് ഒരു നിദര്‍ശനമാണ്. പതിനാറ് വര്‍ഷമാണ് മഹാകവി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചത്. “സംഘടനയിലൂടെ ശക്തരാവുക, വിദ്യാഭ്യാസത്തിലൂടെ സ്വതന്ത്രമാവുക” എന്ന സന്ദേശം ഗുരു നടപ്പിലാക്കിയത് കുമാരനാശാനിലൂടെയായിരുന്നു.

അരുവിപ്പുറത്തെ പ്രതിഷ്ഠയെ തുടര്‍ന്ന് ഗുരുവിന്റെ നേതൃത്വത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളുടെ സവിശേഷത ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു മനഃശാസ്ത്രപരമായ സമീപനം ഗുരു ഇവിടെയെല്ലാം സ്വീകരിക്കുന്നുണ്ട്. മൗലികമായി മനുഷ്യന് സംഘടിക്കാനുള്ള ഇടം എന്ന നിലയിലാണ് ഗുരുക്ഷേത്രത്തെ കണ്ടത്. ജാതിക്കും മതത്തിനും അവിടെ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ക്ഷേത്ര മതിലില്‍ ഗുരു സ്വന്തം കൈപ്പടയിലാണ് ജാതിഭേദം മതദ്വേഷം എന്നാരംഭിക്കുന്ന ആപ്തവാക്യം എഴുതിവച്ചത്. ഗുരുവിനെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങള്‍ ഭൗതികമായ ഒരു ഇടം മാത്രമായിരുന്നു. സമൂഹത്തിന്റെ ബോധത്തിലും അബോധത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഒന്നായി ക്ഷേത്രം എന്ന സങ്കല്പത്തെ മാറ്റിയെടുത്തു. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. മാനവസമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നവിധം നവീന വിപ്ലവമാണ് ഗുരു നടത്തിയത്. മുരുക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമായിരുന്നു പ്രതിഷ്ഠ. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ക്ക് ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. കാരമുക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്കായിരുന്നു. ചേര്‍ത്തലയ്ക്കടുത്ത് കളവംകോട് ക്ഷേത്രത്തിലും വൈക്കത്തെ ഉല്ലല ഓംകാര ക്ഷേത്രത്തിലും കണ്ണാടിയാണ് പ്രതിഷ്ഠ. ആലുവയിലാണെങ്കില്‍ പ്രതിഷ്ഠതന്നെയില്ല.

ഇത്തരം വൈവിധ്യങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. മുദ്രാവാക്യങ്ങളും കെടാവിളക്കും കണ്ണാടിയുമെല്ലാം പ്രതിഷ്ഠിച്ചതിലൂടെ സമൂഹത്തിന്റെ ബോധമനസിലാണ് പരിവര്‍ത്തനങ്ങളുണ്ടായത്. പ്രതിഷ്ഠതന്നെയില്ലാത്ത ഒരു സങ്കല്പത്തിലൂടെ ഗുരു വ്യക്തമായ ഒരു സന്ദേശമാണ് നല്കിയത്. പരസ്പര സഹകരണത്തോടെ മുന്നോട്ടു സഞ്ചരിക്കാനുള്ള ഭൗതികമായ ബിംബങ്ങള്‍ മാത്രമാണ് ഇതെല്ലാം എന്നതായിരുന്നു സന്ദേശം. അധമ ചിന്തകളെയെല്ലാം സംസ്കരിച്ചെടുത്ത് ഒരു പുതിയ സഞ്ചാര പാതയിലേക്ക് സമൂഹത്തെ ആനയിക്കുകയായിരുന്നു. 1917ല്‍ അദ്ദേഹം ആഹ്വാനം ചെയ്തത് പ്രധാന ദേവാലയം വിദ്യാലയമാണെന്നും പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാനുമായിരുന്നു. ക്ഷേത്രാധിഷ്ഠിത സാമൂഹിക വ്യവസ്ഥ ഉണ്ടാക്കാന്‍ ഗുരു ഒരിക്കലും ശ്രമിച്ചില്ല. സമൂഹത്തെ അതിസൂക്ഷ്മമായി പഠിച്ചതിനുശേഷം കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന് അനുയോജ്യമായ സമഗ്ര ദര്‍ശനമാണ് ഗുരു മുന്നോട്ടുവച്ചത്. അത് ഇന്നിന്റേതു മാത്രമായിരുന്നില്ല, വരും കാലത്തിന്റേതുകൂടിയാണ്.

Exit mobile version