2024ലെ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ചാെന്നും സംഭവിച്ചിട്ടില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് 18-ാം ലോക്‌സഭയുടെ ആദ്യ ഹ്രസ്വ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രമിച്ചത്. 2014, 19 ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമെന്നപോലെ ഭൂരിപക്ഷം നേടിയ ബിജെപിയുടെ അജയ്യനായ നേതാവായി അദ്ദേഹം തുടര്‍ന്നു. ഈ ഹ്രസ്വ സമ്മേളനത്തിലും മോഡി പ്രതിപക്ഷത്തോട് അതേരീതിയിൽ പെരുമാറി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്ക് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ താന്‍ ഭൂരിപക്ഷത്തിന്റെ നേതാവായാണ് തുടരുന്നതെന്നും മുഴുവൻ രാജ്യത്തിന്റെയും പ്രധാനമന്ത്രിയല്ലെന്നും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
സഭയുടെ അടുത്ത സെഷൻ ഈ മാസം മൂന്നാം വാരം ആരംഭിക്കും. 2024–25ലെ സമ്പൂര്‍ണ ബജറ്റിലായിരിക്കും പ്രധാന ശ്രദ്ധ. ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യ സഖ്യത്തെ പ്രതിരോധിക്കുന്നതിന്, എൻഡിഎയെ, പ്രത്യേകിച്ച് ബിജെപിയെ സഹായിക്കാനാകും പ്രധാനമന്ത്രിയുടെ ഓഫിസ് ആഗ്രഹിക്കുക. വോട്ടെടുപ്പിന് ശേഷം ബിജെപി നടത്തിയ അവലോകനം കണക്കിലെടുത്ത് ബജറ്റ് നിർദേശങ്ങളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് പിഎംഒയും പ്രധാനമന്ത്രിയുടെ ഉപദേശകസംഘങ്ങളും ഇതിനകം തന്നെ ചില മേഖലകൾ നിശ്ചയിച്ചിട്ടുണ്ട്. യുവാക്കളുടെ തൊഴിൽ, കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ എന്നിവ പുതിയ പരിപാടികളുടെ കരട് രൂപപ്പെടുത്തുമെന്നാണ് സൂചന. മുൻ തെരഞ്ഞെടുപ്പുകളെപ്പോലെ യുവാക്കൾ നരേന്ദ്ര മോഡിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടില്ലെന്നും തൊഴിൽ പ്രതിസന്ധി യുവ വോട്ട് ബാങ്കിനെ പ്രതികൂലമായി ബാധിച്ചെന്നും ബിജെപി അവലോകനം വ്യക്തമാക്കുന്നു.
നരേന്ദ്ര മോഡി പരിപൂര്‍ണ രാഷ്ട്രീയക്കാരനാണെന്നും ഇപ്പോൾ മുറിവേറ്റ കടുവയാണെന്നും ഇന്ത്യ സഖ്യം ഓർക്കണം. തന്റെ ഇന്നത്തെ അധഃപതനത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം തീവ്രശ്രമത്തിലാണ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ തോല്പിച്ചുകൊണ്ട് മാത്രമേ അദ്ദേഹത്തിനും ബിജെപിക്കും അത് സാധ്യമാകൂ. അതിന് ബിജെപി ഉന്നതനേതൃത്വം വിപുലമായ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അവരുടെ പരിപാടി സുഗമമായി മുന്നോട്ട് പോകുന്നുമുണ്ട്. ബിജെപി നേതൃത്വത്തിന് വേണ്ടി പ്രധാനമന്ത്രി തന്നെയാണ് ഒരുക്കങ്ങൾ നിരീക്ഷിക്കുന്നത്. അമിത് ഷാ പക്ഷേ, എന്തോ നിസംഗതയിലാണ്.
ഈ വര്‍ഷം അവസാനത്തോടെ ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, 2025ൽ ഡൽഹി, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമികമായി ഇന്ത്യ സഖ്യത്തിന് അനുകൂലമാണ് സ്ഥിതി. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം എംവിഎ ഇതിനകം നടന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും വിജയം നേടി. ഏറ്റവും പ്രധാനകാര്യം, ഇന്ത്യ സഖ്യകക്ഷികള്‍ക്കിടയില്‍ ഇതിനകം സീറ്റ് പങ്കിടൽ ധാരണയുണ്ടായി എന്നതാണ്. ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ 96 വീതം കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന (ഉദ്ധവ്) എന്നിവര്‍ പങ്കിടും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതല്‍ സീറ്റുകൾ നേടിയെങ്കിലും അധികസീറ്റുകൾ വേണമെന്ന് ശഠിക്കാതെ പ്രധാനകക്ഷിയായ കോൺഗ്രസ് പക്വത കാണിച്ചു. സേനാ മേധാവി ഉദ്ധവ് താക്കറെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ധാരണ മൂലമാണ് ഇത് സാധ്യമായത്. ഇന്ത്യ സഖ്യത്തിന് ഹരിയാനയിലും ഝാർഖണ്ഡിലും സ്ഥിതി അനുകൂലമാണ്. മുഖ്യമന്ത്രി മാറിയിട്ടും ഹരിയാനയിൽ ബിജെപി നേതൃത്വം ഭിന്നതയിലാണ്. ലോക്‌സഭയിലേക്ക് 10ല്‍ അഞ്ച് സീറ്റും നേടിയത് കോൺഗ്രസിന് ഉത്തേജനമായിട്ടുണ്ട്. നേരത്തെ പാർട്ടി വിടാൻ ആലോചിച്ചിരുന്ന അസംതൃപ്തരായ പ്രവർത്തകരെ ഒപ്പം നിര്‍ത്താന്‍ ഭൂപേന്ദർ ഹൂഡയ്ക്ക് കഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അണികളിൽ ഐക്യം പുനഃസ്ഥാപിക്കാൻ കഠിനമായി ശ്രമിച്ചു. പൊതുതെരഞ്ഞെടുപ്പിൽ എഎപിയുമായുണ്ടായ ധാരണ, ചർച്ചകളിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും നീട്ടേണ്ടതുണ്ട്. എന്നാല്‍ എഎപി പിന്തുണ ഇല്ലെങ്കിലും സ്വന്തമായി വിജയിക്കാമെന്ന നിലയിലാണ് ഇപ്പോൾ കോൺഗ്രസ്.
ഝാർഖണ്ഡിലും, ബിജെപിയുടെ മൂന്ന് ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇന്ത്യ സഖ്യം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സൊരേന്‍ ജാമ്യത്തിൽ പുറത്തിറങ്ങി. അദ്ദേഹം വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. അഞ്ച് മാസത്തിന് ശേഷം ജയിൽ മോചിതനായത് ആദിവാസികൾക്കിടയിൽ വൻ ആഘാേഷത്തിന് കാരണമായി. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നേതാവായി അദ്ദേഹം ഉയർന്നുവരികയും ചെയ്തു. ജെഎംഎം, കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ പല മേഖലകളിലും ശക്തമായ അടിത്തറയുള്ള സിപിഐ(എംഎൽ) ലിബറേഷൻ എന്നിവ തമ്മിൽ മികച്ച ധാരണയിലാണ്. പ്രിയങ്കയുമായും രാഹുലുമായും ഹേമന്തിന് മികച്ച ബന്ധമാണുള്ളത്.
ഇക്കൊല്ലം നടക്കുന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയുടെയും ബിജെപിയുടെയും പരാജയം ഉറപ്പാക്കാന്‍ ഇന്ത്യ സഖ്യത്തിന് കഴിയുമെങ്കിൽ, 2025ൽ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകും. ആ വർഷം ഫെബ്രുവരിയോടെ ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണെങ്കിലും 2020ലേതു പോലെ ബിജെപിയെ പരാജയപ്പെടുത്താൻ ആം ആദ്മി പാർട്ടിക്ക് കഴിയണം. ഈ നാല് തെരഞ്ഞെടുപ്പുകളിലും ഇന്ത്യ സഖ്യം വിജയിച്ചാൽ നരേന്ദ്ര മോഡി സർക്കാരിനെ നിഷ്ക്രിയമാക്കി മാറ്റാന്‍ പ്രതിപക്ഷത്തിനാകും.
2025 അവസാനത്തോടെ ബിഹാറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് ആശ്വാസമുണ്ടായെങ്കിലും നിയമസഭാ പ്രകടനം വ്യത്യസ്തമായേക്കാം. ആർജെഡി നേതാവ് തേജസ്വി യാദവ് ശക്തിയിൽ നിന്ന് ശക്തിയിലേക്ക് മുന്നേറുകയാണ്. സംസ്ഥാനത്തെ ബിജെപിവിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്ന ആളായി അദ്ദേഹം ഉയർന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വാധീനം ഇതിനോടകം തന്നെ ഇല്ലാതായി. ബിഹാറിന് പ്രത്യേക പദവി അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിന് പ്രധാനമന്ത്രിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎയിൽ ഇക്കാര്യങ്ങള്‍ ചൂടേറിയ ചര്‍ച്ചകളായേക്കും. ലോക്‌സഭയില്‍ 240 സീറ്റുകൾ മാത്രമുള്ള ബിജെപിക്ക്, ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കുറവായതിനാൽ ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണ നിര്‍ബന്ധമാണ്. ഈ രണ്ട് പാർട്ടികളും ബിജെപിയുമായി ആശയപരമായി യോജിക്കുന്നവയല്ല. ഇന്ത്യ സഖ്യവുമായാണ് കൂടുതൽ സാമ്യം.
ബിജെപിയെ നേരിടാൻ ഇന്ത്യ സഖ്യത്തിന് 2029 വരെ അഞ്ച് വർഷം കാത്തിരിക്കേണ്ടിവരില്ല. ഈ വർഷം നടക്കുന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം സ്ഥിതിഗതികൾ കലങ്ങിമറിയുമെന്ന് ഉറപ്പാണ്. ബഹുജന പ്രശ്നങ്ങളിലും മോഡിയുടെ താൽക്കാലിക സഖ്യകക്ഷികളുടെ പ്രവര്‍ത്തനത്തിലും ഇന്ത്യ സഖ്യം ശ്രദ്ധവയ്ക്കേണ്ടതുണ്ട്. രാഷ്ട്രീയ സാഹചര്യം അനുകൂലമായാൽ അത് പൂർണമായി പ്രയോജനപ്പെടുത്തണം. മൂന്നാം തവണയും പ്രധാനമന്ത്രിയായ മോഡിയെ ജനാധിപത്യ മാർഗങ്ങളിലൂടെ പുറത്താക്കാനുള്ള ഒരവസരവും പാഴാക്കരുത്.
(ഐപിഎ)