Site iconSite icon Janayugom Online

കെട്ടിടം മാറിയാല്‍ മനോഭാവം മാറില്ല

പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ‘സേവാ തീർത്ഥ്’ എന്ന പുതിയ കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിലെ സൗത്ത് ബ്ലോക്കിൽ നിന്ന് മാറുന്നത് സർക്കാരിന്റെ മനോഭാവത്തിലെ മാറ്റമാണെന്ന് ഭരണകൂടം അവകാശപ്പെടുന്നു. സാമ്രാജ്യത്വത്തിൽ നിന്ന് പൗരന്മാർ തീരുമാനമെടുക്കുന്ന കേന്ദ്രം എന്ന പുതിയ ഭരണമാതൃകയിലേക്ക് മാറുകയാണെന്ന് കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. “ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ രാജാവിന്റെ താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് പകരം 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അടിത്തറയായി വർത്തിക്കും” എന്നാണ് മോഡി പറഞ്ഞത്. കെട്ടിടങ്ങളുടെ മാറ്റം ഭരണാധികാരികളുടെ മനോഭാവം മാറ്റുമോ? 140 കോടി ഇന്ത്യക്കാരോട് അവർ അത്രവേഗം പ്രതിബദ്ധതയുള്ളവരാകുമോ? ഇപ്പോൾ വിമർശിക്കപ്പെടുന്ന അതേ കൊളോണിയൽ കെട്ടിടങ്ങളിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെങ്കിൽ, 2014 മുതൽ അവർ ജനങ്ങളോട് പ്രതിബദ്ധത കാണിച്ചിരുന്നില്ലേ? തെറ്റായ ചരക്ക് സേവന നികുതി (ജിഎസ്‌ടി), വിനാശകരമായ നോട്ട് നിരോധനം, ആളുകളെ പ്രതികൂലമായി ബാധിച്ച മുന്നൊരുക്കമില്ലാത്ത ലോക്ഡൗൺ എന്നിവ നടപ്പിലാക്കിയതിനുള്ള സർക്കാരിന്റെ ന്യായീകരണം അതാണോ? ഈ വാദം അംഗീകരിച്ചാല്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947ൽ അല്ല, 2014ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായപ്പോഴാണ് എന്ന സംഘ്പരിവാര്‍ വാദം ദുർബലപ്പെടും.

കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളിൽ എങ്ങനെയാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കി അംഗീകരിച്ചത് എന്ന ചോദ്യമുയര്‍ന്നേക്കാം. ഭരണകക്ഷിയെ അധികാരത്തിലെത്താൻ പ്രാപ്തമാക്കിയത് ഈ അടിസ്ഥാന രേഖയല്ലേ? വികസനത്തിൽ മറ്റുചില രാജ്യങ്ങളെക്കാൾ പിന്നിലാണെങ്കിലും, കഴിഞ്ഞ 79 വർഷമായി ഇന്ത്യ ഗണ്യമായി വികസിച്ചിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾ ആ മുന്നേറ്റങ്ങൾക്ക് ഇപ്പോള്‍ തടസമായോ? അവയിൽ ജോലി ചെയ്യുന്നവരുടെ ചിന്തയെ കെട്ടിടങ്ങൾ നിർണയിക്കുന്നുണ്ടോ? ഇത് വളരെ നിർണായകമായ ഒരു വാദമല്ലേ? വലിയ കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർ ജനങ്ങളുടെ ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ളവര്‍ അല്ലാതാകുമോ? അവർ സംവേദനക്ഷമതയില്ലാത്തവരാണെങ്കിൽ, മെച്ചപ്പെട്ട രീതിയിലേക്ക് മാറുന്നതിൽ നിന്ന് കെട്ടിടത്തിന്റെ വാസ്തുവിദ്യ അവരെ തടയുമോ? കാര്യങ്ങളുടെ പോക്ക് ഏതു വഴിക്കാണ്? ഭരണാധികാരികളുടെ അഭിലാഷങ്ങള്‍ അവർ പണിയുന്ന കെട്ടിടങ്ങളില്‍ നിന്നുണ്ടാകുന്നതാണോ, അതോ നേരെ തിരിച്ചാണോ പ്രവർത്തിക്കുന്നത്? സാമ്രാജ്യത്വ ഭരണകൂടങ്ങൾ അവരുടെ മഹത്തായ നിർമ്മിതികളിലൂടെ ഭരിക്കപ്പെടുന്ന ജനതയെ അത്ഭുതപ്പെടുത്താൻ ആഗ്രഹിച്ചുവെന്നതിൽ സംശയമില്ല. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ജീവിതശൈലികള്‍ തമ്മിലുള്ള വ്യത്യാസം രണ്ടാമത്തേതിനെ മറികടക്കാൻ ഉപയോഗിച്ചു. പഴയകാല രാജാക്കന്മാരെല്ലാം അങ്ങനെ തന്നെ ചെയ്തു. അവരുടെ ക്ഷേത്രങ്ങളും പള്ളികളും കത്തീഡ്രലുകളും അന്നും (ഇപ്പോഴും) അത്ഭുതകരമായിരുന്നു. ഇത് വളരെ ആസൂത്രിതമായി രൂപകല്പന ചെയ്തതാണ്, ആളുകളെ അവരുടെ ദേവതകളോടും മതനേതാക്കളോടും ഭയമുള്ളവരാക്കാൻ.

വാസ്തുവിദ്യയെ അഭിനന്ദിക്കാൻ സന്ദർശകർ ഇപ്പോഴും ഈ മതഘടനകളിലേക്കും ആദ്യകാല രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കൊട്ടാരങ്ങളിലേക്കും ഒഴുകിയെത്തുന്നു. ബാങ്കുകളും കോർപറേറ്റുകളും കൂറ്റന്‍ ആസ്ഥാനങ്ങൾ നിർമ്മിക്കുന്നു. ശക്തരായവർ അവരുടെ ശക്തി പ്രകടിപ്പിക്കാൻ വലിയ മേശകളുള്ള വലിയ സന്ദർശകമുറികളിൽ ഇരിക്കുന്നു. ആളുകളെ അത്ഭുതപ്പെടുത്താനും അവരുടെമേൽ ആധിപത്യം സ്ഥാപിക്കാനും ആഗ്രഹിക്കുന്ന എല്ലാവരും വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നുവെന്നതാണ് വാസ്തവം. ജനങ്ങളുടെ നേതാവായ ഗാന്ധിജി, സ്വതന്ത്ര ഇന്ത്യയുടെ സർക്കാർ ന്യൂഡൽഹിയിലെ സാമ്രാജ്യത്വ കെട്ടിടങ്ങൾക്ക് പകരം ലാളിത്യമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചതിൽ അതിശയിക്കാനില്ല. രാഷ്ട്രപതി ഭവൻ ആശുപത്രിയാക്കി മാറ്റാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിലുപരി, മുൻ വൈസ്രോയിയുടെ വസതി ഡൽഹി സർവകലാശാലയാക്കി മാറ്റി. പുതിയ ‘ഭവനുകൾ’ ലളിതവും ജനസൗഹൃദവുമാണോ? ടിവി സ്ക്രീനുകളില്‍ കാണുന്ന സേവാ തീർത്ഥിന്റെയും കർത്തവ്യ ഭവന്റെയും ചിത്രങ്ങള്‍ കൊട്ടാരങ്ങളെപ്പോലെ ആര്‍ഭാടപൂര്‍ണമായി തോന്നിക്കുന്നു. അപ്പോൾ എങ്ങനെയാണ് അവ ഇന്ത്യയില ദരിദ്രജനതയുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നത്? ഭരണാധികാരികളുടെ അനുമാനം ശരിയാണെങ്കിൽ, ഈ കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർ കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളിൽ ജോലി ചെയ്തിരുന്നതുപോലെ പൗരന്മാരുടെ ആവശ്യങ്ങളോട് സംവേദനക്ഷമതയില്ലാത്തവരായിരിക്കും.
പുതിയ കൊട്ടാരങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചവരുടെ മനോനില ഇപ്പോൾ ഒഴിപ്പിക്കപ്പെട്ട കെട്ടിടങ്ങൾ നിർമ്മിച്ച കൊളോണിയൽ യജമാനന്മാരുടെ മാനസികാവസ്ഥ പോലെ സാമ്രാജ്യത്വപരം തന്നെയാണ്. കഴിഞ്ഞ 11 വർഷമായി ഇതാണ് സ്ഥിതി. ഭാരത് മണ്ഡപം ആഡംബരപൂർണമാണ്, ആളുകൾക്ക് സുഖമായി സന്ദർശിക്കാൻ കഴിയുന്ന സ്ഥലമല്ല. രാജ്യത്തിന്റെ പ്രതീകങ്ങളായിരുന്ന കെട്ടിടങ്ങളെ മാറ്റിസ്ഥാപിച്ചുവെങ്കിലും ശക്തമായ അധികാരത്തിന്റെ പ്രതീകാത്മകതയെ നിലനിർത്തുകയും ചെയ്തു.

2023ൽ ജി20 ഉച്ചകോടിക്ക് വേണ്ടി ന്യൂഡൽഹിയിൽ വലിയതോതിലുള്ള നവീകരണം നടന്നു. ഒരുപക്ഷേ, ഭരണാധികാരികളുടെ അപകർഷതാബോധത്തിന്റെ ഫലമായിരിക്കാം ഇത്. ഇന്ത്യ ജി20 രാജ്യങ്ങളിൽ ഏറ്റവും ദരിദ്രമായതിനാൽ, സമ്പന്ന രാഷ്ട്രങ്ങളുടെ ആഡംബരത്തിന് തുല്യമാകാൻ തങ്ങള്‍ക്ക് കഴിയുമെന്ന് കാണിക്കാൻ അവർ ആഗ്രഹിച്ചു. ഏറ്റവും ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ ഡൽഹിയിലെ ചേരികൾ പുറത്തുനിന്നുള്ളവർക്ക് കാണാനോ ജി20യുടെ ‘ഉത്സവങ്ങളിൽ’ പങ്കെടുക്കാനോ — നിരീക്ഷിക്കാനോ പോലും കഴിയാത്തവിധം ബാരിക്കേഡുകൾ കൊണ്ട് അടച്ചു. വലിയ വെളിച്ചം, താൽക്കാലിക പൂന്തോട്ടങ്ങൾ, ജലധാരകൾ, പൂച്ചട്ടികൾ, പോസ്റ്ററുകൾ, ബാനറുകൾ, നടപ്പാതകൾ എന്നിങ്ങനെ അനാവശ്യവും ചെലവേറിയതുമായ മാറ്റങ്ങൾ വരുത്തി. ഇന്ത്യന്‍ ജനത പരിഷ്കൃതമായ സാഹചര്യങ്ങളിലാണോ ജീവിക്കുന്നത്? അവർക്ക് നല്ല വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, ശരിയായ റോഡുകൾ, ഗതാഗതം, ആശയവിനിമയ സൗകര്യങ്ങൾ — പ്രത്യേകിച്ച് ഗ്രാമങ്ങളിൽ — ലഭ്യമാണോ? ജനസൗഹൃദ സർക്കാരിന്റെ മുൻഗണന എന്തായിരിക്കണം? ഗംഭീരമായ ജി20 യോഗം നടത്തുന്നതിനും വന്‍കിട പദ്ധതികൾക്കായും ചെലവഴിക്കുന്ന പതിനായിരക്കണക്കിന് കോടി രൂപ, ആളുകൾക്ക് മാനുഷികവും മാന്യവുമായ ജീവിത സാഹചര്യങ്ങൾ നൽകുന്ന രീതിയിൽ ചെലവഴിക്കാൻ കഴിയുമായിരുന്നില്ലേ?

മുൻകാലങ്ങളിലെ രാജാക്കന്മാരെയും സാമ്രാജ്യാധിപരെയും പോലെ, നിലവിലെ ഭരണാധികാരികളും ഭാവിയിൽ തങ്ങളുടെ മുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നതായാണ് തോന്നുക. ഭരിക്കുന്നവരുടെ ആശയങ്ങളിലൂടെയല്ല, മറിച്ച് തങ്ങള്‍ നിർമ്മിക്കുന്ന പുതിയ കൊട്ടാരങ്ങളിലൂടെയും ഗംഭീരമായ ഘടനകളിലൂടെയും ഓർമ്മിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നു, മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലേക്ക് തരംതാഴ്ത്തപ്പെടുന്നു. കോർപറേറ്റ് കേന്ദ്രീകൃതവും ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് അനുഗുണമായും നയങ്ങൾ നിർമ്മിക്കുന്ന ഭരണാധികാരികളുടെ മനോഭാവത്തിൽ ഒരു മാറ്റവും വരുത്താൻ ആഡംബരപൂർണമായ പുതിയ കെട്ടിടങ്ങൾക്ക് കഴിയില്ല. സാമ്രാജ്യത്വവാദികളുടേത് എന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് ഇന്ന് അധികാരത്തിലിരിക്കുന്നവർ ചെയ്യുന്നതെന്ന് ഭാവി തലമുറ ഇന്ത്യയെ കുറ്റപ്പെടുത്തും. ഭരണാധികാരികളെ മഹത്വപ്പെടുത്താനും ജനങ്ങളുമായി വലിയ ബന്ധമൊന്നുമില്ലാതിരിക്കാനും വേണ്ടിയാണ് കെട്ടിടങ്ങൾ മാറ്റുന്നത്. ഏത് കെട്ടിടത്തിലിരുന്നാണ് പ്രവർത്തിക്കുന്നത് എന്ന് പരിഗണിക്കാതെ, ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു നയമല്ലേ, വിപ്ലവാത്മക ഭരണാധികാരികൾ എന്ന നിലയിൽ ഓർമ്മിക്കപ്പെടാൻ നല്ലത്?
(ദി വയര്‍)

Exit mobile version