Site icon Janayugom Online

ബിജെപിയുടെ സിവില്‍ കോഡോ, പ്രിയങ്കയുടെ അഗ്നിവീറോ

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹിമാചൽ പ്രദേശിൽ പുതിയ സർക്കാർ അധികാരത്തിലെത്തും. നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായ ചർച്ച ഏകീകൃത സിവിൽ കോഡിനെക്കുറിച്ചായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഏകീകൃത സിവിൽ കോഡ് എന്ന വാഗ്ദാനവുമായി രംഗത്ത് വരിക എന്നത് ബിജെപിയുടെ ആവശ്യമാണ്. ന്യൂനപക്ഷമായ മുസ്‍ലിം വിഭാഗം ഒപ്പമുണ്ടാകുമെന്നതിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ സന്തോഷിക്കുകയും ചെയ്യും. എകീകൃത വ്യക്തിനിയമത്തിന്റെ വാഗ്ദാനം ഹിന്ദുക്കളെ തങ്ങൾക്ക് പിന്നിൽ ഒന്നിപ്പിക്കുമെന്ന് ബിജെപി കരുതുന്നു. ഇതിനെ ഗിമ്മിക്ക് എന്ന് പ്രതിപക്ഷം വിളിക്കുന്നു. സത്യത്തിൽ മതം ഒരിക്കലും ഹിന്ദുക്കളെ ഏകീകരിച്ചിട്ടില്ല. ഏകീകൃത സിവിൽ കോഡ് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ് എന്നറിയാവുന്നതുകൊണ്ട് ബിജെപി തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ഹിന്ദുക്കൾക്ക് ബോധ്യമുണ്ട്. ഹിമാചൽ പ്രദേശിലെ വോട്ടർമാർക്ക് ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസമാെന്നും കാണാൻ കഴിഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഹിമാചൽ പ്രദേശിൽ കുറച്ച് ബിജെപി ഭാരവാഹികൾ പാർട്ടി വിട്ടു. രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ നരേന്ദ്ര മോഡിക്കെതിരെ പ്രിയങ്ക വധേര ശക്തമായ പ്രചരണം നടത്തി. “മിഷൻ റിപ്പീറ്റ്” എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി ക്യാമ്പിൽ ആശങ്കകളുടെ കാർമേഘങ്ങളാണ്. എതിരാളികളുടെ തന്ത്രങ്ങളെക്കാൾ പ്രേം കുമാർ ധൂമൽ എന്ന മുതിർന്ന നേതാവിന്റെ നിശബ്ദതയും അസാന്നിധ്യവുമാണ് അവരെ ഭയപ്പെടുത്തുന്നത്. രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുള്ള അദ്ദേഹത്തിന് ഇക്കുറി ടിക്കറ്റ് നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ വിശ്വസ്തരായ കേണൽ ഇന്ദർ സിങ്, ഗുലാബ് സിങ് ഠാക്കൂർ എന്നീ പ്രമുഖർക്കും സീറ്റ് നിഷേധിച്ചിരിക്കുകയാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് വീർഭദ്ര സിങ്ങിനെപ്പോലെ സംസ്ഥാനത്തുടനീളമുള്ള വോട്ടർമാർക്കിടയിൽ ഗണ്യമായ സ്വാധീനമുള്ള ധൂമലിന്റെ പിന്തുണയോടെ മാത്രമേ ‘മിഷൻ റിപ്പീറ്റ്’ സാധ്യമാകൂവെന്ന് ബിജെപി നേതാക്കൾക്ക് നല്ല ബോധ്യമുണ്ട്. അതുകാെണ്ടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, കേന്ദ്രമന്ത്രിമാരും റാലികളും പൊതുയോഗങ്ങളുമായി ഹിമാചലിൽ സജീവമാകുന്നത്.

 


ഇതുകൂടി വായിക്കു; കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ഫലിതവും ഒളിവില്‍പോകുന്ന ബലാത്ക്കാര വീര്യവും


ഒരു കാലത്ത് ഹിമാചൽ ബിജെപിയിലെ എല്ലാമെല്ലാമായിരുന്ന ധൂമലിനെ ഒതുക്കിയതിനു പിന്നിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ കൈകളുണ്ട്. 1983 മുതൽക്കിങ്ങോട്ടുള്ള ഹിമാചലിന്റെ രാഷ്ട്രീയചരിത്രത്തിൽ തിളങ്ങി നിന്ന രണ്ട് നേതാക്കളാണ് കോൺഗ്രസിന്റെ വീർഭദ്ര സിങ്ങും ബിജെപിയുടെ പ്രേം കുമാർ ധൂമലും. 2017 ൽ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി മത്സരിച്ച പ്രേം കുമാർ ധൂമൽ പരാജയപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായി. ഈ പരാജയത്തിന് ചുക്കാൻപിടിച്ചത് ജെ പി നഡ്ഡയായിരുന്നു. 2007‑ലെ രണ്ടാം ധൂമൽ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്ന നഡ്ഡ അദ്ദേഹവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് രാജിവയ്ക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുമാറിയ നഡ്ഡ ഡൽഹി ബന്ധങ്ങൾ ഉപയോഗിച്ചാണ് 2017‑ലെ തെരഞ്ഞെടുപ്പിൽ ഇടപെട്ടത്. ഹമിർപൂരിൽ നിന്ന് സുജൻപൂരിലേക്ക് ധൂമലിന്റെ മണ്ഡലം മാറ്റിയത് നഡ്ഡയുടെ താല്പര്യമായിരുന്നു. സുജൻപൂരിലെ ധൂമലിന്റെ പരാജയം അദ്ദേഹത്തെ ഒതുക്കാനുള്ള എതിരാളികളുടെ കണക്കുകൂട്ടൽ വിജയിച്ചതിന്റെ തെളിവാണ്. ഈ തെരഞ്ഞെടുപ്പിലും ഹിമാചലിലെ വിജയത്തിന് ബിജെപിക്ക് ധൂമലിനെ വേണം. ഇത് മനസിലാക്കിയാണ് ജെ പി നഡ്ഡ പ്രചാരണത്തിൽ സജീവമാകാൻ ധൂമലിനോട് അഭ്യർത്ഥിച്ചത്. പക്ഷേ അതിനോടുള്ള അദ്ദേഹത്തിന്റെ തണുപ്പൻ പ്രതികരണത്തിനും രാഷ്ട്രീയ മാനങ്ങളേറെയുണ്ട്.

 


ഇതുകൂടി വായിക്കു; ശിരസ് വത്മീകത്തില്‍ അര്‍പ്പിക്കുന്നവര്‍ അഥവാ സ്വയം ഹത്യ ചെയ്യുന്നവര്‍


 

കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ അഗ്നിപഥ് പദ്ധതി പിൻവലിക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന പ്രധാന വാഗ്ദാനം. പ്രധാന കാര്‍ഷിക വിളയായ ആപ്പിള്‍ കര്‍ഷകര്‍ക്കുള്ള സഹായവും വാഗ്ദാനത്തിലുണ്ട്. നേരത്തെ ഹിമാചലിൽ നിന്ന് 4,000 യുവാക്കളെ സൈന്യം റിക്രൂട്ട് ചെയ്തിരുന്നു. ഇപ്പോൾ നിശ്ചിത ക്വാട്ട സമ്പ്രദായത്തിൽ 400–500 പേരെ മാത്രമേ നിയമിക്കൂ. അതിൽ തന്നെ 75 ശതമാനം പേരും നാല് വർഷത്തിനുള്ളിൽ വിരമിക്കുകയും ചെയ്യും. അവർക്ക് റാങ്കുകളോ പെൻഷനോ ലഭിക്കില്ല എന്നത് ഹിമാചലിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകമാണ്. പ്രിയങ്ക ഗാന്ധി ഹിമാചൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണകരമായി എന്ന് എബിപി ന്യൂസ്-സിവോട്ടർ സർവേയും സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ എബിപി ന്യൂസ്-സിവോട്ടർ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം കോൺഗ്രസിന്റെ വോട്ട് വിഹിതം 2.5 ശതമാനം വർധിച്ചിട്ടുണ്ട്. 44.8 ശതമാനം വോട്ടുമായി ബിജെപി ഒന്നാമതായിരിക്കുമെങ്കിലും 44.2 ശതമാനം വോട്ട് നേടി കോൺഗ്രസ് ഒപ്പമെത്തും. ആം ആദ്മിക്ക് 3.3 ശതമാനം വോട്ടുകളേ പ്രവചിക്കപ്പെട്ടിട്ടുള്ളു. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ട് വിഹിതമനുസരിച്ച് ബിജെപി 31 മുതൽ 39 വരെ സീറ്റുകളും കോൺഗ്രസിന് 29 മുതൽ 37 വരെ സീറ്റുകളുമാണ് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടി പരമാവധി ഒരു സീറ്റും മറ്റുള്ളവർ മൂന്ന് സീറ്റ് വരെയും നേടാം. ധൂമലിന്റെ രാഷ്ട്രീയ മൗനം ഈ തെരഞ്ഞെടുപ്പിൽ ഇരട്ട എഞ്ചിനുമായി ഓടാനിറങ്ങിയ ബിജെപിയെ എങ്ങനെ ബാധിക്കും, പ്രിയങ്കയുടെ പ്രചരണം ഹിമാചലിലെ ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമോ എന്നറിയാൻ ഡിസംബർ എട്ടുവരെ കാത്തിരിക്കേണ്ടി വരും.

Exit mobile version