ലോകത്തിലെ ഏറ്റവും വലിയ പാൽ ഉല്പാദക — ഉപഭോക്തൃ രാജ്യമായ ഇന്ത്യയിൽനിന്നാണ് എരുമപ്പാൽ ഏറെയും ലഭിക്കുന്നത്, 70%. അതിൽ പശുവിൻ പാലിനേക്കാൾ 40% പ്രോട്ടീനും 58% കാത്സ്യവും അടങ്ങിയിരിക്കുന്നു. അതനുസരിച്ച് എരുമയെയാണ് മാതാവായി കണക്കാക്കേണ്ടതെന്നാണ് പ്രമുഖ ചിന്തകൻ കാഞ്ച ഇലയ്യ നിരീക്ഷിച്ചത്. 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ബഫല്ലോ നാഷണലിസം: എ ക്രിട്ടിക് ഓഫ് സ്പിരിച്വൽ ഫാസിസം’ (പോത്ത് ദേശീയത: ആത്മീയ ഫാസിസത്തെക്കുറിച്ചുള്ള വിമർശനം) എന്ന പഠനം ആ അർത്ഥത്തിൽ സൂക്ഷ്മമാണ്.
ഭൂരിപക്ഷത്തിന് തുല്യതയും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ആത്മീയ ഫാസിസത്തിനെതിരെ ശക്തമായി വാദിച്ച് ദളിത്-ബഹുജനങ്ങളുടെ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉല്പാദന മൃഗമായി എരുമയെ അടയാളപ്പെടുത്തുന്നതിലൂടെ സമകാലിക ഇന്ത്യയിലെ സ്വത്വം, ജാതി ചലനാത്മകത, സാമൂഹിക - സാമ്പത്തിക ഘടനകൾ എന്നിവയുടെ സങ്കീർണതകൾ വിവരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമൂഹിക ഘടനയിലെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ എരുമ എങ്ങനെ പ്രതീകപ്പെടുത്തുന്നുവെന്ന് പരിശോധിക്കുന്നു. അങ്ങനെ ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്കിടയിലെ നീതിയുടെയും ഐക്യദാർഢ്യത്തിന്റെയും വീക്ഷണത്തിലൂടെ ദേശീയതയെ പുനർനിർവചിക്കുന്നതിന് ആ പ്രതീകത്തെ പ്രധാനമായി അവതരിപ്പിക്കുകയുമാണ്. നിലനിൽക്കുന്ന ‘പശു ദേശീയത’യ്ക്കെതിരായ ദളിതരുടെ ആശങ്കകൾക്ക് ശബ്ദം നൽകാനാണ് പുസ്തകത്തിന് ബഫല്ലോ നാഷണലിസം എന്ന ശീർഷകം തെരഞ്ഞെടുത്തതും.
പശുക്കളുടെ പവിത്രതയെയും എരുമകൾക്ക് ആ പദവി നൽകാത്തതിന്റെയും സമസ്യകളിലേക്ക് കടക്കുന്നുമുണ്ട്. മൃഗങ്ങളിൽപ്പോലും വംശീയ സിദ്ധാന്തം അടിച്ചേല്പിക്കുന്ന തന്ത്രങ്ങൾ തുറന്നുകാട്ടുകയുമുണ്ടായി കാഞ്ച ഇലയ്യ. രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്നതും നിരവധിയാളുകൾക്ക് ഉപജീവനമാർഗം നൽകുന്നതുമായ എരുമയ്ക്ക് ദേശീയ മൃഗ പദവി നൽകാതിരിക്കാൻ ഒരു കാരണവുമില്ല. ആര്യന്മാരാണ് പശുവിനെ ഉയർത്തിക്കൊണ്ടുവന്നതെന്ന് നിരീക്ഷിച്ച അദ്ദേഹം അതിന്റെ പവിത്രത സംബന്ധിച്ച ഏത് പരാമർശവും മാംസാഹാരികളായ ദളിതരുടെ സംസ്കാരത്തിനെതിരായ ആക്രമണമാണെന്നും വിശദീകരിച്ചു. എരുമപ്പാൽ കുട്ടികളെ അഴിമതിക്കാരാക്കുന്നുവെന്നും മാംസവും മത്സ്യവും അവരിൽ അക്രമ പ്രവണതകൾക്ക് കാരണമാവുന്നുവെന്നും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിമാർ തുടർച്ചയായി തട്ടിവിടുകയാണ്. അത്തരം വാദങ്ങൾ നിരത്തിയുള്ള നിയന്ത്രണം ബിഹാറിലേക്കും എത്തിയിരിക്കുന്നു.
സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനും കുട്ടികൾക്കിടയിലെ അക്രമാസക്തമായ പ്രവണതകൾ തടയുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവയ്ക്ക് സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കുമെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. നഗരവികസന വകുപ്പിലെ ചർച്ചകൾക്കും പൊതുജനങ്ങളുമായുള്ള സംവാദമായ ജൻകല്യാൺ സംവാദ് വേളയിലെ ചർച്ചകൾക്കും ശേഷം എടുത്ത പുതിയ തീരുമാനമാണതെന്ന് അദ്ദേഹം പട്നയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോഗ്യപരമായ കാഴ്ചപ്പാടും സാമൂഹിക ഐക്യം നിലനിർത്താനുമാണ് അതെന്നും വ്യക്തമാക്കി.
നിരോധനം നടപ്പിലാക്കുന്നത് 2007ലെ ബിഹാർ മുനിസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. 2017ൽ ഉത്തർപ്രദേശ് സർക്കാർ ആരാധനാലയങ്ങൾക്ക് സമീപം മാംസവില്പന നിരോധിക്കുകയുണ്ടായി. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉത്സവ സമയങ്ങളിൽ പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ജീവിത സൗകര്യം മെച്ചപ്പെടുത്താനും പൗരന്മാരുടെ അന്തസ് ഉറപ്പാക്കാനും ലക്ഷ്യമിടുന്ന പരിപാടിക്ക് കീഴിലുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണ രൂപരേഖയ്ക്ക് അനുസൃതമായാണ് ബിഹാറിലെ നീക്കം. വൃത്തിഹീനമായോ ലൈസൻസ് ഇല്ലാതെയോ ഏതു കച്ചവടം നടത്തിയാലും നിരോധിക്കുന്നതിന് നിലവിൽ നിയമങ്ങളുണ്ട്. അതിനാൽ മന്ത്രിയുടെ നീക്കം മറ്റൊന്നാണെന്നത് വ്യക്തം.
കാരണം ബിഹാറിൽ 90% ജനങ്ങളും സസ്യേതര ഭക്ഷണങ്ങൾ ആശ്രയിക്കുന്നവരാണ്. കുട്ടികളിൽ അക്രമവാസന പടർത്തുന്നുവെന്ന ഭാഷ്യം ശാസ്ത്രീയമല്ല, മനുവാദി ബ്രാഹ്മണിക പ്രചാരണം മാത്രം. പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാവുമെന്നും എരുമയുടേത് കുട്ടികളെ മന്ദബുദ്ധികളാക്കുമെന്നും അവർക്ക് കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ കഴിയില്ലെന്നും കോട്ടയിലെ രംഗഞ്ച് മണ്ഡിയിലെ ഖേദ്‌ലി ഗ്രാമത്തിൽ നടന്ന ഗോസംരക്ഷാ ചടങ്ങായ ഗോസംവർധൻ ആന്റ് ഗോചരണില്‍ (പശു സംരക്ഷണവും മേച്ചിൽപ്പുറവും) രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ നടത്തിയ വിചിത്ര പരാമർശം പരിഹസിക്കപ്പെട്ടു. പശു‐ എരുമ കിടാവുകളെ താരതമ്യം ചെയ്തായിരുന്നു വിശദീകരണം. പശുക്കിടാവിനെയും എരുമക്കിടാവിനെയും ദൂരെ നിന്ന് അവരുടെ അമ്മമാരുടെ അടുത്തേക്ക് വിട്ടാൽ പശുക്കിടാവ് വേഗത്തിൽ അമ്മയെ കണ്ടെത്തുമെന്നും എരുമക്കിടാവിന് അതിന് കഴിയില്ലെന്നും വിശദീകരിക്കുകയും ചെയ്തു.
പശുക്കിടാവിന് പാൽ നൽകിയാൽ മൂർച്ചയുള്ള ബുദ്ധിശക്തി പ്രകടിപ്പിച്ച് ഊർജവും പ്രസരിപ്പുള്ളതുമായി ഇരിക്കുമെന്നും എരുമക്കിടാവ് അലസമായി ഉറങ്ങുമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലാത്ത ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസവും വിമർശനങ്ങളും ഉയർന്നു. ബാബറി മസ്ജിദ് തകർത്ത ഡിസംബർ ആറ് ശൗര്യ ദിവസ് ആയി ആചരിക്കാനുള്ള ആഹ്വാനം, സ്കൂളുകളിലെ അധ്യാപകരുടെ വസ്ത്രധാരണത്തെയും മൊബൈൽ ഫോൺ ഉപയോഗത്തെയും കുറിച്ചുള്ള അസഹിഷ്ണുത തുടങ്ങിയ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു പുതിയ പരാമർശം. പശുവിൻ പാലിനെ ഉയർന്ന ബുദ്ധി നിലവാരവുമായി ബന്ധിപ്പിക്കുന്നതിന് തെളിവില്ല. അത് എരുമപ്പാലിനേക്കാൾ വൈജ്ഞാനിക ഗുണം നൽകുമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ലെന്ന് പോഷകാഹാര ഗവേഷകരും ശിശുരോഗ വിദഗ്ധരും കണ്ടെത്തിയിട്ടുമുണ്ട്.
എരുമപ്പാലിൽ ഉയർന്ന കൊഴുപ്പ് അടങ്ങിയിരിക്കുന്നു — ആറ് മുതൽ 15% വരെ. അത് കൂടുതൽ കലോറി സാന്ദ്രതയുള്ളതുമാണ്. പ്രോട്ടീൻ, കാത്സ്യം, വിറ്റാമിൻ ബി 12 എന്നിവയുടെ അളവ് ഉയർന്നതും. നാഡികളുടെ ആരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ രൂപീകരണം, ഡിഎൻഎ എന്നിവയ്ക്ക് അത്യാവശ്യമായ സൂക്ഷ്മ പോഷകമാണത്. തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രധാനമായ അയഡിൻ, മൃഗങ്ങളുടെ തീറ്റയെ ആശ്രയിച്ചിരിക്കുന്നു. പശുവായാലും എരുമയായാലും അതിന്റെ അളവ് ജീവിവർഗങ്ങളെക്കാൾ ഭക്ഷണക്രമത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഏതെങ്കിലും പാൽ മെച്ചപ്പെട്ട ബുദ്ധിശക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അത് മുലപ്പാലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ അല്ലാന സൺസ് പ്രൈവറ്റ് ലിമിറ്റഡ് നാല് അനുബന്ധ സ്ഥാപനങ്ങൾ വഴി ബിജെപിക്ക് 30 കോടി രൂപയുടെ റെക്കോഡ് സംഭാവനയാണ് ഇക്കുറി നൽകിയത്. 2024 — 25 കാലയളവിൽ ആ തുക മുൻവർഷത്തെ രണ്ടുകോടിയേക്കാൾ 15 ഇരട്ടി. ബീഫ് കയറ്റുമതി മേഖല വൻ കുതിപ്പ് നടത്തിയ സമയത്താണ് ഈ സാമ്പത്തിക സഹായമെന്നത് ഗൗരവതരമാണ്. 2025ൽ 400 കോടി ഡോളറിന്റെ കയറ്റുമതി മറികടന്നു. പുതിയ സർട്ടിഫിക്കറ്റ് മാർഗനിർദേശങ്ങളും ഈജിപ്ത് പോലുള്ള പ്രധാന വിപണികളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതും ഉൾപ്പെടെയുള്ള മോഡി സർക്കാർ നീക്കങ്ങൾ വളർച്ചയ്ക്ക് പിന്തുണയായി. അങ്ങനെ ഇന്ത്യ പുതിയ മാംസ വിപണികളിലേക്ക് പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അല്ലാന ഗ്രൂപ്പിന്റെ അഭൂതപൂർവമായ സംഭാവന. അതിനിടയിലും പശുവിന്റെ പേരിലുള്ള അതിക്രമങ്ങളും ആൾക്കൂട്ട വിചാരണകളും വധങ്ങളും ഏറിവരികയാണെന്നത് വിരോധാഭാസമാണ്.
ഒഡിഷയിലെ ബാലസോർ ജില്ലയിൽ മുസ്ലിം യുവാവിനെ ഗോരക്ഷകർ മർദിച്ചുകൊന്നു. കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന ഷെയ്ഖ് മകന്ദർ മുഹമ്മദിനെ ഒരു സംഘം പിന്തുടരുകയും വാഹനം മറിച്ചിട്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കുംമുമ്പ് മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം മരിച്ചു. കൊലപാതകത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ ബീഫ് വില്പനയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തുടർന്ന് സുന്ദർഗഡിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അത് ഇന്റർനെറ്റ് അടച്ചുപൂട്ടലിനും നിരോധനാജ്ഞകൾക്കും കാരണമായി. ഹൈദരാബാദിലെ അരാംഘർ ക്രോസ്റോഡിന് സമീപം പശുക്കളുമായി പോയ ട്രക്ക് കാറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ സംഘർഷം പ്രശ്നങ്ങളുണ്ടാക്കി. അവയെ കശാപ്പുശാലയിലേക്ക് കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറെ അതിക്രൂരമായി മർദിച്ചു. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു. കൂടിനിന്നവരിൽ ചിലർ ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ വിളിച്ചാണ് പാഞ്ഞടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പരാണ് വാഹനത്തിന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പശുക്കളെ ജിയാഗുഡയിലെ ശ്രീ സമർത്ഥ കാമധേനു ഗോശാലയിലേക്ക് അയച്ചു. ഷാദ്നഗറിലെ കന്നുകാലി ചന്തയിൽ വിൽക്കാൻ അവയെ കൊണ്ടുപോകുകയായിരുന്നു ഡ്രൈവറും രണ്ട് സഹായികളും എന്നായിരുന്നു കുറ്റംചാർത്തൽ. മൂന്നുപേരെയും ജനക്കൂട്ടം മർദിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമായിരുന്നു.

