ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക വിവേചനത്തിനുമെതിരെ ഇന്ന് സർക്കാർ ജീവനക്കാരും അധ്യാപകരും പ്രതിഷേധത്തിന്റെ സമര ചങ്ങല തീർക്കുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലാ കേന്ദ്രങ്ങളിലും തലസ്ഥാനത്ത് ലോക്ഭവൻ മുതൽ സെക്രട്ടേറിയറ്റ് വരെയുമാണ് സമര ചങ്ങല തീർക്കുന്നത്. സേവനമേഖലയെ ദുർബലപ്പെടുത്തുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വലതുപക്ഷവൽക്കരണ നയങ്ങൾക്കെതിരായ ശക്തമായ പ്രതിരോധമാണ് ഈ സമരം. രാജ്യത്ത് ബിജെപി, കോൺഗ്രസ് സർക്കാരുകൾ അടിച്ചേല്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശികയും അനുവദിച്ച ക്ഷാമബത്തയുടെ കുടിശികയും അനുവദിക്കുക, കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സേവന‑വേതന പരിഷ്കരണത്തിനായി 12-ാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉന്നയിക്കുന്നത്.
രാജ്യത്തിന്റെ നട്ടെല്ലാണ് സിവിൽ സർവീസ്. രാഷ്ട്രീയ നിഷ്പക്ഷതയോടെ നയനിർവഹണം നടത്തുന്ന ഭരണയന്ത്രത്തിന്റെ ഭാഗമാണത്. ”മിനിമം ഗവൺമെന്റ് മാക്സിമം ഗവേണന്‍സ് ” എന്ന കേന്ദ്രസർക്കാർ തീരുമാനം സിവിൽ സർവീസിനെ വെട്ടിച്ചുരുക്കുകയും സ്വകാര്യവൽക്കരണം വ്യാപകമാക്കുകയും ചെയ്യുന്നു. ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതാണ് ധനപ്രതിസന്ധിയുടെ കാരണങ്ങളെന്ന് പ്രചരിപ്പിച്ച് അവകാശങ്ങൾ നിഷേധിക്കുന്നു. പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ക്രമസമാധാന പരിപാലനവുമെല്ലാം ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ കർത്തവ്യമാണെന്ന ബോധ്യം മനഃപൂർവം തമസ്കരിച്ചവരാണ് ഈ പ്രചരണങ്ങളുടെയെല്ലാം പിന്നിൽ.
ജീവനക്കാരുടെയും അധ്യാപകരുടെയും വാർധക്യകാല സുരക്ഷിതത്വമായിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ പിൻവലിച്ച് പങ്കാളിത്ത പെൻഷൻ രാജ്യത്ത് നടപ്പിലാക്കിയത് ബിജെപിയും കോൺഗ്രസും നേതൃത്വം നൽകിയ സർക്കാരുകളാണ്. വാജ്പേയിയുടെ സർക്കാരാണ് 2001 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് പങ്കാളിത്തപെൻഷൻ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഐഎംഎഫ് നിർദേശ പ്രകാരം ആർ കെ ഭട്ടാചാര്യ കമ്മിഷനെ നിയമിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ 2004 ജനുവരി ഒന്ന് മുതൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ പങ്കാളിത്ത പെൻഷനാക്കി വിജ്ഞാപനമിറക്കി. 2004 ഡിസംബർ 24ന് ഡോ. മൻമോഹൻ സർക്കാർ ഓർഡിനൻസ് ഇറക്കി നിയമ പരിരക്ഷ ഉറപ്പാക്കി. 2005 മാർച്ച് 21ന് പിഎഫ്ആർഡിഎ ബിൽ പാർലമെന്റിൽ കൊണ്ടുവരികയും ചെയ്തു.
എൽഡിഎഫ് എംപിമാരുടെ എതിർപ്പിനെ തുടർന്ന് ബിൽ നിയമമാക്കാൻ ആദ്യ ഘട്ടത്തിൽ കഴിഞ്ഞില്ല. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്ന കോൺഗ്രസ്, ബിജെപി സർക്കാരുകൾ പദ്ധതി നടപ്പിലാക്കി. എൽഡിഎഫ് അധികാരത്തിലിരുന്ന കേരളം, ത്രിപുര, ബംഗാൾ ഒഴികെ അന്ന് എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി. കേരളത്തിൽ 2012 ആഗസ്റ്റ് എട്ടിന് ഉമ്മൻചാണ്ടി സർക്കാർ പുറപ്പെടുവിച്ച ജിഒ(പി) നം. 441/2012/ഫിൻ ഉത്തരവാണ് പഴയ പെൻഷന് ചരമഗീതം രചിച്ചത്.
ജീവനക്കാർക്ക് ഒരു നേട്ടവുമില്ലാത്ത, അവരെ ചൂഷണം ചെയ്യുകയും ഖജനാവ് ചോർത്തുകയും ചെയ്യുന്ന പദ്ധതിയായി നാഷണൽ പെൻഷൻ സ്കീമും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ പെൻഷൻ പദ്ധതിയായ യൂണിഫൈഡ് പെൻഷൻ സ്കീമും മാറി. കേരളത്തിലും ഈ പെൻഷൻ പദ്ധതിയുടെ പേരിൽ ഖജനാവിൽ നിന്നും ഒഴുകിയത് കോടികളാണ്.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷനിൽ നിന്നും പിന്മാറി പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങി. തമിഴ്‌നാട് പുതിയ ഒരു പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. വലതുപക്ഷ നയവ്യതിയാനത്തിന്റെ ഭാഗമായ പങ്കാളിത്ത പെൻഷനെതിരായ ഇടതു ബദലുകൾ തീർക്കാൻ കേരളത്തിനാവണം. വലതുപക്ഷവൽക്കരണ നയത്തിന്റെ ഭാഗമായാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത് എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പിഎഫ്ആർഡിഎ നിയമത്തെ പാർലമെന്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി എതിർത്തത്. കോൺഗ്രസും ബിജെപിയും എല്ലാകാലത്തും പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ വക്താക്കളായിരുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന നിലപാടാണ് അധ്യാപക-സർവീസ് സംഘടന ആദ്യം മുതലേ സ്വീകരിച്ചത്.
2002ൽ ആന്റണി സർക്കാരാണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ ആദ്യം ശ്രമിച്ചത്. 2012 ആഗസ്റ്റ് എട്ടിന്റെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരം പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയ ഉത്തരവ് പുറത്തുവന്ന ഘട്ടത്തിൽ ജീവനക്കാർ സംയുക്തമായി ഓഗസ്റ്റ് 10ന് പ്രതിഷേധവുമായി തെരുവിലിറങ്ങി. 17ന് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചു, ഓഗസ്റ്റ് 21ന് പണിമുടക്കി. മുഴുവൻ പേരും പണിമുടക്കിയെങ്കിലും കോൺഗ്രസ് അനുകൂല സെറ്റോ സംഘടനകൾ മലക്കം മറിഞ്ഞ് മാറി നിന്നു.
പിന്നീടും തുടർച്ചയായ സമരങ്ങൾ നടന്നു. ജീവനക്കാരുടെ അവകാശവും ആനുകൂല്യവും നഷ്ടപ്പെടുത്തുകയും പ്രതിഷേധിച്ചവരെ കൊടുംകുറ്റവാളികളായി കരുതി വേട്ടയാടുകയും ചെയ്തപ്പോൾ സംരക്ഷണമൊരുക്കി പ്രതിരോധം തീർത്തത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളുമായിരുന്നു. ആ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി സർക്കാരിനോട് പെൻഷൻ സംരക്ഷിക്കണമെന്ന് ആവശ്യമുന്നയിക്കുന്നത്.
വാഗ്ദാനം പാലിക്കുക എന്നത് വെറും വാക്കല്ലെന്ന് തെളിയിച്ച മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാർ. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പ്രഖ്യാപനങ്ങളിൽ മാത്രമാകാതെ പഴയ പെൻഷനിലേക്ക് മടങ്ങിയേ മതിയാവൂ. ഇടതുപക്ഷ ബദലുകൾ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുമതാണ്.
ചട്ടം 300 പ്രകാരം നിയമസഭയിൽ നൽകിയ ഉറപ്പിനെത്തുടർന്ന് വർഷത്തിൽ രണ്ട് തവണ ക്ഷാമബത്ത കഴിഞ്ഞ വർഷം മുതൽ അനുവദിക്കുന്നുണ്ട്. എങ്കിലും 13% ഡിഎ കുടിശികയാണ്. അനുവദിച്ച ക്ഷാമബത്തയുടെ കുടിശികയും ഉണ്ട്. ഏതു പ്രതിസന്ധിയിലും ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അടിയന്തരമായി നടപ്പിലാക്കാനാവണം. ജീവനക്കാരുടെ അവകാശങ്ങൾ അനുവദിക്കണമെന്നതാണ് നിലപാടെന്ന് സർക്കാർ നിയമസഭയിൽ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. അത് സ്വാഗതാർഹവുമാണ്. പ്രഖ്യാപനങ്ങൾ മാത്രം പോര, അത് നടപ്പിലാക്കാൻ കഴിയണം.
ജനക്ഷേമ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോകാനാവാത്തവിധം കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സാമ്പത്തിക വിവേചനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അർഹമായ ഒരു ലക്ഷം കോടി രൂപ സംസ്ഥാനത്തിന് നിഷേധിച്ചു. കഴിഞ്ഞ അഞ്ച് വർഷം മാത്രം 57,000 കോടി രൂപ വെട്ടിക്കുറച്ചു. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയും അനാവശ്യമായ തടസങ്ങളും സൃഷ്ടിക്കുന്നു. വികസന രംഗത്തും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിലും മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നിബന്ധനകളാണ് കേരളത്തിൽ അടിച്ചേല്പിക്കുന്നത്. തനതുവരുമാനം വർധിപ്പിച്ച് സംസ്ഥാനം അതിജീവനത്തിന്റെ പുതിയ മാർഗം സ്വീകരിക്കുന്നു.
കേരളത്തെ രാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെ പേരിൽ സാമ്പത്തികമായി തകർക്കുക എന്നതാണ് ഭരണഘടനയ്ക്ക് വിരുദ്ധമായ പക്ഷപാതിത്വ നിലപാടിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാതെ നമ്മുടെ അവകാശം സംരക്ഷിക്കാനാവില്ല. പ്രതിസന്ധി സൃഷ്ടിച്ച് മനുഷ്യപക്ഷ വികസന മാതൃകകൾ തീർക്കുന്ന ജനകീയ കേരളത്തെ സംരക്ഷിക്കുന്നതിനും കൂടെയാണ് പ്രതിരോധമായി സമര ചങ്ങല തീർക്കുന്നത്.
2025 ജനുവരി 22ന് അധ്യാപക — സർവീസ് സംഘടന സമരസമിതി നടത്തിയ ഏകദിന പണിമുടക്കിന്റെ ഒരു വർഷം തികയുന്ന ഇന്നാണ് വീണ്ടും ഒരു അതിജീവന സമരത്തിന് നേതൃത്വം കൊടുക്കുന്നത്. സമര ചങ്ങല ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും കേരളത്തിന്റെ സംരക്ഷണത്തിനുമായുള്ള ചെറുത്തുനില്പാണ്. കാൽലക്ഷത്തിലേറെ ജീവനക്കാരും അധ്യാപകരും സമരത്തിൽ പങ്കെടുക്കും.

