Site iconSite icon Janayugom Online

രാജ്യത്തിന്റെ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികള്‍

1947 ഓഗസ്റ്റ് 15ന് ഐതിഹാസിക പോരാട്ടത്തിന് ശേഷം ഇന്ത്യയിലെ ജനങ്ങൾ കോളനിവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്തു. ഈ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രതിബദ്ധതയും ബൗദ്ധിക തീക്ഷ്ണതയും ദേശസ്നേഹവുമുള്ള ഒരു കൂട്ടം യുവാക്കൾ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ രാജ്യവ്യാപകമായി ഒരു സംഘടന രൂപീകരിക്കുവാൻ ഒന്നിച്ച് പ്രവർത്തനമാരംഭിച്ചു. അവരുടെ ആദ്യത്തെ വലിയ വിജയമായിരുന്നു 1920ലെ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസി (എഐടിയുസി) ന്റെ രൂപീകരണം. തൊഴിലാളി വർഗത്തിലെ പുരോഗമന — ദേശീയ നേതാക്കളുടെ കൂട്ടായ്മയായിരുന്നു അതിലൂടെയുണ്ടായത്. എഐടിയുസി, ബ്രിട്ടീഷ് ഭരണകാലത്തെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യമുൾപ്പെടെ ദീർഘകാല രാഷ്ട്രീയ ആവശ്യങ്ങൾ സംബന്ധിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുകയും ചെയ്തു. ലോകമഹായുദ്ധത്തിന്റെയും റഷ്യയിൽ ലെനിന്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട ബോൾഷെവിക് വിപ്ലവ വിജയത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലേക്ക് മഹാത്മാഗാന്ധിയുടെ കടന്നുവരവിന്റെയും കാലമായിരുന്നു അത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിനകത്തും പുറത്തുമായി നിലകൊണ്ട് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പ്രോജ്വലിപ്പിക്കുകയും രാജ്യത്തെ സംബന്ധിച്ച നിർണായകമായ സുപ്രധാന പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്തിരുന്നു. 1925 ഡിസംബറിലാണ് കാൺപൂരിൽ വച്ച് സിപിഐ രൂപംകൊള്ളുന്നത്. രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള കമ്മ്യൂണിസ്റ്റുകാരുടെ ആഴത്തിലും പരപ്പിലുമുള്ള ഒത്തുചേരൽ പുരോഗമനപരമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമാകുന്നതിനുമുള്ള ഫലപ്രദമായ വേദിയായി മാറി. കാൺപൂർ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷനായിരുന്ന മൗലാന ഹസ്രത്ത് മൊഹാനിയാണ് നേരത്തെയുണ്ടായിരുന്ന പരിമിത സ്വയംഭരണമെന്ന ആവശ്യത്തിൽ നിന്നുള്ള നിർണായക വ്യതിയാനമായി, ബ്രിട്ടീഷുകാരിൽ നിന്നുള്ള ‘സമ്പൂർണ സ്വാതന്ത്ര്യം’ എന്ന ആവശ്യം ഉന്നയിക്കുന്നത്. രാജ്യത്തിന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചതും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഓൾ ഇന്ത്യ കിസാൻ സഭ (1936) യിലൂടെ കർഷകരെയും ഓൾ ഇന്ത്യ വിദ്യാർത്ഥി ഫെഡറേഷ (1936) നിലൂടെ വിദ്യാർത്ഥികളെയും പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷ (1936) നിലൂടെ എഴുത്തുകാരെയും ബുദ്ധിജീവികളെയും ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷ (1943) നിലൂടെ കലാകാരന്മാരെയും സംഘടിപ്പിക്കുന്നതിനുള്ള നേതൃത്വവും സിപിഐ ഏറ്റെടുത്തു.
ഇതിനിടെ കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുന്നതിന് ബ്രിട്ടീഷുകാർ ആകാവുന്നതെല്ലാം ചെയ്തുവെങ്കിലും സ്വാതന്ത്ര്യപോരാട്ടത്തിൽ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തം കാരണം ജനങ്ങളിൽ നിന്ന് ലഭിച്ച വർധിതപിന്തുണയുടെ ഫലമായി അത് പരാജയപ്പെടുകയായിരുന്നു. അങ്ങനെ ഉജ്വലമായ സമരങ്ങളിലൂടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അവസാനയുദ്ധമെന്ന് വിളിക്കപ്പെടുന്ന 1946ലെ നാവിക കലാപത്തിലേക്കെത്തുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദിൽ നിന്ന് പ്രചോദനവും സിപിഐയുടെ പിന്തുണയുമാർജിച്ച നാവികർ ബ്രിട്ടീഷ് മേലധികാരികളുടെ ഉത്തരവുകൾ അംഗീകരിക്കാതെ പണിമുടക്കി. പിന്തുണ പ്രഖ്യാപിച്ച് ബോംബെയിൽ സിപിഐ നടത്തിയ സമരത്തിൽ ലക്ഷക്കണക്കിന് പേരാണ് അണിനിരന്നത്. ഇതിനെതിരായി ബ്രിട്ടീഷുകാരിൽ നിന്നുണ്ടായ അതിക്രമങ്ങൾ വിപരീത ഫലമാണുണ്ടാക്കിയത്. വിദേശാധിപത്യം സഹിക്കാൻ ജനങ്ങൾ തയ്യാറല്ലെന്നും ഇന്ത്യയിലെ തങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നും വിദേശ ഭരണാധികാരികൾക്ക് ഇതോടെ ബോധ്യമാകുകയും ചെയ്തു. 

സമൂഹത്തിന്റെയും അതിൽത്തന്നെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെയും ഭാവിയിലേക്കുള്ള അജണ്ടയെക്കുറിച്ച് സിപിഐക്ക് വ്യക്തമായ ധാരണകളുണ്ടായിരുന്നു. എങ്ങനെയാണ് ജനങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതെന്ന് പാടങ്ങളിലും പണിശാലകളിലും ചെന്ന് കമ്മ്യൂണിസ്റ്റുകാർ വിശദീകരിച്ചു. കാൺപൂർ സമ്മേളനത്തിൽ തന്നെ എം ശിങ്കാരവേലു ചെട്ടിയാർ മനുഷ്യത്വരഹിതമായ തൊട്ടുകൂടായ്മയെ എതിർക്കുകയും, ജാതിസമ്പ്രദായത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളിയായി സിപിഐ മാറുകയും ചെയ്തു. ആധുനികവും ശാസ്ത്രീയവുമായ മാർക്സിസ്റ്റ് പ്രത്യായശാസ്ത്രത്തെയും സാമൂഹ്യ പരിഷ്‌കർത്താക്കളുടെ സമ്പന്നമായ സംഭാവനകളെയും അടിസ്ഥാനമാക്കി മുന്നോട്ടുപോയ സിപിഐ, മഹിളകളെ അണിനിരത്തി പുരുഷാധിപത്യ പ്രവണതകൾക്കെതിരെയും പോരാട്ടത്തിന് നേതൃത്വം നൽകി. വർണം, ജാതി തുടങ്ങിയ ശ്രേണികളും പുരുഷാധിപത്യവും ഇല്ലാത്തതും സ്വതന്ത്രവും സമത്വവുമായ ഇന്ത്യ എന്ന സിപിഐയുടെ ആശയത്തിലൂടെ സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടഭൂമികയിലേക്ക് ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുകയും അണിനിരത്തുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ എട്ടാം ദശകത്തിലെത്തുമ്പോൾതന്നെയാണ് സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികവുമെത്തുന്നത്. ഈ ഘട്ടത്തിൽ എന്താണ് നമ്മെ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചതെന്ന് ശ്രദ്ധിക്കേണ്ടതും ആ ബന്ധം വിട്ടുവീഴ്ചയില്ലാതെ തുടരുന്നതിന് നാം പ്രതിജ്ഞാബദ്ധമായിരിക്കുകയും വേണം. അ­തോ­ടൊപ്പം ജനങ്ങൾക്ക് മുന്നിൽ എന്തെല്ലാം വെല്ലുവിളികളാണുള്ളതെന്ന് കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ നാം ലക്ഷ്യം വയ്ക്കുന്ന, എല്ലാ ജനവിഭാഗത്തിനും സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക നീതി ഉറപ്പുവരുത്തുന്ന വർഗ രഹിത, ജാതി രഹിത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള പോരാട്ടം തുടരുകയും വേണം.
സിപിഐ രൂപംകൊണ്ട 1925ൽ തന്നെയാണ് ആർഎസ്എസും രൂപപ്പെട്ടത്. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പോരാടുന്നതിനു പകരം അവർ കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷങ്ങളെയുമാണ് രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കിയത്. നൂറുവർഷത്തെ അവരുടെ പ്രവർത്തനങ്ങളെല്ലാംതന്നെ പുരോഗമന വിരുദ്ധമായിരുന്നുവെന്നും കാണാം. കമ്മ്യൂണിസ്റ്റുകാർ പരമമായ ത്യാഗങ്ങൾ സഹിക്കുമ്പോൾ ആർഎസ്എസും അതിന്റെ നേതൃത്വവും ബ്രിട്ടീഷുകാർക്ക് വഴങ്ങുകയായിരുന്നു. രാഷ്ട്രീയ അന്തരീക്ഷത്തെ വിഷമയമാക്കിയ ആർഎസ്എസ്, മഹാത്മാഗാന്ധിയെ കൊലപ്പെടുത്തുകയും അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ അതിനെ നിരോധിക്കുകയും ചെയ്തു. സ്വാതന്ത്ര്യകാലം മുതൽ ആർഎസ്എസിന്റെ നിരോധനം പിൻവലിച്ചതിന് ശേഷം, സവർണ‑പൗരോഹിത്യ ആധിപത്യം വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം ലക്ഷ്യം വച്ചാണ് രഹസ്യമായും പരസ്യമായും ആർഎസ്എസ് പ്രവർത്തിച്ചതും തുടരുന്നതും. എല്ലാ മേഖലകളിലും നിരവധി അനുബന്ധ സംഘടനകളുമായി കൂണുപോലെ വളർന്ന അതിന്റെ സംവിധാനത്തെ ആകെയാണ് സംഘ്പരിവാർ എന്ന് വിളിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബിജെപി, ജാതീയവും ചൂഷണാത്മകവും സ്ത്രീവിരുദ്ധവുമായ പ്രത്യയശാസ്ത്രംതന്നെ നടപ്പിലാക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമല്ലാതെ മറ്റൊന്നുമല്ല. 

എങ്ങനെയാണ് പ്രത്യയശാസ്ത്രപരമായ ഈ വെല്ലുവിളികൾ അഭിമുഖീകരിക്കുകയെന്നും പുരോഗമനപരമായ സോഷ്യലിസ്റ്റ് അജണ്ട രാജ്യത്തിന് മുമ്പാകെ അവതരിപ്പിക്കുകയെന്നതുമാണ് നാം ഇന്ന് നേരിടുന്ന പ്രധാന ചോദ്യം. ബ്രിട്ടീഷുകാരോട് പോരാടുകയും പിന്നീട് സ്വാതന്ത്ര്യം നേടിയതിനുശേഷം നമ്മുടെ രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്ത മഹത്തായ ചരിത്രമാണ് നമുക്കുള്ളത്. ആ പോരാട്ടങ്ങളും പാരമ്പര്യങ്ങളും അവശേഷിപ്പുകളായല്ല, വർധിത വീര്യത്തോടെ മുന്നോട്ട് പോകാനുള്ള പ്രചോദനമായി ഏറ്റെടുക്കുകയാണ് വേണ്ടത്. നമ്മുടെ ചുമതലയും ആശങ്കയും എല്ലായ്പോഴും ഒന്നാണ്. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമമെന്നതാണത്. ആർഎസ്എസ്-ബിജെപി ദുർഭരണത്തിന് കീഴിൽ ജനങ്ങൾ വലയുകയും വിഭജന, വർഗീയ പ്രത്യയശാസ്ത്രം നമ്മുടെ സാമൂഹ്യഘടനയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അവരോട് കൂടുതൽ അടുക്കുക എന്നതായിരിക്കണം നമ്മുടെ ചുമതല. ആർഎസ്എസ്-ബിജെപി സംഘത്തിന് അധികാരാധിപത്യവും വ്യാപക നിരീക്ഷണത്തിന്റെയും വ്യാജവാർത്തകളുടെയും ആയുധക്കൂട്ടങ്ങളും കയ്യിലുള്ള ഇക്കാലത്ത് അത് നിസാര ദൗത്യമല്ല. ഔദ്യോഗികരംഗമടക്കം ഭരണത്തിന്റെ എല്ലാതലങ്ങളിലും ആർഎസ്എസ് നുഴഞ്ഞുകയറുകയാണ്. ഇത് നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ തകർക്കാനും ഒരു പൗരോഹിത്യ ഹിന്ദുരാഷ്ട്രം അടിച്ചേല്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അത്തരമൊരു ദുരന്തം സംഭവിക്കുന്നതിന് മുമ്പ് സ്വാതന്ത്ര്യത്തെയും നമ്മുടെ മതേതരത്വത്തെയും സംരക്ഷിക്കണമെന്ന് ഡോ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതുകൊണ്ട് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ നിന്ന് നമുക്ക് പൈതൃകമായി സിദ്ധിച്ച മൂല്യങ്ങൾ സംരക്ഷിക്കുവാൻ നാം സദാ ജാഗരൂകരായിരിക്കണം. ഉടൻ നേടേണ്ട ആവശ്യങ്ങൾക്കായി മാത്രമല്ല സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്ന നമ്മുടെ ആത്യന്തികലക്ഷ്യം കൈവരിക്കുന്നതിനായുള്ള പോരാട്ടങ്ങളും പ്രചരണങ്ങളും ശക്തമാക്കുകയും വേണം. 

Exit mobile version