ആരും ശ്രദ്ധിക്കാത്തയിടങ്ങളിൽ ഇടപെട്ട് സംഘപരിവാര ആശയങ്ങൾ സ്ഥാപിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാരിന്റേതെന്ന് എല്ലാവർക്കുമറിയാം. നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണം വരുന്നതിന് വർഷങ്ങൾക്ക് മുമ്പേ തന്നെ രാജ്യഭരണം ലഭിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന വ്യക്തമായ ആസൂത്രണം ഇക്കൂട്ടർ നടത്തിയിട്ടുണ്ട്. ഇതെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നത്.
ഉത്തരേന്ത്യയിൽ ബിജെപിക്ക് സ്വാധീനമില്ലാത്തിടങ്ങളിൽ മതവികാരം പറഞ്ഞ് പെട്ടെന്ന് തന്നെ ഭരണം നേടാൻ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമില്ലായ്‌മ എന്ന ഉപകരണം അതിനായി കേന്ദ്രസർക്കാർ വേണ്ടുവോളം ഉപയോഗിച്ചു. മൻ കീ ബാത് പോലെയുള്ള റേഡിയോ സംപ്രേഷണത്തിലൂടെയുള്ള പ്രചരണവും ന്യൂനപക്ഷ മതങ്ങളെ ഉപദ്രവിച്ചും അത് നിലനിർത്തിക്കൊണ്ടിരിക്കുകയാണ്. അഗ്നിവീർ എന്ന പദ്ധതിയിലൂടെ തങ്ങൾക്ക് അനുകൂലമായ സമാന്തര ഭാവി സൈന്യത്തെ പോലും സൃഷ്ടിക്കാനുള്ള നീക്കം നടത്തുന്നത് പോലും പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. ക്രമേണ തങ്ങളുടെ ആധിപത്യം ഓരോ സംസ്ഥാനത്തും ഉറപ്പിച്ചെങ്കിലും സംഘ്പരിവാർ സ്‌പോൺസേഡ് സർക്കാരിന് പക്ഷെ കേരളത്തിൽ തളർച്ചയും വിളർച്ചയും തന്നെയാണ് തിരിച്ചുകിട്ടിയത്. സർവമേഖലകളിലും ഉന്നതിയിൽ നിൽക്കുന്ന സാക്ഷരതാ സമ്പൂർണതയിലുള്ള കേരളത്തിലെ ജനങ്ങളെ ‘അണ്ടർ എസ്റ്റിമേറ്റ്’ ചെയ്‌തവർ, പഠിച്ച പണി മുഴുവൻ നോക്കിയിട്ടും ജയിച്ച് കയറാനാകുന്നില്ല. ഒടുവിൽ അടവുകൾ മാറ്റി പുതിയ തന്ത്രങ്ങളുടെ അസ്ത്രങ്ങൾ ആവനാഴിയിലേക്ക് നിറയ്ക്കുകയാണ്. അതിലൊന്ന് കേരളത്തിലെ യുവജനങ്ങളുടെ വിദ്യാഭ്യാസ വന്ധീകരണമാണ്.
കേന്ദ്രസർക്കാർ പ്രതിനിധികളായ ഗവർണർക്ക് നേരിട്ട് ഇടപെടാവുന്ന സർവകലാശാലകൾ അധീനതയിലും വരുതിയിലുമാക്കി പരമ്പരാഗത കേരളാ മോഡൽ വിദ്യാഭ്യാസത്തെ തച്ചുടയ്ക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. സർവകലാശാലകളിൽ നിന്നും വർഷന്തോറും പഠിച്ചിറങ്ങുന്ന അഭ്യസ്തവിദ്യരെ ഗതിമാറ്റി വിട്ടാലേ കേരളം കൈപ്പിടിയിലൊതുങ്ങൂവെന്ന് ആർ എസ്എസിന്റെയും ബിജെപിയുടെയും ബുദ്ധികേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു. ഇതിനായി വിദ്യാഭ്യാസ വന്ധീകരണമാണ് ഇവർ ലക്ഷ്യമിടുന്നത്. അതിനാണ് സർവകലാശാലകളിൽ തങ്ങളുടെ അടിമകളെ വിവിധ തസ്തികകളിലേക്ക് തിരുകിക്കയറ്റി വിദ്യാഭ്യാസത്തിന്റെ കേരളാ മോഡലിന് തുരങ്കം വയ്ക്കുന്നത്. കേരളത്തെ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസനയം തന്നെ രൂപീകരിച്ചിട്ടുള്ളത്.
ഗവർണർമാരെയും വിസിമാരെയും ആവശ്യത്തിന് ആവനാഴിയിൽ അടക്കിവച്ചിട്ടാണ് ബിജെപി കേരളവേട്ട തുടരുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെ കലാലയങ്ങളില്‍ ബിജെപിയുടെ കോളനിവല്‍ക്കരണശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
വിദ്യാഭ്യാസ വന്ധീകരണത്തിലൂടെ സംസ്ഥാനത്തിന്റെ തലവര മാറ്റാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്കുള്ള പ്രതിരോധക്കോട്ടകൾ നാം കെട്ടേണ്ടതായുണ്ട്. പരമ്പരാഗത വിദ്യാഭ്യാസരീതിയിലൂടെ നൂറ് ശതമാനം സാക്ഷരതയുള്ള നാടിന്റെ കെട്ടുറപ്പ് സംരക്ഷിക്കാൻ പുതിയ തലമുറ രംഗത്തിറങ്ങണം.

