സാധാരണ കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃനിരയിലേക്ക് ഉയർന്ന എസ് കുമാരന്റെ ചരമവാർഷികദിനമാണിന്ന്. എസ് കുമാരൻ എന്ന കുറിയ മനുഷ്യൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത ശീർഷരായ നേതാക്കളിൽ പ്രമുഖനായിരുന്നു. പുന്നപ്ര‑വയലാർ സമരത്തിന്റെ അഗ്നിപരീക്ഷണങ്ങളിലൂടെയാണ് കൊച്ചു കുമാരൻ എന്ന് അയൽക്കാർ വാത്സല്യപൂർവം വിളിച്ച എസ് കുമാരന്റെ രാഷ്ട്രീയ ജീവിതം പരുവപ്പെടുന്നത്. കേരളത്തിന്റെ രാഷ്ട്രീയഭാവി മാറ്റിമറിച്ച ഐതിഹാസികമായ ആ സമരത്തിന്റെ മുന്നണിയിലും പിന്നണിയിലും ഒരുപോലെ ജ്വലിച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര‑വയലാർ സമരത്തിന്റെ ആക്ഷൻ കൗൺസിലിലും അംഗമായിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ദീർഘകാലം ഒളിവിലും ജയിലുമായിരുന്നു. ഒളിവിൽ കഴിയുമ്പോൾ എസും സി കെ കുമാരപ്പണിക്കരും പൊലീസ് വലയിലായതിന്റെയും രക്ഷപ്പെട്ടതിന്റെയും അനുഭവങ്ങൾ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ അസാമാന്യ ധീരത വെളിപ്പെടും. ഒളിവിലായിരുന്നപ്പോൾ പൊലീസ് വീട് വളഞ്ഞു. പിടികൊടുക്കുകയല്ലാതെ രക്ഷയില്ല. ജോലിക്കുവന്ന രണ്ട് ആശാരിമാരാണെന്ന് പറഞ്ഞത് പൊലീസിന് വിശ്വാസമായില്ല. എങ്കിൽ മൂത്താശാരി പോയിക്കോട്ടെ, ഞാൻ സ്റ്റേഷനിലേക്ക് വന്നുകൊള്ളാമെന്ന് പറഞ്ഞ് എസ്, കൂടെയുണ്ടായിരുന്ന സി കെ കുമാരപ്പണിക്കരെ ഒഴിവാക്കുകയും പൊലീസുകാരോടൊപ്പം സ്റ്റേഷനിലേക്ക് ചെല്ലുകയും ചെയ്തു. അവിടെയെത്തിയപ്പോഴാണ് കഥ മാറുന്നത്. എസിനെ അറിയാവുന്ന പൊലീസുകാരൻ അവിടെയുണ്ടായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞ പൊലീസുകാരുടെ കൈപ്രയോഗങ്ങളെല്ലാം എസിന് ഏറ്റുവാങ്ങേണ്ടിവന്നു. പൊലീസിന്റെ ക്രൂരമായ മർദനത്തിനിരയായതിന്റെ ശാരീരിക ക്ലേശങ്ങൾ അവസാന നാളുകൾവരെ അദ്ദേഹം അനുഭവിക്കുകയും ചെയ്തു.
വീട്ടിലെ ഇല്ലായ്മകൾമൂലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാൻ കഴിഞ്ഞ എസ് കുമാരൻ ഒളിവുവാസസ്ഥലങ്ങളും ജയിൽമുറികളും പാഠശാലയാക്കി. അവിടെയദ്ദേഹം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പാഠങ്ങളും സംഘടനാപ്രവർത്തനങ്ങളും ഹൃദിസ്ഥമാക്കിയതിനൊപ്പം അക്ഷീണമായ പ്രയത്നം കൊണ്ട് ഇതര വിജ്ഞാനശാഖകളിലും അറിവ് കരസ്ഥമാക്കി. വിവിധ ഭാഷകളിൽ പരിജ്ഞാനം നേടുകയും ചെയ്തു. തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലൂടെ നേതൃത്വത്തിന്റെ പടവുകൾ കയറിയ എസ് കുമാരൻ 1925 ഫെബ്രുവരി 25ന് ആലപ്പുഴയിൽ ജനിച്ചു. പാർട്ടി കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സ്കൂളിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ എസ്, കോൺഗ്രസിലും തുടർന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. ജീവിത പ്രാരാബ്ധം കൊണ്ട് കയർ ഫാക്ടറി തൊഴിലാളിയായപ്പോൾ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രവർത്തകനായി. സംഘടനാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്തു.
പി കൃഷ്ണപിള്ള മുൻകയ്യെടുത്ത് ആലപ്പുഴയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ എസ് അതിലെ അംഗമായി. ടി വി തോമസ്, സുഗതൻ സാർ, സി കെ കുമാരപ്പണിക്കർ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച സഖാവ്, കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ സമർത്ഥമായ നേതൃത്വം നൽകി. നിരവധി നേതാക്കളെ ഒളിവിൽ പാർപ്പിക്കുന്നതിനും ഒളിവിലിരുന്ന് പാർട്ടി കെട്ടിപ്പടുക്കുന്നതിലും എസ് കാട്ടിയ അസാമാന്യധീരത എക്കാലവും സ്മരിക്കപ്പെടും.
1939ലാണ് സിപിഐ ടൗൺകമ്മിറ്റി സെക്രട്ടറിയായത്. തുടർന്ന് സോണൽ കമ്മിറ്റി സെക്രട്ടറിയായും പാർട്ടി ഓർഗനൈസറായും പ്രവർത്തിച്ചു. 1941ൽ ജോലിയുപേക്ഷിച്ച് മുഴുവൻ സമയ പ്രവർത്തകനായി. അതിനുശേഷം പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയും 1950ൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായി. പുന്നപ്ര‑വയലാർ സമരത്തിനുശേഷം ആലപ്പുഴയിൽ പട്ടാളവാഴ്ച നിലനിന്നപ്പോൾ പാർട്ടിയെ പുനഃസംഘടിപ്പിച്ചത് എസിന്റെ കരുത്തുറ്റ നേതൃത്വമായിരുന്നു. രണ്ടു തവണ ജയിൽവാസമനുഭവിച്ച എസ്, നാലുവർഷക്കാലം ഒളിവിലായിരുന്നു. 1960–64ൽ മാരാരിക്കുളം എംഎൽഎയായിരുന്നു. 1970മുതൽ രണ്ടുതവണ രാജ്യസഭാംഗമായി. സിപിഐ സംസ്ഥാന സെക്രട്ടറിയായി 1968ൽ തെരഞ്ഞെടുക്കപ്പെട്ട എസ് 1970മുതൽ ദീർഘകാലം കേന്ദ്ര എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. സഖാവ് പി കൃഷ്ണപിള്ളയുടെ ശിക്ഷണത്തിൽ ആർജിച്ച അനുഭവപാഠങ്ങൾ എന്നും വഴികാട്ടിയായി. 1964ലെ നിർഭാഗ്യകരമായ ഭിന്നിപ്പിനുശേഷം ദുർബലമായ പാർട്ടി സംഘടനയും വർഗ ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ സഖാവ് വഹിച്ച പങ്ക് വലുതാണ്. പാർട്ടി മുഖപത്രമായ ജനയുഗത്തെ വളർത്തിയെടുക്കുന്നതിന് മുൻനിന്നു പ്രവർത്തിച്ചവരിൽ ഒരാൾ എസായിരുന്നു. ഏറെക്കാലം ജനയുഗത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു.
സാധാരണ പാർട്ടി സഖാക്കളുമായി നിരന്തരം ബന്ധം പുലർത്താൻ എസ് കാണിച്ച താല്പര്യം വിസ്മരിക്കാവുന്നതല്ല. ലളിതജീവിതം, തൊഴിലാളി വർഗത്തോടും രാജ്യത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധത, സഖാക്കളോടും സുഹൃത്തുക്കളോടുമുള്ള നിഷ്കളങ്കമായ സൗഹൃദം ഇതൊക്കെ എസിന്റെ പ്രത്യേകതകൾ തന്നെയാണ്. തിരുവിതാംകൂറിലെ ഉത്തരവാദഭരണത്തിലും തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലും സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന എസ് ഐക്യമുന്നണി പ്രസ്ഥാനത്തിന്റെ ശില്പികളിൽ ഒരാളായിരുന്നു.
33 വർഷങ്ങൾക്കപ്പുറം എസ് മരിക്കുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാണ് വർത്തമാന കാലഘട്ടം. വർഗീയ ശിഥിലീകരണ ശക്തികൾ കൂടുതൽ കരുത്താർജിക്കുകയും രാജ്യഭരണം കയ്യാളുകയും ചെയ്യുന്നു. പ്രസ്തുത ഭരണത്തിന് കീഴിൽ മതേതരത്വവും മാനവിക മൂല്യങ്ങളും ഇല്ലാതാക്കുവാനും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ തകർക്കാനുമുള്ള ശ്രമങ്ങൾ നാൾക്കുനാൾ വർധിച്ചിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സ്വേച്ഛാഭരണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഗോള ശക്തികൾ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നു. ജീവിത സൂചികകളിലെല്ലാം പിറകോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭരണനയങ്ങളുടെ ഫലമായി സമ്പന്നരുടെ ആസ്തി വർധിക്കുകയും അസമത്വം രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് ജീവിതകാലം മുഴുവൻ എസ് കുമാരൻ ചെങ്കൊടി ഉയർത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെ എസിന്റെ പിൻമുറക്കാരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ വർധിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണ പുതുക്കുമ്പോൾ ആ ഉത്തരവാദിത്തങ്ങൾ വിട്ടുവീഴ്ചയില്ലാതെ പൂർത്തിയാക്കുമെന്ന് നമുക്ക് പ്രതിജ്ഞ പുതുക്കാം.