Site iconSite icon Janayugom Online

സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി — ഔദാര്യമല്ല, അവകാശമാണ്

ന്ത്യയുടെ ആരോഗ്യ സുരക്ഷാമേഖല ഒരു നിർണായക പ്രതിസന്ധി ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധിക്ക് രണ്ട് മാനങ്ങളാണുള്ളത്. ഒന്ന്, ആരോഗ്യസുരക്ഷാ സൗകര്യങ്ങൾ പരിമിതമായ തോതിൽ പോലും ലഭ്യമാകാത്ത ജനകോടികൾ. രണ്ട്, തൊഴിലോ, വരുമാനമോ ഇല്ലാത്ത ജനവിഭാഗത്തെ താങ്ങാനാവാത്ത ചികിത്സാച്ചെലവുകൾ വഴിയുള്ള സാമ്പത്തിക ബാധ്യതകളിൽ നിന്നും രക്ഷിച്ചെടുക്കുക. ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള മാർഗം ഒരു സംയോജിത ആരോഗ്യ പദ്ധതിക്ക് രൂപം നൽകുക എന്നത് മാത്രമായിരിക്കും. വിശാലമായൊരു ചട്ടക്കൂടിനുള്ളില്‍ ആരോഗ്യസുരക്ഷ പ്രാഥമികതലം മുതല്‍ ഉറപ്പാക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ സര്‍വതലസ്പര്‍ശിയാക്കുക, സമഗ്രവും കാര്യക്ഷമവുമായ നിയന്ത്രണ സംവിധാനത്തിന് രൂപം നല്‍കുക, തുടര്‍ച്ചയായ നിക്ഷേപ സ്രോതസുകള്‍ ലഭ്യമാക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കണം. ഈ വിധത്തില്‍ രൂപപ്പെടുത്തിയെടുക്കുന്ന സമഗ്രമായൊരു സമീപനത്തിലൂടെ ഉള്‍ക്കൊള്ളുന്നതും ധനകാര്യക്ഷമത ഉറപ്പാക്കുന്നതും, ആഗോള സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ടുള്ളതുമായ ഒരു ആരോഗ്യസുരക്ഷാ പദ്ധതി പ്രയോഗത്തിലാക്കണം. മറ്റൊരു സംവിധാനവും കാലഘട്ടത്തിന് അനുയോജ്യമായ ഒന്നായിരിക്കില്ല.

ആരോഗ്യസുരക്ഷാ ബാധ്യത താങ്ങാന്‍ കഴിയുന്നതായിരിക്കുമോ എന്നത് ഒന്നിലേറെ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുക. ഒന്ന്, ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ അപകടസാധ്യതകളുടെ ഏകദേശ വലിപ്പവും ഗൗരവസ്വഭാവവും. ഇവിടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രസക്തി. വ്യക്തികള്‍ക്കായുള്ള ഏറ്റവും താണ പ്രീമിയം നിരക്കുകളായ 5,000 മുതല്‍ 20,000 രൂപ വരെയും കുടുംബങ്ങള്‍ക്കുള്ളത് 10,000 മുതല്‍ 50,000 രൂപ വരെയായാലും ഇവയുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന കവറേജ് ലക്ഷങ്ങളുടേതായിരിക്കും. ഇത്രയെല്ലാമാണെങ്കിലും ഇന്‍ഷുറന്‍സ് 15 മുതല്‍ 18% വരെ ജനങ്ങള്‍ക്കു മാത്രമാണ് ലഭ്യം.
പ്രീമിയവും ജിഡിപിയും തമ്മിലുള്ള അനുപാതം വെ­റും 3.7% മാത്രമാണ്. ആഗോളതലത്തില്‍ ഇത് ശരാശരി ഏഴ് ശതമാനമാണ്. ഈ അന്തരം നിസാരമല്ല. അതേയവസരത്തില്‍ പ്രീമിയം തുക 2024ല്‍ 1,500 കോടി ഡോളറാണ്. 2030ല്‍ കവറേജ് 20 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതിനനുസൃതമായി പ്രീമിയം തുകയിലും വര്‍ധനവുണ്ടാകും.
ചികിത്സാച്ചെലവ് എത്രമാത്രം താങ്ങാന്‍ കഴിയുമെന്നത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല നിര്‍ണയിക്കപ്പെടുക. രോഗികളുടെ കുടുംബത്തിന്റെ വലിപ്പം, വര്‍ധിച്ചുവരുന്ന ഇന്‍ഷുറന്‍സ് കവറേജ് എന്നിവയ്ക്ക് പുറമെ ഇന്‍ഷുറന്‍സ് കവറേജ് ഏതറ്റം വരെയാണ് ആരോഗ്യസുരക്ഷാ കവചമായി വിനിയോഗിക്കുക എന്നതുള്‍പ്പെടെ കാര്യങ്ങളെക്കൂടി ആശ്രയിച്ചിരിക്കും. ഇതെല്ലാം കൃത്യമായി തിട്ടപ്പെടുത്തുക എന്നത് ശ്രമകരമായൊരു അഭ്യാസവുമായിരിക്കും. ഇന്ത്യയുടെ ആരോഗ്യസുരക്ഷാ വ്യവസ്ഥ പ്രായോഗികമാക്കിയിരിക്കുന്ന നേട്ടങ്ങളെപ്പറ്റി നിരവധി ലോകരാജ്യങ്ങള്‍ക്ക് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ഭരണാധികാരികള്‍ അവകാശപ്പെടുന്നത്, ലഭ്യമായ ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും സംവിധാനങ്ങളും ഗുണമേന്മ ഉറപ്പാക്കിക്കൊണ്ടുതന്നെ പരമാവധി പേര്‍ക്ക് ലഭ്യമാക്കി വരുന്നുണ്ട് എന്നാണ്. ഡോക്ടര്‍, രോഗി അനുപാതം മെച്ചപ്പെട്ടിട്ടില്ലെങ്കിലും പിന്നിട്ട പതിറ്റാണ്ടുകളില്‍ ഈ അപാകത ആരോഗ്യസുരക്ഷാ മേഖലയില്‍ പ്രതിഫലിച്ചു കാണുന്നില്ലെന്നും അവകാശപ്പെടുന്നു. ആന്തരഘടനാ സൗകര്യങ്ങളുടെ കാര്യത്തിലും സാമാനമായ അവകാശവാദമാണ് ഉന്നയിക്കപ്പെടുന്നത്.

അടുത്തഘട്ടത്തില്‍ എന്താണ് ഭരണകൂടം ഏറ്റെടുക്കേണ്ടത്? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍, വിശിഷ്യ വികസിത നഗരമേഖലകളില്‍ ലഭ്യമാകുന്നുണ്ടെന്ന് കരുതപ്പെടുന്ന ആന്തരഘടനാ സൗകര്യങ്ങള്‍ അടക്കമുള്ളതെല്ലാം രാജ്യമാകെ വ്യാപകമാക്കപ്പെടണം. ഭൂമിശാസ്ത്രപരമായ അന്തരങ്ങള്‍ക്ക് വേറെ പരിഹാരമൊന്നുമില്ല. ഇത്തരമൊരു വ്യാപനം ഉള്‍ക്കൊള്ളുന്ന സ്വഭാവവും ആഗോളനിലവാരം പുലര്‍ത്തുന്ന ആരോഗ്യ സുരക്ഷാ സൗകര്യങ്ങളുമുള്ളതും ആയിരിക്കുകയും വേണം. അതേയവസരത്തില്‍ മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ദേശീയ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് (പ്രധാന്‍മന്ത്രി ആരോഗ്യ യോജന) എന്ന പദ്ധതിയുടെ പേരില്‍ നിരത്തുന്ന നേട്ടങ്ങള്‍ ലഭ്യമായിട്ടുണ്ടോ എന്നതില്‍ സംശയങ്ങളേറെയുണ്ട്. ഉദാഹരണത്തിന് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍, ഓരോ കുടുംബത്തിനും ശരാശരി അഞ്ച് ലക്ഷം രൂപയ്ക്കുള്ള സൗകര്യങ്ങള്‍ എന്നത് 500 ദശലക്ഷം പേര്‍ക്ക് ലഭ്യമാകുന്നു എന്നത് അതിശയോക്തിപരമല്ലേ എന്ന സംശയമുണ്ട്. എന്തുകൊണ്ടെന്നാല്‍ ഔദ്യോഗികവൃത്തങ്ങള്‍ അവകാശപ്പെടുന്നത് ഇത്തരം ബൃഹത്തായൊരു പദ്ധതി തീര്‍ത്തും സൗജന്യമായാണ് പൊതു — സ്വകാര്യ ആശുപത്രികള്‍ ലഭ്യമാക്കി വരുന്നത് എന്നതുതന്നെ. അര്‍ബുദം പോലുള്ള മാരകമായൊരു രോഗത്തിന് ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങളില്‍ 90% രോഗബാധിതര്‍ക്കും ബാധകമാക്കപ്പെട്ടിട്ടുണ്ടെന്ന ഔദ്യോഗിക സാധൂകരണം നേരിയ തോതില്‍പ്പോലും ശരിവയ്ക്കുക പ്രയാസമായിരിക്കും. രോഗം കണ്ടെത്തല്‍ നടക്കുന്നുണ്ടായിരിക്കാം. എന്നാല്‍ രോഗപരിശോധനാ സൗകര്യങ്ങളും സുരക്ഷാ സൗകര്യങ്ങളും എത്രപേര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നതാണ് പ്രശ്‌നം. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലെ അനുഭവം ഇക്കാര്യത്തില്‍ ഒരു പാഠമായിരിക്കേണ്ടതുണ്ട്. പഞ്ചാബില്‍ ഇന്‍ഷുറന്‍സ് കവറേജ് നിലവിലുള്ള കുടുംബങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സാ സൗകര്യങ്ങള്‍ക്കായി സ്വകാര്യ ആശുപത്രികളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. അതായത് ആരോഗ്യ സുരക്ഷാ മേഖലയില്‍ നിലവിലിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് രണ്ടുവിധത്തിലുള്ള പരിഹാരമാര്‍ഗങ്ങളാണ് വേണ്ടിവരുന്നത്. ഒന്ന്, രോഗം കണ്ടെത്തല്‍, രണ്ട് ഔട്ട് പേഷ്യന്റ് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കല്‍. ഇതിനെല്ലാം തൃപ്തികരമായ പരിഹാരം വേണമെങ്കില്‍ പൊതുപങ്കാളിത്തത്തോടൊപ്പം സ്വകാര്യ പങ്കാളിത്തവും തുല്യ പ്രാധാന്യം അര്‍ഹിക്കുന്ന ഘടകമാണ്. 

ഇതിനെല്ലാം ഉപരിയായി രോഗം പിടിപെടുന്ന അവസ്ഥ തന്നെ ഒഴിവാക്കുകയാണ് അഭികാമ്യം. രോഗാതുരതയില്‍ നിന്നും സംരക്ഷണ കവചം ഒരുക്കുന്നതിലൂടെ സമൂഹത്തെയാകെ പകര്‍ച്ചവ്യാധികളെന്ന സുനാമികളില്‍ നിന്നും രക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം ടെലി മെഡിസിന്‍, നിര്‍മ്മിത ബുദ്ധി തുടങ്ങിയ അത്യാധുനിക ഉപാധികളെയും കഴിയുന്നത്ര ആശ്രയിക്കണം. ഡിജിറ്റല്‍ ആരോഗ്യ സുരക്ഷ എന്നതുവഴി നിരവധി ഗ്രാമവാസികള്‍ക്ക് കിലോമീറ്ററുകള്‍ അകലത്തുനിന്നുപോലും ഒരു ഹൃദ്രോഗ വിദഗ്ധന്റെ ചികിത്സാ ഉപദേശവും സഹായവും ലഭ്യമാക്കാന്‍ കഴിയും. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കേന്ദ്ര — സംസ്ഥാന — പ്രാദേശിക ഭരണകൂടങ്ങള്‍ തന്നെയാണ്. സ്വകാര്യ പങ്കാളിത്തവും ഉറപ്പാക്കണം. ആധുനിക ചികിത്സാ സങ്കേതങ്ങള്‍ വിരളമല്ലെങ്കിലും നിലവിലുള്ള ഗൗരവതരമായ വെല്ലുവിളികള്‍ നിരവധിയാണ്. ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹി അടക്കമുള്ള നഗരങ്ങള്‍ വിപല്‍ക്കരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലം പകര്‍ച്ചവ്യാധികളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സ്വാഭാവികമായും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 10 മുതല്‍ 15% വരെ വര്‍ധനവാണ്, ഔഷധങ്ങളുടെ വിലവര്‍ധനവിന് പുറമെ ഉണ്ടായിട്ടുള്ളത്. ഇത്തരം പ്രവണതകള്‍ക്കെതിരെ ജിഎസ്‌ടി ഇളവുകള്‍ക്ക് പുറമെ വിപണിവില നിയന്ത്രണവും കൂടുതല്‍ കര്‍ശനവും കാര്യക്ഷമവും ആക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നവിധം, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിട്ടി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) എന്ന സ്ഥാപനത്തോട്, ഇന്‍ഷുറന്‍സ് ബില്ലുകള്‍ കാലതാമസമില്ലാതെ കൈകാര്യം ചെയ്യാനും അതിന്റെ ആനൂകൂല്യങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനും നല്‍കിയിരിക്കുന്ന നിര്‍ദേശം യാഥാര്‍ത്ഥ്യമാക്കിയാല്‍ അത് വലിയൊരു അനുഗ്രഹമായിരിക്കും. 2023ല്‍ ഇന്ത്യയുടെ ആരോഗ്യമേഖലയിലേയ്ക്ക് 550 കോടി ഡോളര്‍ സ്വകാര്യ മൂലധന നിക്ഷേപമാണുണ്ടായത്. ഇതിന്റെ നേട്ടമുണ്ടായത് നഗര കേന്ദ്രീകൃത ഡിജിറ്റല്‍ ആരോഗ്യ, ഫാര്‍മസി നിക്ഷേപശൃംഖലകള്‍ക്കാണ്. ആരോഗ്യ മേഖലയുടെ ഉള്‍ക്കൊള്ളുന്ന വികസന പരിപ്രേക്ഷ്യം അന്തിമ വിശകലനത്തില്‍ ആശ്രയിക്കുക ധീരമായ പൊതു — സ്വകാര്യ പങ്കാളിത്ത സംവിധാനത്തെയാണ്. ശാരീരികമായ ആരോഗ്യ സുരക്ഷയോടൊപ്പം മാനസികാരോഗ്യ സുരക്ഷയും ഓരോ പൗരന്റെയും അവകാശമാണ്. ആരോഗ്യസുരക്ഷ എന്നത് സൗജന്യമല്ല, ഓരോ പൗരന്റെയും അവകാശമാണ് എന്ന തത്വം പ്രയോഗത്തിലാക്കാന്‍ വേറെ വഴിയൊന്നുമില്ല.

Exit mobile version