ഒരുപാടു പേർ പോരാടി രക്തസാക്ഷികളായി. പ്രധാനപ്പെട്ട പല സഖാക്കളും ഒളിവിൽ ഇരുന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിച്ചു. മരണം മുന്നിലും പിന്നിലും ഉണ്ടെന്നറിഞ്ഞിട്ടും ആ സഖാക്കൾ പിന്മാറിയില്ല.
ഒളിവിൽ കഴിയുമ്പോഴും തൊഴിലാളികൾക്കു നീതി ലഭിക്കാനും തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ കമ്മിറ്റി രൂപീകരിക്കാനും കൃഷ്ണപിള്ള സ്വീകരിച്ച നയത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1939 തലശേരിക്കടുത്ത് പിണറായി ദേശത്ത് നൂറോളം സഖാക്കൾ ഒരുമിച്ചു കൂടി കമ്മ്യൂണിസ്റ്റുപാർട്ടി രൂപീകരിച്ചു.
പി കൃഷ്ണപിള്ള, ഇഎംഎസ്, കെ കെ വാര്യർ, കെ പി ആർ ഗോപാലൻ, എ കെ ഗോപാലൻ, പി നാരായണൻ നായർ തുടങ്ങിയ സഖാക്കളുടെ നേതൃത്വത്തിലാണ് പാർട്ടി രുപീകരണം.
പാർട്ടി രൂപീകരണത്തിനു ശേഷം പി കൃഷ്ണപിള്ള അടക്കം ഏതാനും നേതാക്കൾ ഒളിവിൽ പോയി. കൃഷ്ണപിള്ള വേഷം മാറി തിരുവിതാംകൂറിലേക്കു തിരിച്ചു. ഒരാൾക്കും കൃഷ്ണപിള്ളയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
തിരുവിതാംകൂറിലെത്തിയ കൃഷ്ണപിള്ള പി എ സോളമനെയാണ് അവിടത്തെ പ്രധാന സഖാക്കളെ വിളിച്ചു ചേർക്കാൻ ഏർപ്പാടാക്കിയത്. ആ കമ്മിറ്റിയിൽ എന്തു റിസ്ക് എടുത്തും താൻ പങ്കെടുക്കുമെന്നും കൃഷ്ണപിള്ള അറിയിച്ചു.
പി എ സോളമൻ കാര്യം ഏറ്റെങ്കിലും രഹസ്യം ചോർന്ന് കൃഷ്ണപിളളയെ അറസ്റ്റു ചെയ്താൽ സംഭവിക്കാവുന്ന ഭീകരത മുന്നിൽ കണ്ടു. ഏതവസ്ഥയിലും പതറാതെ നിൽക്കുന്നവനാണ് കമ്മ്യൂണിസ്റ്റുകാരൻ എന്ന ചിന്ത പി എ സോളമനെ കർമ്മോത്സുകനാക്കി.
ഏതു സ്ഥലത്താണ് യോഗം ചേരേണ്ടത്? രഹസ്യം പുറത്തായാൽ പാർട്ടി രൂപീകരണം നടക്കില്ലെന്നു മാത്രമല്ല, കൃഷ്ണപിള്ളയെ പോറലേൽക്കാതെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന ഉൾഭയം സോളമനുണ്ടായിരുന്നു. രഹസ്യമായി കമ്മിറ്റി കൂടാൻ പറ്റിയ സ്ഥലം കണ്ടെത്തി.
രാമൻ എന്ന സഖാവിന്റെ പരിചയത്തിൽ ഒരു ചെറ്റക്കുടിൽ ഒഴിഞ്ഞു കിടപ്പുണ്ടെന്നറിഞ്ഞു. ആൾത്താമസമില്ലാതായിട്ട് മാസങ്ങളായി.
ആ വീടിന്റെ ഒരു പ്രത്യേകത പെട്ടെന്നൊന്നും പൊലീസിന് എത്തിപ്പെടാൻ കഴിയില്ല. കാരണം ചെറിയൊരു കിടങ്ങ് കടന്നുവേണം കുടിലിൽ എത്താൻ.
പൊലീസ് വാഹനം കിടങ്ങിനു സമീപം നിർത്തി കിടങ്ങ് ചാടിക്കടന്നു പൊലീസ് വന്നാലും കൃഷ്ണപിളളയെ രക്ഷപ്പെടുത്താൻ കഴിയും.
ആലപ്പുഴയിൽ അന്ന് സ്റ്റേറ്റ് കോൺഗ്രസ് നേതാവും കയർ ഫാക്ടറി ഉടമയുമായിരുന്നു അവിരാതരകൻ. സമ്പന്ന കുടുംബത്തിലെ അംഗം. കയർഫാക്ടറി യൂണിയൻ സെക്രട്ടറിയായിരുന്നു പി എ സോളമൻ. അതുകൊണ്ട് അവിരാ തരകനുമായി അടുത്ത ബന്ധമാണുള്ളത്. അയാളുടെ വീട്ടിൽ കൃഷ്ണപിള്ള വരാമെന്നും സോളമനുമൊരുമിച്ച് പാർട്ടി രൂപീകരണ സ്ഥലത്ത് പോകാമെന്നും അറിയിപ്പു കൊടുത്തിരുന്നു.
അവിരാ തരകൻ സഖാവിനെ തിരിച്ചറിഞ്ഞാൽ പ്രശ്നമാകുമെന്ന ഭയം സോളമൻ തുറന്നു പറഞ്ഞു. “ധൈര്യമായിരിക്ക്. കമ്മ്യൂണിസ്റ്റുകാർ മരിച്ചാലും ജനമനസുകളിൽ ജീവിക്കും മാത്രമല്ല, പൊലീസുകാർക്ക് എന്നെ തിരിച്ചറിഞ്ഞ് പിടികൂടാൻ കഴിഞ്ഞിട്ടില്ല. പിന്നല്ലെ തരകൻ”.
തരകനുമായി പി എ സോളമൻ സംസാരിച്ചിരുന്നപ്പോൾ മുഷിഞ്ഞുകീറിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടൊരാൾ വന്നു. പി എ സോളമന് ആളെ മനസിലായെങ്കിലും എണീറ്റ് ഇരിക്കാൻ കസേര കൊടുക്കുകയോ പരിചയ ഭാവം നടിക്കുകയോ ചെയ്തില്ല.
തരകന് ആഗതനെ ഇഷ്ടമായില്ല. “ഞാനിപ്പൊ വരാം” എന്നു പറഞ്ഞു തരകൻ അകത്തേക്കു പോയി.
സോളമനും കൃഷ്ണപിള്ളയും ചിരിച്ചു.
‘ഇപ്പഴെന്തായി, എന്നെ തരകന് മനസിലായില്ലല്ലൊ. ഞാൻ മുമ്പേ നടക്കാം. സഖാവ് എന്റെ പിന്നാലെ വന്നാൽ മതി’.
പള്ളിപ്പെരുന്നാൾ നടക്കുന്നതുകൊണ്ട് എല്ലാവരുടേയും ശ്രദ്ധ അവിടേക്കായിരിക്കും എന്ന തിരിച്ചറിവാണ് ആ ദിവസം തന്നെ പാർട്ടി രൂപീകരിക്കാൻ തെരഞ്ഞെടുത്തത്.
തരകൻ തിരികെ എത്തിയപ്പോൾ ആഗതനെ കണ്ടില്ല. “അയാൾ പോയോ?”
“പോയി. വഴി തെറ്റി വന്നതാണ്”.
അതു പറഞ്ഞ് പി എ സോളമൻ തരകന്റെ വീട്ടിൽ നിന്നിറങ്ങി.
കൃഷ്ണപിള്ളയാകട്ടെ, പള്ളിക്കു സമീപത്തുകൂടി പൊലീസുകാർക്കിടയിലൂടെ നടന്നു പോയി.
രാമന്റെ വീട്ടിലേക്ക് പള്ളിസ്ഥലത്തുനിന്നും രണ്ടു കിലോമീറ്റർ നടക്കണം. പെരുന്നാൾ ആയതുകൊണ്ടു പള്ളിയിലേക്കു പോകുന്നവർ ഉണ്ടായിരുന്നു. അവരിൽ ആരെങ്കിലും കൃഷ്ണപിളളയെ തിരിച്ചറിയുമോ എന്ന ഭയം സോളമനെ പിടികൂടി. അതു മനസിലാക്കി കൃഷ്ണപിള്ള പറഞ്ഞു “ഒരാൾക്കും എന്നെ തിരിച്ചറിയാൻ കഴിയില്ല. അത്രയ്ക്കും ഗംഭീരമല്ലെ എന്റെ മേക്കപ്പ് ” .
സോളമനും കൃഷ്ണപിള്ളയും ചിരിച്ചു.
സന്ധ്യയോടെ അവർ കുടിലിൽ എത്തി.
കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരന്റെ ചുമതലയെക്കുറിച്ചും സംസാരിച്ചു.
അങ്ങനെ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘടകം രൂപീകരിച്ചു. സെക്രട്ടറിയായി സഖാവ് പി എ സോളമനെ തെരഞ്ഞെടുത്തു.
സഖാവ് പി കൃഷ്ണപിള്ളയും തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവും

