Site iconSite icon Janayugom Online

ഭരണഘടനയും സ്ത്രീകളും

ഇന്ത്യ റിപ്പബ്ലിക്കായി 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ജനസാമാന്യത്തിന് അതിരറ്റ പ്രതീക്ഷകളൊന്നും ഇല്ലാത്ത സാഹചര്യമാണ്. മാത്രമല്ല, റിപ്പബ്ലിക്കിനെ നിലനിര്‍ത്താനുള്ള നിരന്തരമായ പോരാട്ടത്തിലുമാണ് ദേശസ്നേഹികള്‍. ലോകത്ത് നിലവിലുള്ള എഴുതിയ ഭരണഘടനാ നിയമങ്ങളില്‍ ഏറ്റവും ബൃഹത്തായത് ഇന്ത്യന്‍ ഭരണഘടനയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണിത്. നമ്മുടെ രാജ്യത്തെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ‘ഭാരതത്തിലെ ജനങ്ങളായ നാം’ 1949 നവംബര്‍ 26ന് പ്രഖ്യാപിച്ചു. 1950ജനുവരി 26ന് പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നു. റിപ്പബ്ലിക്കിന്റെ പ്രത്യേകത പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണെന്നത് മാത്രമല്ല, രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്നു എന്നതും കൂടിയാണ്. ബ്രിട്ടന്‍ റിപ്പബ്ലിക്കാവാത്തത് ബ്രിട്ടനിലെ രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങള്‍ക്ക് പങ്കില്ലാത്തതുകൊണ്ടാണ്. നമ്മുടെ ഭരണഘടന പെട്ടെന്ന് രൂപപ്പെട്ട ഒന്നല്ല. 1773‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ റെഗുലേറ്റിങ് ആക്ട് മുതല്‍ 1781ലെ സെറ്റില്‍മെന്റ് ആക്ട്, 1784ലെ പിറ്റ്സ് ഇന്ത്യാ ആക്ട്, 1813, 1833, 1853 വര്‍ഷങ്ങളിലെ‍ നിരവധി ചാര്‍ട്ടര്‍ ആക്ടുകള്‍ എന്നിവ ഭരണഘടനയിലേക്ക് നയിച്ച ചരിത്ര ഉപാധികളാണ്. ശിപായി ലഹള എന്ന് 1857ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അപഹസിച്ച് വിളിച്ച ഇന്ത്യന്‍ ജനതയുടെ ദേശീയ പോരാട്ടത്തിന്റെ ഭാഗമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഭരണം ബ്രിട്ടന്‍ നേരിട്ടേറ്റെടുത്തു. 1861ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് പ്രകാരം ബ്രിട്ടീഷ് അധീന ഇന്ത്യയില്‍ പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായം നടപ്പിലാക്കി. ഇന്ത്യയിലെ ദുര്‍ബലവും ശിഥിലവുമായിരുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെയാണ് കരുത്താര്‍ജിച്ചത്. മൊണ്ടേഗ് ചെംസ്‌ഫോര്‍ഡ് റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്ന് രൂപീകൃതമായ 1919ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടുമാണ് ഇന്ത്യക്ക് ഉത്തരവാദിത്ത ഭരണക്രമം ഉറപ്പാക്കുമെന്ന ബ്രിട്ടീഷ് വാഗ്ദാനം നടത്തിയത്. എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതില്‍ ബ്രിട്ടന്‍ പരാജയപ്പെട്ടു.

ഇന്ത്യക്ക് സ്വന്തമായ ഒരു ഭരണഘടന എന്ന ആശയം ആദ്യമായി ഉയര്‍ത്തിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ എം എന്‍ റോയ് ആണ്. പിന്നീടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഭരണഘടനയുടെ ആവശ്യകതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത്. നമ്മുടെ ഭരണഘടന വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് രാജ്യത്തെ ജനങ്ങളിലാണ്. അവരുടെ മാനുഷികതയിലാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ആമുഖം ദൈവനാമത്തില്‍ ആരംഭിക്കണമെന്ന വാദഗതി എച്ച് വി കമ്മത്ത് മുന്നോട്ടുവയ്ക്കുകയുണ്ടായി. അതിനെ ഷിബിന്‍ലാല്‍ സക്സേന, പണ്ഡിറ്റ് മദന്‍മോഹന്‍ തുടങ്ങിയവര്‍ പിന്തുണച്ചു. എന്നാല്‍ അത് തള്ളിക്കളഞ്ഞ ഭരണഘടനാ നിര്‍മ്മാണ സഭ, പകരം ബിഹാറില്‍ നിന്നുള്ള ബ്രജേഷ്വര്‍ പ്രസാദിന്റെ ഭാരതത്തിലെ ജനങ്ങളായ നാം (we the peo­ple of India) എന്ന പദമാണ് സ്വീകരിച്ചത്. മതവും വിശ്വാസവും ആചാരങ്ങളും തികച്ചും സ്വകാര്യമായ കാര്യങ്ങളാണെന്നും അത് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നുമുള്ള സുവ്യക്തമായ അഭിപ്രായഗതി സ്വീകരിക്കപ്പെട്ടു. മതം വ്യക്തികള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ്, സമൂഹത്തെ അടയാളപ്പെടുത്തുന്നതല്ല എന്ന കാരണമാണ് അതിനവര്‍ ചൂണ്ടിക്കാണിച്ചത്. ആമുഖത്തിന്റെ ഉള്ളടക്കം ‘ഇന്ത്യയിലെ ജനങ്ങളായ നാം എന്നാരംഭിച്ച്, നിര്‍മ്മിച്ച് ജനങ്ങളാല്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ഭരണഘടനയെന്ന് സ്ഥാപിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ പരമാധികാരം ജനതയ്ക്കല്ലാതെ മറ്റൊരു ബാഹ്യശക്തിക്കും കീഴടങ്ങിക്കൊണ്ടായിരിക്കില്ല എന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. യാതൊരു സംശയത്തിനും ഇടനല്‍കാതെ രാജ്യത്തിന്റെ പ്രത്യയശാസ്ത്രപരമായ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും വിളംബരം ചെയ്തിരിക്കുന്നു. നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പുലരുമെന്നും ഉറപ്പു പറയുന്നു. 

ഭരണഘടന നിലവില്‍ വന്നതോടെ രാജ്യത്തെ എല്ലാ നിയമങ്ങളും ഭരണഘടനയ്ക്ക് വിധേയമാണ്. 395 അനുച്ഛേദങ്ങളും എട്ട് പട്ടികളുമുള്ള ദീര്‍ഘമായ ഭരണഘടനയാണ് നമുക്കുവേണ്ടി നിര്‍മ്മിച്ചത്. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനം, ജനജീവിത വികാസത്തിന്റെ ദിശാഗതി നിര്‍ണയിക്കുന്ന രേഖ, സാമൂഹ്യമാറ്റത്തിനും പുരോഗതിക്കുമുള്ള ഉപാധി, മനുഷ്യാവകാശ സംരക്ഷണ പ്രമാണം, അനുബന്ധ നിയമങ്ങളുടെ മാര്‍ഗനിര്‍ദേശക രേഖ എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ഭരണഘടനയുടെ വിശാലമായ ലക്ഷ്യം. ഇത്തരത്തില്‍ മഹത്തായ ഭരണഘടനയുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികത്തിലും അതിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റ് ഭരണാധികാരികള്‍ നടത്തുന്നത്. ഭരണഘടനതന്നെ നമുക്കില്ലാതായേക്കാവുന്ന ഒരു ചരിത്ര സന്ദര്‍ഭം കൂടിയാണിത്.
140 കോടി മനുഷ്യരില്‍ 95 ശതമാനത്തെ തിരസ്കരിച്ചുകൊണ്ട് കടുത്ത ചൂഷണത്തിന് വിധേയമാക്കിക്കൊണ്ടുള്ള മൂലധനത്തിന്റെ അധിനിവേശത്തിന് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഭരണഘടനയിലൂടെ ജനങ്ങള്‍ സ്ഥാപിച്ച ശിലകളാണ് ജനാധപിത്യവും പരമാധികാരവും, സോഷ്യലിസവും, മതേതരത്വവും. ജനങ്ങളുടെ ഭരണകൂടമെന്നതിന്റെ പൊരുള്‍ ജനക്ഷേമം തങ്ങളുടെ കടമയായി ഏറ്റെടുത്തിട്ടുള്ള ഒരു ഭരണകൂടമാണ്. എന്നാല്‍ ഇന്നത്തെ ഭരണകൂടം ജനാധിപത്യത്തെയും സമത്വചിന്തയെയും മതേതരത്വത്തെയും അടര്‍ത്തിമാറ്റിയിരിക്കുന്നു. ജനങ്ങള്‍ക്ക് പകരം കോര്‍പറേറ്റുകളെ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം ആഘോഷ പരിപാടി പ്രചരണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യയുടെ നേര്‍ക്കാഴ്ച വേദനിപ്പിക്കുന്നതാണ്. 

ആഗോള ദാരിദ്ര്യ ഇന്‍ഡക്സില്‍ 107-ാം സ്ഥാനത്താണ് ഇന്ത്യ. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ലിംഗ അസമത്വത്തിന്റെയും കാര്യത്തിലും ഏറെ പിന്നിലാണ്. ലിംഗ സമത്വം ഉറപ്പുതരുന്ന ഭരണഘടനയുള്ള രാജ്യത്താണ് സ്ത്രീകള്‍ക്ക് ഈ അധോഗതി. സ്ത്രീകളുടെ അഭിമാനവും അന്തസും ഉയര്‍ത്തിപ്പിടിക്കുന്നതിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഭരണാധികാരികളുടെ കടമയെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഭരണഘടന. എന്നാല്‍ ഇന്നും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിക്കം ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്യ്രം സ്ത്രീകള്‍ക്ക് അനുഭവവേദ്യമാക്കുവാന്‍ കഴിയുന്നതരത്തിലുള്ള നിയമപരമോ അല്ലാതെയോ ഉള്ള പരിരക്ഷ ഇനിയും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തുവാന്‍ ഭരണഘടന അനുച്ഛേദം 15 (3) ഭരണകൂടത്തിന് അനുമതി നല്‍കുന്നുണ്ട്. സ്ത്രീകളുടെ ക്ഷേമത്തിനായി, വികസനത്തിനായി ഇച്ഛാശക്തിയോടെ ഒരു സര്‍ക്കാരും പ്രവര്‍ത്തിച്ചില്ല എന്നതിന് ഉദാഹരണമാണ് നിലവിലെ അവസ്ഥ. കേന്ദ്ര ഭരണാധികാരികള്‍ സ്വീകരിച്ച മുതലാളിത്ത വികസനപാത, ഭാഗികമായി തകര്‍ന്ന യാഥാസ്ഥിതിക പാരമ്പര്യത്തിന്റെ ബാക്കികള്‍ക്കൊപ്പം ചൂഷണത്തിന്റെ പുതിയ ചങ്ങലകള്‍കൂടി സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്നു. തൊഴിലാളിവര്‍ഗത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും പുരുഷന്മാരെക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. മുതലാളിത്തത്തിന്റെ സൃഷ്ടിയായ സാമൂഹിക അസമത്വം സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള സാഹചര്യമൊരുക്കുന്നു. 

ധാര്‍മ്മികമായി സ്ത്രീയുടെ സുരക്ഷിതത്വം സാമൂഹ്യബാധ്യതയാണെങ്കിലും നിയമപരിരക്ഷ ലഭിക്കാതെ ആധുനിക സമൂഹത്തില്‍ അവള്‍ സുരക്ഷിതയായിരിക്കില്ല. സ്ത്രീകള്‍ക്ക് മാന്യമായ ജീവിത നിലവാരം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിന് മാത്രമേ ഒരു പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെടാന്‍ കഴിയുകയുള്ളു. സ്ത്രീകളുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികളാണ് സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്ര സമീപനങ്ങളുമായി മുന്നോട്ടുപോവുന്നത്. തങ്ങള്‍ വിശ്വസിക്കുന്ന ഹിന്ദുരാഷ്ട്രത്തിന് അടിത്തറയാകേണ്ടത് മനുസ്മൃതിയാണെന്നും നിലവിലെ ഭരണഘടനയല്ലെന്നും വിശ്വസിക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന മനുവിധികള്‍ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പൂജിക്കാനുള്ള വിഗ്രഹങ്ങളും പ്രസവിക്കാനുള്ള ഉപകരണങ്ങളുമായാണ് മനുസ്മൃതി സ്ത്രീകളെ കാണുന്നത്. എല്ലാ പിന്തിരിപ്പന്‍ പ്രവണതകളെയും ന്യായീകരിക്കാന്‍ ഭരണഘടനയെ മറന്നുകൊണ്ട് സംഘ്പരിവാറും ബിജെപിയും മനുസ്മൃതിയെ ഉപയോഗപ്പെടുത്തുന്നു. ശുദ്രരെയും ചണ്ഡാളരെയും സ്ത്രീകളെയും അടിമസമാനരായി കാണുന്ന, ജാതിയുടെ നീതിശാസ്ത്രം രേഖപ്പെടുത്തിയ മനുസ്മൃതിയില്‍ വിശ്വസിക്കുന്ന മനുവാദികള്‍ക്ക് എങ്ങനെ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയും. അതിന്റെ പ്രതികരണമാണ് ഭരണഘടനാ നിര്‍മ്മാതാവായ അംബേദ്കറിനെതിരെ അമിത് ഷായില്‍ നിന്നുണ്ടായത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം ആണ്ടില്‍ നമ്മുടെ ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ദേശസ്നേഹികളായ എല്ലാ പൗരന്മാരിലും അര്‍പ്പിതമാണ്.

Exit mobile version