2015 മുതൽ ഇന്ത്യയിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടേയും കുട്ടികളുടെ കുറ്റകൃത്യങ്ങളുടെയും നിരക്കുകള്‍ കുത്തനെ വർധിച്ചുവരികയാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (എന്‍എസ്ഒ) പുറത്തിറക്കിയ “ചിൽഡ്രൻ ഇൻ ഇന്ത്യ 2025” എന്ന പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യൻ ശിക്ഷാ നിയമവും (ഐപിസി) പ്രത്യേക, പ്രാദേശിക നിയമങ്ങളും (എസ്എൽഎൽ) പ്രകാരമുള്ള കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ 2020ലെ 1,28,531ൽ നിന്ന് 2022ൽ 1,62,449 ആയി വർധിച്ചതായി റിപ്പോർട്ട് പറയുന്നു. 2015–22 കാലയളവിൽ കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങളുടെ അനുപാതവും പെരുകി. 2015ൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു ലക്ഷം കുട്ടികൾക്ക് 22.6 മാത്രമായിരുന്നു. ഇത് 2022 ആയപ്പോഴേക്കും 38.33 ആയി കുത്തനെ ഉയർന്നു.
2022ൽ കുട്ടികൾക്കെതിരായ 93,878 ഐപിസി കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും തട്ടിക്കൊണ്ടുപോകലാണ് ഏറ്റവും കൂടുതലെന്നും നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) ഡാറ്റ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. എസ്എൽഎൽ പ്രകാരം, കുട്ടികൾക്കെതിരെയുള്ള 68,571 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 63,414 കേസുകൾ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്സോ) നിയമത്തിന് കീഴിലാണ്. ഇത് മൊത്തം കേസുകളുടെ 39.04% വരും.
പോക്സോ നിയമപ്രകാരം, 2019ൽ 46,005 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോള്‍ 46,682 പേരായിരുന്നു ഇരകൾ. 2022ൽ കേസുകൾ 63,414 ആയി ഉയർന്നു. ഇരകളുടെ എണ്ണം 64,469 ആയി വർധിച്ചു. ഇതിൽ, പെൺകുട്ടികളുടെ എണ്ണം 62,095 ആണ്. പോക്സോ കുറ്റകൃത്യങ്ങളുടെ നിരക്കാകട്ടെ 2019ൽ 7.1 ആയിരുന്നത് ഇരട്ടിയായി. 2021ൽ ഇത് 12.1, 2022ൽ 14.3 ആയും ഉയർന്നു. 16 മുതൽ 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് നേരെയുള്ള കേസുകളാണ് ഏറ്റവും കൂടുതൽ. ഈ പ്രായത്തിലുള്ള കുട്ടികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും മറ്റും വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുമെന്നതോ, ചെറുപ്രായത്തിൽ തന്നെ തൊഴിൽമേഖലയിൽ പ്രവേശിക്കേണ്ടിവരുന്നതോ വഴി ഇത് സംഭവിക്കാം. അതുവഴി കുട്ടികള്‍ക്ക് സ്വയം വെളിപ്പെടാനുള്ള കൂടുതൽ അവസരമുണ്ടെങ്കിലും അപകടസാധ്യതയും നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട് പറയുന്നു.
പ്രായപൂർത്തിയാകാത്തവർ പ്രതികളായ കേസുകളിലും വര്‍ധനയുണ്ട്. 2022ൽ ഇത്തരക്കാർക്കെതിരെ 30,555 കേസുകൾ രജിസ്റ്റർ ചെയ്തു. 2019ലും 20ലും യഥാക്രമം 29,768, 31,170 കേസുകളാണുണ്ടായിരുന്നത്. 2022ൽ പ്രായപൂർത്തിയാകാത്തവർ നടത്തിയ കുറ്റകൃത്യങ്ങളുടെ നിരക്ക് ഡൽഹിയിലാണ് ഏറ്റവും ഉയർന്നത് (42.3). പുതുച്ചേരി (29.6), ചണ്ഡീഗഢ് (24.7), ഛത്തീസ്ഗഢ് (24.2), ഭാദ്ര ആന്റ് നാഗർ ഹവേലി, ദാമൻ ആന്റ് ദിയു (22.9) എന്നിവയാണ് തൊട്ടുപിന്നില്‍. മോഷണക്കുറ്റത്തിന് 7,879 കുട്ടികളെയും, ഭവനഭേദനത്തിന് 2,651 പേരെയും, എക്സൈസ് നിയമപ്രകാരം 209 പേരെയും, മയക്കുമരുന്ന് — ലഹരി നിയമപ്രകാരം 464 പേരെയും, വിവരസാങ്കേതിക നിയമപ്രകാരം 88 പേരെയും പിടികൂടി.
രാജ്യത്തിനകത്ത് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ എണ്ണം പ്രതിവർഷം 2,991 മുതൽ 4,155 വരെയാണ്. രാജ്യങ്ങൾക്കിടയിൽ ഇത് പ്രതിവർഷം 360 മുതൽ 653 വരെയുമാണ്. 2024–25 കാലയളവിൽ 4,155 കുട്ടികൾ രാജ്യത്ത് ദത്തെടുക്കപ്പെട്ടു. അതിൽ 2,336 പെണ്‍കുട്ടികളും 1,819 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇത് ദത്തെടുക്കലിലെ ലിംഗഭേദത്തെ സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തും ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികളെയാണ് ദത്തെടുക്കുന്നത്. ഏറ്റവും കൂടുതൽ ദത്തെടുക്കൽ നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. അവിടെ 849 കുട്ടികളെ ദത്തെടുത്തു.
ഭിന്നശേഷി കുട്ടികളെക്കുറിച്ച് 2011ലെ സെൻസസിന് ശേഷമുള്ള പുതിയ കണക്കുകള്‍ ലഭ്യമല്ല. 2011ലെ സെൻസസ് ഉപയോഗിച്ചുള്ള റിപ്പോർട്ട്, 0–6 വയസ് പ്രായമുള്ളവരിൽ 7.62 ശതമാനവും 7–18 വയസുകാരില്‍ 20.23 ശതമാനവുമാണ് അനുപാതം എന്ന് പറയുന്നു. 0–6 വയസ് പ്രായക്കാരിൽ, ഉത്തർപ്രദേശ് (20.31%), ബിഹാർ (14.24%), മഹാരാഷ്ട്ര (10.64%) എന്നിവിടങ്ങളിലാണ് ഈ അനുപാതം വളരെക്കൂടുതല്‍. പിന്നലെ പശ്ചിമ ബംഗാൾ (6.48%), ആന്ധ്രാപ്രദേശ് (6.22%) എന്നിവയുണ്ട്. ഇത് സംസ്ഥാനങ്ങളിലെ കേസുകളുടെ സാന്ദ്രതയെ സൂചിപ്പിക്കുന്നു. അതേസമയം ലക്ഷദ്വീപ് (0%), ദാമൻ & ദിയു (0.01%), ദാദ്ര ആന്റ് നാഗർ ഹവേലി (0.02%), അരുണാചൽ പ്രദേശ് (0.10%) തുടങ്ങി ചെറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വളരെ കുറഞ്ഞ അനുപാതം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കഴിഞ്ഞ രണ്ട് സെൻസസ് ഡാറ്റകള്‍ വിശകലനം ചെയ്യുമ്പോൾ രാജ്യത്ത് ബാലവേലയുടെ വ്യാപ്തി കുറഞ്ഞുവരികയാണ്. 2021ലെ സെൻസസ് ഉദ്ധരിച്ചുകൊണ്ട്, 5–9 വയസുകാരിൽ ബാലവേലക്കാരുടെ അനുപാതം രണ്ട് ശതമാനവും 10–14 പ്രായമുള്ളവരിൽ 5.72 ശതമാനവുമെന്ന് റിപ്പോർട്ട് പറയുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് സംസ്കാരം, സാമൂഹിക വിഭാഗം, വിദ്യാഭ്യാസം എന്നിവയുടെ അതിരുകളില്ലെന്നും റിപ്പോർട്ട് പറയുന്നു. സ്ഥാപനങ്ങളിലും സ്കൂളുകളിലും വീട്ടിലും കുട്ടികൾക്കെതിരെ ഇങ്ങനെ സംഭവിക്കുന്നുണ്ട്. ശിശുക്കൾക്കും ചെറിയകുട്ടികൾക്കും, മാതാപിതാക്കളുടെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്നും സംഭവിക്കുന്ന ശാരീരികവും ലൈംഗികവും വൈകാരികവുമായ പീഡനവും അവഗണനയും ഇതില്‍ പ്രധാനമാണ്.
ആൺകുട്ടികളും പെൺകുട്ടികളും ശാരീരികവും വൈകാരികവുമായ പീഡനത്തിനും അവഗണനയ്ക്കും ഒരേ അളവിലുള്ള അപകടസാധ്യതയിലാണ്. പെൺകുട്ടികളിലാണ് ലൈംഗിക പീഡനത്തിനുള്ള സാധ്യത കൂടുതൽ. കൗമാരക്കാരായ കുട്ടികള്‍ക്കുനേരെ പീഡനത്തിന് പുറമേ, സമപ്രായക്കാരുടെയും അടുപ്പമുള്ള പങ്കാളിയുടെയും അക്രമവും വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. അക്രമം എല്ലാ കുട്ടികളെയും ബാധിക്കുന്നുണ്ട്. എന്നാൽ ഭിന്നശേഷി കുട്ടികൾ, കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവർ, സ്ഥാപനങ്ങളുടെ പരിചരണത്തിലുള്ള കുട്ടികള്‍, വീടുകളിൽ നിന്ന് വേർപിരിഞ്ഞതോ കുടിയേറ്റക്കാരോ അഭയാർത്ഥികളോ യാത്ര ചെയ്യുന്നതോ ആയ കുട്ടികൾ എന്നിവരാണ് ഏറ്റവും വലിയ അപകടസാധ്യത നേരിടുന്നത്.
ലൈംഗികാഭിമുഖ്യം, ലിംഗ വ്യക്തിത്വം, പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹങ്ങളില്‍പ്പെടുന്നത് എന്നിവയും ഒരു കുട്ടി അക്രമത്തിന് ഇരയാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ശാരീരിക‑വൈകാരിക‑മാനസിക‑ലൈംഗിക ദുരുപയോഗം, അക്രമം, ചൂഷണം, അവഗണന, ദോഷകരമായ സാഹചര്യം എന്നിവയിൽ നിന്ന് അകന്ന് വളരാൻ ഓരോ കുട്ടിക്കും അവകാശമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
(ഐപിഎ)

