Site iconSite icon Janayugom Online

ലക്ഷ്യം കടന്ന് ഒരു തൈ നടാം കാമ്പയിൻ

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനത്തിലെ ജനകീയ മുഖമാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന ‘ഒരു തൈ നടാം’ വൃക്ഷവൽക്കരണ കാമ്പയിൻ. ഒരു കോടി വൃക്ഷത്തൈകൾ സംസ്ഥാനമൊട്ടാകെ നടാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ ആരംഭിച്ചത്. എന്നാൽ ഒരു കോടി അഞ്ചുലക്ഷവും കടന്ന് കാമ്പയിൻ ഇപ്പോഴും നടന്നുവരികയാണ്. പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനം പുതുതലമുറയിൽ ഒരു സംസ്കാരമായി വളർത്തിയെടുക്കാൻ കാമ്പയിനിലൂടെ കഴിഞ്ഞു. പുതുതലമുറ ഉൾപ്പെടെ സകലവിഭാഗം ജനങ്ങളും കാമ്പയിൻ ഏറ്റെടുത്തതാണ് വിജയത്തിന്റെ പ്രധാന കാരണം. ഈ വർഷം, ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വംശനാശം നേരിടുന്ന കുളമാവ് തൈ നട്ടാണ് കാമ്പയിൻ ആരംഭിച്ചത്. കാമ്പയിൻ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനം 2025 നവംബർ ആറിന് തൃശൂർ ടൗൺ ഹാളിൽ ലാൻഡ് റവന്യു വകുപ്പ് മന്ത്രി കെ രാജനാണ് നിർവഹിച്ചത്. നവകേരള യാത്രയിൽ ഒരു തൈ നടാം വൃക്ഷവൽക്കരണ കാമ്പയിൻ അഭിമാനകരമായ നേട്ടമായെന്നാണ് മന്ത്രി കെ രാജൻ പറഞ്ഞത്. വിദ്യാർത്ഥികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കാമ്പയിനിൽ പങ്കാളികളാക്കിയതിലൂടെ അവരെ നമ്മുടെ നാടിന്റെ പ്രകൃതി സംരക്ഷണ സംസ്കാരത്തിന്റെ കാവൽക്കാരായി മാറ്റാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഇത് അക്ഷരാർത്ഥത്തിൽ പുതുതലമുറയ്ക്ക് പ്രചോദനമാണ്. 

എവിടെ നോക്കിയാലും പച്ചപ്പ് നിറ‍ഞ്ഞ ഭൂപ്രദേശങ്ങൾ കേരളത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്നാണ്. ലോകത്തെ മറ്റേത് പ്രദേശങ്ങളേക്കാളും വൃക്ഷങ്ങൾക്ക് പരിഗണന നൽകുന്ന പ്രദേശമാണ് നമ്മുടേത്. എന്നാൽ ഈ വൃക്ഷമേലാപ്പിനു പോലും താങ്ങാനും തടഞ്ഞു നിർത്താനുമാകാത്ത വിധത്തിൽ അന്തരീക്ഷ താപനില വർധിച്ചു കൊണ്ടിരിക്കുകയാണ്. താപനിലയിലുണ്ടാകുന്ന ഈ വർധനവ് കൃഷിനാശം, ഉല്പാദന മേഖലയിലെ കുറവ് തുടങ്ങിയ ദോഷങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം അനേകം ജന്തുക്കളുടേയും പക്ഷികളുടേയും വംശനാശത്തിനും വഴി വയ്ക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പോലെ ലോക വ്യാപകമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇതിനു പുറമേ സംഭവിക്കുന്നുണ്ട്. നമ്മുടെ പ്രദേശത്തിന്റെ പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇവിടത്തെ ജീവജാലങ്ങൾക്കും അനുയോജ്യമായ ഒട്ടേറെ തദ്ദേശീയ ഇനം സസ്യങ്ങളാൽ സമ്പന്നമായ പ്രദേശമാണ് കേരളം. എങ്കിലും നമ്മുടെ വൃക്ഷ സമ്പത്തിന്റെ അളവ് വർധിപ്പിക്കുക എന്നതും തദ്ദേശീയമായ വൃക്ഷങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കുക എന്നതും വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. വംശനാശ ഭീഷണി നേരിടുന്നവയും അപൂർവയിനം വൃക്ഷങ്ങളുടെ കൂട്ടത്തിൽപ്പെടുന്നവയുമായ വൃക്ഷങ്ങൾ പ്രത്യേക പരിഗണനയോടെ നട്ട് പരിപാലിക്കേണ്ടതുണ്ട്. ഇവയെല്ലാം മുൻ നിർത്തിയാണ് ഹരിതകേരളം മിഷൻ സംസ്ഥാനത്ത് ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ കാമ്പയിന് രൂപം നൽകിയത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാമ്പയിന് നൽകിയ പിന്തുണ പ്രത്യേക പരാമർശം അർഹിക്കുന്നു. വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, ജീവനക്കാർ, റെസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് കാമ്പയിൻ സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സോഷ്യൽ ഫോറസ്ട്രി, മെഡിസിനൽ പ്ലാന്റ് ബോർഡ്, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് യൂണിറ്റ്, കെഎഫ്ആർഐ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയുടെ സജീവ പിന്തുണയും സഹകരണവും കാമ്പയിനിൽ ഉടനീളം ഉണ്ടായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കാനും കാമ്പയിനിൽ പ്രത്യേക ശ്രദ്ധ വച്ചു. കാമ്പയിന്റെ ഭാഗമായി സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്ന ചങ്ങാതിക്കൊരു തൈ പരിപാടി ആവേശോജ്വലമായിരുന്നു. വിദ്യാർത്ഥികൾ ഇതിലൂടെ 15 ലക്ഷത്തിലധികം തൈകളാണ് കൈമാറിയത്. വൃക്ഷത്തൈകൾ നട്ട സ്ഥലവും തൈകളും വളർച്ചയും നിരീക്ഷിക്കുന്നതിന് കേരള സാങ്കേതിക സർവകലാശാലയുടെ പിന്തുണയോടെ ജിയോ ടാഗിങ് സംവിധാനം ഏർപ്പെടുത്തി. കാമ്പയിനിലൂടെ നട്ട 10% തൈകൾക്കാണ് ജിയോ ടാഗിങ് ഏർപ്പെടുത്തിയത്. അധിനിവേശ സസ്യങ്ങൾ ഒന്നും ഈ കാമ്പയിനോടനുബന്ധിച്ച് നട്ടിട്ടില്ല എന്ന കാര്യവും ശ്രദ്ധേയം.
നട്ടുപിടിപ്പിച്ച തൈകൾ പ്രാദേശികമായാണ് ശേഖരിച്ചത്. വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച തൈകൾക്കു പുറമേ ഗ്രാമപഞ്ചായത്തുകൾ വഴി പൊതു ജനങ്ങളിൽ നിന്നും ജനകീയമായും തൈകൾ ശേഖരിച്ചു. ആകെ 1,05,52,511 തൈകളാണ് കാമ്പയിനുവേണ്ടി സമാഹരിച്ചത്. തിരുവനന്തപുരം-820092, കൊല്ലം-569568, പത്തനംതിട്ട‑494479, ആലപ്പുഴ ‑785286, കോട്ടയം-593099, ഇടുക്കി-734380, എറണാകുളം-1042186, തൃശൂർ‑889455, പാലക്കാട് ‑799134, മലപ്പുറം ‑855924, കോഴിക്കോട് ‑747580, വയനാട് ‑452617, കണ്ണൂർ‑1102879, കാസർകോട് ‑665832 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. 

നട്ട തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി മിക്കയിടങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ (ബിഎംസി), പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പരിപാലനസമിതി രൂപീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് പുറമെ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, അങ്കണവാടികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൈകളുടെ കൈമാറ്റവും, വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. നടീൽ വാരവും തൈകളുടെ കൈമാറ്റവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയമായി നടത്തിയതിനൊപ്പം നട്ടതും കൈമാറ്റം ചെയ്തതുമായ തൈകളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണവും കാമ്പയിന്റെ ഭാഗമായി നടക്കുകയാണ്. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവരുടെ വീട്ടിലും വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. പല പ്രദേശങ്ങളിലും ജലാശയങ്ങളുടെ പരിസരം, പാതയോരങ്ങൾ തുടങ്ങിയവ വൃക്ഷത്തൈകൾ നടുന്നതിനായി തെരഞ്ഞെടുത്തു. സംസ്ഥാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് മാതൃകാ ടൗണുകളായി തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും വൃക്ഷവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിലും, ഓട്ടോ, ടാക്സി, മറ്റു വാഹന സ്റ്റാന്‍ഡുകളിലെ തൊഴിലാളികൾക്കിടയിലും വൃക്ഷത്തൈകളുടെ കൈമാറ്റവും ലഭ്യമായ സ്ഥലങ്ങളിൽ നടീലും സംഘടിപ്പിച്ചു കൊണ്ട് വൃക്ഷവൽക്കരണ കാമ്പയിൻ കൂടുതൽ ജനകീയമാക്കി. 

മരങ്ങൾ മനുഷ്യനും പ്രകൃതിക്കും ചെയ്യുന്ന സഹായങ്ങൾ അമൂല്യങ്ങളാണ്. കാലാവസ്ഥാ നിയന്ത്രണം, അന്തരീക്ഷ ശുദ്ധീകരണം, ജല സംരക്ഷണം, കാർബൺ സംഭരണം, ജലവിതാന നിയന്ത്രണം അങ്ങനെ നിരവധിയുണ്ട് മരങ്ങൾ ഭൂമിയിൽ ചെയ്യുന്നതായി. മണ്ണിന്റെയും അന്തരീക്ഷത്തിന്റെയും താപനില നിയന്ത്രിക്കുന്നതിനും മരങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നു. ഒരു തൈ നടാം കാമ്പയിനിലൂടെ സംസ്ഥാനത്ത് നട്ട വൃക്ഷത്തൈകളെല്ലാം ഒരുമിച്ചായിരുന്നെങ്കിൽ അവ നൽകുന്ന വൃക്ഷമേലാപ്പ് (ട്രീ കവർ) കണക്കാക്കുമ്പോൾ 21,000 ഏക്കർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുന്നതിന് തുല്യമാവും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെ കടമയാണ്. അതിനാൽ പ്രകൃതി സംരക്ഷണത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങുക തന്നെവേണം. സുസ്ഥിര വികസനമെന്ന ഹരിത വികസനത്തിലേക്കാണ് നാം ചുവടുമാറുന്നത്. മാറ്റി എഴുതപ്പെട്ടതും പുതുതായി ഉണ്ടായതുമായ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെയെല്ലാം പിന്നിൽ വ്യക്തമായ പരിസ്ഥിതി രാഷ്ട്രീയമുണ്ട്. ഈ ബോധം ഉൾക്കൊള്ളുന്ന സമൂഹത്തിനെ നൂതനാശയങ്ങൾ ഉൾക്കൊള്ളുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാവൂ. പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ അതിനനുസൃതമായ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
പരിസ്ഥിതി പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് രൂപം കൊടുക്കാനും പരിസ്ഥിതി സംരക്ഷണത്തിന് പരിഗണന കൊടുത്തുകൊണ്ടുള്ള വികസന പ്രവർത്തന ശൈലി അനുവർത്തിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്. 

Exit mobile version