Site iconSite icon Janayugom Online

ചെക്ക്,പോളണ്ട് കമ്മ്യൂണിസ്റ്റ് നിരോധന നീക്കം

ചെക്കോസ്ലോവാക്യക്ക് പിറകേ പോളണ്ടിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടിയിരിക്കുന്നുവെന്നാണ് സാർവദേശീയ രംഗത്തുനിന്ന് വന്നിരിക്കുന്ന പുതിയ വാർത്ത. കുറച്ചുകാലങ്ങളായി പോളണ്ടിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കെതിരായ ഭരണകൂട നീക്കങ്ങൾ നടന്നുവരികയായിരുന്നു. 2002ലാണ് ആദ്യ ശ്രമങ്ങളുണ്ടായത്. 1989ൽ പോളണ്ടിലെ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടാകുകയും 1990കളുടെ ആദ്യം ലോകത്തിലെ സോഷ്യലിസ്റ്റ് ചേരി തകർച്ചയെ നേരിടുകയും ചെയ്തപ്പോൾ ചെക്കോസ്ലോവാക്യ, പോളണ്ട് ഉൾപ്പെടെ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ആശയങ്ങൾക്കും താൽക്കാലിക തിരിച്ചടികൾ നേരിട്ടിരുന്നു. എങ്കിലും വളരെ പെട്ടെന്നുതന്നെ കമ്മ്യൂണിസ്റ്റുകാർ പുനഃസംഘടിക്കുകയും പാർട്ടി പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. പക്ഷേ ശക്തമായ എതിർപ്പാണ് ഭരണകൂടങ്ങളിൽ നിന്നും വലതുപക്ഷ ശക്തികളിൽ നിന്നും അവർക്ക് നേരിടേണ്ടിവന്നത്. ലോകത്ത് ഫാസിസം അതിന്റെ വേതാളഭാവം പൂണ്ട ഘട്ടങ്ങളിൽ അതിനെതിരെ നിലകൊള്ളുകയും ചെറുത്ത് തോല്പിക്കുകയും ചെയ്തതാണെങ്കിലും രണ്ടിനെയും സമീകരിച്ചാണ് കമ്മ്യൂണിസ്റ്റ് ആശയത്തിനെതിരായ നീക്കങ്ങൾ ഭരണകൂടങ്ങൾ നടത്തുന്നതെന്നതാണ് വിചിത്രം. 2002ൽ ഇത്തരമൊരു നീക്കം പോളണ്ടിൽ നടന്നുവെങ്കിലും ശക്തമായ എതിർപ്പിനെത്തുടർന്ന് അത് ഫലം കണ്ടില്ല. തുടർന്നാണ് 2009 ഡിസംബറിൽ അടുത്ത നീക്കമുണ്ടായത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ടായിരുന്നു നീക്കം ശക്തിപ്പെടുത്തിയത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയെന്നായിരുന്നു പ്രധാന കുപ്രാചരണം. മുൻ പ്രധാനമന്ത്രിയും ഭരണകക്ഷി നേതാവുമായ ജറോസ്ലോ കാസിൻസ്കിയാണ് ഇതിന് തുടക്കമിട്ടത്. പൊതുജനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റ് വിദ്വേഷം ഇളക്കിവിടുന്ന ഇത്തരം പ്രചരണങ്ങൾക്കുശേഷം കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾ നിരോധിക്കുകയായിരുന്നു ശ്രമം. പ്രസിഡന്റ് ലെക് കാസിൻസ്കി ഇതുസംബന്ധിച്ചൊരു നിയമത്തിൽ ഒപ്പുവച്ചു. ശിക്ഷാനിയമത്തിലെ അനുച്ഛേദം 256ൽ ഫാസിസത്തിനോ മറ്റേതെങ്കിലും ഏകാധിപത്യ ഭരണകൂടത്തിനോ വേണ്ടി പരസ്യമായി പ്രചരണം നടത്തുന്നതോ, ദേശീയ, വംശീയ, മതപര – മതേതര വിഭാഗങ്ങൾക്കെതിരായ വിദ്വേഷം ആഹ്വാനം ചെയ്യുന്നതോ ആയ പ്രവൃത്തി ചെയ്യുന്ന വ്യക്തിക്ക് രണ്ട് വർഷം തടവ്, പിഴ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തത്. 

കമ്മ്യൂണിസ്റ്റ് പ്രതീകങ്ങളുടെ ഉപയോഗം, പ്രചരണം, നിര്‍മ്മാണം, രചനകൾ, ഇവയുടെ ഇറക്കുമതി, വാങ്ങൽ, സംഭരണം എന്നിവയെല്ലാം ശിക്ഷാർഹമാക്കുന്നതായിരുന്നു പ്രസ്തുത നിയമം. ഫലത്തിൽ ഫാസിസത്തിനെതിരായ പോരാ‍ട്ടത്തിന് നേതൃത്വം നൽകുകയും അതിനെ പരാജയപ്പെടുത്തി, ദീർഘകാലം സോഷ്യലിസ്റ്റ് ഭരണത്തിന് നേതൃത്വം നൽകുകയും ചെയ്ത ആശയത്തെ ഭയപ്പെടുന്ന ഭരണാധികാരികൾ ഫാസിസ്റ്റ് ആശയത്തിനെതിരെന്ന് പറയുകയും അതേ ആശയങ്ങളെ വാരിപ്പുണരുകയും ചെയ്യുന്നതാണ് കാണാനിടയായത്. എങ്കിലും ഇത് ഫലപ്രദമായി നടപ്പിലാക്കുവാൻ ശക്തമായ എതിർപ്പിനെത്തുടർന്ന് സാധിച്ചില്ല. 2009ലെ നിയമത്തിന്റെ ചുവടുപിടിച്ച് 2020ൽ വീണ്ടും കമ്മ്യൂണിസ്റ്റ് നിരോധനനീക്കം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളും എതിർപ്പുകളും കാരണം ആ ഘട്ടത്തിലും ഉപേക്ഷിക്കേണ്ടിവന്നു. 2023 ഒക്ടോബറിൽ പോളിഷ് ശിക്ഷാ നിയമത്തിൽ പുതിയ ഭേദഗതികൾ അവതരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ചിഹ്നങ്ങളുടെയും നിരോധനം, പാർട്ടി പ്രവർത്തനം നടത്തിയാൽ മൂന്ന് വർഷം വരെ തടവ് എന്നീ മാറ്റങ്ങളാണ് വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മേയിൽ വാഴ്‌സയിൽ നടന്ന പ്രതിഷേധത്തിനിടെ പാർട്ടിപ്പതാക ഉയർത്തുകയും ചിഹ്നങ്ങളും പോസ്റ്ററുകളും ഉപയോഗിക്കുകയും ചെയ്തതിന് കേസെടുക്കുകയുണ്ടായി. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ കോടതിയെ സമീപിച്ചിരിക്കുകയാണ്. 2009ൽ അംഗീകരിച്ചതും 2020ൽ പ്രാബല്യത്തിൽ വരുത്തുവാൻ ശ്രമിച്ചതുമായ നിയമം 2023ൽ വരുത്തിയ ഭേദഗതികളോടെ നടപ്പിലാക്കുന്നതിനാണ് ശ്രമം. കോടതി ഇക്കാര്യം ഒക്ടോബർ ഒന്നിന് പരിഗണിക്കും. അതിൽ തങ്ങൾക്കനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട് രജിസ്റ്റർ ചെയ്യുകയും നിയമപരമായി അംഗീകാരം ലഭിക്കുകയും ചെയ്ത രാഷ്ട്രീയ പാർട്ടിയാണ്. അതിന്റെ ഭരണഘടനയിലും പരിപാടിയിലും നിയമവിരുദ്ധമായ എന്തെങ്കിലും അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചിട്ടുമില്ല. രാജ്യത്തിന്റെ ഭരണഘടനയ്ക്കും രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചുള്ള നിർവചനങ്ങൾക്കും അനുസൃതമായാണ് പാർട്ടി പ്രവർത്തിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും തുല്യമായി പരിഗണിക്കാൻ ഭരണസംവിധാനത്തിന് ബാധ്യതയുമുണ്ട്. എങ്കിലും കമ്മ്യൂണിസ്റ്റ്‌വിരുദ്ധ ജ്വരം ബാധിച്ച പോളണ്ടിലെ ഭരണകൂടം പാർട്ടിയെ നിയമവിരുദ്ധമാക്കുന്നതിനും കടുത്ത ശിക്ഷാ വ്യവസ്ഥകൾ ഏർപ്പെടുത്തി പ്രവർത്തകരെ ഭയപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ജനാധിപത്യവിരുദ്ധ നടപടികളെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ശക്തമായി എതിർക്കുകയും ശക്തമായ പ്രക്ഷോഭം നടത്തിവരികയുമാണ്. 

മേയ് മാസത്തിലാണ് ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായ പുതിയ നീക്കം രാജ്യത്തെ ഭരണാധികാരികൾ ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നടത്തിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു ഭേദഗതിയാണ് ചെക്ക് ശിക്ഷാ നിയമ ഭേദഗതിയിൽ നിർദേശിച്ചിരിക്കുന്നത്. അനുച്ഛേദം 403 ലെ ഭേദഗതി പ്രകാരം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾ പങ്കിടുകയും ചെയ്യുന്നത് നാസിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാക്കും. അതുപോലെതന്നെ അരിവാളും ചുറ്റികയും പരസ്യമായി പ്രദർശിപ്പിച്ചാൽ നാസിസ്റ്റ് ചിഹ്നമായ സ്വസ്തികകൾ വഹിക്കുന്നതിന് തുല്യമായ ശിക്ഷയായിരിക്കും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പകർപ്പുകൾ വിൽക്കുന്നത് മെയിൻ കാംഫ് വിതരണം ചെയ്യുന്നതിന് തുല്യമായി കണക്കാക്കുമെന്നും ഭേദഗതിയിലുണ്ട്. കമ്മ്യൂണിസ്റ്റ് “പാഠങ്ങളിലും മാർക്സിസത്തിലും ഒരു വാക്ക് മാത്രമേയുള്ളൂ — അക്രമം. അക്രമം കൂടാതെ മാറ്റം സംഭവിക്കില്ലെന്ന് കാൾ മാർക്സും അദ്ദേഹത്തിന്റെ അനുയായികളും ആവർത്തിക്കുന്നതാണ്” എന്നായിരുന്നു ഭേദഗതിയെ സാധൂകരിച്ചുകൊണ്ട് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ നിലപാടുകൾ രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രവർത്തകരിൽ നിന്നും സാമൂഹ്യ പ്രവർത്തകരിൽ നിന്നുമുണ്ടാകുന്നുണ്ട്.
സോവിയറ്റ് യൂണിയന്റെ പതനത്തിന് 30ലധികം വർഷങ്ങൾ കഴിഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര യുദ്ധങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടന്നു. അതിൽ വിനാശകരമായ ഉക്രെയ്ൻ യുദ്ധവും പലസ്തീനികൾക്കെതിരായ ഇസ്രയേൽ വംശഹത്യാ യുദ്ധവും ഉൾപ്പെടുന്നു. ഇവ രണ്ടിനും ചെക്ക് സർക്കാർ പൂർണ പിന്തുണ നൽകി. ദാരിദ്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലമായി വർഷം തോറും മരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ കുറിച്ച് പറയേണ്ടതില്ല. ഈ ക്രൂരതകളെല്ലാം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. മുതലാളിത്ത വ്യവസ്ഥയെ നിലനിർത്തുന്നതിന് ഏത് ഹീനമാർഗവും സ്വീകരിക്കുന്നവരിൽ നിന്ന് ആക്രമണത്തെ കുറിച്ചുള്ള ഒരു ധാർമ്മിക പ്രഭാഷണവും സ്വീകരിക്കില്ലെന്നാണ് അവർ പറയുന്നത്. 

യഥാർത്ഥത്തിൽ ഈ ഭേദഗതി സർക്കാർ നേരിടുന്ന വെല്ലുവിളികളും ഭരണം നഷ്ടപ്പെടുമോയെന്ന ഭീതിയും കാരണമുണ്ടാകുന്നതാണെന്നാണ് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം വെൽവെറ്റ് റെവോയുടെ 35-ാം വാർഷികത്തിൽ നടന്ന സർവേ പ്രകാരം 1989ന് മുമ്പുള്ള (സോഷ്യലിസ്റ്റ്) ഭരണത്തെക്കാൾ മികച്ചതാണ് നിലവിലേതെന്ന് ചെക്ക് ജനതയിലെ ന്യൂനപക്ഷം മാത്രമേ കരുതുന്നുള്ളൂ. കമ്മ്യൂണിസത്തെ പൈശാചികമായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴും കമ്മ്യൂണിസത്തെയും അതിന്റെ ഭരണക്രമത്തെയും പുതിയ തലമുറയുൾപ്പെടെ ഇപ്പോഴും മികച്ചതായി കരുതുന്നുവെന്ന ഈ അവസ്ഥ നിലവിലെ ഭരണകൂടത്തെ എത്രത്തോളം ഭയപ്പെടുത്തുന്നുവെന്നാണ് ഇപ്പോഴത്തെ നിരോധന നീക്കത്തിലൂടെ വെളിപ്പെടുന്നത്. മുതലാളിത്തത്തിന്റെ ആഴമേറിയ പ്രതിസന്ധിയുടെയും വ്യവസ്ഥയ്ക്കെതിരെ വർധിച്ചുവരുന്ന രോഷത്തിന്റെയും അതൃപ്തിയുടെയും പശ്ചാത്തലത്തിൽ, ബദലുകളെക്കുറിച്ചുള്ള ജനങ്ങളുടെ അന്വേഷണത്തെ തടയുക കൂടിയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയും അവരുടെ ലക്ഷ്യമാണ്. കമ്മ്യൂണിസം നിഷ്പ്രഭമായെന്നും അതിന്റെ പ്രസക്തി നഷ്ടമായെന്നും ഒരുവശത്ത് പ്രചണ്ഡ പ്രചാരണം നടക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളെ നിരോധിക്കുന്നതിന് നീക്കം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ കമ്മ്യൂണിസത്തെ വലതുപക്ഷ ഭരണാധികാരികൾ എത്രത്തോളം ഭയപ്പെടുന്നുവെന്നത് അതിന്റെ പ്രസക്തി കൂടുന്നുവെന്നതിന്റെ തെളിവാണ്. 

Exit mobile version