മഹത്തായ സിന്ധു നദീതട സംസ്കാര പാരമ്പര്യം പേറുന്ന ഭാരതത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്നതാണ് 18-ാമത് ലോക്‌സഭയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിലാണ് 2024ലെ മേയ് ദിനം ആഗതമായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വരതയാർന്ന സംസ്കാരം നിലനിർത്താനും, വിയോജിക്കാനും വിമർശിക്കാനുമുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, പരസ്പര ബഹുമാനം, സ്വീകാര്യത എന്നീ അടിസ്ഥാന മൂല്യങ്ങളെ മാനിക്കുന്ന ഭരണഘടനയെ സംരക്ഷിക്കാനും ആർഎസ്എസ്-ബിജെപി ഭരണത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിൻകീഴിൽ രാജ്യവും ജനങ്ങളും അനുഭവിച്ച ദുരിതങ്ങൾക്ക് കയ്യുംകണക്കുമില്ല. രാജ്യത്തെ തൊഴിലില്ലായ്മ 29 ശതമാനമായി ഉയർന്നു. 30 ശതമാനത്തോളം പുതുവ്യവസായ സംരംഭങ്ങൾ അടച്ചുപൂട്ടിയതോടെ തൊഴിലില്ലായ്മ വല്ലാതെ വർധിച്ചു. 2022ൽ മാത്രം 121 വ്യവസായ സംരംഭങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ഇവയിൽ പണിയെടുത്തിരുന്ന 34,785 തൊഴിലാളികൾ പിരിച്ചുവിടപ്പെട്ടു. അടുത്ത ദശാബ്ദത്തിൽ ഇന്ത്യക്ക് 70 ദശലക്ഷം (ഏഴു കോടി) തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടി വരുമെന്നും എന്നാൽ അതിനുള്ള ശേഷിയില്ലാത്തതിനാൽ 2.4 കോടി തൊഴിലവസരങ്ങളേ സൃഷ്ടിക്കപ്പെടാൻ പോകുന്നുള്ളുവെന്നും ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ പ്രവചിക്കുന്നു.
ഇതുകൂടി വായിക്കൂ: ഇവിഎം സുതാര്യത ഉറപ്പുവരുത്തണം
നോട്ട് നിരോധനത്തെത്തുടർന്ന് പ്രവർത്തനം നിലച്ചുപോയ സൂക്ഷ്മ‑ചെറുകിട‑ഇടത്തരം വ്യവസായ സംരംഭങ്ങളിൽ 30 ശതമാനത്തിനും പ്രവർത്തനം പുനരാരംഭിക്കാൻ ഇനിയും സാധ്യമായിട്ടില്ല. അശാസ്ത്രീയമായി നടപ്പാക്കിയ ചരക്ക്-സേവന നികുതി ഏറ്റവും വലിയ തൊഴിൽദാതാക്കളായ ചെറുകിട വ്യവസായ മേഖലയ്ക്ക് ഏല്പിച്ച ആഘാതം ചില്ലറയല്ല. വിവര സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ഇൻഫോസിസ്, വിപ്രോ, ടാറ്റാ കൺസൾട്ടൻസി സർവീസ് എന്നിവിടങ്ങളിൽ എന്‍ജിനീയറിങ് ബിരുദധാരികളുടെ തസ്തികകൾ 30 ശതമാനം കണ്ട് വെട്ടിക്കുറച്ചു. പുതിയ നിയമനങ്ങൾ നടക്കുന്നില്ല. തൊഴിൽ നഷ്ടവും വേതന മാന്ദ്യവുമാണ് സമകാലിക യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കുവാനാണ് ലേബർ ബ്യൂറോയുടേയും, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും, നാഷണൽ സാമ്പിൾ സർവേയുടേയും റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചത്. ഇപ്പോൾ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു കൊണ്ടുള്ള കണക്കുകൾ തയ്യാറാക്കുന്ന തിരക്കിലാണ് സർക്കാർ. ക്ഷേമ പദ്ധതികളിലെ ഫണ്ട് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ സിഎജിയുടെ റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് സർക്കാരിന്റെ നിർദേശം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനും അവ സ്വകാര്യവൽക്കരിക്കാനുമുള്ള ശ്രമങ്ങൾക്ക് പുറമേ അവയെ പരമാവധി ചൂഷണം ചെയ്യുന്ന നയങ്ങളാണ് സർക്കാർ പിന്തുടരുന്നത്. ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമായി സ്വദേശത്തെയും വിദേശത്തേയും തെരഞ്ഞെടുക്കപ്പെട്ട കോർപറേറ്റുകൾക്ക് വ്യവസായ, സേവന മേഖലകള്‍ കൈമാറുകയാണ്. പിഎം കെയേഴ്സ് ഫണ്ടിലെ 50 ശതമാനം സംഭാവനകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നാണ് ലഭിച്ചത്. പാർലമെന്റിനോടോ, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിനോടോ, വിവരാവകാശ നിയമത്തോടോ ഉത്തരവാദിത്തമില്ലാതെ പ്രധാനമന്ത്രി നേരിട്ട് നിയന്ത്രിക്കുന്നതും ഒട്ടും സുതാര്യമല്ലാത്തതുമായ ട്രസ്റ്റാണ് പിഎം കെയേഴ്സ് ഫണ്ട്. അതുകൊണ്ടുതന്നെ വലിയ അഴിമതിയാണ് ഫണ്ടിന് പിന്നിലുള്ളത് എന്ന കാര്യം നിസ്തർക്കമാണ്.
ഇതുകൂടി വായിക്കൂ: പൊരിച്ച മീനും മോഡിയും
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ. സുപ്രീം കോടതി തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതിനെ ന്യായീകരിക്കുന്നു. രാജ്യത്തെ പരമോന്നത കോടതി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച നയം വീണ്ടും അധികാരത്തിലേറിയാൽ തിരികെ കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രസ്താവിക്കുന്നു. അഴിമതി അഭംഗുരം തുടരുന്നതിനുള്ള ഒരുതരം ഒത്തുതീർപ്പ് സംവിധാനമായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകൾ. ഒരു കമ്പനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയോ സിബിഐയുടേയോ നിരീക്ഷണത്തിന് കീഴിലാണെങ്കിൽ അവര്‍ ബോണ്ടുകൾ വാങ്ങി ബിജെപിക്ക് സമ്മാനിച്ചാൽ നടപടികളെല്ലാം നിർത്തിവയ്ക്കപ്പെടും. ബിജെപിക്കും മുതലാളിമാർക്കും നേട്ടമുണ്ടാക്കുകയും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന കൊള്ളയാണ് ബോണ്ടുകൾ. അഡാനിമാർക്കും അംബാനിമാർക്കും പ്രയോജനം ചെയ്യുന്ന നയങ്ങളാണ് മോഡി സർക്കാരിന്റെത്. അഡാനിയുടെ കമ്പനികളിൽ 56,142 കോടിയുടെ നിക്ഷേപം നടത്താനാണ് എൽഐസിയുടെ നീക്കം. സാമൂഹ്യ സുരക്ഷാ പദ്ധതികളിലെ നിക്ഷേപത്തിൽ നിന്നും 1,65,000 കോടി രൂപ അഡാനിക്ക് കൈമാറാൻ പോകുകയാണ്. ഓസ്ട്രേലിയയിൽ അഡാനിക്ക് ഖനനം നടത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8,000 കോടി രൂപയാണ് നൽകിയത്. ആ കരാർ ഒപ്പുവച്ചത് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു. അംബാനിയും പ്രധാനമന്ത്രിയും ചേർന്ന് നടത്തിയ റഫാൽ യുദ്ധവിമാന ഇടപാടുകൾ മുഴുവൻ പുറത്തായിരിക്കുന്നു. കൽക്കരി ഇറക്കുമതി സംബന്ധിച്ച നിയമങ്ങൾ മൂന്നുതവണ മാറ്റിയെഴുതി അഡാനിക്ക് 850 കോടി രൂപയുടെ ലാഭമുണ്ടാക്കിക്കൊടുത്തു. അഡാനി കമ്പനികൾ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്ത ഈ കൽക്കരിയെയാണ്.
ഇതുകൂടി വായിക്കൂ: നക്സല്‍വേട്ട: വസ്തുതകള്‍ വെളിപ്പെടണം
ഇത് നമ്മുടെ പൊതുമേഖലാ കൽക്കരി കമ്പനികളെ തകര്‍ക്കുന്നു. തുറമുഖങ്ങൾ, റെയിൽവേ പ്ലാറ്റ്ഫോമുകൾ, യാത്രാ തീവണ്ടികൾ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കുന്നു. ആയുധ നിർമ്മാണശാലകൾ പോലും കോർപറേഷനുകളാക്കുന്നു. ഊർജ, വൈദ്യുതി മേഖലകളും സ്വകാര്യവൽക്കരിക്കുകയാണ്. വിദ്യാഭ്യാസരംഗം വാണിജ്യവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും ചെയ്യുന്നു. സ്വകാര്യ കോർപറേറ്റുകൾക്ക് നേട്ടമുണ്ടാക്കാൻ പൊതുജനാരോഗ്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു. കുടിവെള്ളം, ശുചിത്വം തുടങ്ങിയ അവശ്യ സേവനങ്ങളുടെ അഭാവം വ്യാപകമാണ്. അഡാനി കമ്പനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പാർലമെന്റിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ തന്റെ സുഹൃത്തിനെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് രക്ഷിക്കാനായിരുന്നു. അതേസമയം രാഷ്ട്രീയ എതിരാളികളെ നേരിടാനും ഉപദ്രവിക്കാനും ഇഡി, സിബിഐ, യുഎപിഎ, എൻഎസ്എ, എന്‍ഐഎ എന്നിവയെ ദുരുപയോഗം ചെയ്യുന്നു. കുറ്റാരോപിതർ ബിജെപിയിൽ ചേർന്നാൽ അവരെ കുറ്റവിമുക്തരാക്കാൻ സർക്കാർ സംവിധാനങ്ങൾ സദാ സജീവമാണ്. മോഡി സർക്കാരിന്റെ കാലത്ത് അസമത്വം അപകടകരമായ നിലയിലേക്ക് വളർന്നു. ഏറ്റവും പുതിയ ആഗോള സമത്വ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത് ഇന്ത്യയിലെ ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം ജനങ്ങളുടെ പക്കൽ ആകെയുള്ള സമ്പത്തിന്റെ മൂന്നു ശതമാനം മാത്രമേയുള്ളൂ എന്നാണ്. സമ്പത്തിന്റെ 40.5 ശതമാനവും കയ്യടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്.
മോഡി സർക്കാരിന്റെ കോർപറേറ്റ് പ്രീണന നയങ്ങൾ ചെറുക്കാൻ നേതൃത്വം നൽകുന്നത് തൊഴിലാളി യൂണിയനുകളാണ്. പരിഷ്കരണങ്ങളുടെ പേരിൽ തൊഴിൽ നിയമങ്ങളുടെ ക്രോഡീകരണം ഒരു നയം എന്ന നിലയിൽ മുന്നോട്ടുവച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളിവർഗം ഒറ്റക്കെട്ടായി നടത്തിയ സമരങ്ങളിലൂടെ ചെറുത്ത് നിർത്തിയിരിക്കുകയാണ്. വീണ്ടും അധികാരത്തിലെത്തിയാൽ ഈ ലേബർ കോഡുകൾ നടപ്പിലാക്കുമെന്ന് ബിജെപി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ദ്രോഹകരമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ധീരമായി പോരാടി. 2022ൽ യുപിയിലും മറ്റും നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മോഡി സർക്കാരിന് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. എന്നാൽ അന്ന് കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്നു. കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലുള്ള പോരാട്ടം ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ്. മോഡിയുടെ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ സ്ഥിതി വളരെ പരിതാപകരമാണ്. മണിപ്പൂരിലെ സ്ത്രീകളുടെ കാര്യമായാലും ബലാത്സംഗത്തിന് ഇരയായ ഹാത്രാസിലെ പെൺകുട്ടിയുടെ കാര്യത്തിലായാലും സെൻഗോറിലെ ഇരകളുടെ കാര്യത്തിലായാലും ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളുടെ കാര്യത്തിലായാലും ബനാറസ് ഹിന്ദു സർവകലാശാലയിൽ ലൈംഗിക പീഡനത്തിനിരയായ കുട്ടികളുടെ കാര്യത്തിലായാലും മെഡൽ ജേതാക്കളായ വനിതാ ഗുസ്തിതാരങ്ങളുടെ കാര്യത്തിലായാലും കുറ്റവാളികൾ പ്രധാനമന്ത്രിക്ക് പ്രിയങ്കരരായി മാറുന്നു. ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടവരുടെ പട്ടിക വളരെ നീണ്ടതാണ്.
ഇതുകൂടി വായിക്കൂ: പൊതുതെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കോ?
ഏതുവിധേനയും വോട്ട് നേടി അധികാരത്തിലേറുക എന്ന ലക്ഷ്യത്തോടെ നഗ്നമായ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് പ്രധാനമന്ത്രിയും അനുയായികളും. ഇതെല്ലാം അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കു മാത്രമല്ല രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സാമൂഹിക ഘടനയ്ക്കും ഹാനികരമാണ്. നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം സന്താനങ്ങളെ സൃഷ്ടിക്കുന്നവരെന്നും പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി മുസ്ലിങ്ങൾക്കെതിരെ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയാണ്. മുസ്ലിങ്ങൾക്ക് സ്വത്തു നൽകാൻ സഹോദരിമാരുടെ മംഗല്യസൂത്രം തട്ടിയെടുക്കുമെന്ന് മുൻ പ്രധാനമന്ത്രി പ്രസ്താവിച്ചുവെന്ന കള്ളം പ്രചരിപ്പിക്കുകയാണദ്ദേഹം. പ്രധാനമന്ത്രി ഇനിയും ഇത്തരം അഴുക്കുചാലകളിലേക്ക് ഇറങ്ങിയേക്കാം. കാരണം അദ്ദേഹം തോൽവിയെ ഭയക്കുന്നു. സൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ നടത്തിയ കുതന്ത്രങ്ങൾ പോലുള്ള പലതും ഇനിയും സംഭവിക്കും. മോഡിക്കും അദ്ദേഹത്തിന്റെ അനുയായികൾക്കും നിലവിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ടാണ് അവർ അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കാൻ പാകത്തിന് ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയത്. ബിജെപി സർക്കാർ കൂടുതൽ പ്രകടമായി ഹിറ്റ്ലറുടെ പാത പിന്തുടരുകയാണ്. അതിനാൽ ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയല്ലാതെ മറ്റ് മാർഗമില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന, സ്വാതന്ത്ര്യം, പരമാധികാരം, നാനാത്വത്തിലെ ഏകത്വം എന്നിവ സംരക്ഷിക്കുന്നതിനും മതേതര ജനാധിപത്യം നടപ്പാക്കുന്നതിനും സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് മുന്നേറുവാനും ബിജെപി സർക്കാരിനെ പരാജയപ്പെടുത്തണം. അതിനായി തൊഴിലാളിവർഗം ചരിത്രപരമായ പങ്ക് വഹിക്കണം. ബിജെപിയെ തോല്പിക്കുക, രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക- അതാണ് 2024 മേയ്ദിനത്തിൽ നാം കൈക്കൊള്ളേണ്ട പ്രതിജ്ഞ.