Site iconSite icon Janayugom Online

ആൾദൈവങ്ങളും അധികാരദെെവങ്ങളും

ജൂലൈ രണ്ടാം തീയതി ഉത്തർ പ്രദേശിലെ ഹത്രാസിൽ മതപ്രഭാഷണ പരിപാടിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 121 പേർ മരിച്ചു. ഭോലെ ബാബ എന്ന ആൾദൈവം സംഘടിപ്പിച്ചതായിരുന്നു പരിപാടി. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ കച്ചകെട്ടിയിറങ്ങിയ മോഡിയുടെ മൂന്നാം സർക്കാർ അധികാരമേറ്റ് ഏതാനുംനാൾ കഴിയുംമുമ്പാണ് ഈ ദുരന്തമുണ്ടായത് എന്നത് യാദൃച്ഛികമാണെന്ന് കരുതുകവയ്യ. മുമ്പും അന്ധവിശ്വാസങ്ങളും ആൾദൈവങ്ങളും ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലും 2014ൽ നരേന്ദ്ര മോഡിയുടെ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് വർധിതവീര്യത്തിൽ അന്ധവിശ്വാസങ്ങൾ തഴച്ചുവളർന്നതും ആൾദൈവങ്ങൾ പെരുകിയതും. ആൾ ദൈവങ്ങളുടെ ക്രമാതീതമായ വളർച്ചയ്ക്ക് പ്രധാന ഉത്തരവാദി പ്രധാനമന്ത്രി മോഡി തന്നെയാണ്.
ജൂലൈ രണ്ടിലെ കൂട്ടമരണത്തിനു കാരണക്കാരനായ നാരായൺ സർക്കാർ ഹരിയെന്ന ഭോലെ ബാബ പോലും മോഡിയുടെ ആരാധനാ പാത്രമായിരുന്നു. “കാശിവിശ്വനാഥ് ധാം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായത് ഭോലെ ബാബയുടെ അനുഗ്രഹം കൊണ്ടാണ് (With the bless­ings of Bhole Baba, the dream of Kashi Vish­wanath Dham has come true)” എന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് അദ്ദേഹത്തിന് ഈ ആള്‍ദൈവത്തോടുള്ള ഭക്തി എത്ര രൂഢമൂലമാണെന്ന് ഊഹിക്കാം. മാത്രമല്ല കാശിയിലെ വിശ്വനാഥനെക്കാൾ ശക്തിയുള്ള ദൈവം ഭോലെ ബാബായാണെന്നും ധ്വനിക്കുന്നു.
ഭോലെ ബാബയുടെ മാത്രമല്ല, രാജ്യമാസകലമുള്ള എല്ലാ വ്യാജദൈവങ്ങളുടെയും ഭക്തനാണ് മോഡി. അവരിൽ പലരും കൊടുംപാതകങ്ങൾ ചെയ്തതിന്റെ പേരിൽ ജീവപര്യന്തം ഉൾപ്പെടെ വിവിധ ശിക്ഷകൾ ലഭിച്ച് ജയിലിലായവരുമാണ്.
ഗുജറാത്തിൽ സ്വയംപ്രഖ്യാപിത ആൾദൈവമായി വിലസുകയായിരുന്നു ആശാറാം ബാപ്പു എന്ന അസുമൻ തൗമൽ ഹർപലാനി. ആശാറാം സ്വയം ‘ഭഗവാൻ’ എന്നും ഭക്തർ അദ്ദേഹത്തെ ‘ബാപ്പു’ എന്നുമാണ് വിളിച്ചിരുന്നത്. ഒരു കാലത്ത് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ആത്മശാന്തി തേടി എത്തിയിരുന്നിടമാണ് ആശാറാം ബാപ്പുവിന്റെ ആശ്രമം. കപട ആത്മീയതയുടെ മറവിൽ തടിച്ചുകൊഴുത്ത ഈ ആൾദൈവം കഴിഞ്ഞ 10 വർഷമായി ജോധ്പൂർ ജയിലിലാണ്. 2013ലെ ഒരു ബലാത്സംഗ കേസിൽ ഗാന്ധിനഗർ സെഷൻസ് കോടതി ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് ജയിലിലായത്. മറ്റൊരു കേസിൽ 2023ൽ ഇയാൾ രണ്ടാമതും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 

പ്രത്യേക സിബിഐ കോടതി ബലാത്സംഗക്കുറ്റത്തിന് ശിക്ഷിച്ച ഗുർമീത് റാം റഹിം സിങ് എന്ന ആള്‍ദൈവമാണ് നമ്മുടെ പ്രധാനമന്ത്രിയുടെ മറ്റൊരു ആരാധ്യപുരുഷൻ. 2019 ജനുവരിയിൽ, മാധ്യമ പ്രവർത്തകൻ രാംചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ ഗുർമീതിനെയും മറ്റ് മൂന്നുപേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുൻ ദേര മാനേജർ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ സിങ്ങിനെയും മറ്റ് നാല് പേരെയും 2021 ഒക്ടോബറിൽ, പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരാണെന്ന് വിധിച്ചു. തന്റെ രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിലും ഗുർമീത് റാം റഹിമിനെ 2021ൽ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 

കേരളത്തിലെ വള്ളിക്കാവിലെ അമൃതാനന്ദമയിയാണ് നമ്മുടെ പ്രധാനമന്ത്രി അനുഗ്രഹത്തിനായി നിരന്തരം ആശ്രയിക്കുന്ന മറ്റൊരു ആൾദൈവം. 25 വർഷക്കാലം സുധാമണി എന്ന അമൃതാനന്ദമയിയുടെ പഞ്ചനക്ഷത്ര സങ്കേതത്തിലെ അന്തേവാസിയും ശിഷ്യയുമായിരുന്ന ഗയിൽ ട്രെഡ്‌വെൽ എന്ന ഓസ്ട്രേലിയൻ വനിത എഴുതിയ “ദ ഹോളി ഹെൽ” എന്ന പുസ്തകത്തില്‍ ആ സങ്കേതത്തിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളുടെ ചരിത്രം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ബിഹാറുകാരനായ നിയമവിദ്യാർത്ഥി സത്നാം സിങ്ങിന്റെ മരണം ഉള്‍പ്പെടെ തേഞ്ഞുമാഞ്ഞുപോയതും നാട്ടുകാർക്കറിയാം. പ്രധാനമന്ത്രിസ്ഥാനത്തിരിക്കെ എല്ലാ ഔദ്യോഗിക പ്രൗഢികളോടും കൂടി സർക്കാര്‍ചെലവിൽ ഇത്തരം സങ്കേതങ്ങളിൽ അനുഗ്രഹം വാങ്ങാൻ നിരന്തരം പോകുന്ന ഭക്തനാണ് മോഡി. പദവി ദുരുപയോഗപ്പെടുത്തുക മാത്രമല്ല, ഭരണഘടനയെ അവഹേളിക്കുക കൂടിയാണ് ആൾദൈവ ഭക്തിപ്രകടനത്തിലൂടെ പ്രധാനമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്. അന്ധവിശാസത്തിൽ മുഴുകുന്നതും അത് പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. 

രാജ്യത്തെ മുൻ ആൾദൈവമായിരുന്നു സത്യസായി ബാബ. അദ്ദേഹം തന്റെ പ്രതാപകാലത്ത് ഒരിക്കൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിനെ സന്ദർശിച്ചു. (ഇന്നത്തെപ്പോലെ പ്രധാനമന്ത്രി ആൾദൈവത്തിന്റെ ആസ്ഥാനത്ത് പോയി അവരെ കാണുകയായിരുന്നില്ല). സായി ബാബ നെഹ്രുവിനെ അത്ഭുതപ്പെടുത്താൻ അന്തരീക്ഷത്തിൽ നിന്നും ഒരു വാച്ച് എടുത്ത് കൊടുത്തു. അത് കണ്ടു ചിരിച്ചുകൊണ്ട് ‘ബാബാ താങ്കൾക്ക് നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങൾക്ക് ഓരോ ചാക്ക് അരി ഇതുപോലെ എടുത്തു കൊടുത്തു കൂടെ?’ എന്ന് ചോദിക്കുകയാണ് നെഹ്രു ചെയ്തത്. 

രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇപ്പോഴും ഭക്തിയിലും അന്ധവിശ്വാസത്തിലും ആണ്ടു കിടക്കുകയാണ്. അവരെ പിന്തിരിപ്പിച്ച് നേർവഴിക്കു നയിക്കുവാൻ ബാധ്യതപ്പെട്ടവർ തന്നെ അന്ധവിശ്വാസത്തിന്റെ അഗാധതയിലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഹത്രാസിൽ നടന്ന നരമേധത്തിന് നേരിട്ട് ഉത്തരവാദിയായ ആൾദൈവ ക്രിമിനലിനെ രക്ഷിക്കാനാണ് അയാളുടെ ഭക്തനായ ഭരണാധികാരി ശ്രമിക്കുക എന്ന് സ്വാഭാവികമായും ജനം സംശയിക്കും. അയാൾക്കെതിരെ ഇതുവരെയും യാതൊരു നടപടിയും ഭരണകൂടം കൈക്കൊണ്ടിട്ടില്ല എന്നത് ആ സംശയത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു പറ്റം സാധുജനങ്ങളുടെ കൂട്ടക്കുരുതിക്ക് കളമൊരുക്കിയ ആൾ ദൈവത്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണം. 

Exit mobile version