Site iconSite icon Janayugom Online

ലഡാക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം

കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് വലിയ പാരിസ്ഥിതിക‑സാമ്പത്തിക ആഘാതങ്ങളെയും പിന്നാക്കാവസ്ഥയെയും നേരിടുകയാണ്. ഒട്ടനവധി തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും കാരണമായ ലഡാക്കിന്റെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും സാമ്പത്തികമായ സ്വയം പര്യാപ്തതയ്ക്കും വേണ്ടിയുള്ള ഒരു സമരത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണിപ്പോൾ. കക്ഷിരാഷ്ട്രീയത്തിന്റെ ചേരുവകളില്ലെങ്കിലും അതിന്റെ രാഷ്ട്രീയം ബിജെപി ഉന്നയിക്കുന്ന കോർപറേറ്റ് അനുകൂല, ഫെഡറൽ വിരുദ്ധ, പരിസ്ഥിതി നാശോന്മുഖമായ നയങ്ങൾക്കെതിരാണ്. ഉയർന്ന ഹിമാലയൻ കൊടുമുടികൾ അതിർത്തി നിശ്ചയിക്കുന്ന ലഡാക്കിന്റെ ദുർബലമായ ആവാസവ്യവസ്ഥ കാലാവസ്ഥാ ദുരന്തത്തിന്റെ പ്രതിസന്ധികൾ നേരിടുകയാണ്. മഞ്ഞുമലകൾ ഉരുകുന്നതും ക്രമരഹിതമായ കാലാവസ്ഥാ രീതികളും ദുർബലമായ പരിസ്ഥിതിയെ ആശ്രയിക്കുന്നവരുടെ ഉപജീവനത്തിനും ഭീഷണി സൃഷ്ടിക്കുന്നു. വർഷങ്ങളായി ലഡാക്കിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങൾ മഞ്ഞുമലകളിൽ നടന്നുവരികയാണ്. 2019ൽ കശ്മീരിനുള്ള പ്രത്യേകാവകാശങ്ങൾ എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്ത ശേഷമാണ് 95 ശതമാനത്തോളം ആദിവാസി ജനസംഖ്യയുള്ള ലഡാക്കിലെ ജനങ്ങൾ സ്വത്വത്തിനും നിലനില്പിനും വേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തിയത്. 2019ലെ കേന്ദ്ര സർക്കാരിന്റെ നടപടിയെ തുടർന്ന് അനുച്ഛേദം 370, 35 എ എന്നിവ റദ്ദാക്കിയപ്പോൾ ലഡാക്കിനെ നിയമസഭയില്ലാത്ത പ്രദേശമാക്കി മാറ്റുകയും ജമ്മു കശ്മീരിനെ 2019 ഓഗസ്റ്റ് അഞ്ചിന് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രക്ഷോഭം ശക്തിയാർജിച്ചത്. 

സംസ്ഥാന പദവി അനുവദിക്കുക, ഗോത്രപദവി നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, തദ്ദേശവാസികൾക്ക് തൊഴിൽ സംവരണം, ലേയ്ക്കും കാർഗിലിനും ഓരോ പാർലമെന്റ് സീറ്റ് എന്നീ നാല് ആവശ്യങ്ങളായിരുന്നു പ്രക്ഷോഭത്തിൽ പ്രധാനമായും ഉന്നയിച്ചത്. സമ്പൂർണ സാമ്പത്തിക വികസനം നടപ്പിലാക്കുന്നതിനും തീരുമാനങ്ങളെടുക്കാനാകുന്ന വിധത്തിലുള്ള സ്വയംഭരണം നല്‍കുന്നതിനും ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
എൻജിനീയറും സാമൂഹ്യ പ്രവർത്തകനുമായ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലായിരുന്നു എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ പ്രക്ഷോഭം മുന്നേറിയത്. ലഡാക്കിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തരാകുന്നതിനുമുള്ള വിവിധ മുൻകൈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മഗ്സസെ അവാർഡ് ഉൾപ്പെടെ അംഗീകാരങ്ങൾ വാങ്ചുക്കിനെ തേടിയെത്തിയിട്ടുണ്ട്.
അതേ സമയം സോനം വാങ്ചുക്കിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 80ലധികം പൗരവിഭാഗ സംഘടനകൾ രംഗത്തുണ്ട്. ലഡാക്ക് ആർട്സ് ആന്റ് മീഡിയ ഓർഗനൈസേഷൻ, ഹിമാലയ കളക്ടീവ്, സ്നോ ലീപാർഡ് കൺസർവൻസി ഇന്ത്യ ട്രസ്റ്റ്, മസ്ദൂർ കിസാൻ ശക്തി, ഫോറസ്റ്റ് റൈറ്റ്സ് കോയലിഷൻ ജെകെ, സെന്റർ ഫോർ പാസ്റ്ററലിസം തുടങ്ങിയ സംഘടനകളാണ് പിന്തുണച്ചത്. ബിജെപി ഒഴികെ, മിക്കവാറും എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും സാമൂഹിക, മത ഗ്രൂപ്പുകളും വിദ്യാർത്ഥി സംഘടനകളും വാങ്ചുക്കിന്റെ ആവശ്യങ്ങൾക്ക് പിന്തുണയുമായി ലേ, കാർഗിൽ വിവിധ ക്യാമ്പയിനുകൾ നടത്തുന്നു. 

ഇക്കാലയളവിനിടയിൽ നിരവധി തവണ പ്രദേശത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹം നിരാഹാര സമരമുൾപ്പെടെ സംഘടിപ്പിച്ചു. 2023 ജനുവരി 26ന് 18,380 അടി ഉയരമുള്ള ഖർദുങ് ലായിൽ കൊടും തണുപ്പുള്ള ദിവസങ്ങളിൽ നിരാഹാര സമരം നടത്തി. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ ഇടപെടണമെന്ന് വാങ്ചുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. ബാൾട്ടി, ബേഡ, ബോട്ട്, ബോട്ടോ, ബ്രോക്പ, ദ്രോക്പ, ഡാർഡ്, ഷിൻ, ചാങ്പ, ഗാര, മോൺ, പുരിഗ്പ തുടങ്ങിയ ഗോത്രവർഗ വിഭാഗങ്ങൾ ലഡാക്കിലെ ജനസംഖ്യയുടെ പ്രധാന ഭാഗമാണെന്ന് ആറാം ഷെഡ്യൂൾ പദവി ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. അത്തരം വ്യവസ്ഥകളില്ലാത്തതിനാൽ ലഡാക്കിലെ വിദ്യാർത്ഥികൾക്ക് ഗസറ്റഡ് തസ്തികകൾക്കുള്ള അവസരങ്ങൾ പരിമിതമായിരിക്കുകയാണെന്നും ലഡാക്ക് പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരിക്കണമെന്നും ഇതിനായി ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ഭേദഗതി ചെയ്യുന്നതിനുള്ള കരടും സമർപ്പിച്ചു. മേഖലയിൽ നിന്ന് രണ്ട് എംപിമാർ (ലേയിൽ നിന്നും കാർഗിലിൽ നിന്നും) വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് നീണ്ട നാളുകളായി സമരം നടന്നുവരുന്നത്. ഓരോ സമരങ്ങൾ നടക്കുമ്പോഴും ഉടൻ പരിഹാരമെന്ന വാഗ്ദാനം നൽകി സമരം അവസാനിപ്പിക്കുകയാണ് ചെയ്തുവന്നിരുന്നത്. ഇതിനൊടുവിലാണ് കഴിഞ്ഞ മാർച്ച് മുതൽ നീണ്ട സമരത്തിന് തുടക്കമായത്. 2019ലെ കേന്ദ്ര നടപടിക്കുശേഷം ലഡാക്കിന്റെ പരിസ്ഥിതി കൂടുതൽ ദുർബലമാക്കപ്പെടുന്ന ചൂഷണങ്ങൾക്ക് ആക്കം കൂട്ടന്ന വിധത്തിൽ കോർപറേറ്റ് കടന്നുവരവിന് വഴിവയ്ക്കുമെന്ന ഭയം പ്രദേശവാസികളെ പിടികൂടുകയും ചെയ്തിരുന്നു. നമ്മുടെ ഭൂമി സംരക്ഷിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ പ്രദേശങ്ങൾ മുഴുവൻ വൻ ജനക്കൂട്ടങ്ങളാൽ കീഴടക്കപ്പെടുമെന്ന് 2020ൽതന്നെ വാങ് ചുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. വൻ വ്യവസായങ്ങൾ കടന്നുവരുന്നതോടെ ഹിമാനികൾ അതിവേഗം ഉരുകും. ലഡാക്ക് വളരെ ദുർബലമായ ഒരു ആവാസവ്യവസ്ഥയാണ്, അതിന് ഇത് സഹിക്കാനാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നീട് എത്രയോ തവണ അദ്ദേഹവും പ്രദേശവാസികളും മേഖലയുടെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും നേരിടാൻ പോകുന്ന ഭീഷണികൾ സംബന്ധിച്ച് സംസാരിച്ചു.
കശ്മീർ യൂണിവേഴ്സിറ്റിയിൽ നിന്നും മറ്റ് ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സമീപകാല പഠനങ്ങൾ പ്രകാരം ലേ-ലഡാക്കിലെ ഹിമാനികളെ ശരിയായി പരിപാലിക്കുന്നില്ലെങ്കിൽ മൂന്നിൽ രണ്ട് ഭാഗത്തോളം ഇല്ലാതാകുമെന്ന നിഗമനത്തിലെത്തിയിരുന്നു. ദേശീയപാതകളാലും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളാലും ചുറ്റപ്പെട്ട ഹിമാനികൾ താരതമ്യേന വേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുകയാണെന്ന് കാശ്മീർ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലും കണ്ടെത്തി. മാത്രമല്ല, ലഡാക്ക് സൈന്യത്തിന് തന്ത്രപരമായി പ്രധാനമാണ്, കാർഗിലിലും മറ്റ് യുദ്ധങ്ങളിലും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഇതെല്ലാംകൊണ്ടുതന്നെ ലഡാക്കിന്റെ പ്രക്ഷോഭം നിലനില്പിനു മാത്രമല്ല ഭൂപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതുമാണ്. 

ലഡാക്കിൽ വർഷങ്ങളായി നടന്നുവന്നിരുന്ന സമരമിപ്പോൾ രാജ്യ തലസ്ഥാനത്താണ് നടക്കുന്നത്. ലഡാക്കിൽ നിന്ന് നൂറുകണക്കിന് പേരോടൊപ്പം വാങ്ചുക്ക് ഒക്ടോബർ രണ്ടിന് ഡൽഹിയിലെത്തി നിരാഹാരമിരിക്കുന്നതിനാണ് തീരുമാനിച്ചത്. ലഡാക്കിലെ ഓരോ സമരങ്ങളും കേന്ദ്ര പ്രതിനിധികളുടെ വാഗ്ദാനങ്ങൾ കേട്ട് അവസാനിപ്പിക്കുന്ന രീതി ഇനിയില്ലെന്നും അതുകൊണ്ട് കേന്ദ്ര ഭരണാധികാരികളുടെ മുന്നിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് ഡൽഹിയിലേയ്ക്ക് ലോങ്മാർച്ച് പ്രഖ്യാപിച്ചത്.
സെപ്റ്റംബറിൽ പുറപ്പെട്ട് ഒക്ടോബർ രണ്ടിന് ഡൽഹി ജന്തർ മന്ദറിൽ സമരമിരിക്കാനായിരുന്നു തീരുമാനം. എന്നാൽ വാങ്ചുക്കിനെയും സംഘത്തെയും ഡൽഹി അതിർത്തിയിൽ തടഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്യകയായിരുന്നു. പദയാത്രയായി 1,000 ഓളം കിലോമീറ്റർ നടന്നുവന്ന പ്രതിഷേധക്കാരെ യാതൊരു കാരണവുമില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് വിട്ടയച്ചുവെങ്കിലും ഡൽഹിയിൽ സമരം അനുവദിക്കില്ലെന്ന നിലപാടെടുത്തു. ജന്തർ മന്ദറിലെത്തിയപ്പോൾ അവിടെയും കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്തു. പിന്നീടാണ് ഡൽഹിയിലെ ലഡാക്ക് ഭവനിൽ സമരം ആരംഭിച്ചത്. അവിടെയും നിരന്തരം ശല്യം ചെയ്യുന്ന സമീപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ് സ്വീകരിക്കുന്നത്.
വാങ് ചുക്കിനെ കാണാനെത്തുന്നവരെ പോലും കസ്റ്റഡിയിലെടുക്കുകയാണ്. ഒരു ദിവസം വാങ്ചുക്കിനൊപ്പം 30തോളം പേരെ ലഡാക്ക് ഹൗസിന് പുറത്തെ പാർക്കിൽ ഉപവസിക്കാൻ അനുവദിച്ചുവെങ്കിലും പലരെയും കസ്റ്റഡിയിലെടുക്കുമെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു. മാധ്യമങ്ങളെ കാണുന്നതിനോ മാധ്യമങ്ങൾക്ക് അദ്ദേഹത്തെ കാണുന്നതിനോ അനുമതി നൽകുന്നില്ല. അഞ്ചിൽ കൂടുതൽ ആളുകൾക്ക് ഒത്തുകൂടാനാകാത്ത വിധം നിരോധനാജ്ഞയും നടപ്പിലാക്കി.
ഒരു നാട് കേന്ദ്ര സർക്കാരിന്റെ തെറ്റായ സമീപനത്തെ തുടർന്ന് അസ്തിത്വവും പ്രകൃതിയും നശിക്കുമെന്ന് ഭയന്നാണ് സമരം നടത്തുന്നത്. അത് ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം പല വിധത്തിലുള്ള ദ്രോഹ നടപടികളിലൂടെ അടിച്ചമർത്തുവാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ വലിയ ആരവങ്ങളോ ആൾക്കൂട്ടങ്ങളോ ഇല്ലെങ്കിലും ലഡാക്കിന്റെ സമരത്തെ ഇന്ത്യൻ ജനങ്ങളാകെ ഏറ്റെടുക്കേണ്ടതാണ്. 

Exit mobile version