സ്വാതന്ത്ര്യസമര സേനാനി, മികച്ച അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ, ചിന്തകൻ, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം കേരളീയ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ ഡോ. എൻ എ കരീമിന്റെ ജന്മശതാബ്ദി വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. 1926 ഫെബ്രുവരി 15ന് എടവനക്കാട്ടാണ് നടുവിലകത്ത് അഹമ്മദ് കരീം എന്ന ഡോ. എൻ എ കരീമിന്റെ ജനനം. കേരളത്തിന്റെ മുൻ സ്പീക്കർ കെ എം സീതി സാഹിബിന്റെ കുടുംബാംഗമാണ്.
വിദ്യാർത്ഥിയായിരിക്കെ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളജിലെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ കരീമടക്കം ഒരു കൂട്ടം വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കി. പിന്നീട് മന്ത്രിയായ വിശ്വനാഥ മേനോൻ, അഡീഷണൽ അഡ്വ. ജനറലായ ടി സി എൻ മേനോൻ, എൻ വി മാത്യു, കെ കെ സത്യവ്രതൻ തുടങ്ങിയവര്‍ പുറത്താക്കപ്പെട്ട വിദ്യാർത്ഥി നേതാക്കളിൽപ്പെടും. അഖില കൊച്ചി വിദ്യാർത്ഥി കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു അക്കാലത്ത് കരീം.
കലാലയത്തിൽ നിന്ന് പുറത്താക്കപ്പെട്ട കരീമിന് വിദ്യാഭ്യാസം തുടർന്ന് മുന്നോട്ടു കൊണ്ടുപോകാനായത് സ്വാതന്ത്ര്യാനന്തരം കോഴിക്കോട് ഫറൂഖ് കോളജ് ആരംഭിക്കുന്നതോടെയാണ്. ചന്ദ്രിക ദിനപത്രത്തിൽ സി എച്ച് മുഹമ്മദ് കോയയ്ക്കൊപ്പം സബ് എഡിറ്ററായി ഇടവേളകളിൽ പ്രവർത്തിച്ച അദ്ദേഹം ബിരുദവും, ബിഎഡും കരസ്ഥമാക്കി ഫാറൂഖിൽ തന്നെ ട്യൂട്ടറായി. അവിടെ നിന്നും ചില നടപടികളെ ചോദ്യം ചെയ്തതിന്റെ പേരിൽ പുറത്തായപ്പോഴാണ് അലിഗഢ് മുസ്ലിം സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേരാൻ മുതിരുന്നത്. അവിടെ അദ്ദേഹം മികച്ച പ്രസംഗകനുള്ള സുവർണ മെഡൽ നേടുകയും പ്രൊഫ. സക്കീർ ഹുസൈനെപോലുള്ള പ്രശസ്തരായ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി മാറുകയും ചെയ്തു. തുടർന്ന് ജാമിയ മിലിയയിലും കോയമ്പത്തൂരിലെ ഒരു കോളജിലും കുറച്ചുകാലം അധ്യാപകവൃത്തിയിലേർപ്പെട്ടു.
കോട്ടയത്ത് സിഎംഎസ് കോളജിൽ പ്രവർത്തിച്ചിരുന്ന കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വകുപ്പിലേക്ക് അധ്യാപകനായി പ്രവേശിക്കുന്നത് പിന്നീടാണ്. സി എച്ച് മുഹമ്മദ് കോയ ലോക്‌സഭാംഗവും എൻ എ കരീം ജാമിയ മിലിയയിലെ അധ്യാപകനുമായുള്ള അവരുടെ ഡൽഹി ജീവിതം തമ്മിലുണ്ടായിരുന്ന ബന്ധത്തെ ദൃഢമാക്കുകയും അവരുടെ ചിന്താസരണികളെ വികസിപ്പിക്കുകയും ചെയ്തു. കേരളത്തിൽ മടങ്ങിയെത്തിയ ഇരുവരും ആ ബന്ധം അഭംഗുരം തുടരുകയും ചെയ്തു.
ലോകത്തിലെ മർദിതരുടെയും ദുർബലരുടെയും ഒപ്പമായിരുന്നു ഡോ. എൻ എ കരീമിന്റെ മനസ് എപ്പോഴും. അതുകൊണ്ടാണ് സർവകലാശാലകളിൽ പ്രൊ വൈസ് ചാൻസലർ പദവി (രണ്ടു ടേം) അടക്കം ഉന്നത പദവികളിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹം തെരുവിൽ, പാവപ്പെട്ടവനുവേണ്ടി സിംഹഗർജ്ജനം നടത്തിയത്. മുഖ്യമന്ത്രി എ കെ ആന്റണിക്കെതിരെ തിരൂരങ്ങാടി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ശരീഅത്ത് വിഷയത്തിൽ സ്ത്രീപക്ഷ നിലപാടെടുത്തതും ഡിപിഇപി സംബന്ധിച്ച് ഇടതുപക്ഷ നയത്തെ എതിർത്തതും സമരം നയിച്ചതുമെല്ലാം കരീമിന്റെ സ്വതന്ത്ര നിലപാടുകളെ സൂചിപ്പിക്കുന്നു. അതിന് വലിയ വിലയും നൽകേണ്ടിവന്നു. ഒരു ശരീഅത്ത് പ്രസംഗത്തിന്റെ പേരിലാണ് വൈസ് ചാൻസലർ പദവി അദ്ദേഹത്തിന് നഷ്ടമായത്.
സർവീസിൽ നിന്ന് വിരമിച്ച ശേഷം അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടർ, എസ്ഇആർടി ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. പി എൻ പണിക്കരോടൊപ്പം കേരളത്തിന്റെ സമ്പൂർണ സാക്ഷരതയ്ക്കുവേണ്ടി നടത്തിയ പരിശ്രമങ്ങൾ ജനമനസുകളിൽ ചിരപ്രതിഷ്ഠ നൽകി. കേരള നവോത്ഥാനത്തിന്റെ തേജസായ വക്കം മൗലവിയുടെ പേരിലുള്ള ഫൗണ്ടേഷൻ കെട്ടിപ്പടുക്കുന്നതിൽ മരണം വരെ അദ്ദേഹം ഊർജസ്വലമായ നേതൃത്വം നൽകി.
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്കെല്ലാം കരുത്ത് പകർന്ന കരീം അനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിന്നിൽ ആശയം കൊണ്ടും ആദർശം കൊണ്ടും മാർഗനിർദേശങ്ങൾ കൊണ്ടും കരുത്തുനൽകി. മെയിൻ സ്ട്രീം പോലുള്ള പ്രസിദ്ധീകരണങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്യുമ്പോൾത്തന്നെ അനേകം സമരങ്ങൾക്കും നേതൃത്വം നൽകി. എല്ലാ നിലയിലും സമൂഹത്തെ ജ്വലിപ്പിച്ച ഡോ. എൻ എ കരീം 2016 ഫെബ്രുവരി നാലിന് അന്തരിച്ചു. അദ്ദേഹത്തിന്റെ പത്നി മീനാ കരീം തിരുവനന്തപുരത്ത് താമസിക്കുന്നു. പരേതയായ ഡോ. ഫരീദാ കരീം, മുഹമ്മദ് ബഷീർ (ആലുവ) എന്നിവരാണ് മക്കൾ.
ഡോ. എന്‍ എ കരീം എന്ന ആക്ടിവിസ്റ്റ്

