Site iconSite icon Janayugom Online

പ്രധാനമന്ത്രിയായ ടെക്നോക്രാറ്റ്

നെഹ്രുവിയന്‍ കാലഘട്ടം മുതല്‍ നിരവധി വര്‍ഷക്കാലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചു നടപ്പാക്കിവന്നിരുന്ന ആസൂത്രിത സാമ്പത്തിക വികസനത്തിന് വിരാമമിടുന്ന നിര്‍ണായക കാലഘട്ടത്തില്‍ രാജ്യത്തിന്റെ ഭരണനേതൃത്വത്തിലിരുന്ന ഡോ. മന്‍മോഹന്‍ സിങ് പൊടുന്നനെ എന്നോണമാണ് വിടവാങ്ങിയിരിക്കുന്നത്. ഡോ. സിങ് ഇന്ത്യാ ചരിത്രത്തില്‍ അറിയപ്പെടുക ഇന്ത്യയുടെ സുരക്ഷിത ഭാവി കരുപ്പിടിക്കുന്നതിന് അടിത്തറ പാകിയ രാഷ്ട്രീയ നേതാവെന്ന നിലയില്ല, ഒരു ടെക്നോക്രാറ്റ് എന്ന നിലയിലോ ധനശാസ്ത്രജ്ഞന്‍ എന്ന നിലയിലോ ആയിരിക്കും.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കെ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന പ്രശസ്ത ധനശാസ്ത്ര പണ്ഡിതന്‍ ഡോ. ജോവന്‍ റോബിന്‍സണ്‍ അഭിപ്രായപ്പെട്ടത്; ‘അദ്ദേഹത്തിന് ധനതത്വശാസ്ത്രത്തില്‍ ആഴത്തിലുള്ള പരിജ്ഞാനം ഉണ്ടായിരുന്നു എന്നു മാത്രമല്ല, ഒരിക്കല്‍ പോലും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യതിചലിക്കാനോ ഒളിച്ചോടാനോ ഈ വിശകലന വിദഗ്ധന്‍ തയ്യാറായിരുന്നില്ല. ഏതു വിഷയവും കൈകാര്യം ചെയ്യുന്നതിന് വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ തികഞ്ഞ പക്വതയും സഹിഷ്ണുതയും പ്രകടിപ്പിക്കുമായിരുന്നു. ശാന്തസ്വഭാവക്കാരനും മിതഭാഷിയുമായിരുന്ന ഈ വിദ്യാര്‍ത്ഥി ഒരിക്കല്‍പ്പോലും അബദ്ധജടിലമായ തീരുമാനങ്ങള്‍ സ്വീകരിക്കുമായിരുന്നില്ല’ എന്നാണ്.
ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായും വസ്തുനിഷ്ഠമായും വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഡോ. റോബിന്‍സണിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കേണ്ടി വരികതന്നെ ചെയ്യും. പ്രധാനമന്ത്രി പദത്തിലെത്തിയതിനു മുമ്പുതന്നെ ഡോ. ‍സിങ്ങിന് അഭിമുഖീകരിക്കേണ്ടിവന്നത് അതിസങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. 1971മുതല്‍ 1996വരെ രാജ്യത്തിന്റെ പൊതു ജീവിതത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന നിരവധി വെല്ലുവിളികളാണ് ‌‌അഭിമുഖീകരിക്കേണ്ടിവന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന പദവി മുതല്‍ ദേശീയ വിദ്യാഭ്യാസ സമിതിയുടെ പ്രസിദ്ധീകരണ ചുമതലക്കാരനെന്ന പദവിയില്‍ വരെ അദ്ദേഹത്തിന്റെ സംഭാവനകള്‍ തികച്ചും വൈവിധ്യമാര്‍ന്നവയായിരുന്നു. അദ്ദേഹം എഡിറ്ററായി എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ചിരുന്ന ആന്‍ എവല്യൂഷന്‍ ഓഫ് ഇന്ത്യന്‍ ഇക്കോണമി എന്ന പുസ്തകം സ്വാതന്ത്ര്യത്തിന്റെ തുടക്കകാലത്ത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ സ്ഥിതി എന്തായിരുന്നു എന്നതിന് ഏറ്റവും ആധികാരികമായൊരു വിവരമാണ് നല്‍കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം, സ്വാതന്ത്ര്യസമര ചരിത്രം ഉള്‍പ്പെടെ തിരുത്തിയെഴുതുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഇന്നത്തെ കേന്ദ്ര ഭരണകൂടം വസ്തുനിഷ്ഠത ഉള്‍ക്കനം നല്‍കുന്ന ഈ ഗ്രന്ഥവും അട്ടത്തുവച്ചിട്ടുണ്ടാകണം.
സ്വതന്ത്ര ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി ഡോ. എച്ച് കെ മന്‍മോഹന്‍ സിങ് അവരോധിക്കപ്പെട്ടു. ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹത നേടിക്കഴിഞ്ഞിരുന്ന ഒരു സൗമ്യവ്യക്തിത്വത്തിന്റെ ഉടമയെന്ന് അദ്ദേഹത്തിന്റെ ബദ്ധശത്രുക്കള്‍പ്പോലും വിശേഷിപ്പിക്കുന്നു. 1991ല്‍ ഇന്ത്യയുടെ 22-ാം ധനമന്ത്രി പദവിയിലെത്തി. അപ്പോഴേക്ക് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സാമ്പത്തിക വികസനം തള്ളിക്കളയണം എന്ന ആവശ്യം ആഗോളതലത്തില്‍ പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സമ്പദ്‌‌വ്യവസ്ഥയിലും സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സാമ്പത്തികാസൂത്രണത്തിന്റെ സാധുതയും ചോദ്യം ചെയ്യലിന് വിധേയമാക്കപ്പെട്ടിരുന്നു. ചുരുക്കത്തില്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും സങ്കീര്‍ണമായ പ്രതിസന്ധികളുടെ ഒരു പരമ്പര തന്നെ നേരിടുന്ന ഘട്ടത്തിലാണ് തികച്ചും അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്.
ഡോ. സിങ്ങിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധമായിരുന്നു; വിശിഷ്യാ സാമ്പത്തിക കാര്യങ്ങളില്‍. പണപ്പെരുപ്പ നിയന്ത്രണം, വിദേശ വിനിമയ ബാലന്‍സ് ആരോഗ്യകരമായി നിലനിര്‍ത്തല്‍, സാമ്പത്തിക അച്ചടക്കം പാലിക്കല്‍, ധാരാളിത്ത ഒഴിവാക്കല്‍ എന്നീ കാര്യങ്ങളില്‍ ഇരുവരും സമാന ചിന്താഗതിക്കാരായിരുന്നു. അതുപോലെ തന്നെ ഭരണരംഗത്ത് അഴിമതിയുടെ നേരിയ നിഴല്‍ പോലും വീഴ്ത്തരുതെന്ന നിലപാടിലും ഇന്ദിരാഗാന്ധി ഡോ. സിങ്ങിനോടൊപ്പമായിരുന്നു. അതേ അവസരത്തില്‍ അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം നടപ്പാക്കിയ ശിക്ഷാനടപടികളോട് ഡോ. സിങ് തനിക്കുള്ള വിയോജിപ്പ് പ്രകടമാക്കാതിരുന്നുമില്ല. അച്ചടക്കം പാലിക്കേണ്ടതുതന്നെ; എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കുന്നതിന് ജനങ്ങളെ ഭീതിയിലാക്കരുത്.
സഞ്ജയ് ഗാന്ധിയുടെ വഴിവിട്ട നടപടികളെ വിമര്‍ശിക്കാനും ഡോ. സിങ് മടി കാണിച്ചില്ല. ഭരണസാരഥ്യം വഹിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്, വിശേഷിച്ച് അഴിമതി ഇടപാടുകള്‍ക്ക് അപ്പാടെ വഴങ്ങിക്കൊടുക്കാന്‍ ഡോ. മന്‍മോഹന്‍ സിങ് ഒരിക്കല്‍പ്പോലും തയ്യാറായിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത. ഒരുപക്ഷെ, ഇക്കാരണത്താലായിരിക്കണം ഹ്രസ്വകാലം കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലക്കാരനായിരുന്ന ചരണ്‍ സിങ്ങിന് ഡോ. മന്‍മോഹന്‍ ‍സിങ്ങിനോട് വലിയ മതിപ്പുണ്ടായിരുന്നത്. അതുപോലെ ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന എച്ച് എം പട്ടേലിന്റെയും ഉറ്റമിത്രമായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. ടി ടി കൃഷ്ണമാചാരി ധനകാര്യ മന്ത്രിയായിരിക്കെ നടന്നതായി പറയപ്പെടുന്ന മുന്ദ്രാ അഴിമതി ഇടപാടില്‍ എച്ച് എം പട്ടേലിനെ ബലിയാടാക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയ ഡോ. മന്‍മോഹന്‍ സിങ് തന്നാലാവുന്നവിധം അദ്ദേഹത്തെ അഴിമതിക്കുരുക്കില്‍ നിന്നും മോചിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തിയിരുന്നു.
ഡോ. മന്‍മോഹന്‍ സിങ് 2004ല്‍ പ്രധാനമന്ത്രിപദത്തില്‍ എത്തുന്നതുവരെയുള്ള സംഭവങ്ങള്‍ മുഴുവനായും പരാമര്‍ശിക്കാന്‍ ഒരുമ്പെടുന്നത് അതിസാഹസികമായിരിക്കുമെന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ലഭ്യമായതോടെ സ്വാഭാവികമായി എല്ലാവരും ഉറ്റുനോക്കിയത് രാജീവ് ഗാന്ധിയുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി പദത്തിലെത്തുക അദ്ദേഹത്തിന്റെ പ്രിയ പത്നി സോണിയാ ഗാന്ധിയിലേക്കായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണെെറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) സര്‍ക്കാരിനെ നയിക്കാന്‍ സോണിയ ബുദ്ധിപൂര്‍വം തീരുമാനിച്ചത് ഡോ. മന്‍മോഹന്‍ സിങ് എന്ന ടെക്നോക്രാറ്റ് ഇക്കോണമിസ്റ്റിനെ ആയിരുന്നു. അങ്ങനെയാണ് പ്രധാനമന്ത്രിയായി ഡോ. സിങ് അവരോധിക്കപ്പെടുന്നത്.
തന്റെ 10വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനിടെ ഭരണവുമായി നിരവധി അഴിമതി കുംഭകോണങ്ങള്‍ ഉണ്ടായെങ്കിലും അതില്‍ ഒന്നില്‍പ്പോലും ഡോ. മന്‍മോഹന് ‍സിങ് എന്ന പ്രധാനമന്ത്രിയുടെ പങ്കാളിത്തം പരോക്ഷമായി പോലും ആരോപിക്കപ്പെട്ടിട്ടില്ല എന്നത് സത്യമാണ്. അതേസമയം, അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന് കീഴില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ആഗോളീകരണ ഉദാരീകരണ‑സ്വകാര്യവല്‍ക്കരണ സമ്പദ്‌വ്യവസ്ഥയുമായി വിളക്കിച്ചേര്‍ക്കുന്നൊരു സാമ്പത്തിക വീക്ഷണത്തിനും നയരൂപീകരണത്തിനും വഴിയൊരുക്കിയിരുന്നു. ഇതായിരുന്നു കാലഘട്ടത്തിന്റെ അനിവാര്യതയും.
ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സാന്നിധ്യമായ അടിസ്ഥാന അധ്വാന വര്‍ഗം കര്‍ഷകസമൂഹമാണെന്ന് ഡോ. കെ എന്‍ രാജിനെ പോലെ തന്നെ തിരിച്ചറിഞ്ഞ ഡോ. സിങ്, കര്‍ഷകരുടെ കടാശ്വാസമെന്ന നിലയില്‍ ഒറ്റയടിക്ക് എഴുതിത്തള്ളിയത് 60,000 കോടി രൂപയായിരുന്നു എന്നോര്‍ക്കുക. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ധനശാസ്ത്രജ്ഞര്‍ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചെങ്കിലും സിങ് കുലുങ്ങിയില്ല. ഇതേ ആവശ്യത്തിനായി ഇന്നും നമ്മുടെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കി വരികയല്ലേ? നോക്കണേ, സാമ്പത്തിക പുരോഗതി അഭിമുഖീകരിക്കുന്ന വെെരുധ്യാത്മകത. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നമുക്ക് നല്‍കിയ മറ്റുചില സംഭാവനകള്‍ കൂടി പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.
ആര്‍ടിഐ നിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവയ്ക്ക് പുറമെ, ഭക്ഷ്യസുരക്ഷാ നിയമം, വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് നിയമസംരക്ഷണം നല്‍കിക്കൊണ്ടുള്ള 2013ലെ ഭേദഗതി നിയമം തുടങ്ങിയവ ഇതില്‍ ചിലതുമാത്രം. ഇതൊക്കെ നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടും എന്തേ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം തുടര്‍ച്ചയായി രണ്ടുവട്ടം, നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തി എന്നത്, രാജ്യത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളെ ആഴത്തില്‍ ചിന്തിക്കുന്നതിലേക്ക് നയിക്കട്ടെ.

Exit mobile version