Site iconSite icon Janayugom Online

പ്രത്യാശയുടെ ഈസ്റ്റർ

ഇന്ന് ഈസ്റ്റർ. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ദിനം. ഞാൻ ജീവനും സത്യവും വഴിയുമാകുന്നു എന്ന ക്രിസ്തുവിന്റെ സന്ദേശം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ 2000 വർഷം മുമ്പുള്ള മനുഷ്യസമൂഹത്തിന് കഴിയാത്തതുകൊണ്ടാണ് ജീസസ് ക്രൈസ്റ്റ് എന്ന് ക്രൈസ്തവർ സ്നേഹത്തോടെ വിളിക്കുന്ന യേശുക്രിസ്തുവിന് കുരിശിൽ മരിക്കേണ്ടിവന്നത്. അസത്യവും തിന്മയും നിറഞ്ഞ ഒരു സമൂഹത്തിന്റെ രക്ഷകനായി ക്രിസ്തു ജനിച്ചപ്പോൾ ക്രിസ്തുവിലൂടെ ലോകത്തിന് വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് തികച്ചും അജ്ഞരായ ഒരു ജനസമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. ആദി മനുഷ്യരില്‍ നിന്ന് മനുഷ്യരാശിയിലേക്ക് പകർന്നുകിട്ടിയ തിന്മയുടെ മോചനമാണ് ക്രിസ്തുവിലൂടെ സംഭവിക്കാൻ പോകുന്നത് എന്ന സത്യവും സമൂഹം വിസ്മരിച്ചു. മനുഷ്യനിൽ ദൈവ സാന്നിധ്യം കണ്ടെത്തുവാനുള്ള മാർഗമായി ക്രിസ്തുവിന്റെ ആ ധന്യ ജീവിതം മാറിയപ്പോൾ ആ വഴി കണ്ടില്ലെന്ന് നടിച്ച ഒരു ജനസമൂഹത്തെ നോക്കിയാണ് ഈ ലോകം എന്നെ വെറുക്കുന്നു എന്ന് ക്രിസ്തുവിനു തന്നെ പറയേണ്ടിവന്നത്. സത്യത്തിന്റെയും നീതിബോധത്തിന്റെയും, ക്ഷമയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പകരം വയ്ക്കാൻ കഴിയാത്ത പ്രതീകമായി ക്രിസ്തു മാറിയപ്പോൾ അവിടെ തുറക്കപ്പെട്ടത് ഒരു പുതിയ ദൈവ സങ്കല്പത്തിന്റെ വാതിലുകളാണ്. സ്വന്തം ശിഷ്യനാൽ ഒറ്റുകൊടുത്തിട്ടുപോലും കരുണയോടെ ആ ശിഷ്യന്റെ പാദങ്ങൾ കഴുകി ചുംബിക്കുന്ന ഒരു പുതിയ സ്നേഹത്തിന്റെ പ്രതിബിംബമായി ക്രിസ്തു മാറി. കുരിശിൽ വേദനകൊണ്ട് പുളയുമ്പോഴും അതിന് ഇടയാക്കിയ മനുഷ്യരോട് ക്ഷമിക്കുവാനുള്ള ക്രിസ്തുവിന്റെ മനസ് പരസ്പരം സ്നേഹിക്കുവാനുള്ള മാനവരാശിയുടെ സാധ്യതകളെ അതിന്റെ പൂർണ അർത്ഥത്തിൽ കണ്ടെത്തുകയായിരുന്നു. 2000 വർഷങ്ങൾക്ക് ശേഷവും ക്രിസ്തുദർശനങ്ങളെ എ­ത്രമാത്രം ഉൾക്കൊള്ളുവാൻ ലോകത്തിന് കഴിഞ്ഞു എന്നത് വളരെ പ്രസക്തമാണ്. തികച്ചും ജനാധിപത്യവാദിയായിരുന്ന ക്രിസ്തുവിന്റെ ആശയങ്ങൾ എത്രമാത്രം ഉൾക്കൊള്ളുവാൻ ആധുനിക സമൂഹത്തിന് സാധിക്കുന്നു എന്നതും ചിന്തനീയം തന്നെ. മനുഷ്യസ്നേഹവും മനുഷ്യനന്മയും മാത്രമാണ് എന്റെ വഴി എന്ന ക്രിസ്തുദർശനം ഈ ദിനത്തിൽ ഏറെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ മനുഷ്യരെ മതത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന തിന്മകൾക്കെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്. സമാനതകൾ ഇല്ലാത്ത യാതനകളാണ് ക്രിസ്തുവിന് കുരിശിൽ നേരിടേണ്ടി വന്നത്. എങ്കിലും ഏതൊരു വലിയ കഷ്ടപ്പാടുകളുടെയും ഒടുവിൽ ഉയിർത്തെഴുന്നേൽക്കുവാൻ കഴിയുന്ന ഒരു പ്രത്യാശ ഉണ്ട് എന്ന ഓർമ്മപ്പെടുത്തലായി ഈ ദിനം. സാമൂഹിക സേവനമാണ് ഒരു പുതിയ രാജ്യത്തിലേക്കുള്ള വഴി എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തിയപ്പോൾ കയ്യിലുള്ള സമ്പത്ത് ഉപേക്ഷിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന ക്രിസ്തുദർശനം സമ്പത്തിന്റെ അടിസ്ഥാനത്തിൽ അവസര സമത്വം നിഷേധിച്ച മനുഷ്യസമൂഹത്തിൽ ഏറെ പ്രസക്തമാണ്. വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാത്ത ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ ഉയിർത്തെഴുന്നേല്പ്. സമൂഹത്തിലെ എല്ലാ തിന്മകൾക്കും എതിരെയുള്ള നന്മയുടെ ഉയിർത്തെഴുന്നേല്പ്. മനുഷ്യർ വ്യക്തിതാല്പര്യങ്ങളാൽ യുദ്ധത്തിന്റെയും പ്രകൃതിനാശത്തിന്റെയും കുറ്റകൃത്യങ്ങളുടെയും പുറകേ പേകുമ്പോൾ ഒരു പുതിയ പ്രതീക്ഷയായി വീണ്ടും ഈസ്റ്റർ ലോകത്തിന് വെളിച്ചമാകുന്നു. ക്രിസ്തു ജനിക്കുകയും ജീവിക്കുകയും ചെയ്ത സ്ഥലത്തുപോലും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുവാൻ മനുഷ്യരാശിയ്ക്ക് കഴിയുന്നില്ല എന്നത് ഈ അവസരത്തിൽ ഏറെ ആശങ്കാജനകമാണ്. മനുഷ്യൻ മതത്തിന്റെ പേരിൽ പരസ്പരം പോരാടി മരിക്കുമ്പോൾ ക്രിസ്തുവിനെ നിരാകരിക്കുകയാണ് എന്ന സത്യം മറക്കാൻ പാടില്ല. ലോക സമാധാനത്തിന് വേണ്ടി നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയ്ക്കുപോലും സമാധാനത്തിന്റെ വഴി കണ്ടെത്താൻ കഴിയുന്നില്ല. ഇന്ത്യയെപ്പോലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യർക്ക് തുല്യനീതി നിഷേധിക്കുന്നു. ഇത്തരം ഒരു സാമൂഹിക വ്യവസ്ഥിതി അല്ല മനുഷ്യന് വേണ്ടത്. മറിച്ച്, സമാധാനത്തിലൂടെയും സാഹോദര്യത്തിലൂടെയും ഉള്ള ഒരു പുതിയ മാനവിക മൂല്യബോധമാണ്. മനുഷ്യർ തമ്മിൽ ഏകതയും സൗഹാർദവും, സാഹോദര്യവും പൂലർത്തേണ്ടത് മനുഷ്യരാശിയുടെ നിലനില്പിന് തന്നെ അത്യാവശ്യമാണ്. അതിന് എതിര് നിൽക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം എന്ന സന്ദേശമാണ് ഈ ഉയിർത്തേഴുന്നേല്പ്. 

Exit mobile version