Site iconSite icon Janayugom Online

വീണ്ടും തെരഞ്ഞെടുപ്പ് ബോണ്ട്

ഇലക്ടറൽ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് ഇക്കഴിഞ്ഞ നവംബറിലാണ്. ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതൽ സംഭാവന കിട്ടുന്നതെന്നും അന്ന് കോടതി ചോദിച്ചു. ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ രഹസ്യാത്മകത സെലക്ടീവാണെന്നും സുപ്രീം കോടതി വിമർശിച്ചു. സർക്കാരിന് ആരൊക്കെ സംഭാവന നൽകുന്നു എന്ന് പ്രതിപക്ഷത്തിന് അറിയാൻ സാധിക്കില്ല. എന്നാൽ പ്രതിപക്ഷത്തിന് സംഭാവന നൽകുന്നവരുടെ വിവരം സർക്കാരിന് അറിയാനാകുമെന്ന വെെചിത്ര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എൻജിഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. പക്ഷേ വിഷയത്തിൽ തീരുമാനമുണ്ടായില്ല. ഇപ്പോഴിതാ 2022 ‑23 സാമ്പത്തിക വർഷം മാത്രം ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഇതേ രീതിയിൽ കോൺഗ്രസിന് ലഭിച്ചതിനെക്കാൾ ഏഴു മടങ്ങ് തുകയാണ് ബിജെപി നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

2021–22 വർഷത്തിൽ ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവന 1775 കോടിയായിരുന്നു. 2022–23ൽ ഇത് 2360. 8 കോടിയായി. അതേസമയം, 2021–22 വർഷത്തിൽ 236 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് സമാഹരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി മാത്രമാണ്. തെലുഗുദേശം പാർട്ടിക്ക് മുൻ വർഷത്തെക്കാൾ പത്തിരട്ടി തുക കിട്ടി. സമാജ്‌വാദി പാർട്ടിക്ക് 2022–23 ൽ ബോണ്ടുകളായി സംഭാവന ലഭിച്ചില്ല. ഇവിടെയാണ് ഇലക്ടറൽ ബോണ്ടുകളുടെ രഹസ്യാത്മകത സെലക്ടീവാണെന്ന സുപ്രീം കോടതി പരാമർശം ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഇലക്ടറൽ ബോണ്ടുകളുടെ സാധ്യതയെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹർജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. 2024 പൊതുതെരഞ്ഞെടുപ്പിന് ഇലക്ടറൽ ബോണ്ട് പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് എൻജിഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. ഇലക്ടറൽ ബോണ്ട് വഴിയുള്ള അജ്ഞാത സംഭാവനകൾ അഴിമതി വർധിപ്പിക്കുമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. 

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാൻ പൗരൻമാർക്ക് അവകാശമില്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കഴിഞ്ഞ ഒക്ടോബർ 30ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ ഭരണഘടന അനുഛേദം 19(1)എ പ്രകാരമുള്ള വിവരാവകാശം പൗരൻമാർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാൻ പൗരൻമാർക്ക് അവകാശമുണ്ടെന്ന വാദമാണ് അറ്റോർണി ജനറൽ തള്ളിയത്. 2018 ജനുവരി രണ്ടിനാണ് സർക്കാർ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി വിജ്ഞാപനം ചെയ്തത്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചത്. പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകാവുന്ന സംവിധാനമാണിത്. ഇലക്ടറൽ ബോണ്ടിന്റെ രേഖയിൽ പണം നൽകിയ ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ പേരു വിവരങ്ങൾ ഉണ്ടായിരിക്കില്ല. 

Exit mobile version