ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് തലേദിവസം വരെ ബിജെപിക്ക് ഫണ്ടെത്തിക്കാൻ നരേന്ദ്ര മോഡി സര്‍ക്കാര്‍ എത്ര തരംതാണ കളികള്‍ക്കും തയാറായിരിക്കുകയാണ്. ഹിമാചലില്‍ നാളെയും ഗുജറാത്തില്‍ അടുത്തമാസം ഒന്നിനും അഞ്ചിനുമാണ് തെരഞ്ഞെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അധികമായി പതിനഞ്ച് ദിവസത്തേക്ക് കൂടി വില്‍ക്കാൻ അനുവദിക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതിയില്‍ തിടുക്കത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. 2017ലെ ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതും ഉടന്‍ തന്നെ വാദം കേള്‍ക്കാനിരിക്കുന്നതുമാണ്. 2017 നിയമത്തിലെ വ്യവസ്ഥകളെ നിയമ വിദഗ്ധര്‍ എതിര്‍ക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും ചില വ്യവസ്ഥകളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് ഫണ്ട് അനുവദിക്കുന്ന ഈ പദ്ധതിയിലൂടെ ബിജെപിയുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഇതുകൂടി വായിക്കു; തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം
ഭേദഗതി കൊണ്ടുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ നവംബര്‍ ഒമ്പത് മുതല്‍ 15 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാനായി കേന്ദ്രം പുതിയ വാതായനങ്ങള്‍ തുറക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് മുതല്‍ കോര്‍പറേറ്റുകള്‍ക്ക് വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വാങ്ങാവുന്നതും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവനയായി നല്‍കാവുന്നതുമായ കടപ്പത്രങ്ങളാണ് ഇലക്ടറല്‍ ബോണ്ടുകള്‍. 2018 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി ഇലക്ടറല്‍ ബോണ്ട് അവതരിപ്പിച്ചത്. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് ഈ ബോണ്ടുകള്‍ വാങ്ങാന്‍ ലഭ്യമാകുക. പൊതുതെരഞ്ഞെടുപ്പിന്റെ വര്‍ഷങ്ങളില്‍ 30 ദിവസങ്ങള്‍ അധികമായി അനുവദിക്കും. ഇപ്പോള്‍ പുതിയ ഭേദഗതിയിലൂടെ ഈ വര്‍ഷം നവംബറില്‍ അധിക അവസരം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഒക്ടോബറിലാണ് അവസാന വില്പന നടന്നത്.
2022 ജൂലൈയിലെ ഇലക്ടറല്‍ ബോണ്ട് വില്പനയില്‍ 10,246 കോടി രൂപയാണ് സംഭാവന ലഭിച്ചത്. ഒക്ടോബറിലെ സംഭാവനയുടെ കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ പിരിച്ച സംഭാവനകളുടെ 75 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും ഗോവയിലും മണിപ്പൂരിലും എംഎല്‍എമാരെ വിലയ്ക്കെടുക്കാനും കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി നൂറ് കണക്കിന് കോടി രൂപയാണ് ചെലവഴിച്ചത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്നും ഏകനാഥ് ഷിന്‍ഡെയെ അടര്‍ത്തിയെടുക്കാന്‍ വന്‍ ഫണ്ടാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ ശേഖരിച്ചതെന്നത് പകല്‍പോലെ വ്യക്തമാണ്. ചില സ്രോതസ്സുകള്‍ പറയുന്നത് ഇത് 200 കോടിയിലേറെ വരുമെന്നാണ്. ഇതേ തുടര്‍ന്ന് അവിടെ ഷിൻഡെ-ബിജെപി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കു; പട്ടിണി രാജ്യമാകുന്ന ഇന്ത്യ | Janayugom Editorial
പ്രതിപക്ഷ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളിലെല്ലാം കോര്‍പറേറ്റ് സംഭാവനകളിലൂടെയും മറ്റ് വളഞ്ഞ വഴികളിലൂടെയും ശേഖരിച്ച ഭീമമായ ഫണ്ടാണ് ബിജെപി ഉപയോഗിച്ചത്. അതുപോലെ, അഞ്ച് ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്ന് 2021–22 കാലയളവില്‍ പിരിച്ച മൊത്തം സംഭാവനയായ 481 കോടി രൂപയില്‍ 72 ശതമാനവും ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് നേടിയത് 3.8 ശതമാനം മാത്രമായിരുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ എതിര്‍ത്ത് ഇന്‍കം ടാക്സ് വകുപ്പോ സിബിഐയോ എന്‍ഫോഴ്സ്മെന്റ് വകുപ്പോ മുഖേനയുള്ള നടപടികള്‍ നേരിടാന്‍ കമ്പനികള്‍ തയാറല്ലാത്തതിനാല്‍ ബോണ്ടുകള്‍ വഴിയോ തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ വഴിയോ സംഭാവന സ്വീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നു.
കോര്‍പറേറ്റുകള്‍ക്കിടയിലെ ഈ ഭയം വളരെ വലുതാണ്, വ്യവസായ കുടുംബങ്ങളിലെ യുവതലമുറ പോലും ബിജെപിയെ ഇഷ്ടപ്പെടുന്നില്ലെങ്കിലും തങ്ങളുടെ കമ്പനികളുടെ ഭാവി ഓര്‍ത്ത് ഇവിടെ നിശബ്ദത പാലിക്കുന്നു. ഇതിന്റെ അനന്തര ഫലം തെരഞ്ഞെടുപ്പുകള്‍ തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടങ്ങളാകുന്നില്ല എന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിരട്ടിയോളം പണം ചെലവഴിക്കാൻ ബിജെപിക്ക് സാധിക്കുന്നു. ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ മികച്ച യുദ്ധസന്നാഹങ്ങള്‍ തന്നെ അവര്‍ക്കുണ്ട്. മോഡി സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സാധാരണയിലും കവിഞ്ഞ് സമ്പത്ത് ഇന്ത്യന്‍ കോര്‍പറേറ്റ് വിഭാഗങ്ങളുടെ പക്കലാണ് അടിഞ്ഞുകൂടിയത്. 1990ല്‍ മൊത്തം കോര്‍പറേറ്റ് ലാഭത്തിന്റെ 14 ശതമാനവും 2010ല്‍ 30 ശതമാനവും 2019ല്‍ 70 ശതമാനവും ഇന്ത്യയിലെ ഏറ്റവും ലാഭകരമായ 20 സ്ഥാപനങ്ങളാണ് നേടിയതെന്ന് സമീപകാലത്തെ ഒരു പഠനം പറയുന്നു. നരേന്ദ്ര മോഡിയുടെ ആദ്യ അഞ്ച് വര്‍ഷം മുതല്‍ തന്നെ സമ്പത്ത് ഏതാനും കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നതില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായി എന്നാണ് ഇതിന് അര്‍ത്ഥം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഇത് പിന്നെയും വര്‍ധിച്ചു. ചങ്ങാത്ത മുതലാളിമാരും മോഡി സര്‍ക്കാരും തമ്മിലുള്ള ഈ കൊടുക്കല്‍ വാങ്ങലുകളും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍കിട കോര്‍പറേറ്റുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് എങ്ങനെ സഹായം നല്‍കുന്നുവെന്നതിനെക്കുറിച്ചും അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറാകണം.
തെരഞ്ഞെടുപ്പില്‍ തുല്യശക്തിയാക്കാതെ പ്രതിപക്ഷത്തെ തളര്‍ത്താനുള്ള ബിജെപിയുടെ തന്ത്രമാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭേദഗതി. ഈ പദ്ധതി ഇനി സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത് ഡിസംബറിലാണ്. ഭരണകൂടവും അവരുടെ ചങ്ങാതിമാരായ മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്നും ഇലക്ടറല്‍ ബോണ്ട് പദ്ധതി പിന്‍വലിക്കണമെന്നും പരാതിക്കാരായ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും പൗരന്മാരും ആവശ്യപ്പെടണം. 2017ലെ പദ്ധതിയില്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ഭേദഗതി ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കുമെതിരായ വെല്ലുവിളിയായി കണക്കാക്കുകയും എല്ലാ രീതിയിലും എതിര്‍ക്കപ്പെടുകയും വേണം. ഈമാസം ഒമ്പതിന് പുതിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റിരിക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ സുതാര്യതയില്ലായ്മ പരിഗണിച്ച് ജനാധിപത്യ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഒരു തീരുമാനം അദ്ദേഹം എടുക്കുമെന്ന് പ്രതീക്ഷിക്കാം.
(അവലംബം: ഐപിഎ)