പ്രവാസം ഒരു പ്രതിഭാസമാണ്. ജീവിതം മാത്രമല്ല, രാജ്യത്തെയും ജനതതികളെയും തന്നെ മാറ്റിമറിക്കുന്ന ഒരു മഹാ പ്രതിഭാസം. ലോകാരംഭം മുതലേ പലായനങ്ങളും തുടങ്ങിയിരിക്കണം. അത് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയാവാം, ശത്രുവിൽ നിന്ന് രക്ഷപ്പെടാനാവാം, കൂടുതൽ മെച്ചപ്പെട്ട ജീവിതാവസ്ഥകൾ തേടിയാവാം. ഇപ്പോഴത്തെ ആഗോള കണക്കനുസരിച്ച് 2020ൽ ഏകദേശം 281 മില്യൺ ജനങ്ങളും പ്രവാസികളാണത്രെ. അഥവാ ലോക ജനസംഖ്യയുടെ 3.6 ശതമാനം ജനങ്ങളും പ്രവാസികളാണെന്ന്! കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളിലാവട്ടെ അവ അതിദ്രുതം വർധിച്ചുകൊണ്ടിരിക്കുകയുമാണെന്ന് കണക്കുകൾ പറയുന്നു.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, കേരളയുടെ പ്രൊഫ. എസ് ഇറുദയ രാജന്റെ കണക്കനുസരിച്ച് ഇന്ത്യക്കാരായ ഏകദേശം 600 മില്യൺ ജനങ്ങൾ കുടിയേറ്റക്കാരാണ്. അതിൽ ഇന്ത്യയിലും പുറത്തുമുള്ള സ്വന്തം ജന്മനാട്ടിൽ താമസിക്കാത്ത എല്ലാവരും പെടും. ഇന്ത്യക്കുപുറത്ത് മറ്റ് രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരെയാണ് പൊതുവിൽ പ്രവാസികൾ എന്നു പറയുന്നത്. കൂടുതൽ പ്രവാസികളും ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യയിൽനിന്നുള്ള 35 ലക്ഷം പ്രവാസികളിൽ 24 ലക്ഷം പേരും കേരളത്തിൽ നിന്നാണ്.
ആയിരത്തോളം വർഷം പഴക്കമുള്ള ദൃഢവും സുദീർഘവുമായ ബന്ധമാണ് ഗൾഫ് രാജ്യങ്ങളും കേരളവും തമ്മിലുള്ളതെന്ന് ചരിത്രരേഖകളിൽ വ്യക്തമാണ്. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവുമായി ഗൾഫ് രാജ്യങ്ങളിലെ ‘ഓയിൽ ബൂം’ ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷപ്പെടാൻ നമ്മെ സഹായിച്ചു എന്ന് മാത്രമല്ല, ജീവിത നിലവാരം മെച്ചപ്പെടുത്താനും വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തോട് കിടപിടിക്കാനും നമ്മെ പ്രാപ്തരാക്കി. ഗൾഫ് രാജ്യങ്ങളാവട്ടെ ആത്മാർത്ഥതയും കഠിനാധ്വാനശീലവുമുള്ള തൊഴിലാളികളെ ഉപയോഗിച്ച് വ്യവസായ വാണിജ്യങ്ങൾ തുടങ്ങുകയും അത് വിപുലപ്പെടുത്തുകയും വികസിത രാജ്യങ്ങളെ വെല്ലുംവിധം വളർന്നു പന്തലിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കൂ; വീണ്ടും പെഗാസസ്
2019–20 കാലത്ത് അഥവാ കൊറോണയ്ക്ക് മുമ്പെ 83.30 ബില്യൺ ഡോളർ ആയിരുന്ന വിദേശ വരുമാനം കൊറോണയുടെ സകല പ്രതിസന്ധികളുമുണ്ടായിട്ടും 2021–22ൽ 89 ബില്യൺ ഡോളർ ആയി വര്‍ധിക്കുകയാണുണ്ടായത്! കേരളത്തിലെ വളർച്ചയ്ക്ക് അടിത്തറ പാകിയത് ഇത്തരത്തിലുള്ള വിദേശ വരുമാനമാണെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ ഏകദേശം 36.3 ശതമാനം വിദേശത്തുനിന്നുള്ള വരുമാനമാണ്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പ്രതിശീർഷവരുമാനം കുറവാണെങ്കിലും ജീവിത നിലവാര ഇൻഡക്സിലും, സാംസ്കാരിക, മാനവിക, വികസന സൂചികകളിലും കേരളത്തിന്റെ സ്ഥാനം മുൻപന്തിയിലാവാൻ കാരണം വിദേശ വരുമാനമാണെന്നത് നിസ്തർക്കമാണ്. സിഡിഎസിന്റെ പഠനങ്ങളനുസരിച്ച് പ്രവാസിയുടെ പണത്തിന്റെ ഏറിയപങ്കും പോകുന്നത് സെയിൽസ്, എജ്യൂക്കേഷൻ, കൺസ്ട്രക്ഷൻ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കാണ്. വര്‍ഷങ്ങളായി ഏറ്റവും കൂടുതൽ വിദേശനാണ്യം എത്തിക്കൊണ്ടിരുന്നത് കേരളത്തിലേക്കായിരുന്നു. ഈ വർഷം മാത്രമാണ് മഹാരാഷ്ട്ര കേരളത്തെ മുൻകടന്നത്. കഴിഞ്ഞ വർഷം 85,000 കോടി രൂപയാണ് വിദേശത്തുനിന്നും കേരളത്തിലേക്ക് എത്തിയത്. കേരള ചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ വിപ്ലവങ്ങളിൽ ഒന്നാണ് കാർഷിക സാമ്പത്തിക, വ്യാപാര, വ്യവസായ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളെ വലിയ മാറ്റത്തിന് വിധേയമാക്കിയ മലയാളി പ്രവാസി വിപ്ലവം. മദ്യവും ലോട്ടറിയും കഴിഞ്ഞാൽ കേരളത്തിലെ സമ്പദ് വ്യെവസ്ഥയിൽ ഏതാണ്ട് മൂന്നിൽ ഒന്നാണ് പ്രവാസി സമ്പത്തിന്റെ പങ്ക്. വൈവിധ്യമാർന്ന ഷോപ്പിങ് കോംപ്ലക്സുകളും കടകളും ഹോട്ടലുകളും മണിമാളികകളും വിദ്യാഭ്യാസ ആശുപത്രി സമുച്ചയങ്ങളും ഓർഫനേജുകളും അഗതി മന്ദിരങ്ങളും കേരളത്തിലങ്ങോളമിങ്ങോളം നിറഞ്ഞത് വിദേശ വരുമാനം കൊണ്ടാണെന്നത് നിസ്തർക്കമത്രേ.
പ്രവാസം സാമ്പത്തിക സാമൂഹിക മേഖലകളിൽ മാത്രമല്ല ചിന്താ മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തി. ചിന്തകൾ വിപുലമാക്കാനും പുതിയ നാഗരികതകളെയും സംസ്കാരങ്ങളെയും പരിചയപ്പെടാനും തിരിച്ചറിയാനും ഉൾക്കൊള്ളാനും നമ്മുടെ ലക്ഷ്യങ്ങൾ വിപുലമാക്കാനും നമുക്ക് ലോകത്തോളം വളരാനും സഹായകമായി. പ്രവാസം എന്ന പ്രതിഭാസം തന്നെ ഒട്ടനവധി എഴുത്തുകാരെയും സാഹിത്യകാരന്മാരെയും കലാകാരന്മാരെയും പുസ്തകരചയിതാക്കളെയും നമുക്ക് നൽകി.
ഏറ്റവും പൂത്തുലഞ്ഞ രംഗമാണ് പ്രവാസികളുടെ മതസൗഹാർദ രംഗം. പരസ്പരം കൊണ്ടും കൊടുത്തും ഊട്ടിയും അവർ ഏകോദര സഹോദരന്മാരായി. കേരളത്തിലേതിനെക്കാൾ പ്രാധാന്യത്തോടെ ഓണവും വിഷുവും റമദാനും ഈദുൽ ഫിത്തറും ബക്രീദും ക്രിസ്മസും ഈസ്റ്ററും സ്വാതന്ത്ര്യ ദിനവുമൊക്കെ അവർ ഒന്നിച്ചാഘോഷിച്ചു. ജോലിയിലോ താമസ സ്ഥലത്തോ ഭക്ഷണ സ്ഥലത്തോ അവർ ജാതിയോ മതമോ ഭാഷയോ എന്തിനധികം രാജ്യം പോലും അന്വേഷിച്ചില്ല. കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിൽ നടന്ന ആശയപരമായ സംവാദങ്ങളെക്കാൾ ജീവിതത്തിലൂടെ നടന്ന സംഭാഷണങ്ങളും സംവിധാനങ്ങളുമാണ് ഈ രണ്ടു സമൂഹങ്ങളെയും ചേർത്തുനിർത്തിയതെന്നും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഗൾഫ് പ്രവാസം പരസ്പരം ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുമുള്ള റവ. ഡോ. വിൻസന്റ് കുണ്ടുകുളത്തിന്റെ അഭിപ്രായമൊക്കെ പ്രസക്തമാകുന്നതിവിടെയാണ്.
ഇതുകൂടി വായിക്കൂ; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും വികസനതന്ത്രവും
അതേസമയം വിദേശനാണ്യത്തിന്റെ ഈ ഒഴുക്ക് മറ്റൊരുതരത്തിൽ കേരളത്തെ സാരമായി ബാധിച്ചു. ജീവിത നിലവാരം ഉയർത്തുന്ന വസ്തുക്കളുടെയെല്ലാംതന്നെ വില ഗണ്യമായി ഉയർന്നു. ആരോഗ്യ വിദ്യാഭ്യാസ ചെലവുകൾ, റിയൽ എസ്റ്റേറ്റ് മാഫിയയുടെ വളർച്ച, നിർമ്മാണ സാമഗ്രികളുടെ വിലവർധന എന്നിവയൊക്കെ നമ്മെ സാരമായി ബാധിച്ചു. ആഡംബരവും ധൂർത്തും വർധിച്ചതോടൊപ്പം പ്രകൃതിയെയും കാലാവസ്ഥയെയും താളം തെറ്റിക്കുന്ന നിർമ്മാണാത്മകമല്ലാത്ത മണിമാളികകളും അംബരചുംബികളായ കെട്ടിടങ്ങളും വർധിച്ചു. വിദേശ നാണ്യം കൃഷിയിലും വ്യവസായത്തിലും നന്നായി ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് വിമർശനാത്മകമായി വിലയിരുത്തേണ്ടതാണ്.
2018 ഓടുകൂടി ഗൾഫിൽനിന്നുള്ള മടങ്ങിവരവ് ഗണ്യമായി കൂടുകയാണ്. 2020 ജിസിസി (ഗൾഫ് കോർപറേഷൻ കൗൺസിൽ) യില്‍ നിന്നുള്ള മടങ്ങിവരവ് പ്രളയവും മഹാമാരിയും ആളോഹരിക്കടങ്ങളും മറ്റ് സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് നട്ടം തിരിയുന്ന കേരളത്തിന് ഇടിത്തീയായി മാറും. ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് 1.2 മില്യൺ തൊഴിലാളികളാണ് മടങ്ങിയെത്തിയിരിക്കുന്നത്. 20,000 കോടി രൂപയുടെ പ്രവാസി പാക്കേജും സംരംഭകത്വത്തിനുള്ള സാധ്യതകളും സ്വയം തൊഴിൽ പാക്കേജുകളുമൊന്നും പ്രഖ്യാപിക്കുന്നില്ലെങ്കിൽ പ്രവാസികളുടെ ഈ മടങ്ങിവരവ് തൊഴിലില്ലായ്മയുടെയും പ്രതിസന്ധികളുടെയും ഒരു ഭീകരതയിലേക്ക് തന്നെ നമ്മുടെ ജനതയെ തള്ളിവിടും.
പ്രവാസികൾക്ക് ദുരിത വേളകളിലും അടിയന്തര ഘട്ടങ്ങളിലും സഹായം നൽകാനായി വിദേശ രാജ്യങ്ങളുടെ എംബസിയുടെ കീഴിൽ രൂപീകരിച്ച നിധിയാണ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്. പ്രവാസികളിൽ നിന്ന് തന്നെ പിരിച്ച ഈ ഫണ്ടിൽ 474 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന് പാർലമെന്റിലെ ഒരു ചോദ്യത്തിനുത്തരമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഒരിക്കൽ മറുപടി പറയുകയുണ്ടായി. ലോകം മരവിച്ച കോവിഡ് മഹാമാരിക്കാലത്തുപോലും പ്രവാസികളുടെ സ്വന്തം പണം കൊണ്ടുണ്ടാക്കിയ ഫണ്ടിന്റെ 10 ശതമാനം പോലും അവരുടെ ക്ഷേമത്തിന് പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ല എന്നതിനെക്കാൾ കഷ്ടമായി എന്തുണ്ട്? കഴിഞ്ഞ കോവിഡ് സാഹചര്യത്തിൽ പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ‘പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടും’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയൊക്കെ ഏട്ടിലെ പശുവായിത്തന്നെ നിലകൊള്ളുന്നു.
പ്രവാസികളുടെ ഉന്നമനത്തിനായി 2009ൽ രൂപീകൃതമായതാണ് കേരള പ്രവാസി വെൽഫെയർ ബോർഡും 1996 രൂപീകൃതമായ നോർക്കയും. 2002 ൽ രൂപീകൃതമായ നോർക്ക റൂട്ട്സിന് കീഴിൽ പ്രവാസി സുരക്ഷാ ഇൻഷുറൻസ് പോളിസി, സാന്ത്വന ദുരിതാശ്വാസ നിധിയായും നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺസ് എമിഗ്രൻസ് (എന്‍ഡിപിആര്‍ഇഎം) തിരികെയെത്തിയ പ്രവാസികളെ സംരംഭകരാകാൻ പ്രേരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും നിലവിൽ വന്നതാണ്.
ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധികൾ തരണം ചെയ്തു കഴിഞ്ഞാൽ തൊഴിലവസരങ്ങൾ ഗണ്യമായി വർധിക്കുമെന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ നമുക്ക് ആശ്വാസം നൽകുന്നുണ്ട്. ബാങ്കിങ് മേഖലകളിലെ റിപ്പോർട്ടുകൾ പറയുന്നത് ശരിയാണെങ്കിൽ 2020ലെ 8.3 ബില്യണ്‍ ഡോളർ ആയിരുന്ന വിദേശ വരുമാനത്തിൽ 0.2 ശതമാനം മാത്രമാണ് കുറവ് വന്നിട്ടുള്ളത്. ഇപ്പോൾ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പൊക്കെ ഇന്ത്യക്കാർക്ക് വിശിഷ്യാ മലയാളികൾക്ക് ഒട്ടനവധി അവസരങ്ങൾ നൽകുകയുണ്ടായി. ഇനിയുമൊരു ഗൾഫ് സുവർണ കാലം സ്വപ്നം കാണാൻ നമുക്കാവുമോ?
പ്രവാസി സമൂഹത്തിന്റെ അനുഭവസമ്പത്തും പ്രവർത്തനപരിചയവും ജോലി നൈപുണ്യവും ഭാഷാ പരിജ്ഞാനവുമൊക്കെ ഉപയോഗപ്പെടുത്തി അവരെ നാടിന്റെ വികസന വളർച്ചയിൽ ഭാഗഭാക്കാക്കാനും പുനരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങൾ സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായേ തീരൂ. അവരിലെ നിർമ്മാണ കഴിവുകളും സംരംഭകത്വവും കച്ചവട നൈപുണ്യവുമൊക്കെ മനസിലാക്കിയും ഉപയോഗപ്പെടുത്തിയും പുതിയ ഒരു കേരളം സൃഷ്ടിക്കപ്പെടണം. സ്വത്വത്തെയും കുടുംബത്തെയും പിറന്ന നാടിനെയുമൊക്കെ വിട്ടകന്ന് മരുഭൂമിയിൽ വിയർപ്പൊഴുക്കി മെഴുകുതിരികളായി നമ്മെ ഊട്ടുകയും രാജ്യത്തെ പടുത്തുയർത്തുകയും ചെയ്തവരാണ് പ്രവാസികൾ. അവർക്ക് കൂടി പങ്കാളിത്തവും അവരോട് കരുതലും നന്ദിയുമുള്ള ഒരു പ്രവാസി സൗഹൃദ കേരളത്തിനായി നമുക്ക് കൈകോർക്കാം.