സ്വതന്ത്രവും നിഷ്പക്ഷവുമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിശബ്ദമാക്കി രാജ്യത്തെ മാധ്യമങ്ങളെ ആർഎസ്എസ്-ബിജെപി അജണ്ടകൾക്കനുസരിച്ച് ചിട്ടപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ന്യൂസ് ക്ലിക്ക് വാർത്താപോർട്ടലിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയുടെ അറസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി. മോഡി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ അപകീർത്തി, രാജ്യദ്രോഹം, കോടതിയലക്ഷ്യം, ദേശസുരക്ഷാ നിയമം തുടങ്ങിയവ നിരന്തരം പ്രയോഗിച്ചും ദേശവിരുദ്ധരെന്ന് മുദ്രകുത്തി വേട്ടയാടിയും സർക്കാർ നയങ്ങളെ എതിർക്കുന്ന വാർത്തകളെ വ്യാജമെന്ന് ചിത്രീകരിച്ച് വിലക്കാനുള്ള വ്യവസ്ഥ ഐടി നിയമഭേദഗതിയിൽ ഉൾപ്പെടുത്തിക്കൊണ്ടുമുള്ള സമാനതകളില്ലാത്ത ഭരണകൂടവേട്ടയ്ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ വ്യാജ ആരോപണങ്ങളുടെ മറപിടിച്ചുള്ള പ്രബീർ പുർകായസ്തയുടെ അറസ്റ്റ് യാതൊരു ചട്ടങ്ങളും പാലിക്കാതെയായിരുന്നുവെന്നും അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നും റിമാൻഡ് അപേക്ഷയുടെ പകർപ്പ് പുർകായസ്തയ്ക്കോ അഭിഭാഷകനോ നൽകിയിട്ടില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളും ഐതിഹാസികമായ കർഷക സമരങ്ങളുമടക്കം മോഡിസർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കും ജനദ്രോഹ നിലപാടുകൾക്കുമെതിരായ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തത് മുതൽ ന്യൂസ് ക്ലിക്കിനെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് സ്വീകരിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് യുഎപിഎ ചുമത്തി പുർകായസ്തയെ ജയിലിലടച്ചത്.
സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ പരിശോധിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് അധികാരം നൽകിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനം ഈയിടെ സുപ്രീം കോടതി സ്റ്റേ ചെയ്തതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ, ഉള്ളടക്കമോ, സർക്കാരിനു കീഴിലുള്ള പിഐബി പരിശോധിച്ച് വ്യാജമാണെന്നു തീർപ്പുകല്പിച്ചാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ 72 മണിക്കൂറിനുള്ളിൽ നീക്കംചെയ്യേണ്ടിവരും എന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു വിജ്ഞാപനം. കേന്ദ്രത്തിനും സംഘ്പരിവാറിനും എതിരായി പ്രത്യക്ഷപ്പെടുന്ന വാർത്തകളെ വ്യാജവാർത്തകളായി ചിത്രീകരിക്കുന്നതിനും വ്യാജവാർത്തകളെ യഥാർത്ഥ വാർത്തകളായി അവതരിപ്പിക്കുന്നതിനുമുള്ള അവസരമായി ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിനാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്.
ഇതുകൂടി വായിക്കൂ;മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ സുതാര്യതയും
സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളോടും ആശയ രൂപീകരണത്തോടുമുള്ള ഭരണകൂട അസഹിഷ്ണുത വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങൾക്കും കഴിഞ്ഞ കാലയളവിൽ രാജ്യം സാക്ഷ്യംവഹിച്ചു. 2014ൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള അമിത് ഷായുടെ മകൻ ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളർച്ചയെക്കുറിച്ചുള്ള ‘ദി വയറി‘ന്റെ റിപ്പോർട്ടിന് വിലക്കേർപ്പെടുത്തിയത് ഒരു ഉദാഹരണം. ആദിത്യനാഥിനെതിരെ വാർത്ത നല്‍കിയതിന് ‘ദി വയറിന്റെ’ സിദ്ധാർത്ഥ് വരദരാജനെതിരെ കേസ് ഫയൽ ചെയ്യുകയും അഡാനി ഗ്രൂപ്പിന്റെ വൻ നികുതി വെട്ടിപ്പും അതിന് മോഡിസർക്കാർ നൽകിയ സഹായവും വ്യക്തമാക്കിക്കൊണ്ടുള്ള ഇപിഡബ്ല്യു റിപ്പോർട്ട് പുനഃപ്രസിദ്ധീകരിച്ചതിനെ തുടർന്ന് കടുത്ത പ്രതികാരനടപടികളും സ്വീകരിച്ചു.
സംഘ്പരിവാർ അജണ്ടയെ തുറന്നുകാട്ടിയ ‘കാരവൻ’ മാഗസിൻ എഡിറ്റർ വിനേശ് കെ ജോസിന് നേരെ വധഭീഷണി ഉയർത്തിയതും ബിജെപി വിമർശനത്തിന്റെ പേരിൽ ‘ദ ടെലിഗ്രാഫ് ‘പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആർ രാജഗോപാലിനെ പദവിയിൽ നിന്ന് മാറ്റിയതുമെല്ലാം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് ഭീകരതയുടെ പ്രത്യക്ഷ തെളിവുകളായിരുന്നു. ബിബിസി, ന്യൂസ് ലോണ്ട്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, കശ്മീർ വാല തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദമാക്കാൻ ശ്രമിച്ചു. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററിയെ തുടർന്നായിരുന്നു ബിബിസിക്കെതിരെയുള്ള പ്രതികാര നടപടി.
ഭരണകൂടത്തിനെതിരായ സമസ്ത ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിർവീര്യമാക്കിക്കൊണ്ട് തങ്ങളുടെ അജണ്ടകൾക്കനുസൃതമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുവാനുള്ള ഗൂഢനീക്കമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്.
വിമർശനങ്ങളെ രാജ്യദ്രോഹമായി വിലയിരുത്തി അന്വേഷണ എജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടുന്ന ഭീതിജനകമായ സാഹചര്യമാണ് രാജ്യത്ത് സംജാതമായത്. ദൂരദർശൻ, ഓൾ ഇന്ത്യാ റേഡിയോ എന്നിവയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്ന പ്രസാർ ഭാരതി ആർഎസ്എസ് പിന്തുണയുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി കൈകോർത്തതിന് പിന്നിൽ വാർത്തകളുടെ കാവിവല്‍ക്കരണ ലക്ഷ്യം തന്നെയായിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള കരാർ റദ്ദാക്കിയാണ് ഹിന്ദുസ്ഥാൻ സമാചാറുമായി 7.7 കോടി രൂപയ്ക്ക് രണ്ടുവർഷത്തെ കരാറിൽ പ്രസാർ ഭാരതി ഏർപ്പെട്ടത്. ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സ്ഥാപക ജനറൽ സെക്രട്ടറിയുമായ ശിവ്റാം ശങ്കർ ആപ്തെ 1948ൽ സ്ഥാപിച്ചതാണ് ഹിന്ദുസ്ഥാൻ സമാചാര്‍. അധികാരത്തിൽ വന്നതു മുതൽ പിടിഐയുടെ സ്വതന്ത്രമാധ്യമ പ്രവർത്തനത്തോട് കേന്ദ്ര സർക്കാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
ജനാധിപത്യ സംവിധാനത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് വ്യതിചലനം സംഭവിക്കുന്നതിന്റെ അനവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ് വിമർശനങ്ങളോടുള്ള ഭരണകൂടത്തിന്റെ അസ്വസ്ഥത. അഭിപ്രായ പ്രകടനങ്ങളും ക്രിയാത്മക വിമർശനങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്നിരിക്കെ ഭരണത്തിനെതിരെയുയരുന്ന പ്രതിഷേധങ്ങളെ ദേശദ്രോഹമായി ചിത്രീകരിച്ച് നിശബ്ദമാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ആഗോള വ്യാപകമായിത്തന്നെ മൂലധന ശക്തികൾ മാധ്യമങ്ങളെ വിലയ്ക്കെടുക്കുകയും കോർപറേറ്റ്-മാധ്യമ കൂട്ടുകെട്ടുകൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായ രീതിയിലുള്ള വാർത്ത നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.