Site iconSite icon Janayugom Online

തന്തൂരി അടുപ്പിൽ നിന്ന് ‘ഹൂ കെയേഴ്സിലെ’ ഉന്മാദത്തിലേക്ക്

രൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിന്‍ മാർഗം മുടക്കുവാൻ’
അനശ്വരനായ വയലാർ രാമവർമ്മ ‘അശ്വമേധം എന്ന കവിതയിൽ ഈ വിധം കുറിക്കുമ്പോൾ കാമഭ്രാന്തിളകിയ മദോന്മത്തനായ കുതിരയെ ആരുംമാരും പ്രതീക്ഷിച്ചില്ല. ആ നീചക്കുളമ്പടികൾ ചവിട്ടിമെതിച്ച സംസ്കാരത്തിന്റെ, മാനത്തിന്റെ, മര്യാദയുടെ ഉൽഫുല്ലലോകം ഇത്ര ഹീനമാം വിധത്തിലെത്തുമെന്ന് ആരുമാരും അറിഞ്ഞില്ല. ഓഗസ്റ്റ് ഒന്നിന് അച്ചടിമഷി പുരണ്ടുവന്ന ‘രാഹുലൻമാരുടെ മാങ്കൂട്ടത്തിലെ വിഹാരങ്ങൾ’ എന്ന ലേഖനമെഴുതുമ്പോൾ ലൈംഗിക വിഹാരങ്ങൾ ഇത്രമേൽ മാദകത്വം തുളുമ്പുന്നതായിരിക്കുമെന്ന് ധരിച്ചിരുന്നില്ല.
ഓഗസ്റ്റ് 18 വരെ പ്രതിപക്ഷ നേതാവിനെ അച്ഛനെപ്പോലെ കരുതുന്ന ചലച്ചിത്ര നായിക നവീകരണ പ്രക്രിയയ്ക്കായുള്ള നവീന യന്ത്രവുമായി രംഗപ്രവേശം ചെയ്തിരുന്നില്ല. സുഹൃത്തെന്ന് കരുതിയിരുന്ന ആളുടെ സ്മാർട്ട്ഫോണിൽ നിന്ന് ട്രാൻസ്ജെൻഡർ വ്യക്തിക്കായി വന്ന കോരിത്തരിപ്പിക്കും വാഗ്ധോരണിയും ബലാത്സംഗം ചെയ്യണമെന്ന വിനീത വിധേയ അഭ്യർത്ഥനയും പുറത്തുവന്നിരുന്നില്ല. വിദേശ എഴുത്തുകാരിക്ക് അയച്ച ഹൃദയഭിത്തി ഭേദിക്കുന്ന അനുഭവങ്ങൾ വെള്ളിവെളിച്ചം കണ്ടിരുന്നില്ല. പഞ്ചനക്ഷത്ര ഹോട്ടലിലേക്കുള്ള ക്ഷണപത്രികകൾ ആരുമാരും കണ്ടിരുന്നില്ല. ഗർഭമുണ്ടാക്കുന്ന മാന്ത്രികവിദ്യയും ഗർഭഛിദ്രത്തിന്റെ അത്യന്താധുനിക പരിപ്രേക്ഷ്യവും അവതരിപ്പിക്കപ്പെട്ടിരുന്നില്ല. കൊന്നുതള്ളാൻ ഒരു നിമിഷം പോലും വേണ്ടെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അതിവൈദഗ്ധ്യവും വൈഭവവും ആരുമാരുമറിഞ്ഞില്ല. ഇത്രമേൽ വൈഭവമുള്ള ഈ മദോന്മത്ത കുതിരയെ ആരുതളയ്ക്കും?
വയലാർ തുടർന്നെഴുതിയതിങ്ങനെ:
“ദിഗ്‌വിജയത്തിനെന്‍ സർഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
വിശ്വസംസ്കാര വേദിയിൽ പുത്തനാം
അശ്വമേധം നടത്തുകയാണു ഞാൻ”
വയലാർ ഉദ്ഘോഷിച്ച ദിഗ്‌വിജയമല്ല, സർഗശക്തിയല്ല റീൽസ് തമ്പുരാക്കൻമാരായ കോൺഗ്രസുകാരുടേത്. വനിതാ സുരക്ഷ, മഹിളാ മാനവികത, സ്ത്രീത്വത്തിന്റെ പരിപാവനത്വം, മാതൃഭാവം ഇവയെല്ലാം നാഴികയ്ക്കു നാനൂറുവട്ടം ഉരുവിടുന്ന സൈബർ ചക്രവർത്തിമാരുടെ ലക്ഷ്യം വനിതാ സുരക്ഷയെയും മഹിളാ മാനവികതയെയും സ്ത്രീത്വത്തിന്റെയും പരിപാവനത്വത്തിന്റെയും മാതൃഭാവത്തിന്റെയും സദ്ഭാവനകളുടെയും മഹനീയതയുടെ സുരക്ഷാഭിത്തികൾ ഇടിച്ചു നിരത്തുകയാണ്. വയലാർ വിട്ടയച്ച കുതിരയുടെ സർഗശക്തിയല്ല, സംസ്കാരരാഹിത്യ വേദിയിൽ ഖദറിനെ പുച്ഛമായി കാണുന്ന ‘ബർമുഡാ’ പുതുകാല കുതിരകളുടെ സർഗശക്തി. അവരുടെ പുത്തനശ്വമേധങ്ങളിൽ അമ്മപെങ്ങൻമാർ അപ്രത്യക്ഷരാകുന്നു. മാംസദാഹവും കാമക്രോധാദികളും ശമിപ്പിക്കുവാനുളള കേവലം ഉപഭോഗവസ്തുവാകുന്നു.
രാഹുലിന്റെ അശ്വമേധങ്ങൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ ആദ്യമൊക്കെ മൗനത്തിന്റെ വല്മീകത്തിലൊളിക്കുവാൻ ശ്രമിച്ച കോൺഗ്രസുകാർ ഒന്നൊന്നായി സ്ത്രീത്വത്തിന്റെ പ്രതിരോധകവചം തീർക്കുകയും മാതൃഭാവത്തിന്റെയും പെങ്ങൾ ലാളനയുടെയും ബാലികാ വാത്സല്യത്തിന്റെയും വക്താക്കളായും പ്രയോക്താക്കളായും രംഗപ്രവേശം ചെയ്തു.
ഉടൻ നടപടി, നിമിഷങ്ങൾക്കകം നടപടി, മുഖം നോക്കാതെ നടപടി, കർക്കശ നടപടി, ലോകത്താർക്കും കൈക്കൊള്ളാനാവാത്ത നടപടി എന്നിങ്ങനെ ഉജ്വലശബ്ദാഢ്യനായി രംഗപ്രവേശം ചെയ്തത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. സ്വന്തം പിതാവിനെപ്പോലെ കരുതി ആദരിച്ചിരുന്ന ചലച്ചിത്ര താരം മൂന്നരവർഷം മുമ്പേ ഈ പിതൃതുല്യനോട് പരാതി പറഞ്ഞു. പക്ഷേ ഉടൻ നടപടിയും നിമിഷങ്ങൾക്കകം നടപടിയും മുഖം നോക്കാതെ നടപടിയും ലോകത്താരും കൈക്കൊള്ളാത്ത നടപടിയുമുണ്ടായില്ല. സ്വന്തം മകനെപ്പോലെ, ഹൃദയഭാജനമായി കൊണ്ടു നടന്ന ഒരാൾക്കെതിരെ മകളെപ്പോലെ കരുതുന്ന ഒരാൾ പരാതി പറഞ്ഞാൽ ‘ഉടൻ നടപടി’ എടുക്കണമെങ്കിൽ ഏതൊരു പിതൃതുല്യനും കഠിനഹൃദയനായിരിക്കണം. വി ഡി സതീശന്റേത് അതിലോലഹൃദയമായതുകൊണ്ട് അതിനു കഴിഞ്ഞതേയില്ല.
മൂന്നര വർഷത്തിനുശേഷം സാമൂഹ്യമാധ്യമങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും മുന്നില്‍ ചലച്ചിത്രതാരം പ്രത്യക്ഷപ്പെട്ട്, കദനകഥ പറഞ്ഞപ്പോൾ പുത്രതുല്യനും ഹൃദയഭാജനവും സതീശന്റെ ഹൃദയനാഡികളിൽ നിന്ന് പുറത്തായി. പകരം നടി പ്രിയപുത്രീതുല്യയും ഹൃദയഭാജനവുമായി. പിന്നാലെ ശബ്ദരേഖകളുടെ പ്രവാഹം. പ്രലോഭനങ്ങളുടെ മധുരഗാനങ്ങൾ. ഭീഷണിയുടെ പ്രചണ്ഡ പ്രവാഹം.
ഉടൻ നടപടിയുമായി കോൺഗ്രസുകാരും കോൺഗ്രസുകാരല്ലാത്തവരും രാഹുൽ വാഴ്ത്തു പാട്ടുകാരും രാപകലില്ലാതെ നിദ്രാവിഹീനരായി കണ്ണുതുറന്നും കാതുകൂർപ്പിച്ചും കാത്തിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും സംഘടനാ ചുമതലക്കാരനുമായ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും അടൂർപ്രകാശും പാവംപാവയായ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും യൂത്തൻമാരും ഉടൻ നടപടിയും എംഎൽഎ സ്ഥാനത്തുനിന്നു പുറത്താക്കലുമൊക്കെ പറയാതെ പറഞ്ഞു. പക്ഷേ “ഉടൻ” മാത്രം വന്നില്ല. 

ഒടുവിൽ വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കി കയറിക്കൂടിയ യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി പുല്ലുപോലെ വലിച്ചെറിഞ്ഞു. കോൺഗ്രസ് നേതൃത്വമോ യൂത്ത് കോൺഗ്രസ് നേതൃത്വമോ പറഞ്ഞതുകൊണ്ടല്ല, തന്റെ അനുയായികളും അനുചരൻമാരും തനിക്കുവേണ്ടി ജയ് വിളിച്ചും മുദ്രാവാക്യം വിളിച്ചും കണ്ഠങ്ങൾ പൊട്ടിപോകാതിരിക്കുവാനാണെന്ന് മാങ്കൂട്ടത്തില്‍. അഭിനന്ദന പ്രവാഹങ്ങളുമായി അനുയായികൾ സൈബർ സെല്ലുകളിൽ അര്‍മാദിച്ചു. മഹിളാ നേതാക്കളായ ഉമാ തോമസും ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പരസ്യമായി പ്രതികരിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞാൽ മാത്രം പോരാ എംഎൽഎ പദവി രാജിവച്ച് രാഷ്ട്രീയ പ്രവർത്തനം മതിയാക്കി വീട്ടിലിരിക്കണമെന്നാണ്. പിന്നാലെ സൈബർ ഇടങ്ങളിൽ ‘ഭരണിപ്പാട്ട്’. ആധുനിക സാങ്കേതികവിദ്യയിലൂടെ തെറിയഭിഷേക ചാർത്തലുകൾ. വേദിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റപ്പോൾ ചത്താൽ മതിയായിരുന്നു ഉമാ തോമസ് എന്നുവരെ ആക്രോശിച്ചു. സഹപ്രവർത്തകരായ പെൺകുട്ടികൾ രാഹുലൻമാരുടെ പീഡന ജൈത്രയാത്രകൾ വെളിപ്പെടുത്തിയപ്പോൾ അവര്‍ക്കും തെറിയഭിഷേകം.
വെെകാതെ വന്നു അച്ചടക്കത്തിന്റെ മൂർച്ചയേറിയ മിന്നുന്ന വാൾ. കോൺഗ്രസിന്റെ ‘നാലണ’ മെമ്പർഷിപ്പിൽ നിന്ന് പുറത്താക്കിക്കളഞ്ഞു. മറ്റേത് പാർട്ടിക്ക് കഴിയുമെന്ന ഉഗ്രൻ ചോദ്യവുമുയർത്തി. പാർട്ടി കുടുംബത്തിലെ മുതിർന്നവരെയും ഇളമുറക്കാരെയും സമത്വ ബോധത്തോടെ പീഡിപ്പിച്ച പരാതികള്‍ പതിയെപ്പതിയെ പുറത്തുവന്നു. ഇപ്പോഴും പുറത്തു വരുന്നു. പരാതികൾ പരസ്യമാകുന്നതിന് മുമ്പുതന്നെ ‘ഹൂ കെയേഴ്സ്’ എന്ന് ചോദിച്ച വ്യക്തി, പരാതികൾ പരസ്യമായപ്പോഴും യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയപ്പോഴും (നീങ്ങിയപ്പോഴും) കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയപ്പോഴും ‘ഹൂ കെയേഴ്സ്’ എന്ന് കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും സണ്ണി ജോസഫിനെയും അടൂർ പ്രകാശിനെയും കോൺഗ്രസ് — യൂത്ത് കോൺഗ്രസ് നേതാക്കളെയും നോക്കി ചോദിക്കാതെ ചോദിച്ചു. 

ഹൃദയത്തിൽ നിന്ന് പറിച്ചെറിഞ്ഞ ഹൃദയവേദനയോടെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ പദവി രാജിയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതനാകുന്നു, പൊട്ടിത്തെറിക്കുന്നു. ‘ഞാനാണ് പ്രതിപക്ഷം’ ‘ഞാനാണ് യുഡിഎഫ് ശില്പി’ എന്നഹങ്കരിച്ചുനടന്ന ഒട്ടേറെ ഹൃദയഭാജനങ്ങളെ മാറിലേറ്റിയ വി ഡി സതീശനും ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഒളിയമ്പുകൾക്കുമുന്നിൽ പുളഞ്ഞു. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും അടൂർ പ്രകാശും രാഹുലിന്റെയും ഷാഫിയുടെയും രക്ഷകരായി ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ചു.
നിരായുധനായി, സ്ഥലജലവിഭ്രാന്തി പിടിപെട്ട വി ഡി സതീശൻ കൊടിയ ബോംബുവർഷ ഭീഷണിയുമായി രംഗത്തെത്തി. അവിടെയും ‘ഉടൻ’ ഉണ്ടായിരുന്നു. പക്ഷേ കാത്തിരുന്നവരുടെ മുന്നിൽ ഒരു നനഞ്ഞ പടക്കം പോലുമില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. നിലവിട്ടാൽ, നിലവിളി മാത്രമല്ല വിഭ്രാന്തി മൂത്ത് മത്തുപിടിക്കുമെന്നും സതീശൻ ഭാവഹാവാദികളിലൂടെ തെളിയിച്ചു കൊണ്ടിരുന്നു. 

ഓഗസ്റ്റ് 21ന് ട്രാൻസ്ജെൻഡർ ഉന്നയിച്ച പരാതിയെക്കുറിച്ച് ഓഗസ്റ്റ് ഒന്നിനുവന്ന ശബ്ദരേഖ പുറത്തുവിട്ട് താൻ ‘ഹരിശ്ചന്ദ്രൻ’ ആണെന്ന് സ്ഥാപിക്കുവാൻ പാടുപെട്ട ‘പടക്കുതിര’ ഗർഭഛിദ്രത്തെക്കുറിച്ചോ, കൊന്നുതള്ളാൻ ഒരു നിമിഷം വേണ്ടെന്ന് ധാർഷ്ട്യം പ്രകടിപ്പിച്ചതിനെക്കുറിച്ചോ ഒന്നും പറയാതെ വീടിനുള്ളിൽ കയറി വാതിലടച്ചു. പിന്നീട് എംഎൽഎ ബോർഡ് വച്ച കാറിൽ 11 മണിക്കൂർ കറങ്ങി താനിപ്പോഴും എംഎൽഎ തന്നെ എന്ന സന്ദേശം ‘പിന്നിൽ നിന്ന് കുത്തിയ സ്തുതിപാഠകർ’ക്ക് (രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താന്‍ ഒരു കോൺഗ്രസുകാരനാണെന്ന് കുറിച്ച ഫേസ് ബുക്ക് പോസ്റ്റ്) സന്ദേശം നൽകി. ഷാഫി പറമ്പിൽ വടകരയില്‍ ചെന്ന് നാടകം അവതരിപ്പിച്ചു.
നയനാ സാഹ്നിയെ മറന്നുവോ! യൂത്ത് കോൺഗ്രസ് വനിതാ നേതാവായിരുന്ന, നയനാസാഹ്നിയെ. ഒപ്പം പാർപ്പിച്ചതിനുശേഷം തന്തൂരി അടുപ്പിലിട്ട് ചുട്ടുകരിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ സുശീൽകുമാറിനെ മറന്നുവോ? അപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽമാർക്ക് എന്തുകൊണ്ട് ‘ഹൂ കെയേഴ്സ്’ എന്നു ചോദിച്ചുകൂടാ. കറുത്ത രാവുകൾ മാത്രമല്ല കറുത്ത പ്രഭാതങ്ങളും കറുത്ത നട്ടുച്ചകളും സൃഷ്ടിക്കുകയാണ് നവകാല ‘ഹൂ കെയേഴ്സ്’ കോൺഗ്രസുകാർ. 

Exit mobile version