Site iconSite icon Janayugom Online

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവർണ ജൂബിലി

കേരളത്തിന്റെ ഊർജ ഭൂപടത്തിലെ വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്നലെ 50വർഷം പൂർത്തിയായി. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, 1976 ഫെബ്രുവരി 12നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആർച്ച് ഡാം ഉൾക്കൊള്ളുന്ന എൻജിനീയറിങ് അത്ഭുതമായ ഈ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. അന്ന് തെളിഞ്ഞ ആ വെളിച്ചമാണ് ഇന്നും കേരളത്തിന്റെ വ്യാവസായികവും സാമൂഹികവുമായ പുരോഗതിയുടെ ചാലകശക്തിയായി നിലകൊള്ളുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപംകൊണ്ട ഈ സ്വപ്നപദ്ധതിക്ക് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു ജെ ജോണിന്റെ നിരീക്ഷണവും, കരുവെള്ളായൻ കൊലുമ്പൻ എന്ന ഊരാളി മൂപ്പന്റെ പാരമ്പര്യ അറിവും ഒത്തുചേർന്നപ്പോഴാണ് ഇടുക്കി പദ്ധതി എന്ന ആശയം യാഥാർത്ഥ്യമായത്. കൊലുമ്പന്റെ ആ നാട്ടറിവിനോടുള്ള ആദരസൂചകമായി കെഎസ്ഇബി സ്ഥാപിച്ച സ്മാരകങ്ങളും അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകിയ കരുതലും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. കനേഡിയൻ സർക്കാരിന്റെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ‘ഡബിൾ കർവേച്ചർ പരാബോളിക് തിൻ ആർച്ച്’ എന്ന അത്യാധുനിക നിർമ്മാണ രീതി ഇന്നും ലോകത്തിന് മുന്നിൽ ഒരു അത്ഭുതമായി തുടരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കേരളത്തിന്റെ വ്യാവസായികവും സാമൂഹികവുമായ പുരോഗതിയുടെ ചാലകശക്തിയായി മൂലമറ്റത്തെ 780 മെഗാവാട്ട് ശേഷിയുള്ള ഭൂഗർഭ വൈദ്യുതി നിലയം നിലകൊള്ളുന്നു. ഇതിനോടകം 1,20,000 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉല്പാദിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങളിൽ സമാനതകളില്ലാത്ത സംഭാവനയാണ് ഇടുക്കി നൽകിയിട്ടുള്ളത്. 

ഈ സുവർണ ജൂബിലി വേളയിൽ, കേവലം ആഘോഷങ്ങളിൽ ഒതുങ്ങാതെ ഭാവിയിലേക്കുള്ള ചുവടുവയ്പുകളെക്കുറിച്ചാണ് സർക്കാർ ചിന്തിക്കുന്നത്. വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ മുൻനിർത്തി, 2030ഓടെ കേരളത്തിന്റെ മൊത്തം വൈദ്യുതി ഉല്പാദനം ഇടുക്കി പദ്ധതിയുടെ വിപുലീകരണം ഉൾപ്പടെ 10,000 മെഗാവാട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ മുന്നേറുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിനായി അഹോരാത്രം പണിയെടുത്ത പതിനായിരക്കണക്കിന് തൊഴിലാളികളുടെയും എൻജിനീയർമാരുടെയും നിസ്തുലമായ ത്യാഗത്തെയും അക്ഷീണ പരിശ്രമത്തെയും ഈ സുവർണ ജൂബിലി വേളയിൽ നാം നന്ദിയോടെ സ്മരിക്കുന്നു. പദ്ധതിയുടെ തുടക്കം മുതൽ ഇങ്ങോട്ട് കഴിഞ്ഞ 50 വർഷക്കാലം, കൂടാതെ, അതീവ സങ്കീർണമായ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് പൂർത്തിയാക്കി ഈ വൻകിട പദ്ധതിയെ തകരാറുകൾ കൂടാതെ സംരക്ഷിച്ചുപോരുന്ന കെഎസ്ഇബിയിലെ എൻജിനീയർമാരുടെയും തൊഴിലാളികളുടെയും വൈദഗ്ധ്യം പ്രശംസനീയമാണ്. ഈ മികവിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മൂലമറ്റം പവർഹൗസിലെ നാല്, അഞ്ച്, ആറ് യൂണിറ്റുകളിൽ ഇക്കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന അടിയന്തര അറ്റകുറ്റപ്പണികൾ. അതീവ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും കൃത്യമായ ആസൂത്രണത്തോടെയും അർപ്പണബോധത്തോടെയും ഈ ജോലികൾ പൂർത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ധരെയും തൊഴിലാളികളെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ചരിത്രപരവും സാങ്കേതികവുമായ പ്രാധാന്യം വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ സുവർണ ജൂബിലി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി പൂർവകാല ജീവനക്കാരുടെ പുനഃസമാഗമവും നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഇടുക്കിയിലെ വെള്ളം വെറുമൊരു പ്രകൃതിവിഭവമല്ല, അത് മലയാളിക്ക് വെളിച്ചമേകുന്ന ജീവരക്തമാണ്. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ സുസ്ഥിരമായ വികസനം സാധ്യമാക്കാൻ ഈ അവസരത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. വികസനത്തിന്റെ പുതിയ പാതകളിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാം. 

Exit mobile version