ഇന്ത്യ നേരിടുന്ന നിലവിലെ സാമ്പത്തിക മാന്ദ്യവും യുവാക്കൾ അഭിമുഖീകരിക്കുന്ന ദീർഘകാല തൊഴിലില്ലായ്മയും ഒരു ദേശീയ സാമ്പത്തിക മാതൃകയ്ക്കായുള്ള അന്വേഷണം അനിവാര്യമാക്കിയിരിക്കുന്നു. 2001നും 14നുമിടയിൽ, പ്രത്യേകിച്ച് 2014ലെ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ, താന്‍ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിനെ നരേന്ദ്ര മോഡി ‘മാതൃക’യായി അവതരിപ്പിച്ചു. അതേസമയം ഇന്ന് തമിഴ്‌നാട് ഒരു ബദൽ ‘ദ്രാവിഡ മാതൃക’യെന്ന് ചിത്രീകരിക്കപ്പെടുന്നുണ്ട്. രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ സമ്പന്നമാണ് ഇവ രണ്ടും. ഏറെക്കുറെ തുല്യത പുലർത്തുകയും ചെയ്യുന്നു. 2023–24ൽ എട്ട് ശതമാനം വളർച്ചാ നിരക്കുണ്ടായിരുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും തമിഴ്‌നാടും. ആളോഹരി വരുമാന കാര്യത്തിലും, യഥാക്രമം 1.8 ലക്ഷം, 1.6 ലക്ഷം എന്ന നിലയില്‍ മറ്റ് മിക്ക സംസ്ഥാനങ്ങളെക്കാളും സമ്പന്നവുമാണ്. എന്നാൽ ഡാറ്റകള്‍ വേർതിരിച്ച് പരിശോധിച്ചാല്‍ അസമത്വത്തിന്റെ തോത് ബോധ്യമാകും. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2023ൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ അനുപാതം തമിഴ്‌നാട്ടിൽ 5.8ഉം ഗുജറാത്തിൽ 21.8ഉം ശതമാനമായിരുന്നു. 2022–23ൽ ഗുജറാത്തിന്റെ പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചെലവ് 6,621 രൂപയായിരുന്നപ്പോള്‍ തമിഴ്‌നാട്ടിൽ 7,630 രൂപയായിരുന്നു. ദാരിദ്ര്യ നിലവാരം വേതന നിലവാരത്തിന്റെ കൂടി ഫലമാണല്ലോ. 2022–23ൽ, ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന കാർഷികേതര തൊഴിലാളികളായ പുരുഷന്മാരുടെ ശരാശരി ദിവസ വേതനം ഗുജറാത്തിനെക്കാൾ വളരെ കൂടുതലായിരുന്നു തമിഴ്‌നാട്ടില്‍, 481.50 രൂപ. ഗുജറാത്തില്‍ 273.10 രൂപ. കർഷകത്തൊഴിലാളികള്‍ക്ക് തമിഴ്‌നാട്ടില്‍ 470 രൂപ വേതനം ലഭിക്കുമ്പോള്‍ ഗുജറാത്തിൽ 241.9 രൂപ മാത്രമാണ് കിട്ടുന്നത്. ഗ്രാമീണ മേഖലയിലെ നിർമ്മാണത്തൊഴിലാളികൾക്ക് തമിഴ്‌നാട്ടിലും ഗുജറാത്തിലും കിട്ടുന്ന ദിവസവേതനം യഥാക്രമം 500, 323.20 രൂപ വീതമാണ്.
സാക്ഷരതാ നിരക്കിന്റെ കാര്യത്തിൽ, തമിഴ്‌നാട് (85.5ശതമാനം) ഗുജറാത്തിനെക്കാൾ (84.6ശതമാനം) വളരെ മുന്നിലൊന്നുമല്ല. പക്ഷേ, അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേ പ്രകാരം, തമിഴ്‌നാട്ടിലെ മൊത്ത പ്രവേശന അനുപാതം (ജിഇആര്‍) ഗുജറാത്തിനെക്കാൾ വളരെ കൂടുതലാണ്. തമിഴ്‌നാട്ടിൽ 13.4 ശതമാനം ബിരുദധാരികളുള്ളപ്പോള്‍ ഗുജറാത്തിൽ ഇത് 8.9 ശതമാനം മാത്രമാണ്. ഈ കണക്കുകൾ ഗുജറാത്തിലെ ഉയർന്ന കൊഴിഞ്ഞുപോക്കിനെ പ്രതിഫലിപ്പിക്കുന്നു. 2021–22ൽ തമിഴ്‌നാട്ടിലെ അപ്പർ എലിമെന്ററി സ്കൂള്‍ കുട്ടികളുടെ ജിഇആര്‍ 98.3 ആയിരുന്നു, ഹയർ സെക്കൻഡറിയില്‍ 81.5 ഉം. ഗുജറാത്തിൽ ഈ ജിഇആര്‍ അനുപാതങ്ങൾ 91.1 ഉം 48.2 ഉം ആണ്. അതായത് ദേശീയ ശരാശരിയിലും താഴെ. പാഠ്യ ഭാഷയും വളരെ പ്രധാനമാണ്. 2017–18ലെ നാഷണൽ സാമ്പിൾ സർവേയനുസരിച്ച് തമിഴ്‌നാട്ടിൽ 91 ശതമാനം കുട്ടികൾ പ്രാഥമിക വിദ്യാലയത്തിൽ ഇംഗ്ലീഷിൽ വിദ്യാഭ്യാസം നേടിയപ്പോള്‍ ഗുജറാത്തിൽ ഇത് 27 ശതമാനം മാത്രമാണ്. സാമ്പത്തിക വളർച്ചയിൽ ഗുജറാത്ത് ഒരു വിജയഗാഥയാണ്. പക്ഷേ സൃഷ്ടിക്കപ്പെട്ട സമ്പത്ത് ഒരു ന്യൂനപക്ഷം കയ്യിലൊതുക്കി. സംസ്ഥാനത്ത് വ്യാപകമായ ദാരിദ്ര്യം നിലനിൽക്കുന്നു. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹികാസമത്വം കുറവാണ്. തീർച്ചയായും, രണ്ട് സംസ്ഥാനങ്ങളുടെയും സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലവും പ്രധാനമാണ്. ഇന്ത്യയുടെ വ്യാപാരാധിഷ്ഠിത പ്രദേശമായ ഗുജറാത്ത് വ്യാപാരി വിഭാഗങ്ങളുടെ വളര്‍ച്ചയില്‍ നിന്നാണ് പരമ്പരാഗതമായി പ്രയോജനം നേടിയത്. എന്നാല്‍ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ശില്പികളായ അവര്‍ണവിഭാഗം നേതാക്കളുടെ സമത്വധാർമ്മികതയിലാണ് തമിഴ്‌നാട് പ്രവർത്തിച്ചത്. അവർ മണ്ണിന്റെ മക്കളാണെന്ന് വാദിച്ചുകൊണ്ട് ബ്രാഹ്മണ വരേണ്യവർഗത്തിൽ നിന്ന് സ്വയംമോചിതരായി.
ഗുജറാത്ത് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തിയപ്പോൾ, തമിഴ്‌നാട് സാമൂഹിക ക്ഷേമം വികസിപ്പിച്ചെടുത്തു. പൊതുജനാരോഗ്യ നയം ഒരുദാഹരണമാണ്. ഗുജറാത്ത് സമ്പന്നമാണെങ്കിലും ഇക്കാര്യത്തില്‍ തമിഴ്‌നാടിനെക്കാൾ പിന്നിലാണ്. 2012 — 20 കാലയളവില്‍ അതിന്റെ ആരോഗ്യ സംരക്ഷണ ചെലവ് 10.5 ശതമാനമായി മാത്രം വർധിച്ചപ്പോള്‍ തമിഴ്‌നാട്ടിൽ ഇത് 20.5 ശതമാനമാണ്.
2018ൽ, തമിഴ്‌നാട്ടിൽ ഒരു ദശലക്ഷം പേര്‍ക്ക് 1,000ത്തിലധികമായിരുന്നു പൊതു ആശുപത്രി കിടക്കകളുടെ എണ്ണം. ഗുജറാത്തില്‍ ഇത് 316 മാത്രമാണ്. തമിഴ്‌നാട്ടിലെ ശിശുമരണ നിരക്ക് 13/1000, ഗുജറാത്തിനെ അപേക്ഷിച്ച് വളരെ കുറവാണ് (23/1000).
വിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി 2017–18ൽ, തമിഴ്‌നാട് 85.4 ശതമാനം സെക്കൻഡറി സ്കൂളുകളിൽ നടപ്പാക്കി. ഗുജറാത്തിൽ 11 ശതമാനം സ്കൂളുകളിൽ മാത്രമേ ഉച്ചഭക്ഷണം നൽകിയിരുന്നുള്ളൂ. തമിഴ്‌നാട് മാനവ വിഭവശേഷിയിൽ (പ്രത്യേകിച്ച് വിദ്യാഭ്യാസവും ആരോഗ്യവും) നിക്ഷേപിച്ചുവെങ്കില്‍, ഗുജറാത്ത് അടിസ്ഥാന സൗകര്യങ്ങളിൽ (ഊർജവും ഗതാഗതവും) മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സംസ്ഥാനത്തിന് 45,913 മെഗാവാട്ട് വൈദ്യുതി ഉല്പാദന ശേഷിയുള്ളത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. തമിഴ്‌നാടിന് ഇത് 37,514 മെഗാവാട്ട് മാത്രമാണ്. റോഡ് ശൃംഖലയുടെ കാര്യത്തിൽ, 2022 ആകുമ്പോഴേക്കും ഗുജറാത്തിന് 7,885 കിലോമീറ്റർ ദേശീയ പാതകളും 16,746 കിലോമീറ്റർ സംസ്ഥാന പാതകളുമായെങ്കില്‍ തമിഴ്‌നാട്ടിൽ ഇത് യഥാക്രമം 6,858 ഉം 11,169 ഉം ആണ്. കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന് കീഴിൽ ഗുജറാത്തിലെ എല്ലാ മെഗാ പദ്ധതികളും പ്രോത്സാഹിക്കപ്പെട്ടു, നടപ്പാക്കി. ഈ നയത്തിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വൻകിട കമ്പനികളായ റിലയൻസ്, അഡാനി ഗ്രൂപ്പ്, ടാറ്റ, എസാർ തുടങ്ങിയവ ഗുജറാത്തില്‍ രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികൾ ഉൾപ്പെടെ ഉയർന്ന കോര്‍പറേറ്റ് ഉല്പാദന കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്തു. തമിഴ്‌നാടാകട്ടെ ഇതിനു വിപരീതമായി, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. ആർബിഐയുടെ കണക്കനുസരിച്ച്, ഗുജറാത്തിനെക്കാൾ 10,000 കമ്പനികള്‍ കൂടുതലുണ്ട് തമിഴ്‌നാട്ടില്‍— 38,837.
എന്നാല്‍ തമിഴ്‌നാടിനെക്കാൾ 25 ശതമാനം ഫാക്ടറികൾ കുറവാണെങ്കിലും ഗുജറാത്തിന്റെ വ്യാവസായികോല്പാദനം ഇന്ത്യയുടെ 18 ശതമാനം വരും. തമിഴ്‌നാടിന്റേത് 10 ശതമാനം മാത്രമേ വരൂ. ഈ കണക്കുകൾ വളരെ വ്യത്യസ്തമായ ഒരു സാമ്പത്തിക ഘടനയെ പ്രതിഫലിപ്പിക്കുന്നു. തമിഴ്‌നാടിന്റെ വ്യാവസായിക ഘടനയിൽ ഇപ്പോഴും ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആധിപത്യം പുലർത്തുമ്പോള്‍, ഊർജ‑പെട്രോകെമിക്കൽ മേഖലകളിലെ ഉയർന്ന മൂലധനമുള്ള പടുകൂറ്റന്‍ കമ്പനികളുടെ മേഖലയാണ് ഗുജറാത്ത്. പക്ഷേ തമിഴ്‌നാട്ടിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്‌എംഇ) കൂടുതൽ തൊഴിൽദായകമാണ്. 2015–16ൽ അവർ 9.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തു, ഗുജറാത്തിൽ ഇത് വെറും 6.12 ദശലക്ഷമായിരുന്നു.
കേന്ദ്ര സർക്കാരിന്റെ അനുകൂല നയങ്ങളും ഉയർന്ന മൂല്യമുള്ള സാമ്പത്തിക, വ്യാവസായിക പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി സംസ്ഥാനത്തെ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റി പോലുള്ള സംരംഭങ്ങളും വൻതോതിലുള്ള മൂലധന നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ഗുജറാത്തിന്റെ കഴിവിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നികുതി ആനുകൂല്യങ്ങൾ, അടിസ്ഥാന സൗകര്യ സബ്‌സിഡികൾ എന്നിവ ഉൾപ്പെടുന്നു. ഇത് വൻകിട മൂലധനത്തോടുള്ള ഗുജറാത്തിന്റെ ആകർഷണം വർധിപ്പിക്കുകയും അതിന്റെ വ്യാവസായിക ആധിപത്യത്തെ കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു. അത്തരം മുൻഗണനാ സമീപനം വിമർശനത്തിന് കാരണമാവുകയും കേന്ദ്ര സർക്കാരും തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷം വർധിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. സാമ്പത്തിക സേവന മേഖലയിൽ ഗുജറാത്ത് പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ഐടി മേഖലയിൽ അത് ദുർബലമായി തുടരുന്നു. ശരിയായ സർവകലാശാലാ സംവിധാനത്തിന്റെ അഭാവവും ഇംഗ്ലീഷിലെ പ്രാവീണ്യക്കുറവും വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ ദൗര്‍ലഭ്യവുമാണ് ഇതിന് പ്രധാന കാരണം. ഇതിനു വിപരീതമായി, സമ്പൂർണ ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയ സന്നദ്ധസേവനപരമായ ഐടി നയം തമിഴ്‌നാട് നടപ്പിലാക്കുന്നു. സംസ്ഥാനം വളരെ സങ്കീർണമായ പരിശീലന കേന്ദ്രങ്ങൾ മാത്രമല്ല, ഐടി പാർക്കുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2000 ത്തിൽ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത ടൈഡൽ പാർക്ക് ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കുകളിൽ ഒന്നാണ്. ബംഗളൂരുവും ഹൈദരാബാദും കഴിഞ്ഞാൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്‌വേർ കയറ്റുമതി കേന്ദ്രമാണിത്. ഏകദേശം 8,00,000 പേര്‍ തമിഴ്‌നാട്ടിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നു. രസകരമെന്നു പറയട്ടെ, ഗുജറാത്തി പ്രഭുക്കന്മാരായ ഗൗതം അഡാനി പോലും തമിഴ്‌നാട്ടിലെ ഐടി മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്.
ഗുജറാത്തിലും തമിഴ്‌നാട്ടിലും വ്യവസായം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെങ്കിലും, തൊഴിൽ പ്രാധാന്യമുള്ള സേവന മേഖലയും തമിഴ്‌നാട്ടില്‍ വളരുന്നു. രണ്ട് സംസ്ഥാനങ്ങളുടെയും വ്യത്യസ്ത പാതകൾ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സമീപനങ്ങളെ മാത്രമല്ല, വിപരീത നയങ്ങളെയും പ്രതിഫലിപ്പിക്കുന്നു. തമിഴ്‌നാട് വ്യത്യസ്തമായ ഒരു ബദൽ മാർഗം വാഗ്ദാനം ചെയ്യുമ്പോൾ ഗുജറാത്ത് ഇന്ത്യക്ക് ഏറ്റവും മികച്ച മാതൃകയാകുമോ എന്നത് ഇനിയും ചർച്ച ചെയ്യേണ്ട വിഷയമാണ്.
(ദ വയര്‍)