Site iconSite icon Janayugom Online

ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു…

1957ല്‍ വിശറിക്കു കാറ്റു വേണ്ട എന്ന നാടകത്തിനായി വയലാര്‍ എഴുതിയ വിപ്ലവഗാനത്തിലെ വരികള്‍ ഒരുകാലഘട്ടത്തില്‍ നാടിന്റെ നഗര‑ഗ്രാമങ്ങള്‍ കത്തിപ്പിടിച്ച സമരവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ്. ബലികൂടീരങ്ങളും രണസ്മാരകങ്ങളും പോരാളികള്‍ക്കുള്ള തട്ടകങ്ങളൊരുക്കിയ ഒളികേന്ദ്രങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം ഒരു ജനതയുടെ വികാരങ്ങളുടെയും പോരാട്ടവീര്യത്തിന്റെയും തലയെടുപ്പായി ദശകങ്ങള്‍ക്കിപ്പുറം ജ്വലിക്കുകയാണ്. മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറത്ത് കെപിസിസി സംഘടിപ്പിച്ച സമ്മര്‍ക്യാമ്പിന് വേദിയായ കൂരിമണ്ണില്‍ വിലങ്ങപ്പുറം സെയ്തുട്ടി ഹാജിയുടെ തറവാട്ട് വീടും പരിസരങ്ങളും മലബാറിൽ സ്വാതന്ത്ര്യസമരത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേരോട്ടം വേഗത്തിലാക്കുന്നതിലും നിണായകമായ കേന്ദ്രമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന് നൂറുവര്‍ഷം തികയുന്ന ഈ സന്ദര്‍ഭം കൂരിമണ്ണില്‍ തറവാട്ടിലെ സമ്മര്‍ക്യാമ്പിനെ കുറിച്ചുള്ള സ്മരണകള്‍ പടര്‍ത്തുന്ന ആവേശം പുതിയ കാലത്തെ ജനാധിപത്യവിശ്വാസികളിലും സമ്രാജ്യത്വ വിരുദ്ധരിലും ഒടുങ്ങാത്ത ഇന്ധനവും പ്രകാശ ദീപവുമാകും. കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വലംകയ്യായിരുന്ന കുഞ്ഞിസൂപ്പി ഹാജിയുടെ താല്പര്യപ്രകാരമായിരുന്നു 1939 മേയ് മാസത്തില്‍ സമ്മര്‍ സ്കൂളിന് കൂരിമണ്ണില്‍ വിലങ്ങപ്പുറം തറവാട് വേദിയായത്. കുഞ്ഞിസൂപ്പി ഹാജിയുടെ വീട് റോഡരികിലായതിനാല്‍ രഹസ്യസ്വാഭവുമുള്ള ക്യാമ്പിന് സഹോദരന്റെ വീട് തെരഞ്ഞെടുക്കുയായിരുന്നു. ഒരുമാസക്കാലം നീണ്ട സ്കൂളില്‍ വോളണ്ടിയര്‍മാരടക്കം 79 പേര്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇഎംഎസ്, പി കൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ ദാമോദരന്‍, ജോര്‍ജ് തുടങ്ങിയവര്‍ മുഴുവന്‍ സമയവും പങ്കെടുത്തു. രാമപുരത്തെ ചീരക്കുഴി രാമന്‍ നമ്പൂതിരി, കുഞ്ഞിസൂപ്പി ഹാജി, പെരുമ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവരായിരുന്ന ക്യാമ്പില്‍ പങ്കെടുത്ത പ്രദേശത്തുകാര്‍.

തെക്കന്‍ മലബാറിലെ സ്വാതന്ത്ര്യസമരത്തെ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ മുഴുവന്‍ സമയപ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യലക്ഷ്യം. സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ കേഡര്‍മാര്‍ക്ക് രാഷ്ട്രീയ‑സാമൂഹ്യ വിഷയങ്ങളില്‍ അറിവും സംഘടനാബോധവും പ്രദാനം ചെയ്യുകയാണ് ക്യാമ്പുകളിൽ പ്രധാനമായും നടന്നിരുന്നത്. മങ്കടയിലെ സമ്മര്‍ സ്കൂളിലേതടക്കമുള്ള ക്ലാസുകള്‍ കമ്മ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകാരുടെയും പഠന ക്ലാസുകളാണെന്ന് പൊലീസ്, മദ്രാസ് സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സമൂഹത്തിലെ വിവിധ തുറകളിലും ജാതി-മതങ്ങളിലും ഉള്‍പ്പെട്ടവര്‍ ഒറ്റക്കെട്ടായി നടത്തിയ പള്ളിപ്പുറം ക്യാമ്പ് മലബാറിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തില്‍ സുപ്രധാന ചുവടുവയ്പാണ്. ക്യാമ്പിന്റെ ആവേശം ഏറനാട്, നിലമ്പൂര്‍, വള്ളുവനാട് എന്നിവിടങ്ങളിലേക്കെല്ലാം പടര്‍ന്നു. 1939 മേയ് എട്ട് മുതൽ ജൂൺ അഞ്ച് വരെയായിരുന്നു ക്യാമ്പ്. ചീരക്കുഴിയില്‍ വീടിന് പുറികിലായി മുളയും ഓലയുമുപയോഗിച്ച് കെട്ടിയുണ്ടാക്കിയ പന്തലിൽ വോളണ്ടിയര്‍മാര്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ഗഹനമായ ചര്‍ച്ചകള്‍ നയിച്ചും പ്രഗത്ഭരുടെ അറിവുകള്‍ പങ്കിട്ടും തൊട്ടുള്ള പുഴയില്‍ കുളിച്ചും കഴിച്ചുകൂട്ടി. നാടൊന്നടങ്കം ആ പുരോഗമന പരീക്ഷണത്തിന് കാവലായി നിലകൊണ്ട് വെള്ളവും വെളിച്ചവും നല്‍കി. സമ്മര്‍ക്യാമ്പിലെ ചോദ്യോത്തരങ്ങളാണ് പിന്നീട് നാടിന്റെ രാഷ്ട്രീയ മനസിനെ മാറ്റിമറിച്ച മുന്നേറ്റത്തിന്റെ അടിസ്ഥാനമായത്. ലോക‑ഇന്ത്യന്‍-കേരള‑പ്രാദേശിക രാഷ്ട്രീയം, പൊതുവിജ്ഞാനം, കൃഷി, ശാസ്ത്രം, ഗണിതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍, സാമ്പത്തികം, വിപ്ലവം എന്നുവേണ്ട അറിവിന്റെ എല്ലാതലങ്ങളിലൂടെയും സവിസ്തരം പ്രതിപാദിച്ചായിരുന്നു സെഷനുകള്‍ കടന്നുപോയത്. അതോടൊപ്പം പാട്ടും കളിയും സംവാദങ്ങളും, നാടകപരിശീലനവും എല്ലാം കൊണ്ടും സജീവമായ നാളുകളായിരുന്നു സമ്മര്‍ക്യാമ്പുകള്‍ സമ്മാനിച്ചതെന്ന് പങ്കെടുത്തുവര്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

മങ്കട പള്ളിപ്പുറം പെരുമ്പുള്ളി മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ സമ്മര്‍ ക്ലാസ് നോട്ടുകളും ക്യാമ്പ് സര്‍ട്ടിഫിക്കറ്റും രാജ്യത്ത് വിപ്ലവത്തിനനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി പിന്നീട് കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമായ അക്കാലത്തെ കോണ്‍ഗ്രസുകാര്‍ നടത്തിയ ഭഗീരഥയത്നത്തിന്റെ അടയാളമായി ഇന്നും അവശേഷിക്കുന്നു. ക്യാമ്പുകളിലെ വോളണ്ടിയര്‍മാര്‍ പിന്നീട് നിരവധി സാംസ്കാരിക സ്ഥാപനങ്ങളിലും സ്കൂളുകളിലും വായനശാലയിലുമെല്ലാം ക്ലാസുകളെടുക്കുകയും നിരവധി മനുഷ്യരെ നാടിന്റെ പുരോഗമന രാഷ്ട്രീയ മുന്നേറ്റത്തിന് സജ്ജരാക്കുകയും ചെയ്തു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തി പ്രാപിക്കുന്നതില്‍ കെപിസിസിയുടെ സമ്മര്‍ ക്യാമ്പുകള്‍ നല്‍കിയ രാഷ്ട്രീയ ബോധവും ഊര്‍ജവും എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായിരുന്നു എന്ന് മലയാളക്കരയിലെ പിന്നീടുള്ള രാഷ്ട്രീയ മുന്നേറ്റം വ്യക്തമാക്കുന്നു. കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പോരാട്ടമുഖത്ത് നിലയുറപ്പിച്ച ധീരന്മാരെയും അവര്‍ക്ക് താവളമൊരുക്കിയ മണ്ണിനെയും ഒരിക്കല്‍ക്കൂടി നെഞ്ചോട് ചേര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനത്തിന്റെ ഭാഗമായി മങ്കട പള്ളിപ്പുറത്ത് ഇന്ന് വേദിയൊരുങ്ങും. ‘തുടിപ്പു നിങ്ങളില്‍ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങള്‍, കൊളുത്തി നിങ്ങള്‍ തലമുറതോറും കെടാത്ത കൈത്തിരി നാളങ്ങള്‍…’ എന്ന വയലാര്‍ വരികള്‍ പ്രതിധ്വനിക്കുന്ന ചീരക്കുഴിയിലെ കൂരിമണ്ണില്‍ വിലങ്ങപ്പുറം തറവാട്ടുമുറ്റത്ത് രാവിലെ പത്തിന് നടക്കുന്ന പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസി. സെക്രട്ടറി പി പി സുനീര്‍ എംപി, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Exit mobile version