Site iconSite icon Janayugom Online

പുന്നപ്ര വയലാറിന്റെ വീരസ്മരണ

സ്വാതന്ത്ര്യത്തിനുവേണ്ടി കേരളത്തിലും ഇന്ത്യയിലും നടന്ന വിപ്ലവസമരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പുന്നപ്ര‑വയലാർ സമരം. ഈ സമരത്തിന് കയർഫാക്ടറി തൊഴിലാളികളും അവരുടെ സംഘടനകളുമാണ് മുൻകൈ എടുത്തത്. തൈങ്കല്‍, കടക്കരപ്പള്ളി, വെട്ടയ്ക്കല്‍, പുന്നപ്ര എന്നീ സ്ഥലങ്ങളില്‍, കയര്‍ഫാക്ടറി തൊഴിലാളികള്‍ക്കും- കര്‍ഷക തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എതിരായി ഡിഎസ്‌പി വൈദ്യനാഥയ്യരുടെ നേതൃത്വത്തിൽ ജന്മികളുടെ പിൻബലത്തോടുകൂടി റൗഡികൾ ഇളകിയാടി. അനാവശ്യമായ പ്രകോപനങ്ങൾ ഉണ്ടാക്കുക, തൊഴിലാളികളെ മരത്തിൽ പിടിച്ചുകെട്ടി തല്ലിച്ചതയ്ക്കുക, അർധരാത്രിയിൽ വീടുകയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുക, കുടി ഇറക്കിവിടുക, തൊഴിലാളികൾ അവരുടെ പാർപ്പിടങ്ങളിൽ വച്ചുപിടിപ്പിക്കുന്ന ദേഹണ്ഡങ്ങൾ നശിപ്പിക്കുക, അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നുക മുതലായ നടപടികളിലൂടെയാണ് ആക്രമണം ആരംഭിച്ചത്.

ശക്തരായ ജന്മികളും, പൊലീസുകാരും റൗഡികളും തൊഴിലാളികളെ കീഴടക്കുന്നതിന്ന് ഒറ്റക്കെട്ടായി നിന്നു. ഈ ആക്രമണം സഹിക്കവയ്യാതെ, തൊഴിലാളികൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് സ്ഥലം വിട്ടുപോകേണ്ടിവന്നു. ചില സ്ഥലങ്ങളിൽ മാത്രം ജനങ്ങൾ ഒന്നിച്ചുകൂടി സ്വയം രക്ഷയ്ക്കൊരുങ്ങാൻ നിർബ ന്ധിതരായി. ഇങ്ങനെയാണ് ആത്മരക്ഷയ്ക്കുവേണ്ടി തൊഴിലാളികൾ പുന്നപ്ര, വയലാർ, ഒളതല, മേനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ കൂട്ടമായി സംഘടിച്ചു നിന്നത്.

തൊഴിലാളി വർഗത്തേയും ജനങ്ങളേയും അടിച്ചമർത്തുവാൻ വേണ്ടി കൊല്ലം, ആലപ്പുഴ, കോട്ടയം, ആലുവാ, പുനലൂർ മുതലായ സ്ഥലങ്ങളിൽ പട്ടാളവും റിസർവ് പൊലീസും നിലയുറപ്പിച്ചു. മാത്രമല്ല, തിരുവിതാംകൂർ മുഴുവൻ ഘോഷയാത്രകളും, പണിമുടക്കുയോഗങ്ങളും നിരോധിക്കപ്പെട്ടു. തൊഴിലാളികളും സ്വാതന്ത്ര്യപ്രേമികളായ ജനങ്ങളും അധിവസിക്കുന്നിടങ്ങളിലും, അവർ പണിയെടുക്കുന്ന സ്ഥലങ്ങളിലും കടന്നുചെന്ന് പൊലീസ് നരനായാട്ട് തുടങ്ങി. തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റായിരുന്ന ശങ്കരനാരായണൻ തമ്പിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്തു. മാനേജിങ് കമ്മിറ്റി അംഗമായിരുന്ന പി ടി പുന്നൂസ്, ഗുഡേക്കർ കമ്പനിയിലെ യൂണിയൻ കൺവീനറായിരുന്ന കെ ജി മാധവൻ എന്നിവർ ഉൾപ്പെടെ പലരെയും വീട്ടുതടങ്കലിലാക്കി. ചേർത്തല കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസ് കയ്യേറി റൗഡികളും പൊലീസും കൂടി ചെങ്കൊടി ചുട്ടുകരിച്ചു.

 

 


ഇതുകൂടി വായിക്കു;വലിയചുടുകാട്ടിൽ പാറുന്ന രക്തപതാക | പുന്നപ്ര വയലാര്‍ സമരം ‌| Punnapra-Vayalar uprising


ആക്രമണങ്ങൾക്ക് എതിരായി 1122 ചിങ്ങം 30ന് (1946 സെപ്തംബർ 15) തിരുവിതാംകൂർ ഒട്ടുക്കുള്ള തൊഴിലാളികൾ ഒരു ദിവസം പണിമുടക്കി. എല്ലാ വ്യവസായത്തിലുംപ്പെട്ട തൊഴിലാളികളും ഇതിൽ പങ്കെടുത്തു. ദിവാൻ ഭരണത്തിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണി അടിക്കുവാൻ വേണ്ടി, എടിടിയുസി (അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിൽ) യുടെ ആഹ്വാനം സ്വീകരിച്ച് 1122 തുലാം 5-ാം തീയതി (22.10.1946) തിരുവിതാംകൂറിലെ തൊഴിലാളിവർഗം പൊതുപണിമുടക്കം തുടങ്ങി. മറ്റെല്ലാത്തിനോടുമൊപ്പം ഈ പണിമുടക്കിലും കയർ ഫാക്ടറി തൊഴിലാളികൾ മുൻപന്തിയിലായിരുന്നു. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിൽ തൊഴിലാളിവർഗത്തിന്റേതായ മായാത്ത മുദ്ര, ഈ തൊഴിലാളികൾ പതിപ്പിച്ചു.

1122 തുലാം 5-ാം തീയതി തുടങ്ങിയ പൊതുപണിമുടക്കു സമരത്തെ തുടർന്ന് 7-ാം തീയതി ആലപ്പുഴയിൽ നാലു ഘോഷയാത്രകൾ സംഘടിപ്പിച്ചു. അമേരിക്കന്‍ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, പോലീസ് നരനായാട്ട് അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഘോഷയാത്രകളിൽ മുഴങ്ങി. കിഴക്കുനിന്ന് പുറപ്പെട്ട ഘോഷയാത്ര മുല്ലയ്ക്കല്‍ കൂടി കിടങ്ങാം പറമ്പിൽ എത്തി പ്രകടനം നടത്തി പിരിഞ്ഞുപോയി. ടൗണിനു വടക്കുനിന്ന് പുറപ്പെട്ട ഘോഷയാത്ര പട്ടണം ചുറ്റി യാതൊരു ഏറ്റുമുട്ടലും കൂടാതെ പര്യവസാനിച്ചു. ടൗണിനു തെക്കുനിന്ന് പുറപ്പെട്ട ഘോഷയാത്രകളിൽ ഒന്നിനെ തിരുവമ്പാടിയിൽ വച്ച് റിസർവ് പൊലീസ് തടഞ്ഞു. വെടിവയ്പ് നടന്നു. എക്സ് സര്‍വീസ്‌മെന്‍ കരുണാകരനും, പുത്തൻപറമ്പിൽ ദാമോദരനും അപ്പോൾ തന്നെ വെടികൊണ്ട് മരിച്ചു വീണു. പലർക്കും പരിക്കുപറ്റി.

 


ഇതുകൂടി വായിക്കു; പുന്നപ്രയിലെ ധീരന്മാർക്ക് ഇന്ന് ആയിരങ്ങൾ അഭിവാദ്യമർപ്പിക്കും


മറ്റൊരു ഘോഷയാത്രയെ പുന്നപ്ര വച്ച് റിസർവ് പൊലീസ് തടഞ്ഞുനിർത്തി. വെടിവയ്പ് തുടങ്ങി. തൊഴിലാളികൾ ചെറുത്തുനിൽക്കുകയും എതിരാളികളിൽ നിന്ന് കഴിയുന്നത്ര ആയുധങ്ങൾ പിടിച്ചെടുക്കുകയും ഇൻസ്പെക്ടർ നാടാർ അടക്കം കുറെ പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ പോർട്ട് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ടി സി പത്മനാഭനുൾപ്പെടെ ധീരന്മാരായ ഒട്ടേറെ സഖാക്കൾ മരണമടഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റു വീണുപോയ കുറെ സഖാക്കളെ പൊലീസും റൗഡികളും ചേർന്ന് ബയണറ്റ് കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ശേഷിച്ചവരെ ലോറിയിൽ പെറുക്കി കയറ്റി തെക്കെ ചുടുകാട്ടിൽ കൊണ്ടു പോയി കൂട്ടിയിട്ടശേഷം (അതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു.) ഈ മനുഷ്യ കൂമ്പാരത്തിന് പെട്രോൾ ഒഴിച്ചു തീവച്ചു.
തുടര്‍ന്ന് സര്‍ സി പി ലഫ്റ്റനന്റ് കേണല്‍ സ്ഥാനം സ്വയം ഏറ്റെടുത്തു. 8-ാം തീയതി പട്ടാളഭരണം പ്രഖ്യാപിക്കപ്പെട്ടു. 9-ാം തീയതി കാട്ടൂർ വെടിവപ്പിൽ സ. കാട്ടൂർ ജോസഫ് കൊല്ലപ്പെട്ടു. അന്നുതന്നെ മാരാരിക്കുളം പാലത്തിനു സമീപവും വെടിവയ്പു നടന്നു. പാട്ടത്തു രാമൻകുട്ടി, ആനകണ്ടത്തിൽ വെളിയിൽ കുമാരൻ തുടങ്ങി ആറുപേർ അവിടെ രക്തസാക്ഷികളായി.

1946 ഒക്ടോബർ 21 (തുലാം 10) തീയതി വയലാർ മേനാശേരി, ഒളതല എന്നിവിടങ്ങളിൽ യന്ത്രത്തോക്കുകൊണ്ടുള്ള വെടിവയ്പാണ് നടന്നത്. വലിയ യുദ്ധ സന്നാഹത്തോടെയാണ് ഈ വെടിവയ്പുകൾ നടന്നത്. പൊടുന്നനെ കുറെ ബോട്ടുകളിലായി അനവധി പട്ടാളക്കാർ വയലാർ വളഞ്ഞു. വിമാനം മുകളിൽ റോന്തു ചുറ്റിക്കൊണ്ടിരുന്നു. ജനങ്ങൾക്ക് പുറത്തേക്ക് പോകാനുള്ള എല്ലാ മാർഗങ്ങളും അടച്ചുകൊണ്ടാണ് നാല് ഭാഗത്തുനിന്നും വെടി ഉതിർത്തത്.
അതിഭീകരവും പൈശാചികവുമായ ഒരു രംഗം അവിടെ സൃഷ്ടിക്കപ്പെട്ടിട്ടും സഖാക്കൾ കീഴടങ്ങിയില്ല. “അമേരിക്കൻ മോഡൽ അറബിക്കടലില്‍ ദിവാന്‍ ഭരണം അവസാനിപ്പിക്കും.” എന്ന മുദ്രാവാക്യവുമായി അവര്‍ മുന്നോട്ടാഞ്ഞു.
ഈ വെടിവയ്പിനിടയിൽ ശ്രീധരൻ എഴുന്നേറ്റുനിന്നുകൊണ്ട് ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞങ്ങൾ ഈ സമരം ചെയ്യുന്നത്. ഞങ്ങളെ കൊന്നാലെ നിങ്ങൾക്കു ജീവിക്കുവാൻ സാധിക്കു എങ്കിൽ നിങ്ങൾ ഞങ്ങളെ വെടിവയ്ക്കു” എന്ന് പട്ടാളക്കാരോടായി പറഞ്ഞു. “ആ സഖാവ് ഷര്‍ട്ട് വലിച്ചുകീറി നെഞ്ചു കാണിച്ചു. പട്ടാളക്കാർ സ്തംഭിച്ചുപോയി. ഈ രംഗത്ത് വെടിയുടെ ശബ്ദം കേള്‍ക്കാതായപ്പോൾ ഫാക്ടറിയിൽ പതിയിരുന്ന ഡിഎസ്‌പി വൈദ്യനാഥയ്യർ, “ഫയർ, ഫയർ” എന്നലറി പട്ടാളക്കാർ വീണ്ടും വെടി തുടങ്ങി. ഈ വെടിവയ്പ് നാലര മണിക്കൂർ സമയം നീണ്ടുനിന്നു.

ഈ സ്ഥലത്ത് വെടികൊണ്ടും അല്ലാതെയും മരിച്ച നൂറുകണക്കിന് തൊഴിലാളി കർഷക സഖാക്കളുടെ ശവശരീരങ്ങൾകൊണ്ട് നികത്തിയ കുളങ്ങളിൽ മൂന്നു മൺകൂമ്പാരങ്ങൾ ഉയർന്നുവന്നു.
വെടിയുണ്ടകൾ തുളച്ചുകയറിയ തെങ്ങുകളും സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയ രക്തസാക്ഷിത്വം വരിച്ചവരെ കൂട്ടമായി അടക്കം ചെയ്ത ‘രക്തസാക്ഷിക്കുന്നുകളും’ ഇന്നും സ്വേച്ഛാഭരണത്തെ വെല്ലുവിളിച്ചുകൊണ്ട് തല ഉയർത്തി നില്ക്കുന്നതുകാണാം.

മണല്‍പരപ്പിലെ ഇളംരക്തസാക്ഷി

1946 ഒക്ടോബർ 27, സർ സി പി കെട്ടഴിച്ചുവിട്ട പൊലീസ് ഭീകരവാഴ്ചയ്ക്കു മുമ്പിൽ അടിപതറാതെ അടർക്കളത്തിലേക്കു പാഞ്ഞടുത്ത ഒരു ബാലനുണ്ടായിരുന്നു അനർഘാശയൻ. അക്രമം ഭയന്നു പിതാവ് നാടുവിട്ടപ്പോള്‍ ബന്ധുക്കളോടൊപ്പം ഈ പതിനാലുകാരനും സമരക്യാമ്പിൽ അഭയം തേടി. സ്വയം ഒരു സമരഭടനായിതീർന്നു. ക്യാമ്പിലുള്ളവരുടെ വീടുകളുമായി ബന്ധപ്പെടാനും നാട്ടുവിശേഷങ്ങൾ മണത്തറിഞ്ഞു ക്യാമ്പിലെത്തിക്കാനും ആ കൊച്ചുപോരാളി നിയുക്തനായി. കരിങ്കൽ കഷ്ണങ്ങൾ ശേഖരിച്ചു ക്യാമ്പിലെത്തിക്കുന്ന ജോലിയും അവന്‍ നിർവഹിച്ചുപോന്നു. വയലാർ വെടിവയ്പുദിവസം പട്ടാളം, ക്യാമ്പുവളയുമ്പോൾ അനർഘാശയൻ മേനാശേരി ക്യാമ്പിലായിരുന്നു. തുരുതുരാ വെടിപൊട്ടി. സമരവോളന്റിയർമാർ വാരിക്കുന്തവുമായി നിലത്തു കമിഴ്ന്നു വീണു മുന്നോട്ടാഞ്ഞു. ആ കൊച്ചു ബാലനും അവരോടൊത്തു ചേർന്നു. ഇടതുതോളിലൊരു കുട്ടയിൽ ശേഖരിച്ചു വച്ചിരുന്ന കരിങ്കൽ ചീളുകളായിരുന്നു ആ കൊച്ചുധീരന്റെ സമരായുധം. ചീറിപ്പാഞ്ഞുചെന്ന വെടിയുണ്ടകൾ സമരസേനാനികളുടെ മാറിടം തുളച്ചു പാഞ്ഞു. ചോരയിൽ കുതിർന്നു നിരവധി സഖാക്കൾ പിടഞ്ഞു മരിച്ചു. ഇതുകണ്ട് അനർഘാശയൻ തന്റെ ആവനാഴിയിലെ കരിങ്കൽ കഷ്ണങ്ങൾ പട്ടാളത്തിനുനേരെ ഊക്കിയെറിഞ്ഞു. ആ ബാലനുനേരെയും തുരുതുരാ വെടിവർഷിച്ചു. നിലത്തുവീണു പിടയുമ്പോഴും ആ കൊച്ചുധീരൻ കുട്ടയും കല്ലും അടക്കിപ്പിടിച്ചിരുന്നു. വയലാറിലെ മണൽപ്പരപ്പിൽ വീരമൃത്യു വരിച്ച അനശ്വരരായ ധീരരക്തസാക്ഷികളിൽ ആ കൊച്ചു സമരപോരാളിയും ചരിത്രത്തിലൂടെ ഇന്നും ജീവിക്കുന്നു.

Exit mobile version