Site iconSite icon Janayugom Online

കേരളം എങ്ങനെ ബജറ്റവതരിപ്പിക്കും?

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പൊതുകടം 4.29 ലക്ഷം കോടി രൂപയായി ഉയരും. അതിന് 18ശതമാനം പലിശ നല്‍കണം. ഓരോ മേഖലയ്ക്കുമുള്ള കുടിശിക തുക ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരിക്കുന്നു. അഞ്ച് ഗഡു സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 4500 കോടി, കരാറുകാര്‍ക്ക് 12,000 കോടി, പൊതുവിതരണം, സബ്സിഡി നല്‍കല്‍, ലൈഫ് പദ്ധതി കുടശിക നല്‍കല്‍, മരുന്നു കമ്പനികള്‍ക്ക് തുക നല്‍കല്‍, ബാങ്കുകള്‍ക്ക് പലിശയും മുതലും നല്‍കല്‍ മുതലായ കാര്യങ്ങള്‍ക്ക് 11,000 കോടി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 21 ശതമാനം ക്ഷാമബത്ത നല്‍കാന്‍ 7973കോടി, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസം നല്‍കാന്‍ 4722 കോടി, ശമ്പള പരിഷ്കരണ കുടിശിക നല്‍കാന്‍ 4200 കോടി വീതം അടിയന്തര ബാധ്യതകളായി നിലനില്‍ക്കുകയാണ്. ഇങ്ങനെ വേണ്ടിവരുന്ന 44,395 കോടി രൂപയോടൊപ്പം ഓരോ മാസവും നല്‍കേണ്ടിവരുന്ന ബജറ്റ് വിഹിതം, ശമ്പളം, പെന്‍ഷന്‍, പലിശ, മറ്റ് അടിയന്തര ചെലവുകള്‍ ഇതിനെല്ലാം ആവശ്യമായ പണവും കണ്ടെത്തണം. ഇനി മാര്‍ച്ച് 31ന് മുമ്പ് വായ്പയെടുക്കാന്‍ ഒന്നും അവശേഷിച്ചിട്ടില്ല. അങ്ങനെ മാര്‍ച്ച് 31ന് മുമ്പ് ഒരു സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയില്‍ കേരളം എത്തുമോ? ട്രഷറി സ്തംഭനം ഉണ്ടാകുമോ? അങ്ങനെ ആശങ്കപ്പെടുന്നവര്‍ ധാരാളമുണ്ട്. അങ്ങനെ സംഭവിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരും ധാരാളമുണ്ട് എന്നതാണ് ദുഃഖകരമായ സംഗതി.

ഇങ്ങനെയൊരവസ്ഥയില്‍ കേരളം എത്തിയതെങ്ങനെ?

യുജിസി ശമ്പള പരിഷ്കരണ കുടിശിക, ഗ്രാമ‑നഗര വികസന ഗ്രാന്റ്, നെല്ല് സംഭരണ വിഹിതം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് കേന്ദ്രം‍ കേരളത്തിന് നല്‍കാനുള്ളത് 5770 കോടി രൂപയാണ്. കേരളത്തില്‍ നടപ്പിലാക്കേണ്ട കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ക്രമത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിലൂടെയുള്ള ഏകദേശ നഷ്ടം 6000കോടി രൂപ. 10-ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് നല്‍കിയിരുന്നത് 3.82ശതമാനം തുകയാണ്. 14-ാം ധനകാര്യ കമ്മിഷന്‍ ഇത് 2.54ശതമാനമായി കുറച്ചു. 15-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത് ഏറ്റവും കുറഞ്ഞ വിഹിതമാണ്, വെറും 1.92ശതമാനം. ജനസംഖ്യാനുപാതികമായിട്ടാണെങ്കില്‍പ്പോലും 2.77ശതമാനം തുക കിട്ടേണ്ടതായിരുന്നു. അതേസമയം യുപിക്ക് നല്‍കിയ വിഹിതം 18.18ശതമാനമാണ്. മിക്ക ബിജെപി സര്‍ക്കാരുകള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതത്തേക്കാള്‍ കൂടുതല്‍ കിട്ടി. അര്‍ഹമായ വിഹിതം ലഭിക്കാത്തതിനാല്‍ 18,000കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്.
ബിജെപി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ധനകാര്യ കമ്മിഷന്‍ മാനദണ്ഡം അടിമുടി മാറ്റി. ദാരിദ്ര്യത്തിന് 45 ശതമാനവും വിസ്തീര്‍ണം, ജനസംഖ്യ ഇവയ്ക്ക് 15 ശതമാനം വീതവും വനവും പരിസ്ഥിതിക്കും 10 ശതമാനവും നികുതി ശേഖരണത്തിലെ ജാഗ്രതയ്ക്ക് 2.50ശതമാനവും മറ്റുള്ളവയ്ക്കെല്ലാം കൂടി 12.50 ശതമാനവും വെയിറ്റേജ് നിശ്ചയിച്ചു. ദാരിദ്ര്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ബിഹാര്‍ (33.89 ശതമാനം), ഝാര്‍ഖണ്ഡ് (28.82 ശതമാനം), യുപി (22.96 ശതമാനം), മധ്യപ്രദേശ് (20.62 ശതമാനം) തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വലിയതോതില്‍ കേന്ദ്ര വിഹിതം കിട്ടി. പണിപ്പെട്ട്, ആയിരക്കണക്കിന് കോടി രൂപ ചെലവിട്ട് കേരളം ദാരിദ്ര്യത്തെ ഒരു വലിയ പരിധിവരെ നാടുകടത്തി. നിതി ആയോഗിന്റെ കണക്കുപ്രകാരം കേരളത്തിലെ ദാരിദ്ര്യം 0.71ശതമാനം മാത്രമാണ്. അടുത്ത ഒരു വര്‍ഷം കൊണ്ട് ‘0’ ല്‍ എത്താനാണ് സാധ്യത. ഇവിടെ കാണേണ്ട ഒരു കാര്യം, ദീര്‍ഘകാലമായി നമ്മള്‍ നടത്തിയ പരിശ്രമത്തിലൂടെ ദാരിദ്ര്യം ഇല്ലാതായപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അതിന്റെ പേരില്‍ കേരളത്തെ ശിക്ഷിച്ചിരിക്കുന്നു. എല്ലാ വഴികളിലൂടെയും കേരളം നടത്തുന്ന പരിശ്രമത്തിന് 15ശതമാനം എങ്കിലും വെയിറ്റേജ് നല്‍കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇനി 16-ാം ധനകാര്യ കമ്മിഷന്‍ നിലവില്‍ വരികയാണ്. അരവിന്ദ് — പനഗാരിയെ ചെയര്‍മാനായി നിയമിച്ചുകഴിഞ്ഞു. നിലവിലുള്ള മാനദണ്ഡം അനുസരിച്ചുതന്നെ ഈ കമ്മിഷനും പ്രവര്‍ത്തിക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ വരും നാളുകളിലും കേരളത്തിന്റെ വിഹിതം കൂടാന്‍ പോകുന്നില്ല. ഇതിനുപുറമെ, 2024–25 വര്‍ഷത്തില്‍ ലോകമാകെ വീണ്ടും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന സൂചന ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ വിദേശ വരുമാനത്തില്‍ വലിയ കുറവുണ്ടാകും. കേരള സമ്പദ്ഘടനയ്ക്ക് അത് താങ്ങാനാകാത്ത മറ്റൊരു തിരിച്ചടിയാകും. റബ്ബറിന്റെ കാര്യത്തില്‍ അടക്കമുള്ള കേന്ദ്ര ഇറക്കുമതി നയവും കേരള സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാണ്.

സംസ്ഥാനങ്ങളുടെ വിഹിതവും മോഡിയുടെ കാപട്യവും

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോഡി അന്നത്തെ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നത്, കേന്ദ്ര നികുതി വിഹിതത്തിന്റെ 50ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ്. 13-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ 32ശമതാനം ആയിരുന്നത് 14-ാം ധനകാര്യ കമ്മിഷന്‍ 42ശതമാനമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതിനിടയില്‍ പ്രധാനമന്ത്രിയായി മാറിയ മോഡിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. പഴയ കാര്യങ്ങള്‍ അദ്ദേഹം മറന്നു. സംസ്ഥാനങ്ങള്‍ക്ക് 42 ശതമാനം വേണ്ട, പകരം 33 ശതമാനം മതിയെന്ന് അന്ന് ചെയര്‍മാനായിരുന്ന വൈ വി റെഡ്ഡിയോട് നേരിട്ടു നിര്‍ദേശിച്ചു. എന്നാല്‍ അദ്ദേഹം ശുപാര്‍ശയില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. മോഡി പകയോടെ പ്രവര്‍ത്തിച്ചു. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ നിരവധി ഉല്പന്നങ്ങളുടെ പുറത്ത് നികുതിക്ക് പകരം സെസും സര്‍ചാര്‍ജും ഏര്‍പ്പെടുത്തി. സെസ്, സര്‍ചാര്‍ജ് എന്നിവയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കണ്ട എന്നതിനാലാണ് ഇങ്ങനെ ചെയ്തത്. ഇതിന്റെ പ്രയോജനം വലിയതോതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. 2011–12ല്‍ കേന്ദ്ര വരുമാനത്തിന്റെ 10.42ശതമാനം മാത്രമായിരുന്നു സെസും സര്‍ചാര്‍ജുമെങ്കില്‍ 2022–23ല്‍ ഇത് 22.14ശതമാനമായി കുതിച്ചുയര്‍ന്നു. അതേസമയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായി. കേരളത്തിനുണ്ടായ നഷ്ടം 10,500 കോടി രൂപയാണ്.
കേന്ദ്രത്തിന് ചെലവ് കുറവ്, വരുമാനം കൂടുതല്‍
2017ല്‍ ജിഎസ്‌ടി നടപ്പിലാകുന്നതിന് മുമ്പ് ഓരോ വര്‍ഷവും കേരളത്തിലെ നികുതി വരുമാനത്തില്‍ 18–20 ശതമാനം വര്‍ധനവുണ്ടാകുമായിരുന്നു. ജിഎസ്‌ടി വന്നപ്പോള്‍ നികുതി പിരിക്കുവാനുള്ള അവകാശം (61–28 ശതമാനം) സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെട്ടു. ഇതിന്റെ 60ശതമാനം കേരളം ആവശ്യപ്പെട്ടുവെങ്കിലും അത് രാജ്യവ്യാപകമായി 50:50 ആയി നിശ്ചയിക്കപ്പെട്ടു. അപ്പോഴും ഒരു കാര്യം കേന്ദ്രം ചെയ്തു. നികുതിയില്‍ 14ശതമാനം വര്‍ധനവില്ലെങ്കില്‍ അതിന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. കേരളത്തിലെ വരുമാനവര്‍ധനവ് 11ശതമാനം മാത്രമായതിനാല്‍ നഷ്ടപരിഹാരം കിട്ടി. എന്നാല്‍ 2023ജൂലൈ മാസത്തില്‍ അത് നിര്‍ത്തലാക്കി. ഒരു വര്‍ഷം 12,000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. നഷ്ടപരിഹാരത്തിനുള്ള സെസ് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
15-ാം ധനകാര്യ കമ്മിഷന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം ചെലവിന്റെ 62.76ശതമാനം സംസ്ഥാനങ്ങളാണ് നിര്‍വഹിക്കുന്നത്. കേന്ദ്രം നിര്‍വഹിക്കുന്നത് 37.24ശതമാനം ചെലവുകള്‍ മാത്രം. അതുകൊണ്ടാണ് നികുതി വിഹിതമായി 60ശതമാനം കേരളം ആവശ്യപ്പെട്ടത്. പക്ഷെ, അവര്‍ വഴങ്ങിയില്ല.

വളര്‍ച്ചയും വരുമാനവും കൂടുമ്പോള്‍ കടവും കൂടുന്നതെങ്ങനെ?

ജിഎസ്‌ടി പരിഷ്കാരത്തിനുശേഷം കേരളത്തിന്റെ വരുമാനമാര്‍ഗങ്ങള്‍ മോട്ടോര്‍ വാഹനം, രജിസ്ട്രേഷന്‍, ലോട്ടറി, എക്സൈസ് എന്നിവ മാത്രമായി പരിമിതപ്പെട്ടു. എന്നിട്ടും ഈ തനതു വരുമാനത്തില്‍ പുരോഗതി കൈവരിക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു. 2021–22ല്‍ 58,368 കോടിയായിരുന്ന തനതു വരുമാനം 2022–23ല്‍ 71,968കോടിയായി. 23.41ശതമാനം വര്‍ധനവ്. ഇത് നല്ല പുരോഗതിയാണെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. കേരളത്തിന്റെ മൊത്തം വരുമാനത്തില്‍, തനതു വരുമാനത്തിന്റെ പങ്ക് 2022–23ല്‍ 54.24ശതമാനം ആയിരുന്നത് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 58.27ശതമാനമായി ഉയരും. ഇക്കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണ് കേരളം. 2022–23ല്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 6.84ശതമാനം ആയിരുന്നെങ്കില്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 12.13ശതമാനമാണ്. നേരത്തെ കേരളത്തിന്റെ മൊത്തവരുമാനത്തില്‍ കേന്ദ്രത്തിന്റെ വിഹിതം 46ശതമാനം ആയിരുന്നത് 2023ല്‍ 35.28ശതമാനവും 2024ല്‍ 29ശതമാനവും ആയി കുറഞ്ഞിരിക്കുകയാണ്. കേന്ദ്ര അവഗണനയുടെ ഒരു ഏകദേശ ചിത്രം ഈ കണക്കിലുണ്ട്. ഈ സന്ദര്‍ഭത്തില്‍പ്പോലും കേരളം വളര്‍ന്നു. വിദ്യാഭ്യാസം, ചികിത്സ, ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഭവനനിര്‍മ്മാണം, പൊതുവിതരണം, ഭൂമി വിതരണം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, സാമൂഹ്യസുരക്ഷ, സന്തോഷ സൂചിക ഇതിലെല്ലാം കേരളം മുന്നോട്ടുപോയി. രാജ്യത്തെ ശരാശരി മനുഷ്യരുടെ വാര്‍ഷിക ആളോഹരി വരുമാനം 1.72ലക്ഷം രൂപയാണെങ്കില്‍ കേരളത്തിലെ മനുഷ്യരുടേത് 2.31ലക്ഷം രൂപയാണ്. 30ശതമാനം വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

വായ്പാ പരിധി വര്‍ധനവ് — ഇത്രവാശിയെന്തിന്?

വ്യക്തിക്കും സമൂഹത്തിനും സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാരിനുതന്നെയും വഴിവിട്ട രീതിയില്‍ കടമുണ്ടാകാന്‍ പാടില്ല. തിരിച്ചടവ് ശേഷിയാണ് കടമെടുപ്പിന്റെ സാധൂകരണം. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രം കടമെടുക്കാനേ കേന്ദ്ര സര്‍ക്കാര്‍ അനുമതിയുള്ളു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ് കേരളത്തിലേത് എന്നതിനാല്‍ അഞ്ചു ശതമാനം വരെ കടമെടുക്കുന്നത് അപകടം സൃഷ്ടിക്കില്ല എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഒരു ശതമാനം വായ്പകൂടി എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. എങ്കില്‍ 13,000 കോടി കൂടി കിട്ടുമായിരുന്നു. ഇതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നുമാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ ജിഡിപിയുടെ 6.82ശതമാനം നിലവില്‍ കടമെടുക്കുന്നുമുണ്ട്. എന്നാല്‍ കേന്ദ്രം ഇതനുവദിച്ചില്ല എന്നുമാത്രമല്ല, കിഫ്ബിക്കുവേണ്ടിയും പെന്‍ഷന്‍ കമ്പനിക്കുവേണ്ടിയും എടുത്ത വായ്പ കൂടി, ഈ മൂന്ന് ശതമാനത്തില്‍ നിന്ന് തട്ടിക്കഴിക്കുകയും ചെയ്തു. അതേ കേന്ദ്ര സര്‍ക്കാര്‍ തന്നെ, ദേശീയപാത അതോറിട്ടി വായ്പ എടുത്ത വന്‍തുക കേന്ദ്രത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയുമില്ല. കാപട്യത്തിന്റെ മുഖം കൃത്യമായി ഇവിടെ അഴിഞ്ഞുവീഴുന്നത് കാണാം. ഇതോടുചേര്‍ത്ത് മറ്റൊരു കാര്യം കൂടി പറയുമ്പോഴേ ഈ കാപട്യത്തിന്റെ പൂര്‍ണചിത്രമാകൂ.
ദേശീയപാതാ വികസനം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ കേരളത്തില്‍ മാത്രം ഈ വികസനം നടക്കണമെങ്കില്‍ റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് നിഷ്കര്‍ഷിച്ചു. മറ്റ് വഴികള്‍ ഇല്ലാതെ ഇതിനുവേണ്ടി 5580കോടി രൂപ കേരളം അടയ്ക്കേണ്ടിവന്നു. മറ്റൊരു സംസ്ഥാനവും ഈവിധം പ്രവര്‍ത്തിക്കേണ്ടി വന്നില്ല.

എങ്ങനെ ബജറ്റവതരിപ്പിക്കും?

ഗുരുതരമായ ഈ പ്രതിസന്ധിഘട്ടത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എങ്ങനെയാണ് ഫെബ്രുവരി അഞ്ചിന് 2024–25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്? കുറച്ചുകൂടി പുതിയ മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയും. നിലവിലുള്ള തനതു വരുമാനത്തില്‍ 20 ശതമാനം വരെ വര്‍ധനവ് വരുത്താനും കഴിയും. മൊത്തം സമ്പത്തുല്പാദനത്തില്‍ 10–12 ശതമാനം വര്‍ധനവ് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ സമ്പദ്ഘടനയ്ക്ക് അത് ശക്തിപകരും. പക്ഷെ, അതിലെല്ലാം വലിയ പരിമിതിയുണ്ട്. ഏതു പ്രതിസന്ധിയിലും ക്ഷേമനിധി പെന്‍ഷന്റെയും ക്ഷാമബത്തയുടെയും രണ്ട് ഗഡുക്കള്‍ വീതമെങ്കിലും നല്‍കാതിരിക്കാന്‍ കഴിയില്ല. കരാറുകാരുടെ കുടിശിക കുറച്ചെങ്കിലും കൊടുത്തേ മതിയാകൂ. അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട കുറച്ച് കാര്യങ്ങള്‍ക്ക് 4000 – 5000 കോടി രൂപയെങ്കിലും മാര്‍ച്ച് 31ന് മുമ്പ് കണ്ടെത്തേണ്ടിവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്കിയില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകും.
കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലം ദുരിതമനുഭവിക്കുന്നവരാണ് കേരളത്തിലെ പൊതുസമൂഹമാകെ. എന്നാല്‍ കേന്ദ്രത്തിന്റെ ക്രൂരമായ അവഗണന ഒരു സാമൂഹ്യ വിഷയമായി ഇനിയും ഉയര്‍ന്നുവന്നിട്ടില്ല. ഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രശ്നത്തിന്റെ ഗൗരവം ആഴത്തില്‍ മനസിലായിട്ടുമില്ല.
അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം ക്രൂരമായി നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിനെതിരെ പൊതുബോധം വളര്‍ന്നുവന്നാല്‍ കേരളത്തിലെ ബിജെപിക്കു പോലും നിഷേധാത്മക നിലപാടെടുത്ത് മാറിനില്‍ക്കാനാകില്ല. യുഡിഎഫ് നിലപാടും മാറുന്ന സ്ഥിതി വരും. സ്വാഭാവികമായും കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും മാറ്റം വരും. കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടാകുകയോ അതല്ലെങ്കില്‍ കേരളത്തിന്റെ കൂട്ടായ്മയോടെ കേന്ദ്രത്തെ തിരുത്തുകയോ അല്ലാതെ, നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റൊരു വഴി കേരളത്തിന് മുന്നിലില്ല.

Exit mobile version